Current Date

Search
Close this search box.
Search
Close this search box.

സ്വന്തക്കാരാൽ തകർക്കപ്പെടുന്ന ‘നവനാസ്തിക വിഗ്രഹം

‘ഈ മുഖം നമ്മോടൊപ്പമുണ്ടെങ്കിൽ നാം ആരെപ്പേടിക്കാനാണ്’ എന്ന് യുക്തിവാദികളുടെ ‘ലിറ്റ്മസ്’ സ്റ്റേജിൽ വെച്ച് പകുതി വെളിവിൽ അച്ചായൻ ആടിപ്പാടി പറഞ്ഞത് ആരെക്കുറിച്ചായിരുന്നോ, അന്നേരം ടിയാന്റെ തോളിൽ കൈയിട്ട് വളിഞ്ഞ ചിരിയുമായി കൂടെ ആടിയിരുന്നത് ഏത് യുക്തിവാദി നേതാവായിരുന്നോ, യൂടൂബ് ചാനൽ തട്ടിപ്പ് ഉൾപ്പെടെ ഇപ്പോൾ വലവിധ ആരോപണങ്ങൾ നേരിടുന്നത് ആരാണോ അതേ ‘നാസ്തികനായ ആൾദൈവം’ അഥവാ, സി രവിചന്ദ്രനെതിരെ ഇപ്പോൾ യുക്തിവാദികളിലെത്തന്നെ നല്ലൊരു വിഭാഗം ചേരി തിരിഞ്ഞ് രംഗത്തുവന്നുകൊണ്ടിരിക്കുന്നു എന്നതാണ് പുതിയ അനുഭവങ്ങൾ!

രാഷ്ട്രീയ ബോധമില്ല എന്നതായിരുന്നു യുക്തിവാദികളുടെ കൺകണ്ട ദൈവമായ സി രവിചന്ദ്രനെതിരെ എംഎൻ കാരശ്ശേരി ഉന്നയിച്ച വിമർശനം. രവിചന്ദ്രന്റെ കാര്യത്തിൽ മാത്രമല്ല, നവനാസ്തികരുടെ വിഷയത്തിൽ മൊത്തത്തിൽ തന്നെ ഇപ്പറഞ്ഞത് ശരിയാണ്. പ്രമുഖ ബയോളജിസ്റ്റും, നവനാസ്തികനുമായ ജദ മയേഴ്‌സിന്റെ പ്രസ്താവന അതിന് അടിവരയിടുന്നുണ്ട്. ‘രാഷ്ട്രീയപരമായി ഒട്ടും ഓര്‍ഗനൈസ്ഡ് അല്ലാത്ത വെറും ഒരു ജനക്കൂട്ടമാണ് ഞങ്ങള്‍. ഞങ്ങളെ ഒന്നിപ്പിക്കുന്ന ഒരേയൊരു ഘടകം ദൈവമെന്ന സങ്കല്പത്തോടുള്ള വെറുപ്പാണ്’ എന്നാണദ്ദേഹം തുറന്നുപറഞ്ഞിട്ടുള്ളത്.

ശാസ്ത്രജ്ഞാനമില്ലെന്നതാണ് രവിചന്ദ്രനെതിരായ വൈശാഖൻ തമ്പിയുടെ വിമർശം. എത്രത്തോളം വിശ്വാസ്യയോഗ്യമാണ് എന്നറിയില്ല, ക്രിസ്ത്യൻ മിഷനറിയായ ജെറി തോമസ്, രവിചന്ദ്രന്റെ വലിയൊരു കോപ്പിയടി ശേഖരം തന്നെ പൊളിച്ചതായി ഒരു വീഡിയോയിൽ പറയുന്നത് കണ്ടിരുന്നു. അതെന്തായാലും, ഒന്നാന്തരം കോപ്പി-പേസ്റ്റ് വീരനും തീരേ ദുർബലമായ റഫറൻസുകൾ വെച്ച് അവാസ്തവങ്ങൾ വാസ്തവങ്ങളെന്നോണം പ്രചരിപ്പിക്കുന്നയാളുമാണ് രവിചന്ദ്രൻ. ഈയിടെയായി, ഇത്തരം കാര്യങ്ങൾ പലരും തുറന്നുപറയാൻ തുടങ്ങിയിരിക്കുന്നു.

രവിചന്ദ്രന്റെ വലതുപക്ഷ ചായ്‌വും, യുക്തിവാദ പ്രസ്ഥാനത്തെ തീവ്ര വലതുപക്ഷ ആലയത്തിൽ കൊണ്ടുപോയി കെട്ടാനുള്ള ശ്രമവും തെളിവ് സഹിതം തുറന്നുകാണിക്കുന്നുണ്ട് പ്രമുഖ യുക്തിവാദിയും ശാസ്ത്രപ്രചാരകനുമായ ഡോ. സി. വിശ്വനാഥന്‍. ഒപ്പം, സി രവിചന്ദ്രന്റെ റഫറൻസുകളെ പൊളിച്ചടുക്കുകയും, ‘സംവരണം ആവശ്യമില്ല എന്നത് യുക്തിവാദി പ്രസ്ഥാനങ്ങളുടെ ചരിത്രപരമായ നിലപാടാണ്’ എന്ന നവനാസ്തിക പരാമര്‍ശത്തെ ചരിത്രരേഖകള്‍ ഉദ്ധരിച്ചു തന്നെ ഖണ്ഡിക്കുകയും ചെയ്യുന്നു.

രവിചന്ദ്രന്റെ പ്രഭാഷണങ്ങളിലെ വസ്തുതാപരമായ നിരവധി പിഴവുകള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട് ഡോ. അരുണ്‍ എന്‍.എം. സംവരണത്തിനെതിരായ നിലപാടിനെയും, മുസ്‌ലിംകള്‍ സംവരണത്തിനര്‍ഹരല്ല എന്ന് സ്ഥാപിക്കാനുള്ള വൃഥാശ്രമത്തെയും ആധികാരിക റഫറന്‍സുകള്‍ സഹിതം അദ്ദേഹം ഖണ്ഡിക്കുന്നത് കാണാം. (സംഘപരിവാര്‍ ശക്തികള്‍ ഇന്ത്യയില്‍ മുസ്‌ലിം വിരോധം വളര്‍ത്തിയെടുക്കാന്‍ ദുരുപയോഗം ചെയ്യുന്ന വിഷയമാണല്ലോ സംവരണം. മറ്റൊരു വഴിക്ക് രവിചന്ദ്രനും കൂട്ടരും ചെയ്യുന്നതും അതുതന്നെ!) അമേരിക്കയില്‍ വര്‍ണ വെറി ഉണ്ടെന്നത് ഒരു “വെറും വാദം” ആണെന്ന് സ്ഥാപിക്കുന്നതിലൂടെ ഇന്ത്യയിലെ വര്‍ണ വെറി എന്നത് ഒരു മിത്ത് ആണെന്ന് പറയാനുള്ള ശ്രമത്തെയും ഡാറ്റ സഹിതം അരുൺ വിമര്‍ശിക്കുന്നുണ്ട്.

Also read: മിണ്ടുന്നതും മിണ്ടാത്തതുമായ എല്ലാ ജീവനുകളും വിലപ്പെട്ടതാണ്

രവിചന്ദ്രന്റെ സംഘി ബാന്ധവവും, സങ്കിസത്തെ ‘യുക്തിപരമായി വെള്ളപൂശലും’ പരസ്യമായ രഹസ്യമാണല്ലോ. ഗാന്ധിജിയെ മോശക്കാരനാക്കാനും, ഗോഡ്‌സെയെ വെളുപ്പിച്ചെടുക്കാനുമുള്ള ഭഗീരഥയത്നവും, സിഎഎ അനുകൂല നിലപാടും, കോൺസൻട്രേഷൻ ക്യാമ്പുകളെ പോലും ന്യായീകരിക്കുന്ന പ്രസ്താവനകളും ചില ഉദാഹരണങ്ങൾ മാത്രം.

തീവ്ര വലതുപക്ഷത്തേക്കുള്ള ചായ്‌വ് ആഗോള തലത്തിൽ തന്നെ നിരീശ്വരവാദികൾ കാണിക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി. കേരളത്തിൽ രവിചന്ദ്രനും കൂട്ടരും അതിനെയാണ് പ്രമോട്ട് ചെയ്യുന്നത്. ‘നവനാസ്തികതയുടെ കാണാപ്പുറങ്ങള്‍’ എന്ന ലേഖനത്തിൽ നാസ്തികനായ ഫർമീസ് ഹാഷിം പറഞ്ഞുവെച്ചതിങ്ങനെ: ‘…അഫര്‍മേറ്റിവ് ആക്ഷനെതിരെ അമേരിക്കയിലെ അപര വലതുപക്ഷം സ്വീകരിക്കുന്ന അതേ നിലപാട്, ഇവിടെ ഇന്ത്യയൊട്ടാകെ വിഴുങ്ങാന്‍ നില്‍ക്കുന്ന സംഘപരിവാര്‍ ഫാഷിസ്റ്റ് ശക്തികളോടൊപ്പം നവനാസ്തികരും പങ്ക് വെക്കുന്നു എന്നറിയുമ്പോഴാണ് എത്ര അപകടകരമായ വലത് തീവ്രവാദത്തിനാണ് ഇവര്‍ വളം വെക്കുന്നത് എന്ന് മനസ്സിലാവുക. (ഡൂൾ ന്യൂസ് മെയ് 8, 2018)

ഇ.എ ജബ്ബാർ ടീമിനെ പ്രമോട്ട് ചെയ്യാൻ വേണ്ടിയാണെങ്കിലും പരാമൃഷ്ട ലേഖനത്തിൽ തുറന്നുപറഞ്ഞ, യുക്തിവാദികളുടെ ബുദ്ധിപരമായ കാപട്യത്തിനും വൈജ്ഞാനിക സത്യസന്ധതയില്ലായ്മക്കും തെളിവായ, നവനാസ്തികതയെ മനുഷ്യപ്പറ്റില്ലാത്തതെന്നും ദുരന്തമെന്നും നാണക്കേടെന്നും വിശേഷിപ്പിക്കുന്ന മറ്റുചില വരികളിങ്ങനെ:

‘വിവാദപരമായ നിലപാടുകള്‍ കൊണ്ടും, പ്രസ്താവനകള്‍ കൊണ്ടും നവനാസ്തികതയുടെ വക്താക്കള്‍ ഇതര നാസ്തികരില്‍ നിന്നും, യുക്തിവാദികളില്‍ നിന്ന് പോലും വിമര്‍ശനം നേരിടേണ്ടി വന്നിട്ടുണ്ട്. മയക്കുമരുന്നിന്റെ ഉപയോഗം, വേശ്യാവൃത്തി, ദയാവധം, ഗര്‍ഭച്ഛിദ്രം, ശിശുപീഡനം തുടങ്ങി, തുടങ്ങിയ “കുറ്റങ്ങള്‍” പോലും വിശ്വാസത്തിനു മുകളില്‍ ആരോപിച്ച് ഹിച്ചന്‍സ് മുതലായവര്‍ വിമര്‍ശനം ഏറ്റു വാങ്ങിയിട്ടുണ്ട്. സത്യത്തില്‍ ഇവര്‍ ചെയ്യുന്നത്, അവരുടെ വൈജ്ഞാനികപരമായ വിമര്‍ശനം കേവലം മത/ വിശ്വാസം എന്ന കള്ളികളില്‍ ഒതുക്കുകയാണ്.’

‘നവനാസ്തികത എന്നാല്‍ മൗലികവാദം തന്നെയാണെന്ന് പ്രമുഖ സോഷ്യോളജിസ്റ്റ് ആയ വില്യം സ്റ്റാള്‍ ഉള്‍പ്പെടെയുള്ളവര്‍ സമര്‍ത്ഥിച്ചിട്ടുണ്ട്. മതമൗലികവാദികളുടെ “മിറര്‍ ഇമേജ്” ആണ് നവനാസ്തികര്‍ എന്നാണദ്ദേഹം പറഞ്ഞു വെക്കുന്നത്. പ്രമുഖ യുക്തിവാദിയും, ശാസ്ത്ര സൈദ്ധാന്തികനുമായ മൈക്കല്‍ റൂസ്, നവനാസ്തികരുടെ സൈദ്ധാന്തിക ചട്ടക്കൂടിനെ തന്നെയാണ് വിമര്‍ശന വിധേയമാക്കുന്നത്. മതങ്ങളെ കുറിച്ചും, അവയുടെ ഉല്‍പ്പത്തിയേയും, ഘടനാപരമായ നിലനില്പിനെയും കുറിച്ചുള്ള സൈദ്ധാന്തികമായ നിരീക്ഷണങ്ങളെയും, കണ്ടെത്തലുകളേയും അപ്പാടെ അവഗണിച്ചു കൊണ്ടുള്ള മതവിമര്‍ശനം കൊണ്ട് കാര്യമില്ലെന്നും, ഡോക്കിന്‍സ് ഉള്‍പ്പെടെയുള്ളവര്‍, അത്യാവശ്യമായി ഫിലോസഫിയെക്കുറിച്ച് പഠിപ്പിക്കുന്ന ഏതെങ്കിലും കോഴ്സുകള്‍ ചെയ്യണം എന്നുമാണ് അദ്ദേഹം പറഞ്ഞത്! മുമ്പ് സൂചിപ്പിച്ച “നാല് കുതിരപ്പട്ടാളക്കാരില്‍” ഡാനിയല്‍ ഡെന്നെറ്റ് ഒഴികെ മറ്റാര്‍ക്കും സൈദ്ധാന്തികമായ ഏതെങ്കിലും പശ്ചാത്തലജ്ഞാനം അവകാശപ്പെടാനില്ലാത്തപ്പോള്‍ ഇതൊരു പ്രസക്തമായ വാദമാണ്. ഒരു പടി കൂടെ കടന്ന്, ഇത്തരത്തിലുള്ള നാസ്തികയുടെ പ്രചാരണം ഒരു “ദുരന്തം” ആണെന്നും, താനുള്‍പ്പെടെയുള്ള യുക്തിവാദികള്‍ക്ക് അതൊരു അപമാനമാണെന്നും അദ്ദേഹം പറയുന്നു.’

‘സെക്യൂലര്‍ ഹ്യൂമനിസത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന, പ്രൊഫസര്‍ പോള്‍ കെട്‌സ് പറയുന്നു: “ഞാന്‍ അവരെ (നവ നാസ്തികരെ) നാസ്തിക മൗലികവാദികള്‍ ആയാണ് കാണുന്നത്. നാസ്തികര്‍ ആയിരിക്കുമ്പോഴും, നിര്‍ഭാഗ്യവശാല്‍ അവര്‍ മനുഷ്യപ്പറ്റില്ലാത്തവരാണ്. അവരുടെ മൗലിക നിരീശ്വരവാദം (militant atheism) കൊണ്ട് ഗുണത്തേക്കാള്‍ ഏറെ ദോഷമാണുണ്ടാവുക.’

Also read: കുഴിച്ചിടുന്നതോടെ കഴിഞ്ഞോ പരിസ്ഥിതിദിനാഘോഷം ? !

തന്റെ പ്രഭാഷണങ്ങളിൽ രവിചന്ദ്രൻ പ്രയോഗിക്കാറുള്ള കുതന്ത്രങ്ങൾ പലതാണെങ്കിലും, ഒരു കാര്യം പൊതു മനസിൽ അടിച്ചേൽപിക്കാൻ ടിയാൻ പ്രയോഗിക്കുന്ന ടെക്‌നിക്‌ മിക്കവാറും ഒരു തരം ഫോയ്‌സ്ഡ് ന്യൂട്രലൈസേഷൻ ആയിരിക്കും. ഒരു പോയിന്റിന്റെ കൂടെ അതിനൊത്ത എതിർ പോയിന്റും പറയും. ഫാൻസാകട്ടെ, വല്ല വിമർശനവും വന്നാൽ അതുവച്ച് ഈ ‘നാസ്തിക ആൾദൈവ’ത്തെ പ്രതിരോധിക്കുകയും ചെയ്യും. ഉദാ: 1. മഴ പെയ്യാൻ സാധ്യതയുണ്ട്. പക്ഷെ വേനൽ കാലമാണ്, മഴ പെയ്യാതിരിക്കാം! 2. ഗോഡ്‌സെ കൊന്നത് ശരിയായില്ല. പക്ഷെ, ഗാന്ധിജി നല്ലവനല്ല! 3. അസമത്വം നാച്ച്വറൽ ആണ്. അതുണ്ടാവും, പക്ഷെ അത് തെറ്റാണ്! 4. CAA, NRC മതപരമായ വിവേചനമായതിനാൽ തെറ്റാണ്, പക്ഷെ അന്യ രാജ്യങ്ങളിലെ ന്യുനപക്ഷങ്ങൾക്ക് അത് രക്ഷയാണ്! ഇതിനെയൊക്കെ എന്ത് പേരിട്ട് വിളിക്കണമെന്ന് വായനക്കാർക്ക് തീരുമാനിക്കാം.

നിരീശ്വരവാദികൾക്കിടയിലെ തമ്മിൽ തല്ലിൽ ഇഎ ജബ്ബാറിന്റെ റോൾ കാണുമ്പോഴാണ് ശരിക്കും സഹതാപവും ചിരിയും വരിക. മുകളിൽ കണ്ടതുപോലുള്ള, രവിചന്ദ്രനെതിരായ വിമർശനങ്ങളിൽ പലതും ഇപ്പോൾ പ്രചരിപ്പിക്കുന്നത് ഇഎ ജബ്ബാറും കൂട്ടരുമാണ് എന്നതാണ് ഏറെ രസകരം! യുക്തിശൂന്യവാദികൾക്കിടയിൽ തനിക്ക് കിട്ടുമെന്ന് നിനച്ചിരുന്ന സ്ഥാനം ‘തട്ടിയെടുത്ത’ രവിക്ക്, വീണുകിട്ടിയ അവസരം നോക്കി ഒരു കൊട്ട്. ഉരുളുന്ന വണ്ടിക്ക് തന്റെ വക ഒരു തള്ള്, അത്ര തന്നെ.

രവിയെ ഒരു ബിംബമായി കൊണ്ടുനടക്കുന്നത് യുക്തിചിന്തക്ക് എതിരാണെന്നും അത് വീരാരാധനയാണെന്നും ഒരു വശത്തുനിന്ന് തട്ടിവിടും ജബ്ബാർ പക്ഷം. എന്നിട്ട് വൈരുദ്ധ്യാത്മക ഭൗതികവാദത്തെ കെട്ടിപ്പിടിക്കുകയും മാർക്സിനെയും ഏങ്കൽസിനെയും ചാൾസ് ഡാർവിനെയും ടീഷർട്ടിൽ അച്ചടിച്ച് കൊണ്ടുനടക്കുകയും ചെയ്യും. എന്നിട്ടൊരു തള്ളാ, ‘ഞമ്മന്റെ യുക്തിവാദമാണ് യഥാർത്ഥ യുക്തിവാദം. കാരണം, ഞങ്ങൾക്ക് വീരാരാധന എന്നൊന്നില്ല’ എന്ന്! ഹൗ, ബല്ലാത്ത ജാതി തള്ള്!

ചുരുക്കത്തിൽ, കൃത്യമായ വംശീയതീര്‍പ്പുകളും ഒട്ടും കൃത്യമല്ലാത്ത ആദര്‍ശ നിര്‍ണ്ണയങ്ങളുമുൾകൊള്ളുന്ന യൂറോപ്യൻ വലതുപക്ഷ നവനാസ്തികത പറയുന്നത് അപ്പടി തർജ്ജമ ചെയ്ത് സ്ഥലകാല ബോധം പോലുമില്ലാതെ മലയാളികൾക്കിടയിൽ പ്രചരിപ്പിക്കുകയും, വലിയ ജ്ഞാനികളെന്ന ഭാവേന ഒരുമാതിരി ജാഡയുമായി നടക്കുകയും, അതിനിടയിൽ അതിസമർത്ഥമായി സംഘപരിവാർ പാളയത്തിൽ ആളെയെത്തിക്കുന്ന മാമാ പണിയെടുക്കുകയും ചെയ്യുന്ന രവിചന്ദ്രൻ എന്ന നാസ്തിക വിഗ്രഹത്തിന്റെ തരികിടകൾ ഓരോന്നായി പുറത്തുവരാൻ തുടങ്ങിയതോടെ, യുക്തിവാദികളിലെ ഒരു വിഭാഗം തന്നെ അതിന്റെ മുഖംമൂടി പിച്ചിച്ചീന്താനും തൊലിയുരിച്ച് കാണിക്കാനും തുടങ്ങിയിരിക്കുന്നു എന്ന് ഇത്രയും വിശദീകരിച്ചതിൽനിന്ന് വ്യക്തം. അല്ലെങ്കിലും ഇരുട്ടിന്റെ ആയുസ്സ് വെളിച്ചം പ്രത്യക്ഷപ്പെടുന്നത് വരെ മാത്രമാണല്ലോ!

 

Related Articles