Current Date

Search
Close this search box.
Search
Close this search box.

യു.എസ് കോണ്‍ഗ്രസിലെ പെണ്‍താരകങ്ങള്‍

ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫോട്ടോഫിനിഷിലേക്ക് കടക്കുകയാണ്. അന്തിമ ഫലം വരാന്‍ ഇനിയും ദിവസങ്ങളെടുക്കുമെങ്കിലും ഏകദേശ ചിത്രം വ്യക്തമാണ്. ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായ ജോ ബൈഡനാണ് ട്രംപിനേക്കാള്‍ ഒരു പടി മുന്നിലെന്നാണ് അവസാനമായി യു.എസില്‍ നിന്നും പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അധികാരത്തിലേറാന്‍ വേണ്ടത് 270 ഇലക്ടറല്‍ വോട്ടുകളാണ്. എന്നാല്‍ ട്രംപിനും ബൈഡനും ഇതുവരെ ഈ സംഖ്യയിലേക്ക് അടുക്കാനായിട്ടില്ല. ഇനിയും നിരവധി ഇലക്ടറല്‍ വോട്ടുകള്‍ എണ്ണാനുമുണ്ട്.

പതിവില്‍ നിന്നും വിഭിന്നമായി ഒട്ടേറെ സവിശേഷതകളുണ്ടായിരുന്നു ഇത്തവണത്തെ യു.എസ് തെരഞ്ഞെടുപ്പിന്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ചരിത്രത്തില്‍ ആദ്യമായി യു.എസ് കോണ്‍ഗ്രസിലേക്ക് മൂന്ന് മുസ്‌ലിം വനിതകളും കുടിയേറ്റക്കാരായ വനിത സ്ഥാനാര്‍ത്ഥികളും വിജയിച്ചു കയറി എന്നത്. ഒട്ടനവധി പ്രതിസന്ധികളെയും വെല്ലുവിളികളെയും അഭിമുഖീകരിച്ചാണ് അഞ്ച് വനിത സ്ഥാനാര്‍ത്ഥികള്‍ ഡെമോക്രാറ്റിക് ടിക്കറ്റില്‍ യു.എസ് കോണ്‍ഗ്രസിലേക്ക് സീറ്റുറപ്പിച്ചത്.

Also read: ഇല്‍ഹാന്‍ ഒമര്‍; യു.എസ് കോണ്‍ഗ്രസ്സിലെ ഹിജാബിട്ട സ്ത്രീ

ഇല്‍ഹാന്‍ ഉമര്‍, റാഷിദ തലൈബ്, ഈമാന്‍ ജൗദ, അലക്‌സാന്‍ഡ്രിയ ഒകാസിയോ, അയാന പ്രസ്ലി എന്നിവരാണ് ഉജ്വല വിജയത്തോടെ ട്രംപിന് മുഖത്തടിക്കും വിധം മറുപടി നല്‍കിയത്. ചരിത്രത്തില്‍ ആദ്യമായി യു.എസ് കോണ്‍ഗ്രസിലെത്തുന്ന മുസ്ലിം എന്ന പദവി കഴിഞ്ഞ തവണ ഇല്‍ഹാന്‍ ഉമര്‍ സ്വന്തമാക്കിയിരുന്നു. 2016ലാണ് ആദ്യമായി ഇവര്‍ യു.എസ് പ്രതിനിധി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. പിന്നാലെ ആദ്യത്തെ ഫലസ്തീന്‍ വംശജയും രണ്ടാമത്തെ മുസ്ലിം പ്രതിനിധി എന്ന നേട്ടം റാഷിദ തലൈബും സ്വന്തമാക്കി. ഇപ്പോഴിതാ വീണ്ടും ഫലസ്തീന്‍ വംശജയും മൂന്നാമത്തെ മുസ്ലിം അംഗം എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഈമാന്‍ ജൗദ.

മിനസോട്ട സംസ്ഥാനത്തെ മിനപോളിസില്‍ നിന്നാണ് ഇല്‍ഹാന്‍ ഉമര്‍ ഇത്തവണയും വിജയം ആവര്‍ത്തിച്ചത്. അമേരിക്കന്‍ വ്യവസായിയും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയുമായ ലേസി ജോണ്‍സണനെയാണ് ഇല്‍ഹാന്‍ ഇവിടെ നിലംപരിശാക്കിയത്. യു.എസിലെ ആദ്യത്തെ സൊമാലി വംശജയായ പ്രതിനിധി എന്ന സവിശേഷതയാണ് ഇല്‍ഹാനെ വേറിട്ടു നിര്‍ത്തിയത്. യു.എസ് ജനപ്രതിനിധി സഭയിലെ തട്ടമിടുന്നതിനുള്ള 181 വര്‍ഷത്തെ വിലക്കിനെ മറികടന്ന് 2018ല്‍ ചരിത്രം സൃഷ്ടിച്ചുകൊണ്ടാണ് അവര്‍ യു.എസ് പ്രതിനിധി സഭയിലേക്ക് കാലെടുത്തുവെച്ചത്. സൊമാലിയയിലെ ആഭ്യന്തര യുദ്ധത്തെ തുടര്‍ന്ന് 1995ല്‍ പന്ത്രണ്ടാമത്തെ വയസിലാണ് ഇല്‍ഹാന്‍ കുടുംബ സമേതം യു.എസിലേക്ക് കുടിയേറിയത്.

മിഷിഗന്‍ സംസ്ഥാനത്ത് നിന്നാണ് റാഷിദ തലൈബ് ഇത്തവണയും നേട്ടം ആവര്‍ത്തിച്ചത്. അമേരിക്കയിലേക്ക് കുടിയേറിയ ഫലസ്തീന്‍ വംശജരായ ദമ്പതികളുടെ മകളാണ് റാഷിദ. കൊളറാഡോ ഹൗസില്‍ നിന്നാണ് രണ്ടാമത്തെ ഫലസ്തീന്‍ വംശജയായ ഈമാന്‍ ജൗദ സീറ്റുറപ്പിച്ചത്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി റോബര്‍ട്ട് ആന്‍ഡ്രൂസിനെ പരാജയപ്പെടുത്തിയാണ് കഴിഞ്ഞ ദിവസം ഇവര്‍ സീറ്റ് ഉറപ്പിച്ചത്. 1974ല്‍ ഫലസ്തീനില്‍ നിന്നും യു.എസിലേക്ക് കുടിയേറിയ ദമ്പതികളുടെ മകളാണ് ജൗദ. ഇവരുടെ കൂട്ടത്തിലെ മറ്റു രണ്ട് പേരായ അലക്‌സാന്‍ഡ്രിയ ന്യൂയോര്‍ക്കില്‍ നിന്നും അയാന മസാചുസെറ്റ്‌സില്‍ നിന്നുമാണ് തെരഞ്ഞെടുക്കപ്പെട്ടത്.

Also read: കൊറോണയും ഉത്തരംകിട്ടാത്ത ​ഗൂഢാലോചന സിദ്ധാന്തങ്ങളും

വിവിധ കാരണങ്ങളാല്‍ തന്നെ ഇവരെല്ലാം അമേരിക്കന്‍ തെരഞ്ഞെടുപ്പിലെ ശ്രദ്ധാ കേന്ദ്രമായിരുന്നത്. ഇവരെല്ലാം ട്രംപിന്റെയും റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കളുടെയും സ്ഥാനാര്‍ത്ഥികളുടെയും വംശീയ അധിക്ഷേപങ്ങള്‍ക്കും പരസ്യമായ അപമാനത്തിനും ഇരയായവരാണ് എന്നതാണ് അതിലൊന്ന്. അഞ്ച് പേരും കുടിയേറ്റക്കാരാണ് എന്നത് തന്നെയാണ് ഇവരെല്ലാം ഒറ്റതിരിഞ്ഞ ആക്രമണത്തിനിരയാവാന്‍ കാരണം.

രൂക്ഷമായ വ്യക്തി അധിക്ഷേപങ്ങളും വിദ്വേഷ പരാമര്‍ശങ്ങളും ട്രംപ് തെരഞ്ഞെടുപ്പ് റാലികളില്‍ ഇവര്‍ക്കെതിരെ ഉന്നയിച്ചിരുന്നത്. എതിരാളികളെ വംശീയമായും വര്‍ഗ്ഗീയമായും തരംതാണ പ്രസ്താവനകളിലൂടെയാണ് തെരഞ്ഞെടുപ്പ് ക്യാംപയിനിങ്ങില്‍ ഉടനീളം ട്രംപ് നേരിട്ടിരുന്നത്. അതിന്റെ പ്രധാന ഇരകളില്‍ ഒന്നായിരുന്നു ഇവര്‍. ഇവര്‍ നാല് പേരും അവരുടെ തകര്‍ന്ന രാജ്യങ്ങളിലേക്ക് തിരികെ മടങ്ങണമെന്നും സ്വന്തമായി ഒരു രാജ്യം പോലും ഇല്ലാത്തവരാണിവരെന്നും ട്രംപ് പരിഹസിച്ചു. സഹോദരനെ കല്യാണം കഴിച്ചെന്ന രേഖയുണ്ടാക്കിയാണ് ഇല്‍ഹാന്‍ അമേരിക്കയിലേക്ക് കുടിയേറിയതെന്നും അദ്ദേഹം അധിക്ഷേപിച്ചു.

യു.എസ് കോണ്‍ഗ്രസിലെ ‘ദി സ്‌ക്വാഡ്’ എന്ന പേരിലാണ് ഈ സംഘം അനൗദ്യോഗികമായി അറിയപ്പെട്ടിരുന്നത്. എല്ലാവരും 50 വയസ്സിന് താഴെയുള്ള ചുറുചുറുക്കുള്ള വനിതകളാണ് എന്ന പ്രത്യേകതയുമുണ്ട്. ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ ഇടതുപക്ഷമായ Justice Democrats political action committee എന്ന വിഭാഗത്തിന്റെ പിന്തുണയും ഇവര്‍ക്കായിരുന്നു. യുവ നേതൃത്വം അമേരിക്കന്‍ രാഷ്ട്രീയത്തിലേക്ക് കടന്നു വരണം എന്നത് കൂടിയായിരുന്നു ഇവരുടെ മുദ്രാവാക്യം. പുരോഗമന വാദങ്ങളും വൈവിധ്യങ്ങളും മുന്നോട്ടുവെച്ച ഇവര്‍ പലപ്പോഴും സ്വന്തം പാര്‍ട്ടി നേതൃത്വവുമായി തന്നെ ഏറ്റുമുട്ടിയിട്ടുണ്ട്. യുവ, പുരോഗമന രാഷ്ട്രീയക്കാരുടെ പുതിയ ഒരു വിഭാഗത്തെയാണ് ഇവര്‍ പ്രതിനിധാനം ചെയ്യുന്നത്. 2018ലാണ് ഇവരെ സ്‌ക്വാഡ് എന്ന പേരില്‍ വിളിക്കപ്പെടാന്‍ തുടങ്ങിയത്. ജിഹാദി സ്‌ക്വാഡ് എന്നായിരുന്നു റിപ്പബ്ലിക്കന്‍ നേതാക്കള്‍ ഇവരെ പരിഹസിച്ചിരുന്നത്.

രൂക്ഷമായ അവഹേളനങ്ങളെയും അധിക്ഷേപങ്ങളെയും നേരിട്ടാണ് ഈ അഞ്ച് പേരും ഇന്ന് യു.എസിന്റെ രാഷ്ട്രീയ നിയമനിര്‍മാണത്തില്‍ ഇടം പിടിച്ചിരിക്കുന്നത് അമേരിക്കയിലെ ഇസ്ലാമോഫോബിയക്കും വംശീയ വിദ്വേഷത്തിനും എതിരെ കൂട്ടായി ഉറച്ച ശബ്ദത്തോടെ ഇനി തങ്ങളുമുണ്ടാകുമെന്നാണ് ഇവരെല്ലാം ഒറ്റക്കെട്ടായി ഈ വിജയത്തിലൂടെ നമ്മോട് പറയുന്നത്. പ്രതിസന്ധികളില്‍ നിന്നും വിജയിച്ചുകയറിയതിനാല്‍ തന്നെ ഇവരുടെ വിജയത്തിന് ഇരട്ടി മധുരമാണ്.

Related Articles