Current Date

Search
Close this search box.
Search
Close this search box.

വിജ്ഞാനം കര്‍മ്മത്തിന്റെ കരുത്ത്

effort.jpg

മുആദുബ്‌നു ജബല്‍(റ) നിന്ന് നിവേദനം: അറിവ് നേതാവാണ് കര്‍മ്മം അതിന്റെ അനുയായിയും. ഏതൊരു പ്രവൃത്തിയില്‍ പ്രവേശിക്കുന്നതിനുമുമ്പും ആ പ്രവൃത്തിയെക്കുറിച്ചും ഏങ്ങനെ അതിനെ കുറ്റമറ്റതാക്കാമെന്നുള്ള ജ്ഞാനവും അതിനായുള്ള അന്വേഷണവും അനിവാര്യമാണ്. എങ്കില്‍ മാത്രമേ ആ പ്രവൃത്തി ഉപകാരപ്രദമാകുകയും ലക്ഷ്യം പ്രാപിക്കുകയുമുള്ളൂ. പ്രവൃത്തി തുടര്‍ന്നുവരാത്ത ജ്ഞാനം കേവലം പാഴ്‌വസ്തുവാണെന്നപോലെ അറിവില്ലാത്ത പ്രവൃത്തിയും വിപരീത ഫലമേ ഉളവാക്കൂ.
അല്ലാഹു പറയുന്നു:

فاعلم أنه لا إله إلا الله واستغفر لذنبك وللمؤمنين والمؤمنات” (محمد: 19).

ഈ ഖുര്‍ആന്‍ വചനം ഉദ്‌ഘോഷിക്കുന്നത് ആത്യന്തികമായി അല്ലാഹുവിനെക്കുറിച്ചുള്ള അറിവാണ് ഉണ്ടാകേണ്ടത്. പിന്നെയാണ് പാപമോചനത്തെക്കുറിച്ച് പ്രതിപാതിക്കുന്നത്.
മറ്റൊരിടത്ത് ഖുര്‍ആന്‍ പറയുന്നു:

إنما يخشى الله من عباده العلماء” (فاطر: 28)

അല്ലാഹുവിന്റെ അടിമകളില്‍ അറിവുള്ളവര്‍ മാത്രമാണ് അവനെ ഭയപ്പെടുന്നത്.
അറിവ് മാത്രമാണ് ദൈവത്തിന്റെ സൃഷ്ടികളില്‍ അവനെക്കുറിച്ചുള്ള ഭയപ്പാടുണ്ടാക്കുന്നത്. അതാണ് ദൈവപ്രീതിക്കായി കര്‍മമനുഷ്ഠിക്കാന്‍ അവനെ പ്രേരിപ്പിക്കുന്നതും.
ഒരു നബി വചനം ഇങ്ങനെ പറയുന്നു:

من يرد الله خيرا يفقهه في الدين

അല്ലാഹു ആര്‍ക്കെങ്കിലും നന്മ ഉദ്ദേശിച്ചാല്‍ അവര്‍ക്ക് ദീന്‍ വിഷയങ്ങളില്‍ അവഗാഹം നല്‍കുന്നു. അത് അവനെ സര്‍കര്‍മങ്ങളില്‍ വ്യാപൃതനാകാനും അതിനെ കുറ്റമറ്റ രീതിയില്‍ ചെയ്യാന്‍ പ്രാപ്തനുമാക്കിത്തീര്‍ക്കുന്നു.

ഖുര്‍ആന്‍ ആദ്യമായി അവതരിച്ചത് ‘വായിക്കുക’ എന്ന പദം കൊണ്ടാണ്. വായനയാണ് സകല അറിവിന്റേയും താക്കോള്‍. പിന്നീടാണ് പ്രവൃത്തിയുടെ പ്രാധാന്യത്തെ സൂചിപ്പിച്ചുകൊണ്ട് ‘അല്ലയോ മൂടിപ്പുതച്ചുറങ്ങുന്നവനേ, നീ ഉണരുകയും സമൂഹത്തെ ഉണര്‍ത്തുകയും ചെയ്യുക. നിന്റെ നാഥനെ വലിയവനായി പ്രഖ്യാപിക്കുകയും നിന്റെ വസ്ത്രങ്ങള്‍ ശുചീകരിക്കുകയും ചെയ്യുക’ എന്ന വാക്യം അവതരിപ്പിച്ചു.

എല്ലാ പ്രവൃത്തിയുടെയും മുന്നോടിയായി ജ്ഞാന സമ്പാദനം അനിവാര്യമാണ്. ജ്ഞാനത്തിനു മാത്രമേ ഋജുവായ വിശ്വാസത്തെയും സംവാദങ്ങളിലെ നേരിനെയും കര്‍മാനുഷ്ഠാനത്തിലെ അനുദാവനാര്‍ഹമായ നബി ചര്യയെയും ഇടുപാടുകളിലെ ശരിയെയും ക്രയവിക്രയങ്ങളിലെ അനുവദനീയമായ മാര്‍ഗങ്ങളെയും തിരിച്ചറിയാന്‍ സാധിക്കൂ.

ഇമാം ഗസാലിയെ പോലെയുള്ള പണ്ഡിതന്മാര്‍ അവരുടെ പ്രധാന കൃതികള്‍ ആരംഭിക്കുന്നതുതന്നെ ‘ജ്ഞാനം’ എന്ന അദ്ധ്യായം കൊണ്ടാണ്. ഖലീഫ ഉമറുബ്‌നു അബ്ദില്‍ അസീസ് ഒരിക്കല്‍ പറയുകയുണ്ടായി: അറിവില്ലാതെ ഒരാള്‍ ഒരു പ്രവൃത്തിയില്‍ ഏര്‍പ്പെട്ടാല്‍ നന്മയേക്കാള്‍ കൂടുതല്‍ തിന്മവരുത്താനെ അവന് സാധിക്കുകയുള്ളൂ. മുറിവൈദ്യന്‍ ആളെ കൊല്ലും എന്ന പഴഞ്ചൊല്ല് ഇതിന്റെ പര്യായമാണ്.

ഇസ്‌ലാമിക ചിന്താ പ്രസ്ഥാനങ്ങളില്‍ അധികവും ദീനിന്റെ യഥാര്‍ത്ഥ ലക്ഷ്യത്തെക്കുറിച്ചോ ശരീഅത്തിന്റെ യുക്തിയെക്കുറിച്ചോ ശരിയായ ബോധ്യമില്ലാത്തവരാണ്. ഈ ബോധ്യത്തില്‍ വന്ന പിഴവാണ് നാലാം ഖലീഫ അലി(റ) വിനെ വധിക്കുന്ന തരത്തിലുള്ള നികൃഷ്ടമായ പ്രവര്‍ത്തനത്തിലേക്ക് ഖവാരിജുകളെ കൊണ്ടെത്തിച്ചത്. അലിയെ വധിക്കുന്നതുമൂലം അല്ലാഹുവിലേക്ക് കുടുതല്‍ അടുക്കാം എന്ന തെറ്റിദ്ധാരണയിലേക്ക് അവരെ കൊണ്ടെത്തിച്ചതും ഇസ്‌ലാം രാജവാഴ്ചയല്ല എന്ന ജ്ഞാനം ഇല്ലാതെപോയതാണ്.

യുദ്ധമുതല്‍ വീതം വെക്കുമ്പോള്‍ ഇസ്‌ലാമിലേക്ക് പുതുതായി കടന്നുവരുന്നവര്‍ക്ക് ഒരല്‍പം അധികം നല്‍കിയ പ്രവാചക യുക്തിയെ ചോദ്യം ചെയ്തതും ഹൃദയങ്ങള്‍ക്കിടയില്‍ അനുരജ്ഞനം സൃഷ്ടിക്കുന്നതിലെ രാഷ്ട്രീയ യുക്തി തിരിയാത്തതിനാലാണ്.

നേതൃപരമായ മേഖലയിലെ അറിവന്റെ പ്രാധാന്യം
രാഷ്ട്രീയമോ സൈനികമോ നീതി നിര്‍വഹണമോ തുടങ്ങിയ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിന് മതിയായ അറിവ് അനിവാര്യമാണ്. ഈജിപ്തിലെ രാജാവിനോട് യൂസുഫ് (അ) ഭൂമിയുടെ ഖജനാവ് തന്നെ ഏല്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത് സമൂഹത്തിന്റെ ആവശ്യങ്ങളെ ഉത്തരവാദിത്വത്തോടെ നിര്‍വഹിക്കാന്‍ സാധിക്കുമെന്ന പൂര്‍ണ ബോധ്യമുള്ളതുകൊണ്ടാണ്.
ബനൂ ഇസ്രാഈലിനെ ഭരിക്കാന്‍ ശാരീരിക ശേഷിയും അഗാധ ജ്ഞാനവുമുള്ള താലൂത്തിനെ അല്ലാഹു തെരഞ്ഞെടുത്തതും ഇക്കാരണത്താലാണ്. ഭരണനിര്‍വഹണത്തിന് ശാരീരിക ക്ഷമത അനിവാര്യമായത് പോലെ ജ്ഞാനവും യുക്തിയും അത്യന്താപേക്ഷിതമാണ്.
അല്ലാഹു പറയുന്നു:

قال إن الله اصطفاه عليكم وزاده بسطة في العلم والجسم” (البقرة: 247)

ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ വിധികല്‍പ്പിക്കുന്ന ഒരു ന്യായാധിപനെ സംബന്ധിച്ചിടത്തോളം പ്രജകളുടെ ജീവതവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ യുക്തി ഭദ്രമായ തീരുമാനങ്ങളെടുക്കേണ്ടത് അനിവാര്യമാണ്. ഗവേഷണ പാഠവവും കാര്യങ്ങള്‍ ഗ്രഹിക്കുന്നതിലെ മികവും ഇതിന് അനിവാര്യമാണ്. മുല്‍കാല വിധിയിലേക്കോ ന്യായാധിപന്മാരിലേക്കോ അവലംബിക്കാതെ സ്വതന്ത്രമായ തീരുമാനമെടുക്കാന്‍ വൈജ്ഞാനിക മികവുള്ള ആളായിരിക്കണം ന്യായാധിപന്‍.

ന്യായാധിപന്മാരെ മൂന്ന് വിഭാഗമായി തരംതിരിക്കുന്ന നബി വചനം ശ്രദ്ധേയമാണ്: നബി(സ) യെ തൊട്ട് ബുറൈദ് റിപ്പോര്‍ട്ട് ചെയ്യുന്നു: ‘ന്യായാധിപന്മാര്‍ മൂന്നുവിധത്തിലാണ്. ഒന്ന്, സത്യം മനസ്സിലാക്കുകയും അതനുസരിച്ച് വിധി കല്‍പ്പിക്കുകയും ചെയ്ത ഒരാള്‍. അയാള്‍ സ്വര്‍ഗാവകാശിയാണ്. രണ്ട്, തന്റെ അറിവില്ലായ്മ മൂലം ജനങ്ങളുടെ കാര്യത്തില്‍ വിധി കല്‍പ്പിക്കുന്നവന്‍. അവന്റെ സ്ഥാനം നരകത്തിലാണ്. സത്യം അറിഞ്ഞിരിക്കെ അതിനു വിപരീതമായി വിധിച്ചവന്‍. അവന്റെ സ്ഥാനവും നരകത്തിലാണ്.

ഇസ്‌ലാമില്‍ ന്യായാധിപന്മാരുടെ അതേ സ്ഥാനത്താണ് മതപരമായ വിഷയങ്ങളില്‍ വിധി കല്‍പ്പിക്കുന്നവരും. മതപരമായ വിഷയങ്ങളില്‍ അഗാധപാണ്ഡിത്യവും വിധി നല്‍കാന്‍ അനിവാര്യമായ വൈജ്ഞാനിക പക്വത ആര്‍ജിക്കുകയും ചെയ്ത വ്യക്തിയായിരിക്കണം ഈ ഉത്തരവാദിത്വം നിര്‍വഹിക്കേണ്ടത്. അല്ലാത്തപക്ഷം അനുവദനീയമായതിനെ നിഷിദ്ധമാക്കുന്നതിലേക്കും നിഷിദ്ധമായതിനെ അനുവദനീയമാക്കുന്നതിലേക്കും അല്ലാഹുവിന്റെ കല്‍പനകളെ വിസ്മരിക്കാനും അവന്‍ കല്‍പ്പിക്കാത്തതിനെ വിശ്വാസിയുടെ മേല്‍ ചുമത്താനും അത് കാരണമായിത്തീരും. ഇത്തരത്തിലുള്ള യോഗ്യതയില്ലാത്തവര്‍ മതപരമായ വിഷയങ്ങളില്‍ അഭിപ്രായം പറയുന്നത് ആധുനിക കാലഘട്ടത്തിന്റെ ശാപമാണ്.

നബി(സ)യുടെ കാലത്ത് ജനാബത്തുകാരനായ ഒരാള്‍ക്ക് ശരീരത്തില്‍ മുറിവുണ്ടായിരിക്കെ കുളി നിര്‍ബന്ധമാണെന്ന് ഫത്‌വ നല്‍കിയ വ്യക്തിയോട് അവിടുന്ന് കോപിക്കുകയുണ്ടായി. അറിവില്ലാത്ത കാര്യങ്ങളില്‍ അഭിപ്രായം പറയുന്നതിന് മുമ്പ് മറ്റുള്ളവരോട് അന്വേഷിക്കണമെന്ന് ആജ്ഞാപിക്കുകയുണ്ടായി. വൈജ്ഞാനിക പിന്‍ബലമില്ലാതെ പമതപരമായ കാര്യങ്ങളില്‍ ഫത്‌വ നല്‍കുന്നത് ഇജ്മാഅനുസരിച്ച് നിശിദ്ധമാണെന്ന് ഇബ്‌നുല്‍ ഖയ്യിമിനെപ്പോലെയുള്ള പണ്ഡിന്മാര്‍ അഭിപ്രായപ്പെടുകയുണ്ടായി.
അല്ലാഹു പറയുന്നു:

وأن تقولوا على الله ما لا تعلمون” (البقرة: 169)

അല്ലാഹുവിനെക്കുറിച്ച് അറിവില്ലാത്തത് പറയാനാണ് അവന്‍(പിശാച്) നിങ്ങളോട് കല്‍പിക്കുന്നത്. ഈ ഖുര്‍ആന്‍ വചനം അര്‍ത്ഥമാക്കുന്നത് മേല്‍പറഞ്ഞ സംഗതിയെയാണ്.

പ്രബോധകരും അധ്യാപകരും
ന്യായാധിപനും മുഫ്തിക്കും എന്നപോലെ മതപ്രബോധകനും മതവിഷയങ്ങളില്‍ ശിക്ഷണം നല്‍കുന്നവര്‍ക്കും ഇസ്‌ലാമികാധ്യാപനങ്ങളില്‍ ജ്ഞാനമുണ്ടായിരിക്കണം. അല്ലാഹു പറയുന്നു:

قل هذه سبيلي أدعو إلى الله على بصيرة أنا ومن اتبعنى” (يوسف: 108).

‘പറയുക: ഇതാണെന്റെ വഴി. തികഞ്ഞ ഉള്‍ക്കാഴ്ചയോടെയാണ് ഞാന്‍ അല്ലാഹുവിലേക്ക് ക്ഷണിക്കുന്നത്. ഞാനും എന്നെ അനുഗമിച്ചവരും’ (യൂസുഫ്: 108).

അല്ലാഹുവിന്റെ മാര്‍ഗത്തിലെ പ്രബോധകന്മാര്‍ പ്രവാചകന്റെ പിന്‍ഗാമികളാണ്. അതുകൊണ്ടുതന്നെ അവരുടെ പ്രബോധനം ഉള്‍ക്കാഴ്ചയുള്ളതാവുക അനിവാര്യമാണ്. തന്റെ പ്രബോധനത്തെക്കുറിച്ചും ഏതൊന്നിലേക്കാണോ പ്രബോധനം ചെയ്യുന്നത് ആ ശക്തിയെ കുറിച്ചും തികഞ്ഞ ബോധവും,  ആരെ, എങ്ങനെ, എന്തിലേക്ക് എന്നതിനെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുമുണ്ടായിരിക്കണം.

ولكن كونوا ربانيين بما كنتم تعلمون الكتاب وبما كنتم تدرسون” (آل عمران: 79)

‘നിങ്ങള്‍ വേദപുസ്തകം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നതിലൂടെ കളങ്കമേശാത്ത ദൈവ ഭക്തരാവുക’.
‘റബ്ബാനിയ്യീന്‍’ എന്ന പദത്തിന് ഇബ്‌നു അബ്ബാസ്(റ) നല്‍കുന്ന വിവക്ഷ യുക്തിജ്ഞരും പണ്ഡിതന്മാരും എന്നാകുന്നു. പ്രബോധിതന് ഇസ്‌ലാമിക വിജ്ഞാനീയങ്ങളെ പ്രബോധിതന്റെ സാഹചര്യവും ഗ്രാഹ്യ ശേഷിയും പരിഗണിച്ചായിരിക്കണം പ്രബോധനം ചെയ്യേണ്ടത്. ദീനിന്റെ അധ്യാപനങ്ങളെ ഏളുപ്പത്തില്‍ മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും സാധ്യമാകുന്നതാവണം അതിന്റെ രീതി. പുതുതായി ഇസ്‌ലാം സ്വീകരിച്ച വ്യക്തികള്‍ക്കോ അല്ലെങ്കില്‍ ഭുതകാലത്തില്‍ തെറ്റായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവനോ ആണ് പ്രബോധകനെങ്കില്‍ തികഞ്ഞ യുക്തിയോടെയും പക്വതയോടെയുമാവണം അവരോടുള്ള പ്രബോധനം. അല്ലാത്തപക്ഷം ദീനിന്റെ അധ്യാപനങ്ങള്‍ ഭാരമേറിയതാകുകയും അത് ഇസ്‌ലാമിനോട് വിരോധം വരുവാനും അകലം പാലിക്കുവാനും കാരണമായേക്കാം.

വിവ: ഹാരിസ് കെ മുഹമ്മദ്

Related Articles