Current Date

Search
Close this search box.
Search
Close this search box.

വംശീയത, മുതലാളിത്തം, ഇസ്‌ലാം -മാൽക്കം എക്‌സ് പറയുന്നു

‘നേഷൻ ഓഫ് ഇസ്ലാമി’ന്റെ മുഖ്യ വക്താവെന്ന നിലയിൽ പ്രശസ്തനായ പ്രമുഖ മനുഷ്യാവകാശ പ്രവർത്തകനായിരുന്നു മാൽക്കം എക്സ്. യു.എസിൽ കറുത്തവർഗക്കാരുടെ പ്രസ്ഥാനത്തിന് അടിത്തറ പാകുകയും, ശാക്തീരണത്തിന് വാദിക്കുകയും ചെയ്ത മനുഷ്യാവകാശ പ്രവർത്തകനെന്ന നിലയിലാണ് മാൽക്കം എക്‌സ് അംഗീകരിക്കപ്പെടുന്നത്. 1965ൽ ഹാർലെമിലെ ഓഡുബോൺ ബോൾറൂമിൽ പ്രസംഗിച്ചുകൊണ്ടിരിക്കെയാണ് മാൽക്കം എക്‌സ് കൊല്ലപ്പെട്ടതെന്ന് അദ്ദേഹത്തിന്റെ ജീവചരിത്രം വ്യക്തമാക്കുന്നു. അത് 1965 ഫെബ്രുവരി 21ന് 3:30നായിരുന്നു. ഇന്ന് ജീവിച്ചിരിക്കുകയാണെങ്കിൽ അദ്ദേഹത്തിന് 96 വയസ്സുണ്ടാകുമായിരുന്നു.

മാൽക്കം എക്സിന്റെ പ്രസിദ്ധമായ ചില ഉദ്ധരണികളാണ് താഴെ നൽകുന്നത്.

മാധ്യമങ്ങളെ കുറിച്ച് പറഞ്ഞത്:

‘റൂട്ട്‌സി’ന്റെ (Roots) ഗ്രന്ഥകാരനായ അലക്‌സ് ഹേലിയ്‌ക്കൊപ്പം എഴുതിയ തന്റെ ആത്മകഥയിൽ (1965ൽ മാൽക്കം എക്‌സിന്റെ മരണം ശേഷമാണിത് പ്രസിദ്ധീകരിക്കപ്പെടുന്നത്) മാൽക്കം എക്‌സ് പറയുന്നു;
‘നിങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ, അടിച്ചമർത്തപ്പെടുന്ന ആളുകളെ വെറുക്കാനും, അടിച്ചമർത്തുന്ന ആളുകളെ സ്‌നേഹിക്കാനും പത്രങ്ങൾ നിങ്ങളെ പഠിപ്പിക്കും.’

‘ഭൂമിയിലെ ഏറ്റവും ശക്തമായ അസ്തിത്വമാണ് മാധ്യമങ്ങൾ. നിരപരാധികളെ കുറ്റക്കാരനാക്കാനും, കുറ്റക്കാരനെ നിരപരാധികളാക്കാനും അവർക്ക് അധികാരമുണ്ട്, അതാണ് അധികാരം. കാരണം, അവർ ജനമനസ്സുകളെ നിയന്ത്രിക്കുന്നവരാണ്.’

പഠനത്തെയും വിദ്യാഭ്യാസത്തെയും കുറിച്ച് പറഞ്ഞത്:

1964 ജൂൺ 28ന് ‘ആഫ്രോ-അമേരിക്കൻ യൂണിറ്റി’ സംഘടനയുടെ രൂപീകരണ റാലിക്കിടെ നടത്തിയ പ്രസംഗത്തിൽ മാൽക്കം എക്‌സ് പറഞ്ഞു;
‘മനുഷ്യാവകാശത്തിന് വേണ്ടിയുള്ള പോരാട്ടത്തിൽ വിദ്യാഭ്യാസം പ്രധാന ഘടകമാണ്. ഇത്, നമ്മുടെ കുട്ടികൾക്കും നമ്മുടെ ജനതക്കും അവരുടെ അസ്തിത്വം വീണ്ടും കണ്ടെത്താനും അതുവഴി അവരുടെ ആത്മാഭിമാനം വളർത്താനും സഹായിക്കുന്നതിനുള്ള മാർഗമാണ്.’

‘വിദ്യാഭ്യാസം ഭാവിയിലേക്കുള്ള നമ്മുടെ പാസ്പോർട്ടാണ്. ഇന്ന് തയാറെടുക്കുന്നവർക്ക് മാത്രമാണ് നാളെയിൽ അതുള്ളത്.’

മുതലാളിത്തത്തെ കുറിച്ച് പറഞ്ഞത്:

ന്യൂയോർക്കിലെ ഓഡുബോൺ ബോൾറൂമിൽ നടത്തിയ അവസാന പ്രസംഗങ്ങളിലൊന്നിൽ മാൽക്കം എക്‌സ് പറഞ്ഞു;
‘നിങ്ങൾ എനിക്ക് മുതലാളിയെ കാണിച്ചുതരുന്നു, ഞാൻ നിങ്ങൾക്ക് ചോരകുടിയനെ കാണിച്ച് തരും.’

‘ആളുകളെ അടിച്ചമർത്തുകയും, ഭാരത്തിന് കീഴിൽ നിൽക്കാൻ കഴിയാത്തതിന് അവരെ ശിക്ഷിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തോട് കരുണയോ അനുകമ്പയോ എനിക്കില്ല.’

മാനവികതെയയും സഹാനുഭൂതിയെയും കുറിച്ച് പറഞ്ഞത്:

‘കറുപ്പോ, വെളുപ്പോ, തവിട്ടേ, ചുവപ്പോ എന്നില്ലാതെ എല്ലാ മനുഷ്യനെയും മനുഷ്യനായി അംഗീകരിക്കുന്നതിൽ ഞാൻ വിശ്വസിക്കുന്നു. നിങ്ങൾ ഒരു കുടുംബമെന്ന നിലയിൽ മനുഷ്യനുമായി ഇടപഴകുമ്പോൾ, സമന്വയത്തിന്റെയോ മിശ്രവിവാഹത്തിന്റെയോ യാതൊരു ചോദ്യവുമില്ല.’

‘ഒരാൾ മറ്റൊരാളെ വിവാഹം കഴിക്കുകയോ ഒരാൾ മറ്റൊരാൾക്കൊപ്പം ജീവിക്കുന്നതോ മാത്രമാണിത്.’

ഇസ്‌ലാമിനെ കുറിച്ച് പറഞ്ഞത്:

1991ൽ പുറത്തിറങ്ങിയ ‘Martin & Malcolm & America: A Dream or a Nightmare’ എന്ന പുസ്തകത്തിൽ താൻ ഇസ്‌ലാം മതം സ്വീകരിച്ചതിന്റെ കാരണം മാൽക്കം എക്‌സ് വിശദീകരിക്കുന്നുണ്ട്;

‘ഞാനൊരു മുസ്‌ലാണ്. കാരണം, ഇത് നിങ്ങളെ കണ്ണിന് കണ്ണും, പല്ലിനും പല്ലും എന്ന് പഠിപ്പിക്കുന്ന മതമാണ്, എല്ലാവരെയും ബഹുമാനിക്കാനും, എല്ലാവരോടും നന്നായി പെരുമാറാനും പഠിപ്പിക്കുന്നു. എന്നാൽ, ആരെങ്കിലും നിങ്ങളുടെ കാൽവിരലിൽ ചവിട്ടുകയാണെങ്കിൽ, അവരുടെ കാൽപാദം വെട്ടിമാറ്റാനും പഠിപ്പിക്കുന്നു. ഞാൻ എന്റെ ‘മതപരമായ കോടാലി’ എപ്പോഴും എന്നോടൊപ്പം വഹിക്കുന്നു.’

‘അമേരിക്ക ഇസ്‌ലാമിനെ കുറിച്ച് മനസ്സിലാക്കേണ്ടതുണ്ട്, കാരണം, സമൂഹത്തിൽ നിന്ന് വംശീയ പ്രശ്‌നത്തെ തുടച്ചുനീക്കിയ ഒരേയൊരു മതമാണിത്. മുസ്‌ലിം ലോകത്തെ എന്റെ യാത്രയിലുടനീളം, അമേരിക്കയിൽ വെളുത്തവരായി കണക്കാക്കുമായിരുന്ന ആളുകളെ ഞാൻ കാണുകയും സംസാരിക്കുകയും അവർക്കൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, ഇസ്‌ലാം മതത്തിലൂടെ വെള്ളക്കാരനെന്ന മനോഭാവം അവരുടെ മനസ്സിൽ നിന്ന് നീക്കം ചെയ്യപ്പെടുകയായിരുന്നു.’

Related Articles