Current Date

Search
Close this search box.
Search
Close this search box.

അറിവല്ല, അവഗാഹമാണ് വേണ്ടത്

quran-recita.jpg

കേവല വിവര സമ്പാദനത്തേക്കാളും ഗൃഹപാഠത്തേക്കാളും ഇസ്‌ലാം മുന്‍ഗണന നല്‍കുന്നത് ആഴത്തിലുള്ള പഠനത്തിനും അവഗാഹത്തിനുമാണ്. കാര്യങ്ങളെ ഗ്രഹിച്ചും ഉള്‍ക്കൊണ്ടും നേടിയെടുക്കുന്നവയാണ് യഥാര്‍ഥ വിജ്ഞാനം.
ഇസ്‌ലാം നമ്മില്‍ നിന്നും ആവശ്യപ്പെടുന്നത് കേവല മതപഠനമല്ല, മറിച്ച് ദീനില്‍ അവഗാഹം നേടലാണ്. അല്ലാഹു വിവരിക്കുന്നു: ‘സത്യവിശ്വാസികള്‍ ഒന്നടങ്കം യുദ്ധത്തിന് പുറപ്പെടാവതല്ല. അവരില്‍ ഓരോ വിഭാഗത്തില്‍ നിന്നും ഓരോ സംഘം മതത്തില്‍ അവഗാഹം നേടാന്‍ ഇറങ്ങിപ്പുറപ്പെടാത്തതെന്ത്? തങ്ങളുടെ ജനം അവരുടെ അടുത്തേക്ക് മടങ്ങിവന്നാല്‍ അവര്‍ക്ക് താക്കീത് നല്‍കാനുള്ള അറിവു നേടാനാണത്. അതുവഴി അവര്‍ സൂക്ഷ്മത പുലര്‍ത്തുന്നവരായേക്കാം’ (തൗബ 122). അല്ലാഹു ഒരാള്‍ക്ക് നന്മ ഉദ്ദേശിച്ചാല്‍ അവന് ദീനില്‍ അവഗാഹം നല്‍കും’ (ബുഖാരി) എന്നാണ് പ്രവാചകന്‍ പഠിപ്പിച്ചത്. വിവരസമ്പാദനത്തേക്കാള്‍ (ഇല്‍മ്) സവിശേഷമായതാണ് ബോധ്യപ്പെട്ടുകൊണ്ടുളള അറിവ് (ഫിഖ്ഹ്). സൂക്ഷമമായുള്ള വിവരമില്ലാത്തവരെന്നാണ് കപടവിശ്വാസികളെയും സത്യനിഷേധികളെയും അല്ലാഹു വിശേഷിപ്പിച്ചത്. ‘ജനങ്ങള്‍ സ്വര്‍ണവും വെള്ളിയും പോലെ ഖനിജങ്ങളാണ്, ജാഹിലിയ്യത്തിലെ പ്രമുഖര്‍ ഗ്രാഹ്യതയുള്ളവരാണെങ്കില്‍  ഇസ് ലാമിലും പ്രമുഖരാണ്.’ ( മുസ് ലിം)

‘അബൂമൂസാ(റ)യില്‍ നിന്ന് നിവേദനം: തിരുമേനി(സ) അരുളി: അല്ലാഹു ഏതൊരു സന്മാര്‍ഗ ദര്‍ശനവും വിജ്ഞാനവുമായിട്ടാണോ എന്നെ നിയോഗിച്ചിട്ടുള്ളത്, അതിന്റെ ഉപമ ഘോരമായ പേമാരി പോലെയാണ്. അത് ഭൂമിയില്‍ വര്‍ഷിച്ചു. അതില്‍ (ഭൂമിയില്‍) നല്ല ചില പ്രദേശങ്ങളുണ്ട്. അവ വെള്ളത്തെ തടഞ്ഞു നിര്‍ത്തി. അത് മുഖേന അല്ലാഹു മനുഷ്യര്‍ക്ക് പ്രയോജനം നല്‍കി, അവര്‍ കുടിച്ചു, കുടിക്കാന്‍ കൊടുത്തു. കൃഷിയും ചെയ്തു. മഴയുടെ ഒരു ഭാഗം പെയ്തത് വരണ്ട ഭൂമിയിലാണ്. അതിന് വെള്ളത്തെ തടഞ്ഞു നിര്‍ത്താന്‍ സാധിക്കുകയില്ല. പുല്ലിനെ അത് മുളപ്പിക്കുകയുമില്ല. അല്ലാഹുവിന്റെ ദീനിനെ ഗ്രഹിക്കുകയും എന്നെ അല്ലാഹു നിയോഗിച്ചു മാര്‍ഗദര്‍ശനം മുഖേന പ്രയോജനം ലഭിക്കുകയും പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തവന്റെയും ഞാന്‍ കൊണ്ട് വന്ന സന്മാര്‍ഗം സ്വീകരിക്കുകയോ അതിനെക്കുറിച്ച് ശ്രദ്ധിക്കുകയോ ചെയ്യാത്തവന്റെയും ഉദാഹരണം ഇവയാണ്.’ (ബുഖാരി). മരവിച്ച ഹൃദയങ്ങള്‍ വിജ്ഞാനത്തിലൂടെ ജീവസ്സുറ്റതാകുന്നതിനെ മഴയാല്‍ വരണ്ട ഭൂമി തളിരിതമാകുന്നതിനോടാണ് ഉപമിച്ചത്. വിജ്ഞാനവും സന്മാര്‍ഗവുമായി നിയോഗിക്കപ്പെട്ട പ്രവാചകന്റെയും ഉപമ ഇതുതന്നെ. ദീനില്‍ വ്യുല്‍പത്തിനേടുകയും അതു മറ്റുള്ളവര്‍ക്ക് പ്രയോജനം ചെയ്യുകയും പഠിപ്പിക്കുകയും ചെയ്യുന്നതിനെ സസ്യലതാദികളാലും ജലാശയങ്ങളാലും നിബിഢമായ ഫലഭൂയിഷ്ഠമായ ഭൂമിയോടാണ് ഉപമിച്ചത്.

എന്നാല്‍ ധാരാളം വിജ്ഞാനം ശേഖരിക്കുകയും അവയുപയോഗിച്ച് പഠനമനന ഗവേഷണം നടത്താന്‍ കഴിവില്ലാത്തവരുമായ വിഭാഗം ആളുകളുണ്ട്. വിദ്യാര്‍ത്ഥികള്‍ അവരുടെ അടുത്ത് വന്ന് വിജ്ഞാനം നുകരുകയും പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു. അവര്‍ക്ക് ലഭിച്ചത് കൊണ്ട് പ്രയോജനം ചെയ്തവരാണ് അവര്‍. അത്തരക്കാരെ മഴപെയ്താല്‍ വെള്ളം തടഞ്ഞുനിര്‍ത്തുകയും കര്‍ഷകരുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുകയും ചെയ്യുന്ന ഉറച്ച ഭൂമിയോടാണ് പ്രവാചകന്‍ ഉപമിച്ചത് എന്നതും ശ്രദ്ദേയമാണ്. ഈ ഹദീസിന്റെ വിശദാംശമാണ് പ്രവാചകന്‍ ഇപ്രകാരം വിശദീകരിച്ചത്: ‘ഇബ്‌നുമസ്ഊദി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടു. നമ്മുടെ പക്കല്‍ നിന്ന് കേട്ടുപഠിക്കുകയും കേട്ടതുപോലെത്തന്നെ പ്രബോധനം ചെയ്യുകയും ചെയ്ത വ്യക്തിയെ അല്ലാഹു അനുഗ്രഹിച്ചിരിക്കുന്നു. എത്ര കേട്ട് മനസ്സിലാക്കിയവരാണ് നേരിട്ട് ശ്രവിച്ച് മനസ്സിലാക്കിയവരേക്കാള്‍ നന്നായി ഉള്‍ക്കൊണ്ടവന്‍ (തിര്‍മിദി)’.

വെള്ളത്തെ സ്വീകരിക്കുകയോ മറ്റുളളവര്‍ക്ക് വേണ്ടി തടഞ്ഞുനിര്‍ത്തുകയോ ചെയ്യാത്ത കെട്ടിനില്‍ക്കുന്ന വെള്ളത്തോടാണ് അറിവും ഗ്രാഹ്യതയും പ്രവര്‍ത്തനവുമില്ലാത്തവരെ പ്രവാചകന്‍ ഉപമിച്ചത്. പ്രസ്തുത ഹദീസില്‍ അല്ലാഹുവിന്റെയും പ്രവാചകന്റെയുമടുത്ത് വിജ്ഞാനമുള്ളവരുടെ പദവിയെയും സ്ഥാനത്തെയും നിര്‍ണയിക്കുന്നതായി കാണാം. അവഗാഹവും ഗ്രാഹ്യതയും നേടിയവര്‍, കാര്യങ്ങള്‍ ഹൃദിസ്ഥമാക്കിയവര്‍ എന്നീ ക്രമത്തിലാണത്. ഇസ്‌ലാമിന്റെ ഉത്തമനൂറ്റാണ്ടുകളില്‍ ദീനില്‍ വ്യുല്‍പത്തി നേടിയവരെ നമുക്ക് കാണാം. എന്നാല്‍ മുസ്‌ലിങ്ങള്‍ പിന്നാക്കം നിന്ന ചരിത്രദശകങ്ങളില്‍ കേവല വിവര സമ്പാദനം നേടിയവരും ഗൃഹപാഠം ചെയ്തവരായിരുന്നു കൂടുതല്‍.

കാര്യങ്ങള്‍ ഹൃദിസ്ഥമാക്കുന്നതിന് ഒരുവിലയുമില്ല എന്നതല്ല ഇത്‌കൊണ്ട് ഞാനര്‍ഥമാക്കുന്നത്്. പിന്നീട് ഉപകരിക്കാനുള്ള വിവരങ്ങളുടെയും യാഥാര്‍ഥ്യങ്ങളുടെയും കേവല ശേഖരം മാത്രമാണ് മനപ്പാഠം കൊണ്ടുണ്ടാകുന്നത്. ഹൃദിസ്ഥമാക്കല്‍ ഒരു ലക്ഷ്യമല്ല, മറ്റു പലതിനുമുള്ള മാര്‍ഗം മാത്രമാണ്. ഗ്രാഹ്യത നേടുന്നതിനേക്കാള്‍ കാര്യങ്ങള്‍ ഹൃദിസ്ഥമാക്കുന്നതിന് ആവശ്യത്തിലധികം പ്രാധാന്യം നല്‍കിയതാണ് മുസ്‌ലിങ്ങള്‍ക്ക് പറ്റിയ ഏറ്റവും വലിയ അബദ്ധം. ഈ കാരണത്താലാണ് ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയവര്‍ക്ക് ആവശ്യത്തിലധികം ആദരവ് നാം നല്‍കുന്നത്. അതിനാലാണ് വലിയ സമ്മാനത്തുകകള്‍ പ്രഖ്യാപിച്ച് നാം മല്‍സരങ്ങള്‍ സംഘടിപ്പിച്ച് കൊണ്ടിരിക്കുന്നത്. ഇത് പരിഗണനയര്‍ഹിക്കുന്ന വിഷയം തന്നെയാണ്. പക്ഷെ, ഖുര്‍ആനിലും ഹദീസിലും ശരീഅ വിഷയങ്ങളിലും പ്രബോധന മേഖലകളിലും വ്യുല്‍പത്തിയും അവഗാഹവും നേടിയവര്‍ക്ക് ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയവര്‍ക്ക് നല്‍കിയതു പോലെ ആദരവോ അവര്‍ക്കുനല്‍കുന്ന സമ്മാനങ്ങളുടെ പകുതിയോ നല്‍കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. നമ്മുടെ വിദ്യാഭ്യാസ വ്യവസ്ഥ തന്നെ മനപ്പാഠത്തിന്റെയും ഓര്‍മശക്തിയുടെയും പരീക്ഷണ കേന്ദ്രവും പരീക്ഷകളുമായി ചുരുങ്ങുന്നത് അതിനാലാണ്. മറിച്ച് കാര്യങ്ങളെ കുട്ടിയുടെ ചിന്താമണ്ഡലങ്ങളില്‍ അനുരണനം സൃഷ്ടിക്കുന്ന രീതിയില്‍ ഉള്‍ക്കാഴ്ചയോടെ പകര്‍ന്നു നല്‍കുന്നതാണെങ്കില്‍ പരീക്ഷ കഴിയുന്നതോടെ മറന്നുപോകുന്ന കേവല വിവരങ്ങളായി അവ ചുരുങ്ങുകയില്ല.

വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്
 

Related Articles