Current Date

Search
Close this search box.
Search
Close this search box.

ഹാജിമാരല്ലാത്തവർക്കും ലഭിക്കും ഹജ്ജിന്റെ ഗുണങ്ങൾ

ഹാജിമാർ അല്ലാത്തവർക്ക് ഹജ്ജിന്റെ ഗുണങ്ങൾ ലഭ്യമാകുമോ? ഇതിന്റെ ഉത്തരത്തിലേക്ക്‌ വിരൽ ചൂണ്ടുന്ന വിശ്രുതമായ ഒരു ഹദീസുണ്ട്. നബി(സ്വ) പറയുന്നു: “അഞ്ച് കാര്യങ്ങളുടെ മേലാണ് ഇസ്‌ലാം നിർമ്മിക്കപ്പെട്ടിരിക്കുന്നത്. അല്ലാഹു അല്ലാതെ മറ്റൊരു ആരാധ്യനില്ലെന്നും മുഹമ്മദ് നബി(സ്വ) അല്ലാഹുവിന്റെ ദൂതനാണെന്നുമുള്ള സത്യസാക്ഷ്യം, നമസ്കാരം നിലനിർത്തുക, സകാത്ത് കൊടുത്ത് വീട്ടുക, റമദാനിൽ നോമ്പ് അനുഷ്ഠിക്കുക, സാധ്യമാകുന്നവർ ഹജ്ജ് കർമ്മം നിർവഹിക്കുക”. ഇസ്‌ലാം നിർമ്മാണത്തിന്റെ പഞ്ച ഘടകങ്ങളിൽ ഒന്നാണ് ഹജ്ജും. സത്യവിശ്വാസി ജീവിതത്തിൽ ഒരു തവണ മാത്രം ചെയ്യാൻ നിർബന്ധിക്കപ്പെട്ട കർമ്മമാണത്, അത് തന്നെ സാധ്യമാകുമെങ്കിൽ മാത്രം. അഥവാ, ഹജ്ജ് ചെയ്യാൻ സാധിക്കുന്നവരും അല്ലാത്തവരുമായ ലക്ഷക്കണക്കിന് വിശ്വാസികൾ ഓരോ കാലഘട്ടത്തിലും ലോകത്തുണ്ട്. സാധ്യമാകുന്ന ആളുകളിൽ തന്നെ വലിയൊരു അളവ് ജനങ്ങൾ ഒറ്റത്തവണ മാത്രം ചെയ്തവരായിരിക്കും.

മനുഷ്യന്റെ ജീവിതത്തിൽ കേവലം രണ്ടാഴ്ചക്കുള്ളിൽ ചെയ്ത് തീർക്കാവുന്ന കർമ്മമാണ് ഹജ്ജ്. എന്ത് കൊണ്ടായിരിക്കും അല്ലാഹു അതിനെ ദീനിൻെറ അടിസ്ഥാന പഞ്ചസ്തംഭങ്ങളിൽ ഉൾപ്പെടുത്തിയത്? ഭൂമി ലോകത്തെ മുഴുവൻ ആളുകളുടെയും ജീവിതത്തെ സ്വാധീനിക്കാൻ പോന്ന ഒന്ന് ഹജ്ജ് കർമ്മത്തിനുണ്ട്. ജീവിതത്തിൽ ഹജ്ജ് കർമ്മം നിർവഹിച്ച ഹാജിക്ക് ലഭിക്കുന്ന പോലെയുള്ള പ്രതിഫലം ഹജ്ജ് ചെയ്യാത്തവർക്കും ലഭിക്കുന്നുണ്ട്. ഹജ്ജിന്റെ പാവനമായ അന്തരീക്ഷത്തിൽ ജീവിക്കുന്ന ഹാജിക്ക് ലഭിക്കുന്ന പോലെ പ്രതിഫലം നേടാൻ സാധിക്കുന്ന ചില കാര്യങ്ങൾ ഹാജിമാർ അല്ലാത്തവർക്കും അല്ലാഹു ശരീഅത്തിലൂടെ നിർണ്ണയിച്ചു തന്നിട്ടുണ്ട്. ഹജ്ജിന്റെ കുളിർമയും തെളിമയും അതിലൂടെ നമുക്ക് ആസ്വദിക്കാം. സോഷ്യൽ മീഡിയ വഴി അവരെ പിന്തുടരലോ കേൾക്കലോ അല്ല അതിനുള്ള മാർഗം, മറിച്ച് പ്രവർത്തനം തന്നെയാണ്. സ്വഹീഹുൽ ബുഖാരിയിൽ വന്ന ഒരു ഹദീസ് നോക്കുക. തിരുനബി(സ്വ)യിൽ നിന്ന് ഇബ്നു അബ്ബാസ് നിവേദനം ചെയ്യുന്നു: “മറ്റേത് ദിവസത്തെയും സൽപ്രവർത്തനങ്ങളേക്കാൾ അല്ലാഹുവിന് ഏറ്റവും ഇഷ്ടം ദുൽഹിജ്ജ മാസത്തിലെ ആദ്യ പത്ത് ദിനങ്ങളിലെ സൽപ്രവർത്തനങ്ങളാണ്”. അതുകേട്ട് സ്വഹാബികൾ ചോദിച്ചു: അപ്പോൾ അല്ലാഹുവിന്റെ മാർഗത്തിലുള്ള ധർമ്മസമരമോ റസൂലേ? അവിടുന്ന് പ്രചിവച്ചിച്ചു:“അല്ലാഹുവിന്റെ മാർഗത്തിലുള്ള ധർമ്മസമരമെന്നത് സ്വന്തം ശരീരവും സമ്പാദ്യവും കൊണ്ട് പുറപ്പെട്ടവനും തിരികെ അതൊന്നും കൂടെക്കൂട്ടാത്തവനുമാണ്‌”. ഭൂലോകത്തെ സർവ സത്യവിശ്വാസികൾക്കും വന്നു ചേർന്നിരിക്കുന്ന സുവർണാവസരമാണ് ഈ പത്ത് നാളുകൾ. പരിപൂർണമായൊരു ഹജ്ജ് ചെയ്തവനെപ്പോലെ ഈ ദിവസങ്ങളെ മുതലെടുപ്പ് നടത്താൻ നമുക്കാകണം.

തീർത്ഥാടകരല്ലാത്തവർക്ക്‌ ചെയ്യാവുന്ന ചില പ്രവർത്തനങ്ങളും അതുവഴി അവർക്ക് ലഭിക്കുന്ന ഹജ്ജിന്റെ ഗുണഫലങ്ങളും ഞാനിവിടെ വിശദീകരിക്കാം:

1- നോമ്പ്: ദുൽഹജ്ജ് ആദ്യ ഒമ്പത് നാളിലെ നോമ്പാണ് പെട്ടെന്ന് നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുക, വിശിഷ്യ അറഫ നോമ്പ്. പരിപൂർണ്ണമായ രണ്ടു വർഷത്തെ പാപങ്ങൾ അതുമൂലം പൊറുക്കപ്പെടും, കഴിഞ്ഞ വർഷത്തെയും വരാനിരിക്കുന്ന വർഷത്തെയും. ഇബ്നു ഖതാദയിൽ നിന്ന് നിവേദനം: “ഹാജിയുടെ സർവ പാപങ്ങളും അല്ലാഹു പൊറുത്തു കൊടുക്കുന്നതാണ്. പവിത്രമായ അറഫാ ദിനത്തിൽ അല്ലാഹു അവന്റെ ഒരുപാട് അടിമകളെ നരകത്തിൽ നിന്നും മോചിതരാക്കും”. പ്രവാചകനെ(സ്വ)ത്തൊട്ട്‌ മഹതി ആയിശ ബീവി നിവേദനം ചെയ്യുന്നു; അവിടുന്ന് അരുളി:“അറഫാ ദിനത്തേക്കാൾ നരകാവകാശികൾ ഏറ്റവും കൂടുതൽ മോചിപ്പിക്കപ്പെടുന്ന മറ്റൊരു നാളില്ല”. അറഫാ ദിനത്തിൽ അല്ലാഹു ഹാജിയുടെ സകല പാപങ്ങളും പൊറുത്തു കൊടുക്കും. അന്നേ ദിവസം നോമ്പെടുക്കുന്ന സത്യവിശ്വാസികൾക്കും അല്ലാഹു പൊറുത്തു കൊടുക്കും, മക്കയിൽ നിന്നും അധിവിദൂരത്തുള്ള തങ്ങളുടെ നാട്ടിൽ ആയിരിക്കെത്തന്നെ. എന്തൊരു അനുഗ്രഹമാണല്ലെ അത്!

2- ജമാഅത്ത് നമസ്കാരം: ആണുങ്ങളെ സംബന്ധിച്ചെടുത്തോളം ജമാഅത്ത് നമസ്കാരവും സ്ത്രീകളെ സംബന്ധിച്ചെടുത്തോളം നമസ്കാരം അതിന്റെ ആദ്യ സമയത്ത് നിർവഹിക്കലും പുണ്യമേറിയ കാര്യമാണ്. അത് വർഷം മുഴുക്കെ ശീലമാക്കേണ്ടതാണ്. പക്ഷേ, പിശാച് മനുഷ്യന് മേൽ ആധിപത്യം ചെലുത്തുന്ന ചില സന്ദർഭങ്ങളുണ്ട്. അന്നേരം ലഭിക്കേണ്ട ശ്രേഷ്ഠതകളെയും മഹത്വത്തെയും പിശാച് നശിപ്പിച്ച് കളയും. അല്ലാഹുവിലേക്ക് കൂടുതൽ അടുക്കാൻ മനുഷ്യന് പ്രേരണ നൽകുന്ന ചില പ്രത്യേക സമയം അല്ലാഹു അവന്റെ അനുഗ്രഹമെന്നോണം നമുക്ക് കണക്കാക്കി തന്നിട്ടുണ്ട്. വിശുദ്ധ റമദാൻ പോലെ, ദുൽഹജ്ജ് മാസത്തിലെ ആദ്യ പത്ത് നാളുകൾ പോലെ. പ്രതിഫലം സ്വരുക്കൂട്ടാനുള്ള മൂല്യമേറിയ സമയം മാത്രമല്ല അത്. നമുക്ക് നഷ്ടപ്പെട്ടു പോയ ശീലങ്ങളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള അവസരം കൂടിയാണത്. ജീവിതത്തിലുടനീളം മനുഷ്യൻ പ്രത്യേകം കരുതൽ കാണിക്കേണ്ട നിസ്കാരമാണ് സുബ്ഹി നമസ്കാരം, വിശിഷ്യാ ഈ നല്ല നാളുകളിൽ. ജമാഅത്ത് നമസ്കാരത്തേക്കുറിച്ച് തിരുനബി(സ്വ) പറയുമായിരുന്നു: “ഒരാൾ രാവിലെയും വൈകുന്നേരവും നമസ്കാരത്തിന് വേണ്ടി പള്ളിയിലേക്ക് പോയാൽ അല്ലാഹു അയാൾക്ക് സ്വർഗ്ഗത്തിൽ ഒരു വീട് തയ്യാറാക്കി വെക്കുന്നതാണ്. ഓരോ പ്രാവശ്യം രാവിലെയും വൈകുന്നേരവും പോകുമ്പോഴെല്ലാം ഇങ്ങനെ ഒന്ന് അല്ലാഹു തയ്യാറാക്കി വെക്കും”. ഇതിനേക്കാൾ മഹത്തരമായ മറ്റെന്താണ് നമുക്ക് വേണ്ടത്? ഒരു സുവർണാവസരം തന്നെയല്ലേ നമുക്ക് ലഭിച്ചിരിക്കുന്നത്. “സ്വീകാര്യമായ ഹജ്ജിന്റെ പ്രതിഫലം സ്വർഗമാണെന്ന്” ഹദീസിൽ വന്നപോലെ ഹാജിമാർക്ക് വാഗ്ദാനം ചെയ്യപ്പെട്ട സ്വർഗത്തെ ചൊല്ലി നാമെന്തിനാണ് പിന്നെ അസൂയ വെക്കുന്നത്? നാം നമ്മുടെ നാട്ടിൽ ആയിരിക്കുമ്പോൾ തന്നെ നമുക്ക് ഇങ്ങനെയൊരു അവസരം ലഭിക്കുന്നതിൽ പരം സന്തോഷം മറ്റെന്തുണ്ട്? പള്ളിയിൽ ചെന്നുള്ള ജമാഅത്ത് നമസ്കാരത്തിന് നമുക്ക് സ്വർഗ്ഗത്തിൽ വീട് നിർമ്മിക്കപ്പെടുമെങ്കിൽ ഹജ്ജിന് പോകാൻ കഴിയാത്തതിൽ പിന്നെയെന്തിനാണ് നാം പരിഭവപ്പെടുന്നത്?

3- സുന്നത്ത് നിസ്കാരം അധികരിപ്പിക്കൽ: ഹാജിയെ സംബന്ധിച്ചെടുത്തോളം മസ്ജിദുൽ ഹറാമിലും മസ്ജിദുന്നബവിയിലും നമസ്കരിച്ചു കൊണ്ട് അവർക്കവരുടെ പ്രതിഫലങ്ങൾ വർദ്ധിപ്പിക്കാം. എന്നാൽ ഹാജിയല്ലാത്ത വ്യക്തിയെ സംബന്ധിച്ചെടുത്തോളം സുന്നത്ത് നിസ്കാരം കൊണ്ട് അവർക്ക് ലഭിക്കുന്ന അവസരങ്ങൾ അല്ലാഹു ഒരിക്കലും നിഷേധിക്കുന്നില്ല. നീ നിന്റെ നാട്ടിൽ, നിന്റെ വീട്ടിലാണെങ്കിൽ ഈ പത്ത് ദിനങ്ങളിൽ പൂർണ്ണമായും ഒരു ഹാജിയെപ്പോലെ ആവുക. ഹാജി മക്കയിൽ വെച്ച് അവന്റെ സമയം ഒരിക്കലും നഷ്ടപ്പെടുത്തില്ല. കാരണം അവന്റെ നമസ്കാരത്തിനെല്ലാം അവന് ആയിരം ഇരട്ടി പ്രതിഫലം ലഭിക്കുന്നുണ്ട്. അപ്രകാരം തന്നെ നാമും നമ്മുടെ സമയം പാഴാക്കാതെ വിനിയോഗിക്കുക. നന്മ നേടിയെടുക്കാൻ സഹായകമാകുന്ന അസംഖ്യം കവാടങ്ങൾ നമുക്ക് മുമ്പിലുണ്ട്:

(1) രാത്രി നമസ്കാരം: അടിമ അല്ലാഹുവിലേക്ക് അടുക്കുന്ന ആരാധനകളിൽ വെച്ച് ഏറ്റവും മഹത്തായ ആരാധനയാണിത്. പവിത്രമായ ഈ ദിനങ്ങളിൽ രാത്രി നിന്ന് നമസ്കരിക്കുന്നത് പ്രത്യേകം ശ്രേഷ്ഠതയുണ്ട്. “വൽഫജ്ർ, വലയാലിൻ അശ്ർ” എന്ന സൂക്തങ്ങളുടെ ഉദ്ദേശം ദുൽഹജ്ജ് മാസത്തിലെ ആദ്യ പത്ത് നാളുകൾ ആണെന്നാണ് മിക്ക ഖുർആൻ വ്യാഖ്യാതാക്കളും പറഞ്ഞിട്ടുള്ളത്. സാധ്യമാകുന്നത്രയും നമസ്കരിക്കുക, കഴിയുന്നത്രയും അല്ലാഹുവിനോട് ചോദിക്കുക. അബൂ ഹുറൈറ(റ) ഉദ്ധരിക്കുന്ന ഒരു ഹദീസിൽ ഇങ്ങനെ കാണാം: “ഓരോ ദിനവും രാത്രിയുടെ അന്തിയാമങ്ങളിൽ അല്ലാഹു ഒന്നാനാകാശത്തേക്ക് ഇറങ്ങി വന്നു ചോടിക്കുമത്രെ: എന്നോട് പ്രാർത്ഥിക്കുന്നവരുണ്ടോ, ഞാൻ ഉത്തരം നൽകാം. എന്നോട് ചോദിക്കുന്നവരുണ്ടോ ഞാൻ നൽകാം. എന്നോട് പാപമോചനം നടത്തുന്നവരുണ്ടോ ഞാൻ പൊറുത്ത് കൊടുക്കാം”. ഇതിൽപരം മറ്റെന്താണ് വേണ്ടത്. അല്ലാഹു തന്റെ അടിമയെ ഇഷ്ടപ്പെടുകയും അവനോടു ആവശ്യങ്ങൾ ചോദിക്കാൻ കൽപിക്കുകയും ചെയ്യുന്നു. അതിനെല്ലാം ഉത്തരം നൽകാമെന്ന് വാഗ്ദാനവും ചെയ്യുന്നു. ഹാജിമാർക്ക് അവരുടെ പാപങ്ങളെല്ലാം പൊറുത്ത് കൊടുക്കുന്നതിനു നാമെന്തിന് അസൂയ കാണിക്കണം? നല്ലൊരു അവസരം തന്നെയാണ് നമുക്ക് മുമ്പിലുള്ളത്.

ഇതിനർത്ഥം ഹജ്ജിന് പോകേണ്ട എന്നല്ല. ഇസ്‌ലാമിലെ മഹത്തരമായ ആരാധനകളിൽ ഒന്നാണ് ഹജ്ജ്. ആ ഹജ്ജിന് പോകാൻ സാധ്യമല്ലാത്ത പൊതുസമൂഹത്തോടാണ് ഞാനിത് പറയുന്നത്. ഒരു ഹജ്ജ് ചെയ്താൽ ലഭിക്കുന്ന പ്രതിഫലത്തോട് കിടപിടിക്കുന്ന രീതിയിൽ പ്രതിഫലം നേടിയെടുക്കാൻ ഇതിലൂടെ അവർക്കാകും. സൽപ്രവർത്തനങ്ങൾക്കും പാപമോചനത്തിനും അതിയായ ആഗ്രഹം ഉണ്ടാവുകയും നിയ്യത്ത് നന്നാക്കുകയും ചെയ്ത വ്യക്തിയാണെങ്കിൽ ചിലപ്പോൾ ഹജ്ജിനേക്കാൾ പ്രതിഫലം നേടാനാകും. തബൂക്ക്‌ യുദ്ധം കഴിഞ്ഞ് മടങ്ങും നേരം പ്രവാചകൻ(സ്വ) പറഞ്ഞത് നോക്കൂ: “മദീനയിൽ ഒരു കൂട്ടം ആളുകളുണ്ട്. അവർ നിങ്ങളെപ്പോലെ ദൂരങ്ങൾ താണ്ടിയിട്ടില്ല എങ്കിലും, മലഞ്ചെരിവുകൾ മുറിച്ച് കടന്നിട്ടില്ല എങ്കിലും നിങ്ങളെപ്പോലെ തന്നെയുള്ള പ്രതിഫലം അവർക്കും ലഭിക്കുന്നതാണ്”. സ്വാഹബികൾ ആശ്ചര്യത്തോടെ ചോദിച്ചു: റസൂലേ, അവർ മദീനയിൽ ആയിരിക്കുമ്പോൾ തന്നെ അവർക്കത് ലഭിക്കുമെന്നോ? അവിടുന്ന് അരുളി: “അതെ അവർ മദീനയിൽ ആയിരിക്കുമ്പോൾ തന്നെ. കാരണമാണ് അവരെ യുദ്ധത്തിൽ നിന്നും തടഞ്ഞു നിർത്തിയത്”.

(2) റവാത്തിബ് സുന്നത്തുകൾ: മഹതി ഉമ്മു ഹബീബ തിരുനബി(സ്വ)യെത്തൊട്ട്‌ നിവേദനം ചെയ്യുന്നു; അവിടുന്ന് അരുളി:“ഫർള് എന്ന നിലക്കല്ലാതെ ദിവസേന പന്ത്രണ്ട് റക്അത്ത് സുന്നത്ത് നിസ്കാരം ആരെങ്കിലും പതിവാക്കുന്നുവെങ്കിൽ സ്വർഗ്ഗത്തിൽ അവനൊരു വീട് പണിയപ്പെടും”. പന്ത്രണ്ട് റക്അത്ത് എന്നാൽ; സുബ്ഹിക്ക് മുമ്പ് രണ്ട്, ളുഹിറിന് മുമ്പ് നാലും ശേഷം രണ്ടും, മഗ്രിബിന് ശേഷം രണ്ട്, ഇഷാഇന് ശേഷം രണ്ട്. എത്ര വലിയ അനുഗ്രഹമാണിത്! നിങ്ങളൊന്നു സങ്കല്പിച്ച് നോക്കൂ: ഒരു രാജാവ് നിങ്ങളോട് അദ്ദേഹത്തോടൊപ്പം അല്പം നേരം ചിലവഴിക്കാൻ ആവശ്യപ്പെടുകയും അതിന് പ്രതിഫലമെന്നോണം നിങ്ങൾക്ക് ഇഷ്ടമുള്ള സ്ഥലത്ത് ഇഷ്ടപ്പെട്ട ഒരു വീട് നൽകാൻ തയ്യാറായാൽ നിങ്ങളത് നിരസിക്കുമോ? സ്വർഗ്ഗത്തിൽ ഒരു ഭവനം പണികഴിപ്പിക്കാം എന്നാണ് അല്ലാഹുവിന്റെ കരാർ. ആകാശ ഭൂമികളുടെ വിശാലതയുള്ള സ്വർഗ്ഗമാണത്. അല്ലാഹുവിന്റെ കരാറിലുള്ള അങ്ങേയറ്റത്തെ വിശ്വാസമാണ് ഇവിടെ പരീക്ഷിക്കപ്പെടുന്നത്. ബുദ്ധിയുള്ള ഒരാളും ഈ അവസരം നഷ്ടപ്പെടുത്തി കളയുകയില്ല. ളുഹാ നമസ്കാരം പോലെ, വുളൂഇൻറെ നമസ്കാരം പോലെ, ഇസ്തിഖാറത്തിന്റെ നിസ്കാരം പോലെ സുന്നത്ത് നിസ്കാരം ഇനിയും അനവധിയുണ്ട്.

4- ദൈവിക സ്മരണ: പാവനമായ ഈ നാളുകളിൽ ദൈവിക സ്മരണയ്ക്ക് പ്രത്യേക ശ്രേഷ്ഠത തന്നെയുണ്ട്. “എണ്ണപ്പെട്ട ദിവസങ്ങളിൽ നിങൾ അല്ലാഹുവിനെ സ്മരിക്കുക” എന്ന സൂക്തം ദുൽഹിജ്ജ മാസത്തെ ആദ്യ പത്ത് ദിനങ്ങളിലേക്കുള്ള സൂചനയാണ്. മഹാനായ ഇബ്ൻ അബ്ബാസ്(റ) പറയുന്നു: എണ്ണപ്പെട്ട ഈ നാളുകളിൽ നിങൾ അല്ലാഹുവിന്റെ നാമങ്ങൾ ഉരുവിടുക. തിരുനബി(സ്വ) ഒരിക്കൽ അരുളി: ഒട്ടപ്പെട്ടവർ“ വിജയിച്ചിരിക്കുന്നു”. സ്വഹാബികൾ ചോദിച്ചു: ആരാണ് നബിയെ അവർ? അവിടുന്ന് പ്രതിവചിച്ചു: “അല്ലാഹുവിനെ അധികമായി സ്മരിക്കുന്ന പുരുഷന്മാരും സ്ത്രീകളും”.

ദൈവിക സ്മരണയുടെ ഏതു രീതിയും സ്തുത്യർഹമാണ്. എങ്കിലും, ഈ പത്ത് നാളുകളിൽ ചില ദിക്റുകൾക്ക് പ്രത്യേക പവിത്രതയുണ്ട്. തഹ് ലീല്, തക്ബീർ, തഹ്മീദ് എന്നിവ അതിൽ പെട്ടതാണ്. തിരുനബി(സ്വ)യെത്തൊട്ട് ഉമർ(റ) നിവേദനം ചെയ്യുന്ന ഒരു ഹദീസിൽ ഇങ്ങനെ കാണാം: “മറ്റേത് ദിവസത്തെയും സൽപ്രവർത്തനങ്ങളേക്കാൾ അല്ലാഹുവിന് ഏറ്റവും ഇഷ്ടം ദുൽഹിജ്ജ മാസത്തിലെ ആദ്യ പത്ത് ദിനങ്ങളിലെ സൽപ്രവർത്തനങ്ങളാണ്. അതിൽ നിങൾ തഹ്ലീലും തക്ബീറും തഹ്മീദും അധികരിപ്പിക്കുക”. ഇസ്തിഗ്ഫാറിനും ഈ നാളുകളിൽ വലിയ ശ്രേഷ്ഠതയുണ്ട്. ഈ നാളുകൾ മുഴുവൻ കാരുണ്യത്തിന്റെയും പാപമോചനത്തിന്റെയും നാളായി നമുക്ക് അനുഭവപ്പെടും. “ദൈവിക സ്മരണയാൽ നിന്റെ നാവെപ്പോഴും നാനവുള്ളതായിരിക്കട്ടെ” എന്ന തിരുവചനം സദാ ഓർമ്മയിൽ ഉണ്ടായിരിക്കണം.

5- പ്രാർത്ഥന: പ്രാർത്ഥനയുടെ മഹത്വങ്ങളെക്കുറിച്ച് പ്രവാചകൻ(സ്വ) ഒരുപാട് പറഞ്ഞിട്ടുണ്ട്. അവിടുന്ന് പറയുന്നു:“പ്രാർത്ഥന ആരാധനയാണ്”. അല്ലാഹു പറയുന്നു:“നിങ്ങളെന്നോട് പ്രാർത്ഥിക്കുക, ഞാൻ നിങ്ങൾക്ക് ഉത്തരം നൽകുന്നതാണ്”. മക്കയിലും അറഫയിലും ത്വവാഫിലും ജംറയിലുമായി ഹാജിക്ക് പ്രാർത്ഥനക്ക് ഉത്തരം ലഭിക്കുന്ന അവസരങ്ങൾ ഏറെയാണ്. അതുപോലെ ഹാജിയല്ലാത്തവർക്കും നിരവധി അവസരങ്ങളുണ്ട്; രാത്രിയുടെ അവസാന സമയങ്ങൾ, സുജൂദ് പോലെ. പ്രവാചകൻ(സ്വ) പറയുന്നു: “ഒരു അടിമ അല്ലാഹുവിനോട് ഏറ്റവും കൂടുതൽ അടുക്കുന്നത് അവൻ സുജൂദിൽ ആയിരിക്കുമ്പോഴാണ്. അതുകൊണ്ട് സുജൂദിൽ നിങൾ പ്രാർത്ഥന അധികരിപ്പിക്കുക”. ഏതു സമയത്തും ചെയ്യാവുന്ന ഒന്നാണല്ലോ പ്രാർത്ഥന. അത് ഈ നാളുകളിൽ ആണെങ്കിൽ കൂടുതൽ ശ്രേഷ്ഠവുമാകും.

6- ഖുർആൻ പാരായണം: അല്ലാഹു നമുക്ക് നൽകിയ ഏറ്റവും വലിയ അനുഗ്രഹങ്ങളിൽ ഒന്നാണ് വിശുദ്ധ ഖുർആനിനോടുള്ള സ്നേഹം. ഖുർആൻ പാരായണത്തിന്റെ മഹത്വം വലുതാണ്. അതിൽ വലിയ നന്മയുണ്ട്. വിശുദ്ധ ഖുർആൻ പാരായണം ചെയ്യുക. ഓരോ അക്ഷരത്തിനും പ്രതിഫലമുണ്ട്. ഓരോന്നും പത്തിരട്ടി പ്രതിഫലം നൽകപ്പെടുന്നതും. വേണമെന്ന് വിചാരിച്ചാൽ ഈ പത്ത് നാളുകൊണ്ട് നമുക്ക് ഖുർആൻ ഖത്‌മു തീർക്കാം. പ്രയാസമാണെങ്കിലും അസംഭവ്യമല്ല. നീ ഹജ്ജിന്റെ വേളയിലാണെന്ന് ധരിച്ച് ദിവസേന പാരായണം ചെയ്യുക.

7- മുസ്‌ലിംങ്ങൾക്കിടയിലെ ഐക്യം: വിശുദ്ധ ഹജ്ജ് മുന്നോട്ട് വെക്കുന്ന ഐക്യം ഹാജിയല്ലാത്തവർക്ക്‌ നന്നായി അനുഭവിക്കാൻ സാധിക്കും. നാട്ടിലോ പട്ടണത്തിലോ വീട്ടിലോ ഇത് നമുക്ക് അനുഭവപ്പെടാം. ഹാജിയല്ലത്തവർക്ക്‌ പരസ്പര ഐക്യം ഊട്ടിയുറപ്പിക്കാനുള്ള അവസരമാണിത്. അതിനുള്ള ചില മാർഗങ്ങൾ:

(1) മാതാപിതാക്കൾക്ക് ഗുണം ചെയ്യുക: അവർ തിന്മകൊണ്ട് പ്രേരിപ്പിക്കാത്ത കാലത്തോളം അവരെയാണ് അനുസരിക്കേണ്ടത്. ഹജ്ജ് ചെയ്ത് സ്വർഗ്ഗത്തിൽ പ്രവേശിക്കാൻ നീ ശ്രമിക്കുന്നത് പോലെ മാതാപിതാക്കൾക്ക് നിന്നെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കാനാകും.

(2) കുടുംബ ബന്ധം ചേർക്കുക: നീ നിന്റെ കുടുംബവുമായി ബന്ധം പുലർത്തുമ്പോൾ നീയുമായുള്ള ബന്ധം അല്ലാഹുവും ശക്തമാക്കും. പ്രവാചകൻ(സ്വ)പറയുന്നത് നോക്കൂ: “പ്രത്യുപകാരം പ്രതീക്ഷിക്കുന്നവനല്ല കുടുംബ ബന്ധം ചേർക്കുന്നവൻ. മറിച്ച്, ഇങ്ങോട്ട് ബന്ധം മുറിച്ചവനെ അങ്ങോട്ട് ബന്ധം ചേർക്കുന്നവനാണ് ഉത്തമൻ”

(3) അയൽവാസികളും കൂട്ടുകാരും സമൂഹത്തിൽ നമ്മെ ചുറ്റിപ്പറ്റി നിൽക്കുന്ന മറ്റ് ആളുകളും. റസൂൽ(സ്വ) പറഞ്ഞിട്ടുണ്ട്: “ഒരാൾ ഒരു രോഗിയേയോ സ്വന്തം സഹോദരനെയോ സന്ദർശിച്ചാൽ അവനോടു പറയപ്പെടും: നീ നല്ലത് പ്രവർത്തിച്ചിരിക്കുന്നു. നിങ്ങളുടെ നടത്തം നന്നായിരിക്കുന്നു. സ്വർഗ്ഗത്തിൽ നിങ്ങൾക്കായി ഒരു ഭവനം തയ്യാറാക്കപ്പെട്ടിരിക്കുന്നു”.

(4) നല്ല നിലയിൽ വർത്തിക്കുക: നിങ്ങൾക്ക് ചുറ്റുമുള്ള ആളുകളോട് നിങൾ നല്ല നിലയിൽ തന്നെയാണോ പെരുമാറുന്നതെന്ന് നോക്കുക. പരസ്പരം അഭിപ്രായ ഭിന്നതകളും പിരിമുറുക്കങ്ങളും ഉണ്ടെങ്കിൽ അത് പറഞ്ഞു ശരിയാക്കുക. പ്രവാചക വചനം ഓർമ്മയിൽ ഉണ്ടായിരിക്കുക; “തിങ്കളാഴ്ചയും വ്യാഴാഴ്ചയും സ്വർഗ്ഗത്തിന്റെ കവാടങ്ങൾ തുറക്കപ്പെടും. അല്ലാഹുവുമായി പങ്ക് ചേർക്കാത്ത എല്ലാവർക്കും അവൻ പൊറുത്ത് കൊടുക്കും. അക്കൂട്ടത്തിൽ തന്നെ സ്വന്തം സഹോദരനോട് പിണക്കത്തിൽ കഴിയുന്നവന് അവർ തമ്മിൽ സ്വരചേർച്ചയിൽ എത്തുംവരേ അല്ലാഹു പൊറുത്ത് കൊടുക്കില്ല”.

8- സ്വദഖ: ഈ നാളുകളിൽ സ്വദഖ അധികരിപ്പിക്കലും പുണ്യമുള്ള കാര്യമാണ്. അല്ലാഹു പറയുന്നു:“നന്മയിൽ നിന്ന് നിങൾ ചിലവഴിക്കുന്നതെല്ലാം നിങ്ങൾക്കുള്ളതാണ്”. വിജയത്തിന്റെ ഈ നാളുകളിൽ പാവപ്പെട്ടവരും വലിയ ആവശ്യം ഉള്ളവരായിരിക്കും. അതുകൊണ്ട് ദാന ദർമ്മങ്ങൾ അധികരിപ്പിച്ച് കൂടുതൽ പ്രതിഫലം കരസ്ഥമാക്കുക. പുണ്യമേറിയ ഈ നാളുകളിൽ പ്രതിഫലം ഇരട്ടിയാക്കപ്പെടുമെന്നതിൽ സംശയമില്ല. ഹാജി അവന്റെ സമ്പാദ്യത്തിൽ നിന്നും വലിയൊരു തുക ചിലവഴിച്ച് കൊണ്ടാണ് ഹജ്ജ് ചെയ്യുന്നത്. അതിനാൽ ഹാജിമാരല്ലാത്തവരും ധാരാളമായി ദാനം ചെയ്യുക. “ഒരു കാരക്ക ചീള് കൊണ്ടെങ്കിലും നിങൾ നരകത്തെ തൊട്ട് സൂക്ഷിക്കുക” എന്ന തിരുവചനം ഓർമ്മയിൽ ഉണ്ടായിരിക്കുക.

9- ചെലവു ചുരുക്കൽ: ദുൽഹിജ്ജിന്റെ ഈ പുണ്യ നാളുകളിൽ നമുക്ക് ഹാജിമാരെപ്പോലെ ജീവിക്കാം. നമ്മുടെ വീട്ടിലും ജീവിതത്തിലും പകർത്താൻ പോന്ന പാഠങ്ങൾ ഹജ്ജിൽ നിന്നും നാം നേടിയെടുക്കണം. മക്കയിൽ പോയില്ലെങ്കിലും ഹാജിയെപ്പോലേ ജീവിക്കാൻ തിരുനബി സ്വഹാബത്തിനെ തെര്യപ്പെടുത്തുമായിരുന്നു. ഉമ്മു സൽമ നിവേദനം ചെയ്ത ഹദീസിൽ നബി(സ്വ) പറയുന്നു: ദുൽഹജ്ജ് പത്ത് എത്തുകയും നിങൾ ഉളുഹിയ്യത്തിന് ഉദ്ദേശിക്കുകയും ചെയ്താൽ മുടിയിൽ നിന്നോ ശരീരത്തിൽ നിന്നോ ഒന്നും നീക്കം ചെയ്യരുത്. മുന്തിയ വസ്ത്രം ധരിക്കുകയോ ഭക്ഷണം കഴിക്കുകയോ ചെയ്യേണ്ടതില്ല. പകരം ഓരോ നിമിഷവും ഇലാഹീ വിദേയത്വത്തിലാക്കണം.

10- ഉദുഹിയ്യത്ത്: ഹജ്ജിന്റെ അന്തരീക്ഷം ശരിക്ക് അനുഭവപ്പെടുന്ന ഉത്തമ ആരാധനയാണ് ബലികർമ്മം. ഒരിക്കൽ സ്വഹാബികൾ പ്രവാചകനോട് ചോദിച്ചു: നബിയേ, എന്താണ് ഉളുഹിയ്യത്ത്? അവിടുന്ന് മറുപടി പറഞ്ഞു: “അത് നിങ്ങളുടെ പിതാവ് ഇബ്റാഹീം നബിയുടെ ചര്യയാണ്”. അതുകൊണ്ട് എന്തു പ്രതിഫലം ആണ് ലഭിക്കുക? സ്വഹാബികൾ വീണ്ടും ചോദിച്ചു. “ഓരോ രോമത്തിനും ഒരു പ്രതിഫലം വീതം” പ്രവാചകൻ പറഞ്ഞു. ചെമ്മരിയാടോ റസൂലേ? സ്വഹാബികൾ ചോദ്യം തുടർന്നു. പ്രവാചകൻ പ്രതിവചിച്ചു: “ഓരോ രോമത്തിനും പ്രതിഫലം നൽകപ്പെടും”.
ദുൽഹജ്ജ് പത്തിൽ ചെയ്യേണ്ട പത്ത് കാര്യങ്ങളാണിത്. ഇതല്ലാതെ വേറെയും ഒരുപാട് കാര്യങ്ങൾ ഹാജിയല്ലാത്തവർക്ക് ചെയ്യാനുണ്ട്. ഹജ്ജ് ഹാജിക്ക് മാത്രം ഉള്ളതല്ല. മറിച്ച് എല്ലാവർക്കും കൂടിയുള്ള ആരാധനയാണ് ഹജ്ജ്.

വിവ: മുഹമ്മദ് അഹ്സൻ പുല്ലൂർ

Related Articles