Current Date

Search
Close this search box.
Search
Close this search box.

അറിവില്ലാത്ത സ്വാതന്ത്ര്യം അടിമത്തം

പ്രപഞ്ചമെന്നത് അത്ഭുതങ്ങളുടെ കലവറയാണ്. ഈ അത്ഭുതങ്ങള്‍ തിരിച്ചറിയുവാനും അതിനെ പ്രയോജനപെടുത്തുവനുമുള്ള കഴിവ് മനുഷ്യന് സ്വന്തം. പക്ഷേ, അഭൗതികങ്ങള്‍ കണ്ടാല്‍ മാത്രം ഈശ്വരനില്‍ വിശ്വസിക്കുകയുള്ളൂ എന്ന് പറയുന്നവരുടെ അകത്തും, പുറത്തും അത്ഭുതങ്ങളുടെ മഹാപ്രളയങ്ങള്‍ വിശാലമായി കിടക്കുമ്പോള്‍ തന്നെ അതിനെതിരെ പുറം തിരിഞ്ഞുനിന്നുകൊണ്ട് ഹൃദയത്തിന് ഇരുട്ടുമാത്രം ഭക്ഷണമായി നല്‍കുന്ന വ്യക്തിത്വങ്ങള്‍ എത്ര വലിയ രീതിയില്‍ കണ്ണുകളും, കാതുകളും തുറന്നുവേച്ചാല്‍ പോലും സത്യത്തെ മനസിലാക്കുക അസാധ്യമാണ്. മനുഷ്യന്‍ എന്ന നിലക്കുള്ള മഹനീയമായ സ്ഥാനം നിഷേധിച്ചുകൊണ്ട് സ്വന്തം അസ്ഥിത്വത്തെ പോലും മനസിലാക്കാന്‍ സാധിക്കാത്തവരാണവര്‍. മനുഷ്യനെ മറ്റു ജീവജാലങ്ങളില്‍ നിന്നും വ്യതിരിക്തനാക്കുന്നതും ഉന്നതനാക്കുന്നതും ദൈവം കനിഞ്ഞേകിയ ‘ജ്ഞാന’മാണ്. മറ്റുള്ള ജീവികള്‍ക്ക്  ജന്മസിദ്ധമായ കഴിവുകള്‍ക്കപ്പുറം പോകാന്‍ കഴിവില്ല. എന്നാല്‍ മനുഷ്യന്‍ അങ്ങനെയല്ല അവനു ജന്മവസനകളോടൊപ്പം ബുദ്ധിയും ചിന്താശേഷിയുമുണ്ട്. അവനില്‍ അന്തര്‍ലീനമായ ജ്ഞാനത്തെ പരിപോഷിപ്പിക്കാനായാണ് ചിന്തയേയും, ബുദ്ധിയേയും നല്‍കിതയിരിക്കുന്നത്. ഇതിനെ യഥാവിധി ഉപയോഗിക്കുന്നവനാണ് മനുഷ്യന്‍ എന്ന സത്വത്തിലേക്ക് ഉയരുകയുള്ളൂ. ഇതിനര്‍ത്ഥം എല്ലാവരും ബുദ്ധിജീവികള്‍ ആകണമെന്നല്ലല്ലോ, മറിച്ചു അതിനെ ഉപയോഗിക്കുക എന്നതാകുന്നു. തിരിഞ്ഞു നോക്കിയാല്‍ മനസിലാകും പ്രവാചകന്‍ എപ്രകാരമാണ് സഹാബത്തിനെ വാര്‌തെടുത്തതെന്ന്.

യഥാര്‍ത്ഥ  ജ്ഞാനമാണ് എല്ലാ അടിമത്തങ്ങളുടെയും വിമോചകന്‍. മനുഷ്യന്‍ അടിമത്തത്തെ വെറുക്കുകയും സ്വാതന്ത്രത്തെ ആഗ്രഹിക്കുകയും ചെയ്യുന്നു. ചിലര്‍ സ്വാതന്ത്രത്തിനു നല്‍കുന്ന നിര്‍വചനം തന്നിഷ്ടപ്രകാരം ജീവിക്കുക എന്നതായിരിക്കാം. അതായത് ചുറ്റുമുള്ളവയില്‍ നിന്നും നിങ്ങള്‍ക്ക് ഇഷ്ടപെട്ടത് എന്തോ അതില്‍ ഒന്നിനെ സ്വീകരിക്കുക, അല്ലെങ്കില്‍ തിരഞ്ഞെടുക്കുക എന്നാണല്ലോ. അപ്പോള്‍ നമ്മുടെ സ്വാതന്ത്ര്യം തിരഞ്ഞെടുക്കാനുള്ള തിരുമാനത്തില്‍ മാത്രം പരിമിതപ്പെട്ടിരിക്കുന്നു. ഇതും ശരീരത്തിന്റെയല്ല, മറിച്ച് മനസിന്റെ താല്‍പര്യത്തിനാണ് പ്രാമുഖ്യം നല്‍കുന്നത്. അങ്ങനെയാകുമ്പോള്‍ ശരീരത്തിനല്ല മറിച്ചു സ്വാതന്ത്രം മനസിനാണ് ആവശ്യം എന്ന് മനസിലാകും. നിങ്ങള്‍ക്കിഷ്ടപെട്ടതിനെ തന്നെയാണ് നിങ്ങള്‍ തിരഞ്ഞെടുക്കുന്നതെന്ന് നിങ്ങള്‍ക്കുറപ്പുണ്ടോ? മനുഷ്യമനസ്സ് ഇച്ഛാഭിലാഷങ്ങളുടെ കൂടി കലവറയാണ്. അതുകൊണ്ടാണല്ലോ പാശ്ചാത്യമുതലാളിത്ത സംസ്‌കാരങ്ങള്‍ മനസിനെ മലീമസപ്പെടുത്തുവാനും അടിമപ്പെടുത്തുവാനുമായുള്ള കലാ കായിക, സംസ്‌കാരങ്ങള്‍ സംവിധാനിച്ചുവെച്ചിട്ടുള്ളത്. മനുഷ്യമനസിനെ ആകര്‍ഷണ വലയത്തില്‍ കുടുക്കി, അതിന്റെ ആധിപത്യം ഇച്ഛാഭിലാഷങ്ങള്‍ക്ക് നല്‍കിയാല്‍ പിന്നെ എന്ത് മ്ലേച്ഛതയും സഹിച്ചു തന്റെ ആഗ്രഹ സഫലീകരണത്തിനായി അവന്‍ അധപതിക്കുന്നതായിക്കാണം. നാം സ്വതന്ത്രരാണെന്ന് തെറ്റിധരിക്കുകയും നമ്മുടെ മനസ് അടിമത്തത്തില്‍ ആണ്ടുകിടക്കുകയും ചെയ്യും. അതിനാല്‍ ജ്ഞാനമില്ലാതെ സ്വാതന്ത്ര്യവുമില്ല. മനസ്സില്‍ മൂടിവെച്ചിരിക്കുന്ന ജ്ഞാനത്തെ ചിന്തയാല്‍ തീ പിടിപ്പിച്ചു ബുദ്ധിക്കു വെളിച്ചം നല്‍കാനാണ് വിശുദ്ധ ഖുര്‍ആന്‍ കല്‍പിക്കുന്നത്. (7 : 179)

വിശുദ്ധ ഖുര്‍ആന്‍ മനുഷ്യനോട് ആദ്യമായി സംവദിച്ചതുതന്നെ നരക കവാടങ്ങളെക്കുറിച്ചു പറഞ്ഞുകൊണ്ടല്ലലോ? മറിച്ച് ചിന്തയെ ഉണര്‍ത്തി ബുദ്ധിയെ ഉപയോഗിച്ചു യഥാര്‍ത്ഥ  ജ്ഞാനത്തിലേക്കുള്ള വാതിലുകള്‍ തുറന്നുകൊണ്ടാണ്. അത് അവനെ താന്‍ സൃഷ്ടിക്കപെട്ടവനാണെന്ന വലിയ തിരിച്ചറിവിലേക്ക് നയിച്ചു, അതാണല്ലോ ഈ വാക്യം സൂചിപിക്കുന്നത് ‘തന്നെ അറിഞ്ഞവന്‍ ദൈവത്തെ അറിഞ്ഞു’. അതായത് തന്റെ മനസിനെ അറിഞ്ഞവനാണ് തന്റെ  ദൈവത്തെയും അറിഞ്ഞവന്‍. അപ്പോഴാണ് മറ്റു ജീവിവര്‍ഗങ്ങളെ അപേക്ഷിച്ചു തനിക്കൊരു മനസ്സുണ്ടെന്നും അതിലാണ് ജ്ഞാനവും, വിശ്വാസവും, വികാര വിചാരങ്ങളും കുടികൊള്ളുന്നതെന്നും അവന്‍ അറിയുന്നു. ഖുര്‍ആന്‍ നമ്മെ തിരിച്ചറിയിക്കുന്നത് ഈ മനസ്സിന് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്രമുണ്ടെന്നും, ഒരു പക്ഷേ നിങ്ങള്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് നിങ്ങള്‍ പോലും തിരിച്ചറിഞ്ഞിട്ടില്ലാത്ത അടിമത്വത്തിലുമാനെന്നാണ്. അതിനാല്‍ അറിവില്ലാതെ സ്വാതന്ത്ര്യവുമില്ല. അറിവ് സമ്പാദിക്കുക എന്നത് ഓരോ മുസ്‌ലിമിന്റെയും ബാധ്യതയായിട്ടാണ് പ്രവാചകന്‍(സ) പഠിപ്പിച്ചത്. ഈ അറിവ് മനസിനെ സത്യാസത്യങ്ങളുടെ വിവേചനത്തിന് സഹായിക്കുന്നു. അതാണല്ലോ യഥാര്‍ത്ഥ അറിവ്. മനസ്സ് നിങ്ങളെയല്ല ഭരിക്കേണ്ടത്, നിങ്ങള്‍ അതിനെയാണെന്ന് ഈ ജ്ഞാനം നമ്മെ പഠിപ്പിക്കുന്നു.

മനസിനെ നിയന്തിക്കാനുള്ള വിഷിശ്യമായ കഴിവ് അല്ലാഹു മനുഷ്യന് നല്‍കിയിരിക്കുന്നു. ആ നിയന്ത്രണത്തിന്റെ താളം തെറ്റുന്നത് നമ്മള്‍ മനസിന്റെ ആജ്ഞാനുവര്‍ത്തികളാകുന്ന സന്ദര്‍ഭങ്ങളിലാണ്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ അല്ലാഹു നല്‍കിയ സവിശേഷമായ കഴിവിനെ പരിഹസിക്കുമ്പോഴാണ്. അത് ആദ്യം സ്വന്തത്തോടും പിന്നെ സമൂഹത്തോടും ചെയ്യുന്ന അക്രമമാണ്. ആദം (അ) പ്രാര്ത്ഥിച്ചത് ഓര്‍ക്കുക ‘ഞങ്ങളുടെ നാഥാ! ഞങ്ങള്‍ ഞങ്ങളോടുതന്നെ അക്രമം കാണിച്ചിരിക്കുന്നു. നീ മാപ്പേകുകയും ദയ കാണിക്കുകയും ചെയ്തില്ലെങ്കില്‍ ഉറപ്പായും ഞങ്ങള്‍ നഷ്ടം പറ്റിയവരുടെ കൂട്ടത്തിലായിത്തിരും. (7 : 23)  മനുഷ്യ കഴിവിന് അപ്പുറമായതൊന്നും ഇസ്‌ലാം അവനോട് കല്‍പ്പിക്കുന്നില്ല. (2 : 286) അതിനാദ്യം മനുഷ്യന്‍ ആരാണെന്നു തിരിച്ചറിയണമെന്നുമാത്രം. അല്ലാഹു മനുഷ്യനെ ക്ലേശത്തില്‍ സൃഷ്ടിച്ചു. ഈ ക്ലേശമാണ് മനുഷ്യരാശിരെ പുരോഗതിയിലേക്ക് നയിക്കുന്നത്. പ്രയാസങ്ങള്‍ അവന്റെ മനസ്സില്‍ ചിന്തയുടെ ഓളങ്ങള്‍ സൃഷ്ടിച്ചു ബുദ്ധിയേയും  ജ്ഞാനത്തേയും പ്രയോജനപ്പെടുത്തി എളുപ്പത്തിലേക്കുള്ള പലായനം സാധ്യമാക്കുന്നത്. (94.56)

ഈ അറിവിനെ ആത്മീയത എന്നുംപറയാം, കാരണം ആത്മീയത എന്നത് നമ്മുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും  അര്‍ത്ഥം  ഉണ്ടാക്കുക എന്നതാണ്. ഇസ്‌ലാം പകര്‍ന്നു നല്‍കുന്ന ജ്ഞാനം മനുഷ്യന് തന്നിലടങ്ങിയിരിക്കുന്ന ഗുണങ്ങളില്‍ വിശ്വസമര്‍പിച്ച് കുറവുകളെ സധൈര്യം നേരിടാനുള്ള ശേഷിയാണ്. ഇത്രയും വലിയ അത്ഭുതമായ മനുഷ്യനെ സൃഷ്ടിച്ച അല്ലാഹുവിനെക്കുറിച്ചുള്ള അറിവാണ് മനുഷ്യനെ യഥാര്‍ത്ഥ  മനുഷ്യനാക്കുന്നത്. അവനെക്കുറിച്ചുള്ള ഗുണവിശേഷണങ്ങളും ശക്തിപ്രഭാവത്തെയും കുറിച്ചുള്ള അറിവുകള്‍ മനസിനെ ഭരിക്കുമ്പോഴാണ് ഒരാള്‍ക്ക് യഥാര്‍ത്ഥ സ്വാതന്ത്രത്തിന്റെ മാധുര്യം നുകരാന്‍ സാധിക്കുന്നത്. ‘ഞാന്‍ (അല്ലാഹു) എന്റെ ദാസന് എന്നെക്കുറിച്ചുള്ള അവന്റെ വിചാരമനുസരിച്ചാകുന്നു.’ എന്നാണ് ഖുദ്‌സിയായ ഒരു ഹദീസ് പറയുന്നത്.

Related Articles