Current Date

Search
Close this search box.
Search
Close this search box.

പ്രവാസ ജീവിതത്തിലെ സ്ത്രീ സാനിധ്യം

കേരളീയരായ പുരുഷന്മാർ മാത്രമല്ല, ഇപ്പോൾ സ്ത്രീകളും ഉപജീവനാർത്ഥം പ്രവാസലോകത്തേക്ക് കുടിയേറികൊണ്ടിരിക്കുന്നതിന് നമ്മുടെ അനുഭവങ്ങളും കണക്കുകളും സാക്ഷിയാണ്. നവലോക വ്യവസ്ഥയിൽ അവരുടെ എണ്ണം വർധിക്കുന്നു എന്ന് മാത്രമല്ല, സാമ്പത്തികമായ പ്രതിസന്ധികളെ അതിജീവിക്കാൻ അത് അനിവാര്യവുമായിത്തീർന്നോക്കാം. അങ്ങനെ പ്രവാസലോകത്ത് കഴിയുന്ന സ്ത്രീകളെ മൂന്ന് വിഭാഗങ്ങളായിതിരിക്കാം:

1. തൊഴിലിന് വേണ്ടി പ്രവാസജീവിതം നയിക്കുന്ന സ്ത്രീകൾ
2. കുടുംബത്തോടൊപ്പം വീട്ടമ്മമാരായി മാത്രം കഴിയുന്ന സ്ത്രീകൾ
3. കുടുംബത്തോടൊപ്പം കഴിയുകയും തൊഴിലിൽ ഏർപ്പെടുകയും ചെയ്യുന്ന സ്ത്രീകൾ.

വരും കാലങ്ങളിൽ പ്രവാസജീവിതം നയിക്കുന്ന ഈ മൂന്ന് വിഭാഗം സ്ത്രീകളുടെയും എണ്ണം വർധിക്കാനാണ് സാധ്യത. കുറച്ച് വർഷങ്ങൾക്ക് മുമ്പ് പരദേശത്ത് തൊഴിലിലേർപ്പെട്ട മലയാളി സ്ത്രീകളുടെ എണ്ണം വളരെ പരിമിതമായിരുന്നു. കേരളത്തിൻറെ കാര്യം തന്നെ നോക്കൂ. ദക്ഷിണകേരളത്തിൽ നിന്ന് ഏതാനു സ്ത്രീതരുണികൾ ഡോക്ടർമാരായൊ നഴ്സ് ആയൊ അധ്യാപികയായൊ മാത്രമാണു കഴിഞ്ഞ കാലങ്ങളിൽ തൊഴിലിലേർപ്പെട്ടിരുന്നത്.

ഇന്ന് ആ അവസ്ഥക്ക് വലിയ മാറ്റം വന്നിരിക്കുന്നു. മലപ്പുറം ജില്ല ഉൾപ്പടെയുള്ള ഉത്തര കേരളത്തിൽ നിന്നും സ്ത്രീകൾ സ്വദേശത്തും പരദേശത്തും തൊഴിലിലേർപ്പെടുന്ന പ്രവണത ഇപ്പോൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. ജീവിതത്തിൻറെ സുഖകരമായ പ്രയാണത്തിനും താങ്ങാൻ കഴിയാത്ത ജീവിതചെലവ് നേരിടാനുമുള്ള ഒരു മാർഗമായി അതിനെ കണ്ടാൽ മതി. അഥവാ സാഹചര്യത്തിൻറെ സമ്മർദ്ദമാണ് സ്ത്രീകളും പ്രവാസജീവിതത്തിലേക്ക് കടന്ന് വരാൻ ഒരു കാരണമെന്നർത്ഥം.

സ്ത്രീ വിദ്യാഭ്യാസവും ശാക്തീകരണവും വർധിച്ചുവരുന്ന ഇന്നത്തെ സാഹചര്യത്തിൽ, നവലോക സമ്പദ് വ്യവസ്ഥയിൽ ജീവിതത്തിൻറെ രണ്ടറ്റം യോജിപ്പിക്കാനും ഉയർന്ന ജീവിത നിലവാരം കാത്ത്സൂക്ഷിക്കാനും പ്രവാസ തൊഴിൽമേഖലയിലേക്കുള്ള സ്ത്രീകളുടെ ഒഴുക്ക് വർധിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ഈയിടെ ശ്രദ്ധയിൽപ്പെട്ട ഒരു കണക്ക് പ്രകാരം, ലോകത്തിലെ മൊത്തം തൊഴിൽ ശക്തിയിൽ 40 ശതമാനം സ്ത്രീകളാണ്. എന്നാൽ പ്രവാസി തൊഴിൽ മേഖലയിൽ അവരുടെ എണ്ണം 22 ശതമാനമാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പ്രവാസ ജീവിതത്തിൽ ഏറെ മുൻകരുതൽ ഏടുക്കേണ്ടവരാണ് സ്ത്രീകൾ. കേരളത്തിൻറെ തനതായ ധാർമ്മിക സാംസകാരിക പാരമ്പര്യം സൂക്ഷിക്കാനുള്ള ഉത്തരവാദിത്വം വിസ്മരിക്കാൻ പാടില്ല. കാലത്തിനനുസരിച്ച് പലതരം പ്രവണതകൾ പ്രവാസ ലോകത്ത് ഉദിക്കുകയും അസ്തമിക്കുകയും ചെയ്യാറുണ്ട്. തങ്ങളുടെ തനത് സംസ്കാരം വിസ്മരിച്ച് അതിനനസരിച്ച് താളംകെട്ടിയാൽ, ജീവിതത്തിൻറെ സായംസന്ധ്യയിൽ വിരൽകടിക്കേണ്ടിവരുമെന്ന് മാത്രമല്ല, കുടുംബ ബന്ധങ്ങൾ ആടി ഉലയും. അത് സൃഷ്ടിക്കുന്ന അശാന്തിയും അശ്വസ്ഥതയും വിവരണാതീതവുമായിരിക്കും.

സ്ത്രീകൾ, പ്രവാസലോകത്ത് വിശേഷിച്ചും, തൊഴിലെടുക്കുമ്പോൾ, പൊതുവായ പലതരം പ്രശ്നങ്ങൾ നേരിടാറുണ്ട്. പുതിയ ചുറ്റുപാട് സൃഷ്ടിക്കുന്ന മാനസിക സമ്മർദ്ദങ്ങൾ, സാമൂഹ്യമായ ഒറ്റപ്പെടൽ, മുൻവിധികൾ, കുടുംബപരമായ ഉൽകണ്ഠ, ജോലി സമയം, തൊഴിലിനും ജോലിക്കുമിടയിലെ സന്തുലിതത്വം തുടങ്ങിയവ പ്രത്യക്ഷത്തിൽ തന്നെ ഊഹിക്കാൻ കഴിയുന്ന പ്രതിബന്ധങ്ങളാണ്. ഇതിനെ ആത്മവീര്യത്തോടെ നേരിടാനുള്ള മാനസികമായ ആർജ്ജവം അവർ നേടിയിരിക്കേണ്ടതുണ്ട്.

ബഹുരാഷ്ട്ര കുത്തക കമ്പനികൾ, ലോകമെമ്പാടുമുള്ള ടാലൻറ് പൂൾ അടിയന്തിരമായി വികസിപ്പിക്കുകയും പുരുഷന്മാരുമായി താരതമ്യപ്പെടുത്തുമ്പോൾ കഴിവുള്ള സ്ത്രീ തൊഴിലന്വേഷകരെ പരിഗണിക്കുകയും ചെയ്യണമെന്ന നിർദ്ദേശം ആഗോളതലത്തിൽ ഉയർന്ന്വരുന്നത് സ്ത്രീകൾക്ക് ജോലി സാധ്യത വർധിക്കുന്നതിൻറെ സൂചനകളാണ്. വിദേശ രാജ്യത്തെ പദ്ധതികളിലേക്ക് ബഹുരാഷ്ട്ര കമ്പനികൾ നിയോഗിക്കുന്ന വ്യക്തികളാണ് പ്രവാസകൾ. അത്തരം പദ്ധതികളിൽ ലിംഗവിത്യാസമില്ലാതെ പ്രാപ്തരായ പ്രവാസി ഉദ്യോഗാർത്ഥികളെ നിയോഗിക്കാനായിരിക്കും കമ്പനികൾ ശ്രദ്ധിക്കുക. വിദ്യഭ്യാസരംഗത്തെ സ്ത്രീ ശാക്തീകരണം അവരുടെ തൊഴിൽ സാധ്യത വിപുലമാക്കുന്നു.

പക്ഷെ അപ്പോഴൂം, ആതിഥേയരാജ്യവുമായി പൊരുത്തപ്പെടാനും ക്രമീകരിക്കാനും പ്രവാസി സ്ത്രീകൾ സാംസ്കാരിക അവബോധവും അതുല്യമായ കഴിവുകളും നേടേണ്ടതുണ്ട്. രാഷ്ട്രാന്തരീയമായ യാത്രകൾ, കോൺഫറൻസുകളിൽ പങ്കെടുക്കേണ്ട അവസ്ഥകൾ എല്ലാം ഭാവിയിൽ വർധിച്ചേക്കും. അപ്പോഴെല്ലാം തങ്ങളുടെ സംസ്കാരത്തേയും പാരമ്പര്യത്തേയും ചേർത്ത് പിടിക്കേണ്ടത് അനിവാര്യമാണ്. ആധുനികവൽകരണത്തെ ഉൾകൊള്ളാം; സ്വീകരിക്കാം. അത് പക്ഷെ അന്ധമായ പാശ്ചാത്യ സംസ്കാരവുമായി കൂട്ടിചേർത്താവരുതു എന്ന് മാത്രം.

(ഉടൻ പ്രസിദ്ധീകരിക്കുന്ന പ്രവാസികളുടെ മാർഗ്ഗദർശി എന്ന കൃതിയിൽ നിന്നു)

Related Articles