“പള്ളിക്ക് വേണ്ടി അദ്ദേഹത്തിന്റെ വീട് പൊളിച്ചുമാറ്റാനും സ്ഥലം പകരം കൊടുക്കാനും അദ്ദേഹത്തിന്റെ സമ്മതത്തോടെയല്ലാതെ നിങ്ങൾക്ക് അവകാശമില്ല.” ചരിത്രത്തിൽ ആദ്യമായാണ് ഒരു ജഡ്ജ് രാജ്യത്തെ പ്രഥമ പൗരനോട് ഇങ്ങനെ സംസാരിക്കുന്നത്. നാടിന്റെ വികസനത്തിന് വേണ്ടി പഞ്ചപ്പാവങ്ങളുടെ ചേരികൾ ഒറ്റ രാത്രികൊണ്ട് പൊളിച്ചു മാറ്റുന്ന നമ്മുടേത് പോലുള്ള കോടതി തീരുമാനമായിരുന്നില്ല നട്ടെല്ലുറപ്പുള്ള ആ ജഡ്ജിയുടെ പ്രഖ്യാപനം.
ഹിജ്‌റ വർഷം 17 ന് മർവയുടെ ഭാഗത്ത് നിന്ന് മസ്അയിലേക്ക് ഒലിച്ചു വന്ന ശക്തമായ പ്രളയത്തിൽ കഅ്ബയും പരിസരവും
വെള്ളത്തിൽ മുങ്ങി , ത്വവാഫ് ചെയ്തു കൊണ്ടിരുന്ന ഒരു സ്ത്രീ ഒലിച്ചു പോയി അവരുടെ മൃതശരീരം ദിവസങ്ങൾക്ക് ശേഷം താഴെ താഴ്വരയിൽ നിന്നാണ് ലഭിക്കുന്നത്. ഏതായാലും ഉമർ (റ) മനസ്സിൽ കണ്ട രണ്ടു പ്രധാന പള്ളികളുടെ പുനർ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഗതിവേഗം കൂട്ടിയ സംഭവമായിരുന്നു അത്. തുടർന്ന് പണിക്കുള്ള ആലോചന നടക്കുന്നതിന്റെ ഭാഗമായാണ് അബ്ബാസ് (റ) നോട് ഖലീഫ ഉമർ (റ) ഇക്കാര്യം സൂചിപ്പിച്ചത് :
“വിശുദ്ധ ഭവനത്തിന്റെ വികാസത്തിന് വേണ്ടി മസ്ജിദുന്നബവിയുടെ ചാരെയുള്ള താങ്കളുടെ വീട് പൊളിക്കേണ്ടി വരും. മദീനയുടെ എവിടെയും താങ്കൾക്കിഷ്ടപ്പെട്ടിടത്ത് വീടു പണിതു തരും” നിലവിലുള്ള പള്ളി വളരെ ചെറുതാണെന്നും ദിനംപ്രതി നിരവധി പേർ സന്ദർശിക്കാനും മറ്റും വരുന്ന മസ്ജിദുന്നബവി എത്രയും പെട്ടെന്ന് വികസിപ്പിക്കേണ്ടതുണ്ടെന്നും എല്ലാവരേയും പോലെ അബ്ബാസി (റ) നും ബോധ്യമുണ്ട്. പക്ഷേ തന്റെ വേണ്ടപ്പെട്ടവനായ തിരുമേനി അന്തിമ വിശ്രമം കൊള്ളുന്നയിടം വിട്ടു പോവാൻ പിതൃവ്യന്റെ മനസ് സമ്മതിക്കുന്നില്ല. മാത്രമല്ല നാല്പത് നേരത്തെ നമസ്കാരം സ്വർഗലബ്ധിക്ക് പര്യാപ്തമെന്ന് പഠിപ്പിക്കപ്പെട്ട ഒരു പള്ളിയുടെ സാമിപ്യമൊഴിവാക്കാൻ മാത്രം പ്രലോഭിപ്പിക്കുന്നതായിരുന്നില്ല ഖലീഫയുടെ ഓഫർ . അദ്ദേഹമത് വെട്ടിത്തുറന്ന് പറഞ്ഞു:
“ഉമർ, ഞാനതിന് നിങ്ങളെ അനുവദിക്കില്ല.”
ഉമർ : “എങ്കിൽ നമുക്ക് കോടതിയിൽ പോകേണ്ടിവരും. നിങ്ങൾക്കിഷ്ടപ്പെട്ട ഏതെങ്കിലും ജഡ്ജിയായിക്കോട്ടേ”
അബ്ബാസ് : “ന്യായാധിപനായി ശുറൈഹിനെ തിരഞ്ഞെടുക്കാം.”
ഉമർ : “ഞാൻ സമ്മതിക്കുന്നു.”
അബ്ബാസ് :” എന്നാലദ്ദേഹത്തെ കൊണ്ടുവരൂ ”
ഉമർ : “പറ്റില്ല , നമുക്കാണാവശ്യം ; നമ്മളദ്ദേഹത്തിന്റെ അടുത്തേക്ക് പോവുകയാണ് വേണ്ടത് ”
അങ്ങിനെ രണ്ടു പേരും അന്നത്തെ കോടതി സംവിധാനമായ ദാറുൽ ഖദാഇലെത്തി.
ഉമറിനെ കണ്ടതും ശുറൈഹ് ആഹ്ലാദത്തോടെ സ്വാഗതം ചെയ്തു :
“യാ അമീറൽ മുഅ്മിനീൻ ”
ഉമർ ജഡ്ജിയെ തിരുത്തി : “അമീറും ഖലീഫയുമെല്ലാം കോടതിക്ക് പുറത്ത്, ഇവിടെയെന്നെ ഉമർ എന്ന് മാത്രം വിളിച്ചാൽ മതി ”
ഹിയറിങ് ആരംഭിച്ചു; വാദിയേയും ഭരണാധികാരിയേയും ഒരുപോലെ ശ്രവിച്ച ജഡ്ജ് പറഞ്ഞതാണ് കുറിപ്പിന്റെ ആരംഭം.
“പള്ളിക്ക് വേണ്ടി അദ്ദേഹത്തിന്റെ വീട് പൊളിച്ചുമാറ്റാനും സ്ഥലം പകരം കൊടുക്കാനും അദ്ദേഹത്തിന്റെ സമ്മതത്തോടെയല്ലാതെ നിങ്ങൾക്ക് അവകാശമില്ല.” ബഹുമാനപ്പെട്ട ജഡ്ജി പറഞ്ഞത് പ്രഥമ പൗരനും സമ്മതമായിരുന്നു.
അതോടെ അബ്ബാസ് (അ) പറഞ്ഞു:
“എന്റെ പൂർണ സമ്മതത്തോടെ അല്ലാഹുവിന്റെ തൃപ്തിമാത്രമാഗ്രഹിച്ച് എന്റെ വീട് ഉപേക്ഷിക്കാൻ തീരുമാനിക്കുന്നു. ”
ഇതുപോലെ സർക്കാരും കോടതിയും വാദിയും സന്തോഷത്തോടെ സ്വീകരിച്ച കോടതി വിധി ലോകത്തുണ്ടായിട്ടുണ്ടോ എന്ന കാര്യം സംശയമാണ്. അതായിരുന്നു കോടതിയോ ഭരണാധികാരിയോ അല്ല, പ്രത്യുത പൊതുജനമാണ് വിധിക്കേണ്ടതെന്ന് ലോകത്തെ തെര്യപ്പെടുത്തിയ മഹാ സംഭവം. ഇതോടെ ഉയർന്നത് ഭരണകൂടത്തിന്റേയും കോടതിയുടേയും വിശ്വസ്തതയുടെ റേഞ്ച് മാത്രമല്ല ആ ജഡ്ജിയുടെ പദവി കൂടിയാണ്.
നബിയുടെ കാലത്ത് ജീവിച്ചിരുന്ന ചുരുക്കം ചില താബിഉകളിൽ പെട്ട പ്രത്യുത്പന്നമതിയായ ജഡ്ജിയായിരുന്നു ശുറൈഹ് (റ) . ജന്മനാടായ ഹദറമൗതിൽ വെച്ച് പ്രവാചകന്റെ അനുചരനായ അലി (റ)യെ കണ്ടുമുട്ടിയതാണ് അദ്ദേഹത്തിന്റെ ഇസ്ലാമാശ്ലേഷണത്തിന്റെ കാരണം. വാക്കും പ്രവർത്തിയും ഒന്നായ പ്രബോധകർ സാധിച്ചെടുക്കുന്ന വിപ്ലവത്തിന്റെ അര നൂറ്റാണ്ടിലേറെ നീണ്ടു നിന്ന അനുരണനമായിരുന്നു ശുറൈഹിന്റെ ജീവിതം. അദ്ദേഹം മദീനത്ത് പലതവണ വന്നപ്പോഴും നബി (സ) പല കാരണങ്ങളാൽ പുറത്തായിരുന്നതിനാലാണ് സാങ്കേതികമായി അദ്ദേഹം സ്വഹാബി ആവാഞ്ഞത്.
അബൂബക്ർ (റ) ന്റെ കാലം മുതൽ ഉമറു ബ്നു അബ്ദിൽ അസീസിന്റെ കാലം വരെ ഇസ്ലാമിലെ ചോദ്യം ചെയ്യപ്പെടാത്ത ജഡ്ജിയായി അറിയപ്പെട്ട ശുറൈഹ് ഹിജ്റ 104 ൽ അന്തരിക്കുന്നതിന് തൊട്ടു മുമ്പത്തെ വർഷം വരെ ചീഫ് ജഡ്ജിയായിരുന്ന അദ്ദേഹം സത്യസന്ധമായ നീതി നിർവ്വണത്തിന്റെ മഹാമേരുവായി ഇസ്ലാമിക ചരിത്രത്തിൽ നിറഞ്ഞ് നിൽക്കുന്നു.