Current Date

Search
Close this search box.
Search
Close this search box.

മാറേണ്ടത് നിയമങ്ങളല്ല വിദ്യാഭ്യാസത്തിന്റെ ദര്‍ശനമാണ്

”കുട്ടിയിലും മനുഷ്യനിലുമുള്ള ശാരീരികവും ബുദ്ധിപരവും ആത്മീയവുമായ ഏറ്റവും നല്ല ഭാവങ്ങളെ ബഹിര്‍ഗമിപ്പിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നതാണ് ശരിയായ വിദ്യാഭ്യാസം”.
നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള നിര്‍വ്വചനങ്ങളില്‍ ഒന്നാണിത്. സ്വാതന്ത്ര്യം ലഭിച്ച് ആറര പതിറ്റാണ്ട് പിന്നിടുമ്പോള്‍ നമ്മുടെ രാജ്യം വിദ്യാഭ്യാസ പരമായും ശാസ്ത്രസാങ്കേതിക മേഖലയിലും വന്‍കുതിച്ചു ചാട്ടം നടത്തിയിട്ടുണ്ട്. നമ്മുടെ പ്രൈമറി വിദ്യാര്‍ത്ഥികള്‍ പോലും മംഗള്‍യാനിനെ കുറിച്ച് ആത്മാഭിമാനബോധത്തോടെ സംസാരിക്കുന്നു. പക്ഷെ അതെസമയം രാജ്യത്ത് കുറ്റകൃത്യങ്ങളും, അരാജകത്തവും വര്‍ദ്ധിച്ചു വരികയാണ്. രാജ്യ തലസ്ഥാനത്തുപോലും സ്ത്രീകള്‍ക്ക് സുരക്ഷിതത്വമില്ല. കേരളത്തിലെ സൗമ്യയെയും ആരും മറന്നിട്ടുണ്ടാവുകയില്ല. വിദ്യാസമ്പന്നരായ മാതാപിതാക്കള്‍ കൊന്നുതള്ളിയതാണ് എന്ന് സി.ബി.ഐ കണ്ടെത്തിയ ആരുഷിയും ജനമനസ്സുകളില്‍ നിന്ന് മാഞ്ഞിട്ടില്ല. ഒരു വശത്ത് വൈജ്ഞാനികമായും, സാങ്കേതികമായും ഉയരുന്നതോടൊപ്പം മറുവശത്ത് സാംസ്‌കാരികമായും ധാര്‍മ്മികമായും അധപതിക്കുകയും അതിലൂടെ ഒരു രാജ്യത്ത് വിദ്യാസമ്പന്നരായ മഹദ് വ്യക്തികള്‍ തന്നെ കുറ്റകൃത്യങ്ങളുടെ പേരില്‍ വീണുടയുകയും ചെയ്യുന്ന കാഴ്ചയാണ് തെഹല്‍കയുടെ ചീഫ് എഡിറ്ററായ തരുണ്‍ തേജ്പാലിലൂടെ അവസാനമായി നാം കണ്ടത്.

നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ 2012 ലെ കണക്ക് അനുസരിച്ച് ഇന്ത്യയില്‍ 28 സംസ്ഥാനങ്ങളിലായി വ്യത്യസ്ത കുറ്റകൃത്യങ്ങളില്‍ അറസ്റ്റു ചെയ്യപ്പെട്ടത് 32,18,052 പേരാണ്.  ഇതില്‍ 33,668 പേര്‍ 18 വയസ്സിനു താഴെയുള്ളവരാണ്. മാത്രമല്ല 1634 പേര്‍ പെണ്‍കുട്ടികളുമാണ്. അറസ്റ്റുചെയ്യപ്പെട്ടവരില്‍ 18 നും 30 നും ഇടയില്‍ പ്രായമുള്ളവര്‍ 1,44,576 പേരാണ്. ഇതില്‍ 73,687 പെണ്‍കുട്ടികളാണ്. ആകെ അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ 30 വയസ്സിനുതാഴെ പ്രായമുള്ളവര്‍ 45.97 ശതമാനമാണ്. ഇവര്‍ വിദ്യാര്‍ത്ഥികാലഘട്ടം കഴിഞ്ഞവരോ, വിദ്യാര്‍ത്ഥികളോ, അതല്ലെങ്കില്‍ ശരിയായ വിദ്യാഭ്യാസം നേടേണ്ടവരോ ആയ നമ്മുടെ സമൂഹത്തിന്റെ പരിഛേദമാണ്. ഇനി സാക്ഷരതയിലും, സംസ്‌കാരത്തിലും ഇന്ത്യയില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമായ കേരളത്തിലെ കണക്കുകള്‍ പരിശോധിച്ചാല്‍ ആകെ 2,09,344 ല്‍ 18 വയസ്സിനു താഴെയുള്ളവര്‍ 916 പേരാണ്. 18 നും 30 നും ഇടയില്‍ പ്രായമുള്ളവര്‍ 84,404 പേരാണ്. എന്ന് പറഞ്ഞാല്‍ കേരളത്തിലും അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ 40 ശതമാനം ഒരുസമൂഹത്തിന്റെ ഭാവിയും, രാജ്യത്തിന്റെ വികാസത്തിന്റെ നട്ടല്ലായി വര്‍ത്തിക്കേണ്ട യുവത്വവുമാണെന്ന് നിരീക്ഷിക്കാന്‍ സാധിക്കും. രാജ്യത്ത് മൊത്തം അറസ്റ്റുചെയ്യപ്പെട്ടവരുടെ 6.5 ശതമാനം കേരളത്തില്‍ നിന്നുള്ളവരാണ്. ഇതിനുപുറത്ത് സംഭവിച്ച കുറ്റകൃത്യങ്ങളും അതില്‍ ഏര്‍പ്പെട്ടവരും പിടിക്കപ്പെടാത്തവരുമായി പതിനായിരക്കണക്കിന് സംഭവങ്ങളും ലക്ഷക്കണക്കിന് ആളുകളുമുണ്ടാകും.

ഈ പശ്ചാത്തലത്തില്‍ നിലനില്‍ക്കുന്ന വിദ്യാഭ്യാസ ക്രമവും അതിന്റെ അടിസ്ഥാനമായി വര്‍ത്തിക്കുന്ന വിദ്യാഭ്യാസ ദര്‍ശനങ്ങളും വിലയിരുത്തപ്പെടേണ്ടതുണ്ട്. വിദ്യ മനുഷ്യനെ മൗലികമായി മാതൃകാപരമായ വ്യക്തിത്വമായി രൂപപ്പെടുത്തുകയാണ് വേണ്ടത് എന്ന് തന്നെയാണ് എല്ലാ ചിന്തകന്‍മാരും സമര്‍ത്ഥിച്ചിട്ടുള്ളത്. മനുഷ്യ ചരിത്രം പരിശോധിച്ചാല്‍ വിഞ്ജാനം മനുഷ്യാരംഭം മുതലേ മനുഷ്യന്റെ അടിസ്ഥാനമായി അവന്റെ കൂടെ പ്രയാണം ചെയ്ത ഒന്നാണ്. നല്ല വിദ്യാഭ്യാസത്തിലൂടെ നല്ല വ്യക്തിയും നല്ല വ്യക്തിയിലൂടെ ഒരു ഉദാത്തമായ കുടുംബവും അത്തരം കുടുംബങ്ങളിലൂടെ ഒരു ഉത്തമ സമൂഹവും അതിന്റെ വികാസമായി ക്ഷേമ ഐശ്വര്യങ്ങളുടെ ഒരു രാഷ്ട്രവും എന്നത് മനുഷ്യ ചരിത്രത്തിലൂടനീളം നിലനിന്നിട്ടുള്ള പുരോഗതിയുമായും, വികസനവുമായും ബന്ധപ്പെട്ടുള്ള കാഴ്ച്ചപ്പാടാണ്. ഈ കാഴ്ച്ചപ്പാടുകള്‍ക്ക് പ്രായോഗികമായി എന്തെല്ലാം വ്യതിചലനങ്ങള്‍ ഉണ്ടായിട്ടുണ്ടോ അവിടെയെല്ലാം ആ നാഗരികതയുടെ അധപതനവും സംഭവിച്ചതായി ചരിത്രത്തില്‍ നിന്ന് വായിച്ചെടുക്കാന്‍ സാധിക്കും.

വിജ്ഞാനത്തിന്റെ വിസ്‌ഫോടനം സംഭവിച്ച ആധുനിക കാലഘട്ടത്തിലും വിജ്ഞാനത്തെ നാഗരികതയുടെ ശരിയായ നിലനില്‍പ്പിന് എങ്ങനെ ഉപയോഗിക്കപ്പെടണം എന്ന ചര്‍ച്ച അനിവാര്യമാണ്. മനുഷ്യന്‍ ബാഹ്യമായി വികസിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ അവന്റെ ബാഹ്യ വളര്‍ച്ചക്ക് ഉപോല്‍പ്പകമായി അനുയോജ്യവും സമ്പൂര്‍ണ്ണവുമായ രീതിയില്‍ ആന്തരികവുമായ വളര്‍ച്ച അവനില്‍ സൃഷ്ട്ടിക്കുക എന്നതാണ് വിദ്യാഭ്യാസം നിര്‍വ്വഹിക്കേണ്ടത്. അതിലൂടെ ഉത്തമ സ്വഭാവും പെരുമാറ്റവുമുള്ള ഒരു വ്യക്തി രൂപപ്പെടുകയും തന്നോടും തന്റെ സഹജീവികളോടും കുടുംബത്തോടും സമൂഹത്തോടും എങ്ങനെ സഹവര്‍ത്തിത്വത്തിലേര്‍പ്പെടണമെന്നും അവന്‍ പഠിക്കുന്നു. അതിലുപരി പ്രത്യേകിച്ച് ആധുനിക കാലഘട്ടത്തില്‍ സന്തോഷകരവും സംതൃപ്തികരവുമായ ജീവിതത്തെ കെട്ടിപ്പടുക്കാനും സമൂഹത്തില്‍ തലയെടുപ്പോടുകൂടി ജീവിക്കാനുമുള്ള സാമ്പത്തിക സ്രോതസ്സും അവന്‍ കണ്ടെത്താന്‍ കഴിയുക വിദ്യാഭ്യാസത്തിലൂടെയാണ്. സമൂഹത്തിന്റെ ഭാഗമായി ജീവിക്കേണ്ട വ്യക്തി എന്ന നിലക്ക് ധാര്‍മ്മികമായും സദാചാരപരമായും മനുഷ്യനെ ഔന്നിത്ത്യത്തിലേക്ക് വളര്‍ത്തിയെടുക്കേണ്ടതാണ് വിദ്യാഭ്യാസം. ഈ കാഴ്ചപ്പാടില്‍ നിന്നുകൊണ്ട് നിലനില്‍ക്കുന്ന വിദ്യാഭ്യാസക്രമത്തെയും, അതിന്റെ ഉല്‍പന്നമായ മനുഷ്യ വിഭവങ്ങളെയും, അതിന്റെ ഗുണവും യോഗ്യതയും അനുസരിച്ച് വിലയിരുത്തിയാല്‍ വിദ്യാഭ്യാസത്തെ സംബന്ധിച്ച നിര്‍വ്വചനങ്ങളില്‍ നിന്നും തീര്‍ത്തും ഭിന്നമായ ഉല്‍പന്നങ്ങളാണ് സൃഷ്ട്ടിക്കപ്പെടുന്നതെന്ന് ദര്‍ശിക്കാന്‍ സാധിക്കും. ഇതിന്റെ കാരണം ചില വിദ്യാഭ്യാസ നിരൂപകരുടെ നിരീക്ഷണത്തില്‍ ആധുനിക വിദ്യാഭ്യാസത്തിന്റെ അടിത്തറയായി വര്‍ത്തിക്കുന്ന ദര്‍ശനങ്ങളില്‍ ചിലത് കയ്യൊഴിക്കപ്പെടുകയും മറ്റു ചിലത് അതിരുകവിഞ്ഞ സ്വാധീനം ചെലുത്തുന്നതും കൊണ്ടാണ്. ആധുനിക വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന ദര്‍ശനങ്ങളായ ആശയവാദവും (Idealism), യാഥാര്‍ത്ഥ്യവാദവും(Realism),പ്രകൃതിവാദവും(Naturalism), പ്രായോഗിക വാദവും(Pragmatism), അസ്തിത്വവാദവും(Existentialism) തുടങ്ങിയവയില്‍ പ്രായോഗികവാദവും യാഥാര്‍ത്ഥ്യവാദവും വിദ്യാഭ്യാസത്തെ നിര്‍വ്വചിക്കുന്നതില്‍ കൂടുതല്‍ സ്വാധിനം ചെലുത്തുന്നു.

പ്രപഞ്ചത്തെയും മനുഷ്യന്റെ ആന്തരിക പ്രചോദനമായ ആത്മാവിനെയും പരിഗണിക്കുന്ന ഒന്നാണ് ആശയവാദം. ദൈവത്തിന്റെ ഏറ്റവും അന്തിമമായതും ഉദാത്തവുമായ സൃഷ്ടി മനുഷ്യനാണെന്ന കാഴ്ചപ്പാട് ആശയവാദം മുന്നോട്ട് വെയ്ക്കുന്നുണ്ട്. മനുഷ്യനിലെ മൃഗീയതയെ നിഗ്രഹിച്ച് ഉജ്ജ്വലമായ ദൈവിക ഗുണങ്ങളുള്ള വ്യക്തിത്വത്തെ രൂപപ്പെടുത്തുക എന്നത് ആശയവാദത്തിന്റെ വിദ്യാഭ്യാത്തോടുള്ള സമീപനമാണ്. ഈ ദര്‍ശനത്തില്‍ അധ്യാപകന് ഒരു ഉത്തമ സ്ഥാനവുമുണ്ട്. പക്ഷെ യാഥാര്‍ത്ഥ്യവാദം നിലനില്‍ക്കുന്ന ഭൗതിക ലോകത്തിനെ മാത്രം പരിഗണിക്കുന്ന ശാസ്ത്രത്തെ മാത്രം അവലംബമാക്കുന്ന ഒന്നായതുകൊണ്ടു തന്നെ ഇന്ദ്രിയങ്ങള്‍കൊണ്ട് പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ സാധിക്കാത്ത ആത്മാവിനേയും ദൈവത്തെയും പരിഗണിക്കുന്നില്ല. പത്തൊമ്പതാം നൂറ്റാണ്ടില്‍ അമേരിക്കയിലെ ചിക്കാഗോയില്‍ ചാള്‍സ് പിയേഴ്‌സ് ആണ് പ്രയോഗവാദം മുന്നോട്ട് വെച്ചത്. പ്രായോഗികവാദത്തിന്റെ പ്രചാരകനായിരുന്ന ഷില്ലറുടെ മാനവിക പ്രയോഗവാദത്തിന്റെ (Humanistic Pragmatism) അടിസ്ഥാനത്തില്‍ ഒരാളുടെ ഉദ്ദേശത്തെ നിറവേറ്റുകയും ആഗ്രഹങ്ങളെ തൃപ്തിപ്പെടുത്തുകയും ജീവിതത്തെ വികസിതമാക്കുകയും ചെയ്യുന്നത് എന്താണോ അതാണ് സത്യം അഥവാ യാഥാര്‍ത്ഥ്യം എന്ന കാഴ്ചപ്പാടിലാണ് പ്രയോഗവാദം വിദ്യാഭ്യാസത്തെ സമീപിക്കുന്നത്. ആശയവാദത്തിന്റെ അസാന്നിധ്യത്തില്‍ പ്രയോഗവാദം കേവലം ജടിക താല്‍പര്യങ്ങളുടെ പൂര്‍ത്തീകരണത്തിന് പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടം വ്യക്തികളെയാണ് രൂപീകരിക്കുക.

ഈ ഭൗതികലോകത്തെ മാത്രം യാഥാര്‍ത്ഥ്യമായി അംഗീകരിക്കുന്ന യാഥാര്‍ത്ഥ്യവാദവും മനുഷ്യന്റെ ഉദ്ദേശ്യങ്ങളെയും ആഗ്രഹങ്ങളെയും മാത്രം തൃപ്തിപ്പെടുത്തുന്ന പ്രയോഗവാദവും സമന്വയിക്കുമ്പോള്‍ ദൈവികബോധവും ആത്മാവും നഷ്ടപ്പെട്ട മനുഷ്യജീവികള്‍ വിദ്യാഭ്യാസത്തിലൂടെ സൃഷ്ടിക്കപ്പെടുന്നു. ഇതുതന്നെയാണ് നമ്മുടെ സമൂഹത്തില്‍ ധാരാളമായി കാണുന്നു. ഇതിലൂടെ ദൈവികസൃഷിടികളിലെ ശ്രേഷ്ഠ സൃഷ്ടി എന്ന പദവി നിരാകരിക്കപ്പെടുകയും മറ്റുജീവികളില്‍ നിന്ന് വ്യത്യസ്തമായ കഴിവുകളുള്ളതോടൊപ്പം, മൃഗങ്ങളെപ്പോലെയോ ചിലപ്പോള്‍ അതിനേക്കാള്‍ അധപതിച്ചോ ജീവിക്കുക എന്നത് മനുഷ്യന്റെ ജീവിതകാഴ്ചപ്പാടായി മാറുകയും ചെയ്യുന്നു. കമ്പോളത്തിനനുസൃതമായ വിവരസാങ്കേതിക തൊഴിലാളികള്‍ മാത്രമാണ് ഇന്നത്തെ വിദ്യാഭ്യാസത്തിലൂടെ പുറത്ത് വരുന്നത്. ഇങ്ങനെ രൂപപ്പെട്ട ഒരു സമൂഹത്തിന്റെ ജീവിതരീതികളില്‍ നിന്ന് മൊത്തം മനുഷ്യരുടെ സാമൂഹികജീവിതം സുരക്ഷിതമാക്കാന്‍ നിയമങ്ങള്‍ നിര്‍മ്മിക്കുന്നത് കൊണ്ട് മാത്രം പ്രയോജനമുണ്ടാവുകയില്ല എന്നാണ് വര്‍ധിച്ച് വരുന്ന കുറ്റകൃത്യങ്ങളും സാമൂഹിക അരക്ഷിതാവസ്ഥയും അതിലൂടെ സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്ന അരാജകത്വവും നമ്മോട് പറയുന്നത്.

പലപ്പോഴും ഇന്ത്യയുടെ സനാതന മൂല്യങ്ങളും ആധ്യാത്മിക കാഴിചപ്പാടുകളും യൂറോപ്പ്യന്‍ സെക്യുലറിസത്തിന്റെ മതനിരാസ യുക്തിയുടെ കടന്നുകയറ്റത്തില്‍ നിഷ്ഫലമാകുന്നുണ്ട്. ഇന്ത്യയുടെ മതേതര സങ്കല്‍പ്പം മതനിരപേക്ഷമാണ്. അതുകൊണ്ട് ഇന്ത്യയിലെ വിവിധ ആത്മീയ മതകാഴ്ചപ്പാടുകള്‍ക്ക് സമൂഹരൂപകല്‍പനയില്‍ മഹത്തായ സേവനം അര്‍പ്പിക്കാനുണ്ട്. വ്യക്തിക്കും ദൈവത്തിനും ഇടയില്‍ പൗരോഹിത്യത്തിന്റെ ഇടനിലവേഷം അഴിപ്പിച്ചുവെക്കുവാന്‍ രംഗപ്രവേശം ചെയ്ത യൂറോപിന്റെ മതേതരത്വം യഥാര്‍ത്ഥത്തില്‍ പൗരോഹിത്യത്തെ നിരാകരിക്കുന്നതിനിടയില്‍ മൂല്യങ്ങളെയും കയ്യൊഴിയുകയായിരുന്നു. ഈയൊരു പ്രവണത വേദദര്‍ശനങ്ങളുടെ മഹത്തായ പാരമ്പര്യമുള്ള ഇന്ത്യയുടെ സംസ്‌കാര രൂപീകരണത്തില്‍ ഇടനിലക്കാരനായി വര്‍ത്തിക്കുന്നതുകൊണ്ടാണ്  പരമ്പരാഗത മൂല്യബോധത്തിനപ്പുറത്ത് പടിഞ്ഞാറിന്റെ കമ്പോള താല്‍പര്യങ്ങള്‍ നമ്മുടെ സാമൂഹിക ഘടനയെ പിടിച്ചുലക്കുന്നത്. ശോഭനമായ ഒരു സമൂഹത്തെയും നാഗരികതയെയും സൃഷ്ടിക്കുവാനും വിദ്യാഭ്യാസ ക്രമത്തിന്റെ അടിസ്ഥാനമായി വര്‍ത്തിക്കുന്ന ഒരു ദര്‍ശനത്തെ രൂപപ്പെടുത്തിയെടുക്കാനും നമ്മുടെ വിദ്യാഭ്യാസ വിചക്ഷണന്‍മാരും ചിന്തകന്‍മാരും ഭരണകൂടവും മുന്നോട്ടുവരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

Related Articles