Current Date

Search
Close this search box.
Search
Close this search box.

വിജ്ഞാനം: മത ഭൗതിക വിവേചനം

madrasa.jpg

ഇന്ന് വിജ്ഞാനത്തെ ഭൗതിക വിജ്ഞാനം, മത വിജ്ഞാനം എന്ന് കൃത്യമായി മാറ്റിനിര്‍ത്തിയതായി കാണാം. ഖുര്‍ആന്‍, തിരുസുന്നത്ത് അവയുടെ വ്യാഖ്യാനങ്ങള്‍ തുടങ്ങിയവയെ മതവിജ്ഞാനമായിക്കാണുമ്പോള്‍ മറ്റു വിജ്ഞാനങ്ങളെയെല്ലാം ഭൗതിക വിജ്ഞാനമായി പരിഗണിക്കുന്നു. ഒന്ന് ആത്മീയ കാര്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുമ്പോള്‍ മറ്റേത് കേവല ഭൗതിക നേട്ടങ്ങള്‍ക്കായി പരിമിതപ്പെടുന്നു. മാത്രമല്ല, ഭൗതിക വിജ്ഞാനങ്ങള്‍ തന്റെ ആത്മീയതക്ക് വിഘാതമായിത്തീരുന്ന ഒന്നായി പലപ്പോഴും മനസിലാക്കപ്പെടുന്നു. എന്നാല്‍ ഖുര്‍ആനെയും പ്രവാചകാധ്യാപനങ്ങളെയും ചരിത്രങ്ങളെയും പഠനവിധേയമാക്കുമ്പോള്‍ ഇങ്ങനെ ഒരു വിവേചനം കാണാന്‍ സാധ്യമല്ല.

6 മുതല്‍ 13 വരെയുള്ള നൂറ്റാണ്ടുകള്‍ യൂറോപ്പിന്റെ വായനയില്‍ Dark ages  ആയിരുന്നെങ്കിലും ഇസ്‌ലാമിന്റെ Golden ages ആയിരുന്നു. അന്ന് ഖുര്‍ആനികാധ്യാപനങ്ങളും പ്രവാചകാഹ്വാനങ്ങളും നെഞ്ചേറ്റിയ പണ്ഡിതന്‍മാര്‍ ആധുനിക ശാസ്ത്രലോകത്തിന് അടിത്തറ പാകിയ കണ്ടെത്തലുകള്‍ നടത്തിയവരായിരുന്നു. ഇസ്‌ലാമിക പണ്ഡിതനായിരുന്ന ഇബ്‌നു സീന (Avisenna 980-1037 a d) Philosophy, Medicene, Astronomy, Alchemy, Geology, Psychology, Logic, Mathamatics, Physics തുടങ്ങിയ വിശാലമായ മേഘലകളില്‍ സംഭാവനകള്‍ അര്‍പ്പിച്ച വ്യക്തിത്വമായിരുന്നു. അദ്ദേഹത്തിന്റെ Kithanb- al- shifa( The book of healing )തത്വചിന്താപരവും ശാസാത്രീയവുമായ Encyclopedia ആയിരുന്നു. വൈദ്യശാസ്ത്ര രംഗത്തെ പ്രശസ്തമായ  al ganun fi al -tibb( The canon of medicine.) അദ്ദേഹത്തിന്റെ രചനയാണ്. അതു പോലെ Al -farabi (878-950 AD), Al razi (862-925 AD) Al biruni (973-1048 AD)Al kindi (801-873 AD) Ibn kaldun (1332-1406 AD) Ibn-al hytham (965-1040 AD) തുടങ്ങി ധാരാളം ഇസ്‌ലാമിക പണ്ഡിതന്‍മാര്‍ വിവിധ വിജ്ഞാന ശാഖകളില്‍ വലിയ സംഭാവനകള്‍ അര്‍പ്പിച്ചവരായിരുന്നു. പക്ഷെ തുടര്‍ന്നുള്ള നൂറ്റാണ്ടുകളില്‍ ശാസ്ത്രലോകത്ത് ഇസ്‌ലാമിന്റെ ഭാഗത്ത് നിന്ന് കാര്യമായ സംഭാവനകള്‍ കാണാന്‍ സാധിക്കുന്നില്ല.

‘വായിക്കുക സൃഷ്ടിച്ച നിന്റെ നാഥന്റെ നാമത്തില്‍, ഒട്ടിപ്പിടിക്കുന്ന പിണ്ഡത്താല്‍ അവന്‍ മനുഷ്യനെ സൃഷ്ടിച്ചു. വായിക്കുക, നിന്റെ നാഥന്‍ അത്യുദാരനാകുന്നു. തൂലിക കൊണ്ട് പഠിപ്പിച്ചവന്‍. അവന്‍ മനുഷ്യനെ അവനറിഞ്ഞിട്ടില്ലാത്തത് പഠിപ്പിച്ചു’.(അല്‍ അലഖ് 1-5) വിശുദ്ധ ഖുര്‍ആനിലെ ആദ്യ സൂക്തങ്ങളില്‍ അല്ലാഹുവിന്റെ നാമത്തില്‍ വായിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് പറയുന്നത് ഒട്ടിപ്പിടിക്കുന്ന പിണ്ഡത്താല്‍ അവന്‍ മനുഷ്യനെ സൃഷ്ടിച്ചു എന്നാണ്. ശാസ്ത്രലോകത്ത് ഒട്ടനേകം ഗവേഷണങ്ങള്‍ നടന്ന വിഷയമാണിവിടെ പ്രതിപാദിച്ചിരിക്കുന്നത്. വീണ്ടും പറയുന്നു വായിക്കുക. രണ്ട് തവണ പഠനത്തിന് ആഹ്വാനം ചെയ്തു കൊണ്ട് സൂചന നല്‍കിയ വിഷയം ഇന്ന് നാം ഭൗതിക പഠന ഗവേഷണങ്ങള്‍ എന്ന പറഞ്ഞ് മറ്റാര്‍ക്കോ വേണ്ടി മാറ്റിവച്ചിരിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ അല്ലാഹുവിന്റെ കല്‍പന ശിരസ്സാവഹിച്ച് വിശ്വാസികള്‍ ഗവേഷണങ്ങളില്‍ ഏര്‍പ്പെടേണ്ട വിഷയങ്ങളാണിവ.

 

അല്ലാഹു മനുഷ്യ സൃഷ്ടിപ്പിന് ശേഷം ആദ്യം ചെയ്തത് സകല വസ്തുക്കളെക്കുറിച്ചും അറിവ് നല്‍കുക എന്നതായിരുന്നു. അനന്തരം അല്ലാഹു സകല വസ്തുക്കളുടെയും നാമങ്ങള്‍ പഠിപ്പിച്ചു.( അല്‍ ബഖറ). ഇവിടെ ഞങ്ങള്‍ നിന്നെ സ്തുതിച്ചും പ്രകീര്‍ത്തിച്ചും ജപിച്ചുകൊണ്ടിരിക്കുകയും നിന്റെ വിശുദ്ധിയെ വാഴ്ത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നുണ്ടല്ലോ ( അല്‍ ബഖറ 30) എന്ന് മലക്കുകള്‍ അല്ലാഹുവിനോട് ചോദിച്ചപ്പോഴാണ് നിങ്ങള്‍ക്ക് അറിഞ്ഞു കൂടാത്തത് ഞാനറിയുന്നു എന്നും ആദമിനെ സകല നാമങ്ങളും പഠിപ്പിച്ചു എന്നും പറയുന്നത്. അതായത് കേവല സ്തുതി, പ്രകീര്‍ത്തന, ജപങ്ങള്‍ക്കപ്പുറം വിശാലമായ ജ്ഞാനമണ്ഡലങ്ങളെക്കുറിച്ചുളള അറിവാണ് ആദമിന് നല്‍കിയത് എന്നു വ്യക്തം.

സൂറത്തുല്‍ ഗാശിയ (17-20) സൂക്തങ്ങളില്‍ അല്ലാഹു ചോദിക്കുന്നു. ‘അവര്‍ ഒട്ടകങ്ങളെ നോക്കുന്നില്ലയോ അവ എവ്വിധം സൃഷ്ടിക്കപ്പെട്ടു എന്ന’്.(Biology) ‘ആകാശത്തെ നോക്കുന്നില്ലയോ അതെങ്ങനെ ഉയര്‍ത്തപ്പെട്ടിരിക്കുന്നുവെന്ന’ (Astronomy).’പര്‍വ്വതങ്ങളെ നോക്കുന്നില്ലയോ അവ സ്ഥാപിക്കപ്പെട്ടിരിക്കുന്നതെങ്ങിനെയെന്ന്’. (Geography). ‘ഭൂതലത്തെ നോക്കുന്നില്ലയോ അതെവ്വിധം വിസ്തൃതമാക്കപ്പെട്ടിരിക്കുന്നുവെന്ന്”.(Geography). കാഴ്ച അറിവിന്റെ പ്രധാന മാര്‍ഗ്ഗമാണ്. ഇവിടെ അല്ലാഹു ഒട്ടകം, ആകാശം, പര്‍വ്വതം, ഭൂമി എന്നിവയെ നോക്കി അവയുടെ അത് ഭുതകരമായ സൃഷ്ടിപ്പിനെയും ഘടനയെയും കുറിച്ച് പഠിക്കാന്‍ ആവശ്യപ്പെടുന്നു. ‘ആകാശ ഭൂമികളുടെ സൃഷ്ടിയിലും ദിനരാത്രങ്ങള്‍ മാറിമാറി വരുന്നതിലും ബുദ്ധിശാലികള്‍ക്ക് ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്’. ( ആലു ഇംറാന്‍ 190). ‘ഭൂമി മുളപ്പിക്കുന്ന സസ്യങ്ങളിലും അവരുടെ സ്വന്തം വര്‍ഗ്ഗങ്ങളിലും അവര്ക്കറിയാത്ത വസ്തുക്കളിലും പെട്ട ഇണകളെയും സൃഷടിച്ചവന്‍ എത്ര പരിശുദ്ധന്‍. രാത്രിയും അവര്‍ക്കൊരു ദൃഷ്ടാന്തമത്രെ. അതില്‍ നിന്ന് പകലിനെ നാം ഊരിയെടുക്കുന്നു. അപ്പോള്‍ അവരതാ ഇരുട്ടില്‍ അകപ്പെടുന്നു. സൂര്യന്‍ അതിന് സ്ഥിരമായ ഒരു സ്ഥാനത്തേക്ക് സഞ്ചരിക്കുന്നു. പ്രതാപിയും സര്‍വ്വജ്ഞനുമായ അല്ലാഹു കണക്കാക്കിയതാണത്. ചന്ദ്രന് നാം ചില ഘട്ടങ്ങള്‍ നിശ്ചയിച്ചിരിക്കുന്നു. അങ്ങനെ അത് പഴയ ഇത്തപ്പനക്കുലയുടെ വളഞ്ഞ തണ്ടുപോലെ ആയിത്തീരുന്നു. സൂര്യന് ചന്ദനെ പ്രാപിക്കാനൊക്കുകയില്ല. രാവ് പകലിനെ മറികടക്കുന്നതുമല്ല. ഓരോന്നും ഓരോ നിശ്ചിത ഭ്രമണപഥത്തില്‍ നീന്തിക്കൊണ്ടിരിക്കുന്നു. അവരുടെ സന്തതികളെ ഭാരം നിറച്ച കപ്പലില്‍ നാം കയറ്റിക്കൊണ്ടു പോയതും അവര്‍ക്കൊരു ദൃഷ്ടാന്തമാകുന്നു. അതു പോലെ അവര്‍ക്ക് വാഹനമായി ഉപയോഗിക്കാവുന്ന മറ്റു വസ്തുക്കളും അവര്‍ക്ക് വേണ്ടി നാം സൃഷ്ടിച്ചിട്ടുണ്ട്’.(യാസീന്‍ : 36-42) ഖുര്‍ആന്‍ അല്ലാഹുവിന്റെ മഹത്തായ ഒരു ദൃഷ്ടാന്തമാണ്. അതേ പ്രാധാന്യത്തോടെത്തന്നെയാണ് അല്ലാഹു പ്രപഞ്ചത്തെയും അതിലെ ജീവജാലങ്ങളെയും അവന്റെ വലിയ ദൃഷ്ടാന്തങ്ങളായി നമുക്കു മുമ്പില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഈ സൂക്തങ്ങളില്‍ Astronomy, Biology, Physics, Mathamatics, Mechanical Engineering  തുടങ്ങി അനേകം മേഘലകളില്‍ പഠന ഗവേഷണങ്ങള്‍ക്ക് അല്ലാഹു ആവശ്യപ്പെടുന്നു. ഖുര്‍ആനിലും സുന്നത്തിലും ഗവേഷണങ്ങള്‍ നടത്തുന്ന ഇസ്‌ലാമിക സമൂഹം, ഇത്തരം വിജ്ഞാന ശാഖകള്‍ ഇസ്‌ലാമിക പഠന ഗവേഷണങ്ങളുടെ ഭാഗമാണെന്ന് തിരിച്ചറിയുന്നതില്‍ ഒരു പരിധി വരെ പരാജയപ്പെട്ടിരിക്കുന്നു.

‘നമ്മുടെ മേല്‍നോട്ടത്തില്‍, നമ്മുടെ ബോധനമനുസരിച്ച് ഒരു കപ്പല്‍ പണി തുടങ്ങുക’ (ഹൂദ് 37) അല്ലാഹു നേരിട്ട് വിജ്ഞാനം നല്‍കി കപ്പല്‍ നിര്‍മ്മാണം നടത്തുകയാണിവിടെ. അതായത് Ship designing നുള്ള വൈദഗ്ദ്യമാണ് അല്ലാഹു നൂഹ് നബിക്ക് പകര്‍ന്നു നല്‍കുന്നത്. ‘എനിക്ക് ഇരുമ്പുകട്ടികള്‍ കൊണ്ടുതരുവിന്‍, അങ്ങനെ രണ്ട് മലകള്‍ക്കിടയിലെ വിടവ് നികത്തിക്കഴിഞ്ഞപ്പോള്‍ അദ്ദേഹം ജനത്തോടു തീ ഊതിപ്പടര്‍ത്തുവിന്‍ എന്നു പറഞ്ഞു. ആ ഇരുമ്പുമതില്‍ ചുട്ടുപഴുത്ത് അഗ്നിമയമായപ്പോള്‍ അദ്ദേഹം കല്‍പ്പിച്ചു. കൊണ്ടുവരിന്‍ ഇനി ഞാന്‍ അതിന്‍മേല്‍ ഉരുക്കിയ ചെമ്പുദ്രാവകമൊഴിക്കാം’.( അല്‍ കഹ്ഫ് 963). Physics , Chemistry, Civil engineering തുടങ്ങിയവയില്‍ ഉന്നത വിജ്ഞാനമുണ്ടായിരുന്ന ദുല്‍ഖര്‍നൈനെ അല്ലാഹുവിനോട് ഏറ്റവും നന്ദി കാണിച്ച അടിമയായി ഖുര്‍ആന്‍ ഉദാഹരിക്കുന്നു. ‘സുലൈമാന്‍ പറഞ്ഞു അല്ലയോ രാജ സദസ്യരേ നിങ്ങളില്‍ ആരാകുന്നു അവരുടെ സിംഹാസനം എന്റെയടുക്കല്‍ കൊണ്ടുവരിക. അവര്‍ സ്വയം സമര്‍പ്പിതരായി എന്റെയടുക്കല്‍ എത്തിച്ചേരും മുമ്പായി. ജിന്നുകളില്‍പ്പെട്ട ഒരു ബലിഷ്ഠകായന്‍ പറഞ്ഞു. അങ്ങ് സ്വസ്ഥാനത്ത് നിന്ന് എഴുന്നേല്‍ക്കും മുമ്പ് ഞാനതു കൊണ്ടുവരാം. എനിക്കതിനുള്ള ശക്തിയുണ്ട്, വിശ്വസ്തനുമാണ്. വേദജ്ഞനായിരുന്ന ഒരാള്‍ പറഞ്ഞു. അങ്ങ് കണ്‍വെട്ടി മിഴിക്കും മുമ്പായി ഞാന്‍ അത് കൊണ്ടു വന്നു തരാം. അങ്ങനെയത് തന്റെയടുക്കല്‍ വച്ചതായിക്കണ്ടപ്പോള്‍ സുലൈമാന്‍ ഉറക്കെ പ്രഖ്യാപിച്ചു ഇത് എന്റെ റബ്ബിന്റെ ഔദാര്യമാകുന്നു’. ( അന്നംല് 38-40). സൂലൈമാന്‍ നബിയുടെ സദസിലുണ്ടായിരുന്ന വേദജ്ഞനായ ഒരാളാണ് രാജ്ഞിയുടെ സിംഹാസനം കണ്‍വെട്ടി മിഴിക്കും മുമ്പെ അവരുടെ മുന്നിലെത്തിച്ചത്. ഒരു പഥാര്‍ത്ഥത്തെ ഒരു സ്ഥലത്ത് നിന്ന മറ്റൊരു സ്ഥലത്തേക്ക് നിമിഷങ്ങള്‍ക്കുള്ളില്‍ എത്തിക്കാനുള്ള സാങ്കേതിക വിദ്യ വശമുള്ള ഒരാളായിരുന്നു അദ്ദേഹം എന്ന ഖുര്‍ആന്‍ ആയത്തുകളില്‍ നിന്നും മനസിലാകുന്നു.

അറിവിന്റെ ഉറവിടം
എല്ലാ അറിവുകളും അല്ലാഹുവില്‍ നിന്നാണ്. ഇവ ഭൗതികം, മതപരം എന്ന് ഖുര്‍ആനില്‍ വേര്‍തിരിക്കപ്പെട്ടിട്ടില്ല. ഗവേഷണം നടത്തുന്ന വിദ്യാര്‍ത്ഥി അവന് ലഭ്യമായ അറിവുകള്‍ ശേഖരിച്ച ശേഷം പഠനങ്ങളിലൂടെയും ചിന്തയിലൂടെയും പുതിയ അറിവുകള്‍ കണ്ടെത്തുന്നു. ഈ അറിവുകള്‍ അഥവാ മനുഷ്യന്റെ മനസ്സുകളിലേക്ക് പുതുതായി കടന്നുവരുന്ന അറിവുകള്‍ പകര്‍ന്നു നല്‍കുന്നത് തീര്‍ച്ചയായും അല്ലാഹുവാണ്. ‘മനുഷ്യനെ അറിയാത്തത് പഠിപ്പിച്ചത് അവനാകുന്നു’.( അല്‍ അലഖ് 5) . ‘വാനഭുവനങ്ങളിലൊളിഞ്ഞിരിക്കുന്ന പൊരുളുകള്‍ അറിയുന്നത് അല്ലാഹുവിന് മാത്രമാകുന്നു.( അന്നഹ് ല്‍ 77) നിശ്ചയം അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറുയുന്നവനുമല്ലോ’. ( അല്‍ അന്‍ഫാല്‍ 17).

വിജ്ഞാനത്തോടുള്ള സമീപനം
താന്‍ കരസ്ഥമാക്കിയ വിജ്ഞാനം പ്രയോജനപ്പെടുത്തി മലകള്‍ക്കിടയില്‍ ശക്തമായ മതില്‍ക്കെട്ട് നിര്‍മ്മിച്ച് ഒരു നാടിനെ അക്രമികളില്‍ നിന്ന് സംരക്ഷിച്ച ശേഷം ‘ഇത് എന്റെ രക്ഷിതാവിങ്കല്‍ നിന്നുള്ള കാരുണ്യമത്രെ, എന്നാല്‍ എന്റെ രക്ഷിതാവിന്റെ വാഗ്ദത്ത സമയം വന്നാല്‍ അവന്‍ അതിനെ തകര്‍ത്തു നിരപ്പാക്കിക്കളയുന്നതാണ്. എന്റെ രക്ഷിതാവിന്റെ വാഗ്ദാനം യാഥാര്‍ത്ഥ്യമാകുന്നു’.( അല്‍ കഹ്ഫ് : 8) എന്ന പ്രഖ്യാപിച്ചു, ദുല്‍ഖര്‍നൈന്‍. ഉന്നത വിദ്യാഭ്യാസവും ഒപ്പം സമ്പന്നതയും സകല ഐശ്വര്യങ്ങളും അല്ലാഹു നല്‍കിയപ്പോഴും അങ്ങേയറ്റം വിനയത്തോടെ അവന് നന്ദി കാണിച്ച്, അവന്റെ പ്രീതി കരസ്ഥമാക്കുന്ന വിജയിയായ അടിമയെ പ്രധിനിധീകരിക്കുന്നു. മറുവശത്ത് അറിവ് ഉപയോഗിച്ച് വലിയ സമ്പന്നനായി മാറുകയും, അതൊക്കെയും നേടിയത് സ്വന്തം അറിവുകൊണ്ടാണെന്ന് അഹങ്കരിക്കുകയും ജനങ്ങളോട് അക്രമം പ്രവര്‍ത്തിക്കുകയും ചെയ്ത ഖാറൂന്‍, അല്ലാഹുവിനോട് നന്ദികേട് കാണിച്ചതിനാല്‍ ഭൂമിയില്‍ തന്നെ ശിക്ഷ ഏറ്റുവാങ്ങിയ ധിക്കാരിയായി ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നു.

വിജ്ഞാനം ഉപകാരപ്രദമാവണം
ഏത് വിജ്ഞാനവും അല്ലാഹുവിന്റെ തൃപ്തിക്കുവേണ്ടി പ്രയോജനപ്പെടുത്തുമ്പോള്‍ മാത്രമാണ് അറിവ് ഒരു സല്‍ക്കര്‍മ്മമായി മാറുന്നത്. ഖുര്‍ആനില്‍ ഗവേഷണം നടത്തുന്ന ഒരാള്‍ അല്ലാഹുവിന് അനിഷ്ടകരമാവും വിധം തന്റെ അറിവ് ദുരുപയോഗം ചെയ്യുമ്പോള്‍ വലിയ പാപമായി മാറുന്നു. അതേ സമയം മറ്റു മേഖലകളില്‍ ഉന്നത വിദ്യാഭ്യാസം നേടി അത് ലോകസമൂഹത്തിന്റെ നന്മക്ക് വേണ്ടി സമര്‍പ്പിക്കുന്നതിലൂടെ അല്ലാഹുവിന്റെ പ്രീതിക്കര്‍ഹമായ സല്‍ക്കര്‍മ്മങ്ങളായിത്തീരുന്നു. അഥവാ അല്ലാഹുവിന്റെ തൃപ്തി കേന്ദ്രബിന്ദു ആക്കുന്നതിലൂടെ വിജ്ഞാനം മത, ഭൗതിക വിവേചനങ്ങള്‍ അപ്രത്യക്ഷമാകും വിധം ഏകമായിത്തീരുന്നു. മനുഷ്യന്റെ നിസ്സാരതയെ തിരിച്ചറിഞ്ഞ്, അല്ലാഹുവിന്റെ മഹത്വത്തെ മനസ്സിലാക്കി അറിവിനെ സമീപിക്കുമ്പോഴാണ് വിജ്ഞാനങ്ങള്‍ മനുഷ്യന് ഉപകാരപ്രദമായി മാറുന്നത്.’നാഥാ, എനിക്ക് നീ ഉപകാരപ്രദമായ വിജ്ഞാനം നല്‍കേണമേ’ എന്നായിരുന്നു പ്രവാചകന്‍(സ)യുടെ പ്രാര്‍ത്ഥന. അദ്ദേഹം പ്രാര്‍ത്ഥിച്ചത് വിജ്ഞാനത്തിനല്ല. മറിച്ച് ‘ഉപകാരപ്രദമായ വിജ്ഞാന’ത്തിനു വേണ്ടിയായിരുന്നു എന്നതാണ് ഏറെ പ്രസക്തം.

Related Articles