Current Date

Search
Close this search box.
Search
Close this search box.

ക്രൈസ്റ്റ്ചര്‍ച്ച് ഭീകരാക്രമണം ഒരാണ്ട് പിന്നിടുമ്പോള്‍

ലോകത്തെ ഒന്നടങ്കം ഞെട്ടിച്ച ന്യൂസ്‌ലാന്റിലെ ക്രൈസ്റ്റ് ചര്‍ച്ച ഭീകരാക്രമണത്തിന് മാര്‍ച്ച് 15ന് ഒരു വര്‍ഷം തികയുകയാണ്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 15നായിരുന്നു ബ്രന്റണ്‍ ടാറന്റ് എന്ന 28കാരന്‍ ക്രൈസ്റ്റ്ചര്‍ച്ചിലെ രണ്ട് മുസ്‌ലിം പള്ളികളില്‍ കയറിച്ചെന്ന് വെള്ളിയാഴ്ച പ്രാര്‍ത്ഥനയിലായിരുന്ന(ജുമുഅ) വിശ്വാസികള്‍ക്ക് നേരെ നിറയൊഴിച്ചത്. ഇതിന്റെ വീഡിയോ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ തത്സമയം കാണിച്ചായിരുന്നു ക്രൂരത. വെടിവെപ്പില്‍ 51 പേര്‍ തല്‍ക്ഷണം മരിക്കുകയും 49 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഭീകരാക്രമണത്തിനു ശേഷം ന്യൂസ്‌ലാന്റ് ഭരണകൂടം കൈകൊണ്ട നടപടികളും നിലപാടുകളാണ് ആക്രമണത്തേക്കാളേറെ ലോകം ചര്‍ച്ച ചെയ്തത്. പ്രത്യേകിച്ചും ന്യൂസ്‌ലാന്റ് പ്രധാനമന്ത്രിയായ ജസീന്ത ആര്‍ഡെന്റെ ഇടപെടലുകള്‍. ആക്രമണത്തിനു പിന്നാലെ പള്ളിയില്‍ എത്തി മുസ്‌ലിം സഹോദരി സഹോദരന്മാരെ ആലിംഗനം ചെയ്യുകയും തന്റെയും സര്‍ക്കാരിന്റെയും എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് അറിയിക്കുകയും ചെയ്തു.

ക്രൈസ്റ്റ് ചര്‍ച്ചിലെ റിക്കാര്‍ടണിലെ അല്‍ നൂര്‍ മസ്ജിദിലേക്കാണ് ആക്രമി ആദ്യമെത്തിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.40ഓടെയായിരുന്നു അത്. പള്ളിക്ക് പുറത്ത് പാര്‍ക്ക് ചെയ്ത തന്റെ കാറില്‍ നിന്നും മെഷീന്‍ ഗണ്ണ് എടുക്കുന്നതും അതുമായി പള്ളിയെ ലക്ഷ്യമാക്കി വരുന്നതും വീഡിയോവില്‍ കാണാമായിരുന്നു. പള്ളി കവാടത്തില്‍ ഉണ്ടായിരുന്ന വൃദ്ധനായ ഒരാള്‍, ഹലോ ബ്രദര്‍ എന്നു ആക്രമിയെ അഭിസംബോധന ചെയ്യുന്നതും ലോകം വീഡിയോവില്‍ കണ്ടതാണ്. അദ്ദേഹത്തിനു നേരെ നിറയൊഴിച്ച് ബ്രന്റണ്‍ പള്ളിക്കകത്ത് ജുമുഅ ഖുത്വുബ ശ്രവിക്കുകയായിരുന്നവര്‍ക്ക് നേരെയും വെടിയുതിര്‍ത്തു. അവിടെ 42 പേരാണ് ചോരവാര്‍ന്ന് മരിച്ചത്. പിന്നാലെ 1.55ന് ലിന്‍വുഡ് ഇസ്ലാമിക് സെന്ററിലേക്ക് കടന്നുചെന്ന ആക്രമി അവിടെയുണ്ടായിരുന്ന വിശ്വാസികളെയും വെടിവെച്ചു കൊല്ലുകയായിരുന്നു. മൂന്നാമത്തെ പള്ളിയിലേക്ക് നീങ്ങുമ്പോള്‍ പൊലിസ് ബ്രന്റനെ കീഴ്‌പ്പെടുത്തുകയായിരുന്നു.

Also read: പ്രാർത്ഥനകൾ സ്വീകരിക്കപ്പെടുന്നത്

ഓസട്രേലിയയിലെ ഗ്രാഫ്റ്റണ്‍ സ്വദേശിയായ ബ്രന്റണ്‍ വെളുത്ത വംശീയവാദിയും തീവ്ര വലതുപക്ഷ വാദിയുമാണെന്നായിരുന്നു പിന്നീട് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. 51 പേരെ കൊന്നതിനും 41 പേര്‍ക്കെതിരെയുള്ള വധശ്രമത്തിനും കുറ്റം ചുമത്തി അദ്ദേഹത്തെ ഉടന്‍ തന്നെ അറസ്റ്റു ചെയ്തു. കൂടാതെ ഭീകരവാദക്കുറ്റവും അദ്ദേഹത്തിനെതിരെ ചുമത്തിയിരുന്നു. 2020 ജൂണിലാണ് ഇപ്പോള്‍ ജയിലില്‍ കഴിയുന്ന ബ്രന്റന്റെ വിചാരണ ആരംഭിക്കുക. ലോകത്തുടനീളം വര്‍ധിച്ചുകൊണ്ടിരിക്കുന്ന തീവ്രവലതുപക്ഷ വംശീയതയും വെളുത്ത വംശീയതയുടെയും ഉപോത്പന്നമാണ് ബ്രന്റണും എന്നതില്‍ സംശയമില്ല. 2015 മുതലാണ് ആഗോളതലത്തില്‍ ഈ വര്‍ഗ്ഗീയത ആളിപ്പടരാന്‍ തുടങ്ങിയത്. യൂറോപ്യന്‍ രാജ്യങ്ങളിലെ തീവ്ര വലതുപക്ഷ സംഘടനകളുമായി അദ്ദേഹത്തിന് ബന്ധമുള്ളതായി പിന്നീട് പൊലിസ് പറഞ്ഞു. അതിന്റെ തെളിവായിരുന്നു താന്‍ ചെയ്യുന്ന പ്രവൃത്തി ലോകത്തിന് കാണിച്ചുകൊടുത്ത് ആസ്വദിക്കുക എന്ന മനോഭാവം.

‘ആക്രമണത്തെ ശക്തമായി അപലപിക്കുന്നു, ഇത് ന്യൂസ്‌ലാന്റിന്റെ കറുത്ത ദിനങ്ങളിലൊന്നായി അവശേഷിക്കും’ എന്നായിരുന്നു പ്രധാനമന്ത്രി ആദ്യമായി പ്രതികരിച്ചത്. തുടര്‍ന്ന് ആക്രമണത്തെക്കുറിച്ച് സ്വതന്ത്രമായി അന്വേഷിക്കാന്‍ റോയല്‍ കമ്മിഷനെ നിയോഗിക്കുകയും ചെയ്തു. പിന്നീട് നടന്ന ജുമുഅ ഖുത്വുബ കേള്‍ക്കാനും അതില്‍ പങ്കെടുക്കാനും ജസീന്ത എത്തിയതും വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. പ്രധാനമന്ത്രി മാത്രല്ല ആ രാജ്യമൊന്നടങ്കം കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നതും അവരുടെ കുടുംബങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനും ലോകം സാക്ഷിയായി. കഴിഞ്ഞില്ല, അവരെല്ലാം ഐക്യദാര്‍ഢ്യമര്‍പ്പിച്ചത് മുസ്ലിംകളുടെ വേഷവിധാനത്തോടെയും തലയില്‍ തട്ടമിട്ടുമായിരുന്നു.

Also read: കൊറോണ ബാധിച്ച നാസ്തികത

പൊതുവെ ഭീകരാക്രമണങ്ങളും തീവ്രവാദ ഭീഷണികളും കുറഞ്ഞ ന്യൂസ്‌ലാന്റില്‍ വിവിധ മതവിഭാഗങ്ങള്‍ പരസ്പരം ബഹുമാനത്തോടെയും സ്‌നേഹത്തോടെയുമാണ് കഴിഞ്ഞിരുന്നത്. ഈ സഹിഷ്ണ്തയും ഐക്യവും തകര്‍ക്കുക എന്നത് കൂടിയാണ് ആക്രമികളുടെ ലക്ഷ്യം. ന്യൂസ്‌ലാന്റ് ജനസംഖ്യയില്‍ വെറും 1.2 ശതമാനം മാത്രമേ മുസ്ലിംകള്‍ ഉള്ളൂ. അതായത് കേവലം 57,000 പേര്‍. അവിടെ നിന്നാണ് സഹിഷ്ണുതയുടെയും സഹവര്‍ത്തിത്വത്തിന്റെയും കാഴ്ചകള്‍ നാം കണ്ടത്. ഇന്നത്തെ കാലത്ത് ലോകത്തിന് തന്നെ മാതൃകയാക്കാവുന്ന ഇടപെടലുകളാണ് ന്യൂസ്‌ലാന്റ് ഭരണാധികാരികളില്‍ നിന്നും അവിടുത്തെ ജനതയില്‍ നിന്നും ഉണ്ടായത് എന്ന് നിസ്സംശയം പറയാം. ആധുനിക ലോകത്തിന് അനവധി പാഠം പഠിപ്പിക്കുകയായിരുന്നു ന്യൂസ്‌ലാന്റ്.

Related Articles