Current Date

Search
Close this search box.
Search
Close this search box.

ഹിജ്റ, നവലോകക്രമത്തിലേക്കുള്ള സഞ്ചാരമാണ്

ത്യാഗം ഉന്നതമായ മാനവിക മൂല്യമാണ് . എന്നാൽ ലക്ഷ്യത്തിന്റെ പവിത്രതയാണ് ത്യാഗത്തെ മാതൃകാപരമാക്കുന്നത്. മോഷ്ടാവ് മോഷണം നടത്തുന്നതിന് ആസൂത്രണവും ത്യാഗവും നിർവഹിക്കാറുണ്ട്. എന്നാൽ മോഷ്ടാവിന്റെ ത്യാഗം ആരും അമൂല്യമായി അവതരിപ്പിക്കാറില്ല. മഹിതമായ ലക്ഷ്യങ്ങൾക്ക് വേണ്ടി നിർവഹിക്കപ്പെടുമ്പോഴാണ് ത്യാഗം അവിസ്മരണീയമാവുന്നത്.

പ്രവാചക ചരിത്രത്തിലെ മദീനയിലേക്കുള്ള ഹിജ്റ ആവേശവും പ്രചോദനവും പകർന്നു നൽകുന്ന ആസൂത്രണത്തിന്റെയും ത്യാഗത്തിന്റെയും അദ്ധ്യായമാണ്. എന്നാൽ കേവലം ത്യാഗങ്ങളുടെയും ആസൂത്രണങ്ങളുടെയും കഥകൾ പറഞ്ഞ് ആത്മനിർവൃതിടയുന്നതിലൂടെ പൂർത്തിയാവുന്നതല്ല ഹിജ്റയിലെ പാഠങ്ങൾ. ആ യാത്ര ചരിത്രത്തെ മുഴവനും മാറ്റി മറിച്ചു. ഇസ്ലാമിക രാഷ്ട്രത്തിന് അടിത്തറ പാകി. അതുവഴി മദീനയെ മാത്രമല്ല, ലോകത്തെ മുഴവൻ സ്വാധീനിക്കാൻ മാത്രം ശക്തമായ, അന്യൂനമായി ഇസ്ലാമിന്റെ പ്രതിനിധാനം നിർവ്വഹിക്കുന്ന സമൂഹത്തിന്റെ സംവിധാനം സാധ്യമായി. ഇങ്ങനെയുള്ള ഒരു യാത്ര കേവലം ഉപരിപ്ലവമായി മാത്രം വിലയിരുത്തുന്നത് ചരിത്രത്തോടുള്ള ശരിയായ സമീപനമല്ല.

കേവലം ഒളിച്ചോട്ടമായിരുന്നുവെങ്കിൽ അതിന് സവിശേഷമായ ഒരു പ്രാധാന്യവുമില്ല. രക്തസാക്ഷ്യത്തിന് നിര ന്തരം അനുയായികളെ പ്രേരിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്ത പ്രവാചകൻ അതിന് അവസരമൊരുങ്ങിയിട്ടും കാത്ത് നിൽക്കാതെ മദീനയെ ലക്ഷ്യമാക്കി യാത്ര തിരിച്ചത് എന്ത്കൊണ്ടായിരുന്നു? പ്രവാച ക ചരിത്രത്തിലെ മറ്റെല്ലാ സംഭവങ്ങൾക്കുമപ്പുറം സ്വഹാബത്ത് ഇസ്ലാമിക കാലഗണനയുടെ അടിസ്ഥാ നമായി ഹിജ്റയെ നിശ്ചയിക്കാൻ എന്ത് പ്രത്യേകതയാണതിനുള്ളത്.

ആരായിരുന്നു പ്രവാചകൻ(സ) ? എന്തായിരുന്നു അദ്ദേഹത്തിൻ്റെ ദൗത്യം ? ഹിജ്റയുടെ ലക്ഷ്യത്തെക്കുറിച്ച് അന്വേഷണം ഇവിടെ നിന്ന് ആരംഭിക്കണം.

മുഹമ്മദ് നബി മുഴവൻ മനുഷ്യരാശിയിലേക്കുമാണ് നിയോഗിതനായത്. അദ്ദേഹത്തിലൂടെ ദൈവിക സന്മാർഗ്ഗത്തിന്റെ പൂർണ്ണവും അന്തിമവുമായ രൂപം അല്ലാഹു അവതരിപ്പിച്ചു. അദ്ദേഹം അന്ത്യപ്രവാചകനാണ്. അദ്ദേഹത്തിന് ശേഷം പ്രവാചകനില്ല. അതിനാൽ അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തിൽ തന്നെ ഇസ്ലാം പൂർണ്ണമായും പ്രായോഗികമായി സ്ഥാപിക്കപ്പെടണം. എങ്കിൽ മാത്രമേ അത് ഇസ്ലമിന്റെ ചോദ്യം ചെയ്യപ്പെടാത്ത മാതൃകയാവുകയുള്ളു; പിൻതലമുറക്ക് അവലംഭവും. നുബുവ്വത്തിന്റെ പിൻബലമില്ലാത്ത ഏതൊന്നും ഇസ്ലാമിൽ വിമർശന വിധേയമാണ്. ഇസ്ലാമിന്റെ വിവിധ വശങ്ങൾ മറ്റാര് പ്രയോഗികമാക്കിയാലും അക്കാരണത്താൽ അത് സർവ്വാത്മനാ അംഗീകരിക്കപ്പെടുന്നതാവുകയില്ല. പ്രവാചകന്റെ സാന്നിദ്ധ്യത്തിൽ സ്ഥാപിക്കപ്പെടാത്ത ഏതൊരു വശവും ഇസ്ലാമിന്റെ അവിഭാജ്യമായ ഘടമായിത്തീരുകയില്ല. നുബുവ്വത്തിന്റെ അടിത്തറയിൽ നിന്നുള്ള വികാസത്തിന് മാത്രമേ ആധികാരികതയുള്ളു.

അതുകൊണ്ട് ദീനിനെ അതിന്റെ എല്ലാ വിശാലതയോടും കൂടി പ്രയോഗവത്കരിക്കുകയെന്നത് അദ്ദേഹത്തിന്റെ ദൗത്യമായി നിശ്ചയിക്കപ്പെട്ടു. “അല്ലാഹുവാണ് തന്റെ ദൂതനെ നേർമാർഗ്ഗവും സത്യമതവുമായി നിയോഗിച്ചത്. മറ്റെല്ലാ ജീവിതക്രമങ്ങളെക്കാളും അതിനെ വിജയിപ്പിച്ചെടുക്കാൻ, ബഹുദൈവാരാ ധകർക്ക് അതെത്ര അനിഷ്ടകരമാണെങ്കിലും” (അസ്സ്വഫ് 9)

ജനങ്ങളെ മരണാനന്തര ജീവിതവിജയത്തിന് പ്രാപ്തരാക്കുകയെന്നത് പ്രവാചക ദൗത്യത്തിൽ മൗലിക പ്രധാനമാണ്. അതോടൊപ്പം ദൈവിക വ്യവസ്ഥക്ക് കീഴിൽ മാനവിക മൂല്യങ്ങളും മനുഷ്യാവകാ ശങ്ങളും വിലമതിക്കപ്പെടുന്ന ലോകത്തെ സംവിധാനിക്കുകയെന്നതും ഇസ്ലാമിന്റെ ഉദ്യേശമാണ്. പ്രാവാചകൻ(സ)യുടെ ഉത്തരവാദിത്വത്തെ കുറിച്ച് ‘ഇള്ഹാറുദ്ദീൻ’ എന്ന് ഖുർആൻ പരിചയപ്പെടുത്തിയതിലെ ഊന്നൽ അതാണ്. അതാണ് തന്റെ ദൗത്യ പൂർത്തീകരണത്തിലൂടെ സാധ്യമാകാൻ പോകുന്നതെന്ന് പ്രബോധനത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. കഅ്ബയുടെ ചാരത്ത് ഖബ്ബാബു(റ)മായി നടത്തിയ സംസാരത്തിനിടെ അദ്ദേഹം പറഞ്ഞു. “അല്ലാഹുവാണ, അവൻ ഈ ദീനിനെ പൂർത്തീകരിക്കുക തന്നെ ചെയ്യും. അല്ലാഹുവിനെയും തന്റെ ആടുകളെ പിടികൂടുന്ന ചെന്നായയെയുമല്ലാതെ മറ്റൊന്നിനെയും ഭയക്കാതെ ‘സൻആ’ മുതൽ ‘ഹദർമൗത്ത്’ വരെ ഒരു യാത്രക്കാരന് നിർഭയമായി സഞ്ചരി ക്കാൻ കഴിയുന്ന സാഹചര്യം സംജാതമാകും.”

ഈ സാമൂഹിക ഘടനയെ സ്ഥാപിച്ചെടുക്കുന്നതുകൂടി ലക്ഷ്യമാക്കിയുള്ളതായിരുന്നു പ്രവാച കന്റെ പ്രവർത്തനങ്ങൾ. മക്കയിൽ രഹസ്യമായും പിന്നീട് പരസ്യമായും പ്രബോധന പ്രവർത്തനങ്ങൾ നിർവ്വഹിച്ച പ്രവാചകന് പക്ഷെ, ഈ സാമൂഹിക ഘടനയുടെ സംവിധാനം മക്കയിൽ തൽക്കാലം സാധ്യമാവുകയില്ലെന്ന് ബോധ്യപ്പെട്ടു. ആശയ പ്രബോധനം സ്വതന്ത്രമായി നിർവ്വഹിക്കപ്പെടുമ്പോൾ മാത്രമാണ് അതിന് വഴിയൊരുങ്ങുന്നത്. ഇസ്ലാമിന്റെ സാമൂഹിക വിപ്ലവവും രാഷ്ട്രനിർമ്മിതിയും പൊടുന്നനെയുള്ള അട്ടിമറിയിലൂടെയോ സൈനിക ഇടപെടലിലൂടെയോ സാധിക്കേണ്ടതല്ല. ആശയ പ്രബോധനവും പ്രചാര ണവുമാണ് അതിന് അടത്തറയിടേണ്ടത്. ദിവസങ്ങൾ കഴിഞ്ഞുപോകുന്നതനുസരിച്ച് മക്കയിൽ ഇസ്ലാമിക പ്രബോധനത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ടുകൊണ്ടിരുന്നു. അത്തരമൊരു സാഹചര്യത്തിൽ തന്റെ നവലോകത്തിന് അടിത്തറയിടുക പ്രയാസകരമയിരിക്കുമെന്ന് ബോധ്യപ്പെട്ട പ്രവാചകൻ അതിനെ തുടർന്ന് അനുയോജ്യമായ മറ്റു പ്രദേശങ്ങൾ പരതിതുടങ്ങി.

ആദ്യം മനസ്സിൽ വന്നത് എത്യോപ്യയായിരുന്നു. അവിടുത്തെ ഭരണാധികാരി നീതിമാനായിരുന്നു എന്നതാണ് അതിനു കാരണം. അങ്ങനെ കുറച്ച് അനുയായികളെ അവിടേക്കയച്ചു. രാജാവ് നജ്ജാശി മുസ്ലിംകൾക്ക് അഭയം നൽകിയെങ്കിലും ക്രൈസ്തവ പാതിരിമാരുടെ ശക്തമായ സ്വാധീനം നിലനിൽക്കുന്നതിനാൽ അവിടം ഇസ്ലാമിന് വേരോട്ടം ലഭിക്കുക എളുപ്പമായിരുന്നില്ല. ത്വാഇഫും ഒരു ഘട്ടത്തിൽ അദ്ദേഹത്തിന്റെ അന്വേഷണത്തിൽ വന്നിട്ടുണ്ട്. എന്നാൽ സത്യത്തിന്റെ പതാക ഉയർത്തി പിടിക്കാൻ മക്കക്കാരെക്കാൾ അയോഗ്യരാണ് തങ്ങളെന്ന് അവർ തെളിയിച്ചു. അതിനാൽ അന്യേഷണം തുടർന്നു. മക്കയിൽ വിദേശികൾ എത്തിപ്പെടുന്ന ചന്തകളുടെയും ഹജ്ജിന്റെയും സന്ദർഭങ്ങൾ അതിന് വേണ്ടി പ്രവാചകൻ പ്രയോജനപ്പെടുത്തി. വിദേശികൾക്കിടയിൽ ഇസ്ലാമിനെ അവതരിപ്പിച്ചു. അതിനിടയിലാണ് മദീനയിലെ യാത്രാ സംഘവുമായി അദ്ദേഹം സന്ധിക്കുന്നത്. ഒന്നാം അഖബാ ഉടമ്പടിക്ക് ശേഷം മദീനയിലെ വിശ്വാസികൾക്ക് നേതൃത്വം നൽകാൻ അവരുടെ ആവശ്യപ്രകാരം മുസ്അബ്ബ്നു ഉമൈർ നിശ്ചയിക്കപ്പെട്ടു. ഇസ്ലാമിക രാഷ്ട്ര നിർമ്മാണത്തിന് പ്രവാചകന്റെ പാദമുറപ്പിക്കാൻ പരിസര മൊരുക്കുകയായിരുന്നു മുസ്അബിന്റെ നിയോഗദൗത്യം. രണ്ടാം അഖബാ ഉടമ്പടിയോടെ മദീനയാണ് ദൗത്യപൂർത്തികരണത്തിന് സാക്ഷിയാവേണ്ടതെന്ന് ബോധ്യമായി.

ഇക്കാലത്ത് പ്രവാചകനോട് അല്ലാഹു നിർദ്ദേശിച്ച പ്രാർഥനയും ഈ ലക്ഷ്യത്തിലേക്കാണ് സൂചന നൽകുന്നത്. “നീ പ്രാർഥിക്കുക: എന്റെ നാഥാ, നീ എന്റെ പ്രവേശനം സത്യത്തോടൊപ്പമാക്കേണമേ. എന്റെ പുറപ്പാടും സത്യത്തോടൊപ്പമാക്കേണമേ, നിന്നിൽ നിന്നുള്ള ഒരധികാര ശക്തിയെ എനിക്ക് സഹായിയായി നൽകേണമേ. നീ പ്രഖ്യാപിക്കുക. സത്യം വന്നു. മിഥ്യ തകർന്നു. മഥ്യ തകരാനുള്ളതു തന്നെ. (അൽ ഇസ്റാഅ് 80,81).

ഹിജ്റക്ക് തൊട്ടുമുമ്പ് അവതരിപ്പിക്കപ്പെട്ട ഖുർആനിലെ അൽ ഇസ്റാഅ് അധ്യായം നവലോകത്തിന്റെ നായകൻമാർക്ക് നൽകപ്പെടുന്ന ഉപദേശ നിർദ്ദേശങ്ങൾ ഉൾക്കൊള്ളുന്നു. നേതൃത്വം ലഭിച്ചാൽ സ്വീകരിക്കേണ്ട നിലപാടുകൾ ബനൂഇസ്രാഈലുകളുടെ ചരിത്രം മുൻനിർത്തി വിവരിക്കുന്നു. അവർക്ക് സംഭവിച്ച അബന്ധങ്ങളെ ഒർമ്മപ്പെടുത്തുന്നു. പ്രസ്തുത ജനതയുടെ സാമൂ ഹിക സാസ്കാരിക ധർമികാവസ്ഥകൾ എങ്ങനെയായിരിക്കണമെന്ന് അക്കമിട്ട് നിരത്തുന്നു. ഇതെല്ലാം ഹിജ്റ വഹ് യിന്റെ തണലിലുള്ള രാഷ്ട്ര നിർമ്മാണത്തിലേക്കുള്ള ആസൂത്രിതമായ ചുവടുവെപ്പാണെന്ന് വ്യക്തമാക്കുന്നു..

യാത്രക്കിടെ പ്രവാചകൻ സുറാഖത്തുബിനു മാലിക്കിനോട് നടത്തിയ സംസാരങ്ങളിലും ഹിജ്റ യുടെ ലക്ഷ്യം നിറഞ്ഞു നിൽക്കുന്നുണ്ട്. “നിന്റെ കൈകളിൽ കിസ്റയുടെ വളകൾ അണിയിക്കപ്പെട്ടാൽ എങ്ങനെയായിരിക്കും ? സുറാഖ അത്ഭുതത്തോടെ ചോദിച്ചു: “കിസ്റ ബ്നു ഹുർമുസ് ആണോ താങ്കൾ ഉദ്ദേശിച്ചത് ?’. പ്രവാചകൻ പറഞ്ഞു: “അതെ, കിസ്റ ബുനു ഹുർമുസ്’. അഭയാർഥിയായി യാത്ര തിരിച്ച വ്യക്തിക്ക് ഇങ്ങനെ ഒരു കാലത്തെകുറിച്ച് പ്രവചിക്കാനാവില്ല. മറിച്ച് നിർണിതമായ ലക്ഷ്യത്തിലേക്ക് തിക വുള്ള ആസൂത്രണത്തോടെ യാത്ര തിരിച്ച വിജയിയുടേതാണ് ആ വർത്തമാനങ്ങൾ.

ഹിജ്റക്ക് ശേഷം പ്രവാചകന്റെ മദീനയിലെ പ്രവർത്തനങ്ങളും ഇക്കാര്യത്തെ ബലപ്പെടുത്തുണ്ട്. ഇസ്ലാമിന്റെ കാഴ്ചപാടിലുള്ള ഒരു രാജ്യത്തെ രൂപപ്പെടുത്താനുള്ള പദ്ധതികളാണ് പിന്നിട് മദീനയിൽ നടപ്പിലാക്കപ്പെട്ടത്. ഇസ്ലാമിക രാഷ്ട്രത്തിന്റെ കേന്ദ്രമായി വർത്തിക്കുന്ന ഒരു പള്ളിയുടെ നിർമ്മാണമാണ് പ്രവാചകന്റെ പ്രഥമ പരിഗണനക്ക് വിധേയമയത്, ആരാധയുടെ മാത്രമല്ല, നീതിന്യായം, ഭരണ നിർവ്വഹണം, നിയമനിർമ്മാണം, സൈന്യം, സാമ്പത്തികം, ദാരിദ്ര്യ നിർമ്മാർജ്ജനം തുടങ്ങി സ്റ്റേറ്റിന്റെ ഉത്തരവാദിത്വ നിർവ്വഹണത്തിന്റെ ആസ്ഥാനമാണ് പള്ളി നിർമ്മാണത്തിലൂടെ സ്ഥാപിക്കപ്പെട്ടതെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.

തിരുമേനിയുടെ ആഗമനത്തോടെ മദീനയിൽ പ്രബോധന പ്രവർത്തനങ്ങൾക്ക് ആക്കം കൂടി. മാസങ്ങൾക്കുള്ളിൽ തന്നെ ഒരോ ഗോത്രത്തിലും ഒരോ വീട്ടിലും യുവാക്കാൾ പ്രസ്ഥാനത്തിന്റെ പ്രവർത്തനത്തിന് സ്വയം സമർപ്പിതാരായി മുന്നോട്ട് വന്നു. വ്യക്തി ബന്ധങ്ങൾക്കപ്പുറം സാമൂഹികമായ പ്രബോധനരീതികളും ആരംഭിച്ചു. എവിടെ നിന്നും ഇസ്ലാമിക സാമൂഹിക ഘടനയുടെ സ്ഥാപനത്തിന് പ്രതീക്ഷയേകുന്ന അനുകൂലമായ പ്രതികരണങ്ങളുണ്ടായി.

ഭദ്രമായ ഇസ്ലാമിക സമൂഹത്തിന്റെ സംവിധനം ലക്ഷ്യമാക്കിയുള്ള നടപടികളാണ് പിന്നീട് പ്രവാചകന്റെ ശ്രദ്ധാവിഷയം. ഇള്ഹാറുദ്ദീൻ സാധ്യമാകാൻ അത് ജീവിത ലക്ഷ്യമാക്കിയെടുത്ത ചെറുതെങ്കിലും ഭദ്രമയ ഒരു സമൂഹം ആവശ്യമാണ്. അവരാണ് ആ നിർമ്മാണ പ്രക്രിയയിലെ അടിസ്ഥാന വർഗ്ഗം. മക്കയിൽ നിന്ന് മദീനയിലെത്തിയ മഹാജിറുകളും മദീനയിൽ അവർക്ക് ആതിഥ്യമരുളിയ അൻസാറുകളെയും കറയറ്റ സാഹോദര്യത്തിൽ കോർത്തിണക്കി ആ സമൂഹത്തിന് പ്രവാചകൻ രൂപം നൽകി. അതുവരെ അവർ പരിചയിച്ച ബന്ധങ്ങളുടെ ഭൗതികമായ എല്ലാ മാനദണ്ഡങ്ങൾക്കുമപ്പുറം ആദർശവും ലക്ഷ്യവുമാണ് അവരെ ചേർത്തുനിർത്തിയത്.

തുടർന്ന് എല്ലാ പ്രബല വിഭാഗങ്ങളെയും കോർത്തിണക്കി മദീനയെ ഭദ്രമാക്കി. ജൂത ക്രൈസ്തവ വിഭാഗങ്ങളുമായി കരാറുകൾ രൂപപ്പെടുത്തി മദീനാ രാഷ്ട്രത്തെ പ്രഖ്യാപിച്ചു. ഭരണഘടന രേഖപ്പെടുത്തിയെടുത്തു. 15%ത്തിൽ താഴെമാത്രമുള്ള മുസ്ലിംകളും ജൂതൻമാരും ക്രൈസ്തവരും ചേർന്ന് സ്റ്റേറ്റിന്റെ എല്ലാ പ്രത്യേകതകളുമുള്ള ബഹുസ്വരത നിറഞ്ഞ് നിൽക്കുന്ന പ്രദേശമായി മദീന ചരിത്രത്തിൽ സ്ഥാനം പിടിച്ചു. മദീനയിൽ രൂപംകൊണ്ട നവ സാമൂഹിക ക്രമത്തിൽ ദൈവത്തിന്റെ പരമാധികാരം അംഗീകരിക്കപ്പെട്ടു. പ്രവാചക നേതൃത്വത്തിൽ ഭദ്രവും നിഷ്ക്രിഷ്ടവുമായ രാഷ്ട്രീയ – നീതിന്യായ വ്യവസ്ഥ സ്ഥാപിക്കപ്പെട്ടു. ദേശസുര ക്ഷയുടെ കാര്യത്തിൽ മദീനയിലെ മൂന്ന് (ജൂത-ക്രൈസ്തവ-മുസ്ലിം) വിഭാഗങ്ങളും സംഘടിത ശക്തിയായി പ്രവർത്തിക്കുമെന്ന് തീരുമാനിക്കപ്പെട്ടു.

ഹിജ്റക്ക് ശേഷം അവതീർണ്ണമായ ഖുർആൻ വാക്യങ്ങൾ സാമൂഹികവും രാഷ്ട്രീയ പ്രധാനവുമായ നിയമനിർദ്ദേശങ്ങൾ ഉൾക്കൊള്ളുന്നവയാണ്. രാഷ്ട്രത്തിലെ കുടുംബ-സാമൂഹിക-സാസ്കാരിക സാമ്പത്തിക-സൈനിക നടപടിക്രമങ്ങൾ അന്യൂനമാക്കാനുള്ള നിർദ്ദേശങ്ങളാണ് അവ.

പ്രവാചകൻ (സ) യുടെ ഹിജ്റ അദ്ദേഹത്തിന്റെ ദൗത്യ പുർത്തീകരണത്തിനു വേണ്ടിയുള്ള ഇസ്ലാമിന്റെ സാമൂഹിക സംവിധാനങ്ങളുടെ പ്രയോഗവത്കരണം ഉൾപെടെ ആസൂത്രിതമായ നീക്ക മാണെന്നബോധ്യത്തിലാണ് ഖുർആനിന്റെയും ചരിത്ര യാഥാർഥ്യങ്ങളുടെയും ഈ സൂചനകൾ നമ്മെ കൊണ്ടെത്തിക്കുന്നത്. ഹിജ്റ മദീനയിലേക്കുള്ള യാത്രയായിരുന്നില്ല, പുതിയ ലോകക്രമത്തിലേക്കുള്ള ആസൂത്രിതമായ സഞ്ചാരമായിരുന്നു. ഹിജ്റയുടെ ഈ ലക്ഷ്യവുമായി ചേർത്തുകൊണ്ടണ് അതിലെ അവിസ്മരണീയമായ ത്യാഗങ്ങൾ വിലയിരുത്തപ്പെടേണ്ടത്. യധാർഥത്തിൽ ലക്ഷ്യത്തിന്റെ മഹത്വമാണ് ത്യാഗങ്ങളെ അന്വർഥമാക്കുന്നത്.

Related Articles