Current Date

Search
Close this search box.
Search
Close this search box.

മദ്‌റസകള്‍ക്കപ്പുറത്ത് മതവിദ്യാഭ്യാസത്തിന് സാധ്യതകളില്ലേ!

madrasa1.jpg

‘ദുനിയാവറിയാത്ത മുല്ലമാരും ദീനറിയാത്ത മിസ്റ്റര്‍മാരും’ എന്ന പല്ലവി ഇന്നലകളിലെ അനുഭവമാണെങ്കിലും എന്നെന്നും ഉപയോഗിക്കേണ്ട ഒരു യാഥാര്‍ഥ്യമല്ല. കേരളീയ മതകലാലയങ്ങളുടെ ഇറയത്ത് നടക്കുന്ന സര്‍ഗാത്മക ഇടപെടലുകളിലേക്ക് കണ്ണയക്കുന്നവരെ ഇത് ബോധ്യപ്പെടുത്തുക എന്നത് പ്രയാസരഹിതമാണ്. മതകലാലയങ്ങളുടെ തിരുമുറ്റത്ത് ഭൂമിമലയാളത്തില്‍ നടക്കുന്ന ഏത് വിഷയങ്ങളെകുറിച്ചും ചൂടുള്ള ചര്‍ച്ചകളും സംവാദങ്ങളും ഡോക്യുമെന്ററികളും ഷോര്‍ട്ട് ഫിലീമുകളുമൊക്കെയായി പ്രതികരിക്കുന്നത് കാണാം. മതവിദ്യാഭ്യാസത്തോടൊപ്പം ‘ആധുനികമെന്ന്’ വിശേഷിപ്പിക്കപ്പെടുന്ന എല്ലാ രംഗങ്ങളിലും ബിരുദാനന്തര ബിരുദവും പി എച്ച് ഡിയുമായി അവര്‍ മുന്നേറിക്കൊണ്ടിരിക്കുന്നത് കാണാം. ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി, ജാമിഅ മില്ലിയ, അലിഗഡ്, ഹംദര്‍ദ്, ഇഫ്‌ലു തുടങ്ങിയ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റികളിലും മലേഷ്യ, ഖത്തര്‍, മദീന, അല്‍ അസ്ഹര്‍ തുടങ്ങിയ അന്തര്‍ദേശീയ സര്‍വകലാശാലകളിലും മതകലാലയങ്ങളില്‍ നിന്ന് പുറത്തിറങ്ങിയ നിരവധി വിദ്യാര്‍ഥികളെ കാണാം. ഇത് ഏതെങ്കിലും മതസംഘടന നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്ന് മാത്രം പുറത്തുറങ്ങുന്നവരല്ല, എല്ലാ മതസംഘടനകളുടെ കീഴിലുമുള്ള മുഖ്യധാരാ സ്ഥാപനങ്ങളില്‍ നിന്ന് പുറത്തിറങ്ങുന്ന വിദ്യാര്‍ഥികളെ നമുക്ക് അവിടെ ദര്‍ശിക്കാം. മതവിഷയങ്ങളില്‍ അവഗാഹമുള്ളവരുടെ അപര്യാപ്തതയാണ് മതവിദ്യാഭ്യാസം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി.
 
എന്നാല്‍ ദീനറിയാത്ത മിസ്റ്റര്‍മാരുടെ ജീവിതം എത്ര മെച്ചപ്പെട്ടിട്ടുണ്ട് എന്ന് നാം ഇനിയും പഠനവിധേയമാക്കേണ്ടതുണ്ട്. അല്ലെങ്കില്‍ മദ്‌റസകളുടെ വേലികള്‍ക്കപ്പുറം നമ്മുടെ മതവിദ്യാഭ്യാസം എത്രവികസിച്ചിട്ടുണ്ട് എന്ന ഒരന്വേഷണം എന്തുകൊണ്ടും പ്രസക്തമാണ്. ഇന്നലെകളില്‍ നിന്നും വിഭിന്നമായി ഇസ്‌ലാം ആത്മാഭിമാനമായി കൊണ്ടുനടക്കുന്ന പ്രൊഫഷനലുകളുടെയും ഡോക്ടര്‍മാരുടെയും എണ്ണം വര്‍ധിച്ചുവരികയാണ്. പക്ഷെ, അവരുടെ വിജ്ഞാന തൃഷ്ണയെ തൃപ്തിപ്പെടുന്ന വ്യവസ്ഥാപിതമായ മതപഠന സംരംഭങ്ങളൊന്നും നമുക്കിടയില്‍ ഇല്ല എന്നത് വലിയ വീഴ്ച തന്നെയാണ്. മതകലാലയങ്ങളില്‍ പഠനം നടത്തുന്നവര്‍ക്ക് വിദൂരവിദ്യാഭ്യാസത്തിലൂടെയും കറസ്‌പോണ്ടന്റ് കോഴ്‌സുകളിലൂടെയും ഡിപ്ലോമകളിലൂടെയുമെല്ലാം ഭൗതിക വിദ്യാഭ്യാസം നേടാന്‍ സാധിക്കുന്നതു പോലെ തന്നെ ഭൗതിക വിദ്യാഭ്യാസം നേടിയവര്‍ക്ക് വ്യവസ്ഥാപിതമായി മതപഠനം നടത്താനുളള സംവിധാനങ്ങളും ഹൃസ്വകാല കോഴ്‌സുകളും എന്തുകൊണ്ട് നാം ആരംഭിക്കുന്നില്ല. വൈജ്ഞാനികരംഗങ്ങളിലും മതപ്രബോധന മേഖലകളിലും മത്സരിച്ചുകൊണ്ടിരിക്കുന്ന കേരളീയ മതസംഘടനകള്‍ എന്തുകൊണ്ട് ഇത്തരം വിഷയങ്ങളെ ഗൗരവതരമായി സമീപിക്കുന്നില്ല? ആധുനിക കാലത്ത് ഖുര്‍ആന്‍ പഠനത്തിനും മതവിദ്യാഭ്യാസത്തിനും നിരവധി സംരംഭങ്ങള്‍ നമ്മുടെ നാട്ടിലുണ്ടല്ലോ എന്നായിരിക്കും മറുചോദ്യം. ഖുര്‍ആന്‍ ക്ലാസുകള്‍ തന്നെ വ്യവസ്ഥാപിതമായി നടക്കുന്ന സ്ഥലങ്ങള്‍ വളരെ കുറവാണ്. ക്ലാസുകള്‍ നടക്കുന്നിടത്ത് തന്നെ ചെറുപ്പക്കാരെയും പുതുതലമുറയെയും ആകര്‍ഷിക്കുന്ന തരത്തിലുള്ളവ തുലോം പരിമിതമാണ്.

പുതിയ തലമുറയുടെ ഏറ്റവും വലിയ പ്രത്യേകത അവര്‍ പഠിച്ചുകൊണ്ടേയിരിക്കുന്നു എന്നുള്ളതാണ്. ഏതെങ്കിലുമൊരു ബിരുദത്തിലോ സര്‍ട്ടിഫിക്കറ്റുകളിലോ പഠനം അവസാനിപ്പിക്കാതെ ഒന്നും രണ്ടും മൂന്നും പി ജിയും നിരവധി ഡിപ്ലോമകളും നേടിക്കൊണ്ടിരിക്കുകയാണവര്‍. ഇത്തരത്തില്‍ അവരുടെ ജോലിസ്ഥലത്ത് നിന്നുകൊണ്ട്് തന്നെ എഴുതിയെടുക്കാനും പഠിക്കാനും കഴിയുന്ന ഓണ്‍ലൈന്‍ മദ്‌റസകളും വ്യവസ്ഥാപിതമായ വിദൂര വിദ്യാഭ്യാസ സംവിധാനങ്ങളും ഉണ്ടാകേണ്ടതുണ്ട്. അതിന്റെ സിലബസുകളും പാഠ്യപദ്ധതികളും നമ്മുടെ ഇസ്‌ലാമിക സര്‍വകലാശാലകള്‍ക്കും കോളേജുകള്‍ക്കും വിദ്യാഭ്യാസ വിചക്ഷണരുടെ സഹായത്തോടെ തയ്യാറാക്കാവുന്നതാണ്. വ്യവസ്ഥാപിതമായരീതിയില്‍ സ്റ്റഡി മെറ്റീരിയലുകളും കോണ്‍ഡാക്റ്റ് ക്ലാസുകളും പരീക്ഷകളും സര്‍ട്ടിഫിക്കറ്റുകളും നല്‍കപ്പെടണം. ഖുര്‍ആന്‍, ഹദീസ് , ഇസ്‌ലാമിക കര്‍മശാസ്ത്രം, ചരിത്രം, അറബി ഭാഷ തുടങ്ങിയ വിഷയങ്ങള്‍ ഹൃദയസ്പര്‍ഷിയും  ജീവഗന്ധിയുമായ രീതിയില്‍ പകര്‍ന്നുനല്‍കണം. അതിനാവശ്യമായ ചിലവുകള്‍ ഫീസിലൂടെ ഈടാക്കാവുന്നതാണ്.

ഇത്തരത്തിലുള്ള വിദ്യാഭ്യാസത്തിന് സാധ്യത കൂടിവരികയാണ്. പുതുതലമുറയെ തൃപ്തിപ്പെടുത്തുന്ന രീതിയില്‍ ലളിതവും ആസൂത്രിതവുമായി ഇസ്‌ലാമിക് സ്റ്റഡീസിന്റെ ഒരു വിദൂരവിദ്യാഭ്യാസ സമ്പ്രദായം നിലവില്‍ വരികയാണെങ്കില്‍ അതിന് വലിയ സ്വീകാര്യത ലഭിക്കും എന്നതില്‍ സംശയമില്ല. മാത്രമല്ല ഇസ്‌ലാമിനോട് ആഭിമുഖ്യമുള്ള പുതുതലമുറയോട് ചെയ്യുന്ന ഏറ്റവും വലിയ നീതിയുമായിരിക്കുമത്.

Related Articles