Current Date

Search
Close this search box.
Search
Close this search box.

ശാസ്ത്ര പഠനം ഇബാദത്താണ്

ഖുര്‍ആന്‍ വലിയൊരു അത്ഭുതമാണ്. ശാസ്ത്രലോകത്തിന് മുമ്പിലെ മഹാത്ഭുതം. ശാസ്ത്രഗവേഷണത്തെ ഖുര്‍ആന്‍ പ്രോത്സാഹിപ്പിച്ചു. ശാസ്ത്രപഠനം ഇബാദത്ത് അഥവാ അല്ലാഹുവിനുള്ള ആരാധനയാണ്. അതിലൊന്നാണ് മാതമാറ്റിക്‌സ്. ഖുര്‍ആനിലെ സൂറകളുടെ ആദ്യത്തിലുള്ള എല്ലാ അക്ഷരങ്ങളും പത്തൊമ്പതിന്റെ ഗുണിതങ്ങളാണ്. വലിയൊരു മാതമാറ്റിക്കല്‍ തിയറി ഇതിലുണ്ട്.
 
ഖുര്‍ആനില്‍ ഇനിയുമൊരുപാട് മേഖലകളില്‍ ഗവേഷണം നടക്കേണ്ടതായിട്ടുണ്ട്. ഇന്ന് മുസ്‌ലിംകള്‍ക്കിടയില്‍ ഇത്തരം ഗവേഷണങ്ങള്‍ നടക്കുന്നില്ല. കാരണം ശാസ്ത്രമറിയില്ല. പണ്ഡിതന്മാരെല്ലാം ഫിഖ്ഹിന്റെ പിന്നാലെയാണ്. ഒരു മുഴുത്ത മടിയന് രണ്ട് വര്‍ഷം കൊണ്ട് പഠിച്ച് തീര്‍ക്കാവുന്നതിലും കൂടുതലെന്തെങ്കിലും ഫിഖ്ഹിലുണ്ടോ? നമ്മളതിനെ വലിച്ചുനീട്ടി, വലിച്ചുനീട്ടി യഥാര്‍ഥ വിഷയങ്ങളില്‍നിന്ന് മാറി. ഫിഖ്ഹ് ഡിഗ്രികളായി പല കോളേജുകളിലും! മാത്തൂല്‍കാരന്‍ ‘മാത്തൂലി’ എന്ന് പേരിടും. തലവൂര്‍കാരന്‍ ‘തലവൂരി’ എന്നും പേരിടും. അതിനപ്പുറം ഫിഖ്ഹില്‍ ഇത്തരം ഡിഗ്രി കൊണ്ടെന്തെങ്കിലും ഉണ്ടോ? ഒന്നുമില്ല. സ്ഥാനമാനങ്ങളും പേരുകളും ഉണ്ടാക്കിയെടുക്കുന്നതിനപ്പുറം ഇതിലെല്ലാം എന്തുണ്ട്?
 
അതേസമയം ഇന്ന് എത്ര വലിയ ശാസ്ത്ര ഗവേഷണങ്ങളാണ് ലോകത്ത് നടക്കുന്നത്. അതിലൊന്നും ഒരു മുസ്‌ലിമിനെയും കാണാത്തതെന്ത്? പഴയ ഒരു സംഭവം പറയാം. ബ്രിട്ടീഷ് പ്രധാനമന്ത്രി ഗ്ലാഡ്സ്റ്റണ്‍, ശാസ്ത്രജ്ഞനായ സുഹൃത്ത് മൈക്കല്‍ ഫാരഡെയെ കാണാന്‍ ചെന്നു. ഗ്ലാഡ്സ്റ്റണ്‍ ഫാരഡെയോട് ചോദിച്ചു, പുതിയ കണ്ടുപിടിത്തങ്ങള്‍ വല്ലതുമുണ്ടോ? ഒരു വലിയ കണ്ടുപിടിത്തമുണ്ടെന്നു പറഞ്ഞ് ഫാരഡെ അദ്ദേഹത്തെ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. ഒരു മേശപ്പുറത്തെ സജ്ജീകരണങ്ങള്‍ കാണിച്ചുകൊടുത്തു. ഒരു ആണിയില്‍ നാലിഞ്ച് നീളമുള്ള ഒരു കാന്തം. അതിന്റെ മുകളിലൂടെ ഒരു ചെമ്പ് കമ്പി വലിച്ചുകെട്ടിയിരിക്കുന്നു. അതിന്റെ അകത്ത് ഒരു ബാറ്ററി. ബാറ്ററിയില്‍നിന്ന് കറന്റ് ഒരു വശത്തേക്ക് വിടുമ്പോള്‍, കാന്തം ചെറുതായിട്ട് ഒരു അഞ്ച് ഡിഗ്രി ചലിക്കും. തിരിച്ചു മറുഭാഗത്തേക്ക് വിടുമ്പോള്‍ കാന്തം എതിര്‍വശത്തോട്ട് ചലിക്കും! ഗ്ലാഡ്സ്റ്റണ്‍ അത്ഭുതത്തോടെ, അതെന്താണെന്നന്വേഷിച്ചു. ഫാരഡെ പറഞ്ഞു: നിങ്ങളുടെ ഖജനാവ് ഒന്നുരണ്ട് വര്‍ഷത്തിനകം പണംകൊണ്ട് നിറയാന്‍ പോകുന്നു? അതെങ്ങനെയെന്ന് ഗ്ലാഡ്സ്റ്റണ്‍ ആശ്ചര്യപ്പെട്ടു. ഇതാണ് മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കുന്ന രീതി. മാഗ്‌നറ്റില്‍ ചെമ്പുകമ്പി ചുറ്റി മോട്ടോര്‍ നിര്‍മിക്കുന്ന കണ്ടുപിടിത്തമായിരുന്നു അത്. നോക്കൂ, ഇതായിരുന്നു യൂറോപ്യരുടെ രീതി. ഓരോ വ്യക്തിയും സ്വന്തമായ ലബോറട്ടറികള്‍ സ്ഥാപിച്ച് ഗവേഷണ പഠനങ്ങള്‍ നടത്തും. ഇത്തരം ഗവേഷണങ്ങളുമായി ഇഴുകിച്ചേര്‍ന്നാണ് യൂറോപ്യന്‍ ജനത വളര്‍ന്നത്. അതുപോലെ നാം വളരണം. വാസ്തവത്തില്‍ യൂറോപ്പിന് ഇതെല്ലാം കാണിച്ചുകൊടുത്തത് മുസ്‌ലിംകളല്ലേ.
 
ശാസ്ത്രത്തിന്, ഖുര്‍ആന്‍/ ഇസ്‌ലാം നല്‍കിയ പ്രാധാന്യം മനസ്സിലാക്കാനോ ആദ്യകാല മുസ്‌ലിംകള്‍ നടത്തിയ ശാസ്ത്ര ഗവേഷണം തുടരാനും പില്‍ക്കാല മുസ്‌ലിംകള്‍ തീരെ താല്‍പര്യം കാണിച്ചില്ല. ശാസ്ത്രമെന്നാല്‍ കര്‍മശാസ്ത്രം അഥവാ ഫിഖ്ഹ് ആണെന്നാണ് അവര്‍ തെറ്റിദ്ധരിച്ചത്. അതുകൊണ്ടാണല്ലോ ഇബ്‌നു സീനയുടെ പിന്മുറക്കാര്‍ ഇബ്‌നുസീനയുടെ പുസ്തകം ലൈബ്രറിയില്‍വെച്ച് ഖുനൂത്തും തലമറക്കലും അത്തഹിയ്യാത്തിലെ വിരലനക്കവും ജിന്ന് ബാധയുമൊക്കെ ഗവേഷണ വിഷയങ്ങളാക്കിയത്!
 
ഇബ്‌റാഹീം നബിയുടെ ചരിത്രത്തിലെ ഒരു സംഭവം നോക്കൂ. അദ്ദേഹം അല്ലാഹുവോട് പറഞ്ഞു, നീ മരിച്ചവരെ പുനരുജ്ജീവിപ്പിക്കുന്നതെങ്ങനെയെന്ന് എനിക്ക് കാണിച്ചുതരൂ! അല്ലാഹു പറഞ്ഞു: ”നീ പക്ഷികളെ പിടിക്കുക, അതിനെ അറുത്ത് കഷ്ണങ്ങളാക്കി, നാലു കുന്നുകളുടെ മുകളില്‍ വെക്ക്, എന്നിട്ട് നീ അവയെ വിളിക്ക്, അവ നിന്റെ അടുത്തേക്ക് വരും.” ഇതില്‍ കുറേ അത്ഭുതങ്ങളുണ്ട്. എന്നാല്‍ ശാസ്ത്രത്തിന്റെ വശത്തുകൂടി നോക്കുക. ഇബ്‌റാഹിം നബിയോട് അല്ലാഹു പറയുന്നത് കുറേ ക്രിയകള്‍ ചെയ്യാനാണ്. ഇത് ശാസ്ത്രഗവേഷണത്തെ കൂടി സൂചിപ്പിക്കുന്നുണ്ട് എന്ന് നാം മനസ്സിലാക്കണം. ശാഹ് വലിയ്യുല്ലാഹിദ്ദഹ്‌ലവി, ‘ഹുജ്ജത്തുല്ലാഹില്‍ ബാലിഗ’യില്‍ പറഞ്ഞിട്ടുള്ളതും ഇതാണ്: ‘തത്വ്ബീഖുല്‍ മന്‍ഖൂലി ബില്‍ മഅ്ഖൂല്‍.’ വെളിപാടിലൂടെ വന്ന കാര്യത്തെ യുക്തിപരമായും ബുദ്ധിപരമായും ഗ്രഹിക്കുന്നത്/യോജിപ്പിക്കുന്നത് ഇബാദത്താണ്. അല്ലാമാ ഇഖ്ബാല്‍ പറഞ്ഞു: ക േശ െമിീവേലൃ ളീൃാ ീള ംീൃവെശു
 
ഖലീഫ മഅ്മൂന്റെ കാലത്ത്, അസ്വ്ഹാബുസ്സുഫ്ഫയെന്ന പേരില്‍ 53 ചിന്തകന്മാരുണ്ടായിരുന്നു. അവരുടെ തിസീസെല്ലാം പുറത്തുവിട്ടിട്ടില്ലായിരുന്നു. കാരണം, യാഥാസ്ഥിതിക പുരോഹിതന്മാരെ ഭയമായിരുന്നു. ഇമാം ഗസ്സാലിയുടെ ചരിത്രം നോക്കൂ. ആയിരം ഗ്രന്ഥങ്ങള്‍ അദ്ദേഹത്തിന്റേതായി ഉണ്ടായിരുന്നു. പക്ഷേ നമുക്ക് കിട്ടിയത് പതിനാറെണ്ണം മാത്രമാണ്. ബാക്കിയെല്ലാം പുരോഹിതന്മാര്‍ തീയിലിട്ട് ചുടുകയായിരുന്നു.
 
മലയാളത്തില്‍ ആദ്യത്തെ ഖുര്‍ആന്‍ പരിഭാഷ എഴുതിയത് മായിന്‍കുട്ടി എളയയാണ്. നാല് വാള്യങ്ങളുണ്ടായിരുന്നു അതിന്. ബോംബെയില്‍നിന്ന് കല്ലച്ചില്‍ അച്ചടിച്ച അതിന്റെ കോപ്പി ഞാന്‍ കണ്ടിട്ടുണ്ട്. ‘എളയ’ കണ്ണൂരിലെ അറക്കല്‍ രാജകുടുംബാംഗമായിരുന്നു. അവര്‍ക്ക് സാമ്പത്തിക ശേഷിയും രാഷ്ട്രീയ അധികാരവുമുണ്ടായിരുന്നതുകൊണ്ട് അദ്ദേഹത്തെ പ്രത്യക്ഷത്തില്‍ എതിര്‍ക്കാന്‍ പുരോഹിതന്മാര്‍ക്ക് കഴിഞ്ഞില്ല. പകരം എന്ത് ചെയ്തു? മുസ്‌ലിയാക്കന്മാര്‍ ഒറ്റക്കും കൂട്ടായും ചെന്ന് എളയയോട് ഖുര്‍ആന്‍ പരിഭാഷ ചോദിച്ചു വാങ്ങി. എന്നിട്ട് അതുകൊണ്ടുവന്നു രഹസ്യമായി ചുടും! ഇതായിരുന്നു ഖൗമിന്റെ അവസ്ഥ!
 
പറഞ്ഞുവന്നത് അസ്വ്ഹാബുസ്സുഫ്ഫയുടെ തിസീസിനെക്കുറിച്ചാണ്. തുര്‍ക്കിയിലെ ഒരു സ്വകാര്യ ലൈബ്രറിയില്‍നിന്നാണ് അതിന്റെ ഏതാനും കോപ്പികള്‍ കണ്ടെടുത്തത്. 1918ല്‍ അതിന്റെ ഒരു എഡിഷന്‍ ബോംബെയില്‍നിന്ന് അച്ചടിച്ച് ഇറക്കിയിരുന്നു. പിന്നീട് കൈറോവില്‍നിന്ന് മറ്റൊരു എഡിഷനും പുറത്തിറങ്ങുകയുണ്ടായി. ഇപ്പോള്‍ അമ്പത്തിമൂന്ന് തിസീസും പ്രസിദ്ധീകൃതമായിട്ടുണ്ട്. അവയെല്ലാം ശാസ്ത്രവിഷയങ്ങളാണ്.
 
ടിപ്പു സുല്‍ത്താന്‍ മരിച്ചത് തുര്‍കണഹള്ളി യുദ്ധത്തിലാണ്, 1798ല്‍. അദ്ദേഹത്തിന്റെ ആയുധങ്ങള്‍ ബ്രിട്ടീഷുകാര്‍ പിടിച്ചെടുത്തു. ഈസ്റ്റ് ഇന്ത്യാ കമ്പനി അദ്ദേഹത്തിന്റെ ആയുധശേഖരത്തില്‍നിന്ന് 700 മിസൈലുകളും 27 മിസൈല്‍ വിക്ഷേപിണികളും 900 മിസൈല്‍ നിര്‍മാണ ഉപകരണങ്ങളും യൂറോപ്പിലേക്ക് അയച്ചു. ഡീ കണ്‍സ്ട്രക്റ്റ് ചെയ്ത് നിര്‍മാണ രഹസ്യം മനസിലാക്കുകയായിരുന്നു ലക്ഷ്യം. ആദ്യം അയച്ചത് ഇംഗ്ലണ്ടിലേക്കാണ്. അവര്‍ അതൊക്കെ അഴിച്ചുനോക്കിയെങ്കിലും ഒന്നും മനസ്സിലായില്ല. പിന്നെ ജര്‍മനിയില്‍ കൊടുത്തു. അതു തന്നെ അവസ്ഥ. യൂറോപ്പിലെ എല്ലാ രാജ്യങ്ങളിലും അതുകൊടുത്തു. ഫലമുണ്ടായില്ല. നോക്കൂ, 150 കൊല്ലം മുമ്പ് ഇന്ത്യയിലെ ഒരു മുസ്‌ലിം രാജാവ് ഉണ്ടാക്കിയ അത്യാധുനിക ഉപകരണം അഴിച്ചുനോക്കി മനസ്സിലാക്കാന്‍ യൂറോപ്യന്‍ സായിപ്പിന് കഴിഞ്ഞില്ല! നമ്മുടെ മുന്‍ രാഷ്ട്രപതി, ശാസ്ത്രജ്ഞന്‍ എ.പി.ജെ അബ്ദുല്‍കലാം നാസയില്‍ പോയപ്പോള്‍ അവിടത്തെ ചുമരില്‍, ഒരു സൈന്യം മിസൈല്‍ തൊടുക്കുന്ന ചിത്രം കണ്ടു. അതിന്റെ താഴെ എഴുതിവെച്ചിരിക്കുന്നു; ഇത് ടിപ്പുവിന്റെ സൈന്യം മിസൈല്‍ തൊടുക്കുന്ന ചിത്രമാണെന്ന്. രണ്ടു മൈല്‍ റെയ്ഞ്ചുള്ളതായിരുന്നു ടിപ്പുവിന്റെ മിസൈലുകള്‍. അതീവരഹസ്യമായിട്ടായിരുന്നു ടിപ്പു ഈ ആയുധനിര്‍മാണം നടത്തിയിരുന്നത്. പൂര്‍ണയ്യക്ക് കാശ് കൊടുത്താണ് ടിപ്പുവിനെ വീഴ്ത്തിയത്. അല്ലെങ്കില്‍ അദ്ദേഹത്തെ ഒതുക്കാനാകുമായിരുന്നില്ല.
 
ഇബ്‌നു ഖല്‍ദൂന്‍ പറഞ്ഞിട്ടുണ്ട്, പ്രകൃതിയില്‍ ബുദ്ധി ഗോചരമാകുന്ന ഏതൊരു സത്യവും പഠനാര്‍ഹമാണ്. അതിന്റെ അന്തസ്സത്തയില്‍നിന്ന് വരുന്ന ഗുണങ്ങള്‍ പഠിക്കണം. അതില്‍നിന്ന് നിങ്ങളുടെ ശ്രദ്ധയില്‍ വരുന്ന പ്രാധാന്യമുള്ള ഓരോ വിഷയത്തെയും പ്രത്യേകം മാറ്റിനിര്‍ത്തി ഓരോരോ ശാസ്ത്രമാക്കിക്കൊള്ളണം. ഇബ്‌നു ഖല്‍ദൂന്റെ ഈ ചിന്ത യൂറോപ്യര്‍ പിന്തുടര്‍ന്നു. അവരിന്ന് ലോകം ഭരിക്കുന്നു. നമ്മളില്‍ ചിലര്‍ ഇതെല്ലാം ഹറാമാണെന്ന് പറഞ്ഞു. എന്തൊരു അരുതായ്മയാണ് ഇവര്‍ കാണിച്ചത്?

അവലംബം : പ്രബോധനം

Related Articles