Current Date

Search
Close this search box.
Search
Close this search box.

പള്ളിയിലെ വിനോദങ്ങൾ

ലബനാനിലെ ഒരു മസ്ജിദിൽ ഈജിപ്റ്റുകാരനായ ഇമാം കുട്ടികളുമായി ഫുട്ബോൾ കളിക്കുന്ന ഒരു പഴയ വീഡിയോ ദൃശ്യ – ശ്രാവ്യ മാധ്യമങ്ങളിൽ വലിയ വിവാദമായി മാറിയിരിക്കുന്നു. ലോകത്തെ തന്നെ വലിയ വലിയ പണ്ഡിതന്മാരും നേതാക്കളും ആൾക്കൂട്ടങ്ങളും വയോധികനായ ആ ഇമാമിനെ വിമർശിച്ചു കൊണ്ട് പോസ്റ്റുകൾ ഇട്ടതാണ് ആ രംഗം വൈറലാവാൻ കാരണം . പള്ളികൾ അല്ലാഹുവിന്റെ ശആഇറുകൾ (അടയാളങ്ങൾ) ആണെന്നും അവിടെയുള്ള കളി മസ്ജിദിനോട് കാണിക്കുന്ന അനാദരവാണെന്നാണ് ചിലരുടെ വാദം. പ്രവാചകൻ ﷺ തന്റെ മസ്ജിദിൽ സായുധ പ്രദർശനം / അക്രോബാറ്റിക്സ് നടത്താൻ അബ്സീനയൻ സംഘത്തിന് അനുമതി നൽകിയത് പറഞ്ഞാണ് മറുഭാഗം ഈ സംഭവത്തെ ന്യായീകരിക്കുന്നത്.

നമസ്കാരത്തിനും പ്രാർഥനക്കും പുറമെ പൊതുപ്രശ്നങ്ങൾ ചർച്ച ചെയ്യാനും പരിഹാരം കണ്ടെത്താനും വിശ്രമിക്കാനും ഭക്ഷണം കഴിക്കാനുമെല്ലാം ഇസ്ലാമിന്റെ സുവർണ കാലഘട്ടത്തിൽ പള്ളികൾ ഉപയോഗപ്പെടുത്തിയിരുന്നു എന്നത് പ്രമാണങ്ങൾ വ്യക്തമാക്കുന്നുണ്ട് എന്ന് മറുപക്ഷവും വാദിക്കുന്നു. അവർ ഉദ്ധരിക്കുന്ന ചില തെളിവുകൾ ഇവയാണ്:-

അബ്ദുല്ലാഹിബ്നു ഹാരിസ് (റ) പറയുന്നു: ”നബിയുടെ കാലത്ത് ഞങ്ങൾ പള്ളിയിൽ വെച്ച് റൊട്ടിയും മാംസവും കഴിക്കാറുണ്ടായിരുന്നു” (ഇബ്നുമാജ).

”റസൂൽ (സ്വ) തന്റെ ഒരു കാലിൻമേൽ കാൽ കയറ്റിവെച്ച് പള്ളിയിൽ മലർന്നു കിടക്കുന്നത് താൻ കണ്ടിട്ടുണ്ടെന്ന്’ അബ്ബാദുബ്നു തമീം(റ) തന്റെ പിതൃവ്യനിൽ നിന്നും ഉദ്ധരിക്കുന്നു (ബുഖാരി, മുസ്ലിം).

എത്യോപ്യയിൽ നിന്നെത്തിയ നിവേദകസംഘം മസ്ജിദുന്നബവിയിൽ വച്ച് അവരുടേതായ സായുധ കളികൾ പ്രദർശിപ്പിക്കുകയും നബിയും ആഇശ ബീവിയും അത് നോക്കി നിൽക്കുകയും ചെയ്തതായി ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചിട്ടുണ്ട് എന്നും അവർ പറയുന്നു. ‘അബ്സീനിയക്കാർ വന്നു പള്ളിയിൽ വച്ച് കളിച്ചിരുന്നു’ എന്ന് മുസ് ലിമിലും ”അബിസീനിയൻ നിവേദകസംഘം മദീനയിൽ എത്തിയപ്പോൾ അവർ പള്ളിയിൽ വച്ച് കളിച്ചിരുന്നു’ എന്ന് ഇബ്നുഹിബ്ബാന്റെ റിപ്പോർട്ടിലും കാണാം. ആഇശ(റ) നബി(സ്വ)യുടെ അനുമതിയോടെ ആ കളി മതിയാവോളം കണ്ടിരുന്നു എന്ന് ഇമാം ബുഖാരി രേഖപ്പെടുത്തുന്നു.

പള്ളിയുടെ പവിത്രത കളങ്കപ്പെടുത്താത്ത തരത്തിലുള്ള എന്ത് ഇടപാടുകളും അനുവദനീയമാണെന്ന് ഈ പ്രമാണങ്ങളിൽ നിന്ന് മനസ്സിലാക്കാം എന്നാണവരുടെ വാദം.

വൃദ്ധനായ ആ ശൈഖിനെ ട്രോളുന്ന ഓൺലൈൻ മുഫ്തി(നു)മാരുടെ അവസ്ഥ കാണുമ്പോൾ കുറിപ്പുകാരനും ശരിക്കും സങ്കടമുണ്ട്. ആ വിനോദത്തിലുള്ള ദഅ്‌വ സാധ്യത പരിഗണിക്കാതെ ആ പണ്ഡിതനെ ബുള്ളിയിങ് ചെയ്യാനാണ് അവരുടെ ശ്രമം. തതുല്യമായ സംഭവങ്ങൾ മാസങ്ങൾക്ക് മുമ്പ് ഇന്ത്യയിൽ ഹൈദരാബാദിലും നമ്മുടെ നാട്ടിലും നടന്നപ്പോൾ ഈ സോഷ്യൽ മീഡിയ ട്രോളന്മാർ ദിവസങ്ങളോളം ആ വിഷയം ലൈവാക്കി പലരെയും എയറിൽ നിർത്തിയിരുന്നു.

ഈ വിഷയത്തിൽ എനിക്ക് തോന്നിയ ചില കാര്യങ്ങൾ ചുരുക്കിപ്പറയാം :

1) അല്ലാഹുവിനോട് ആത്മാർത്ഥത പുലർത്തുക. പ്രശസ്തി ആഗ്രഹിക്കുന്നുവെങ്കിൽ അഥവാ നിങ്ങളുടെ വീഡിയോയ്ക്ക് ലൈക്കുകളും കമന്റുകളും റീട്വീറ്റുകളും മാത്രമാണ് ഇത്തരം സംഭവങ്ങൾ കൊണ്ട് ആഗ്രഹിക്കുന്നതെങ്കിൽ നിങ്ങളുടെ ഉദ്ദേശ്യശുദ്ധി ( നിയ്യത് ) ശരിയല്ലെന്ന് മാന്യമായ രീതിയിൽ ചുരുക്കി പറയുന്നു.

2) പുതിയ തലമുറയിലെ കുട്ടികളെ പള്ളിയുമായി അടുപ്പിക്കുക എന്ന നിലയിലാണ് അദ്ദേഹത്തിന്റെ ശ്രമമെങ്കിൽ നിങ്ങളുടെ പാതയിൽ തന്നെ തുടരുക തന്നെയാണ് വേണ്ടത്. അനുവദനീയതയുടെ പരിധികൾ അറിയുക; അതിനപ്പുറം പോകരുത്. പള്ളിയെ അനാദരിക്കുന്ന കോപ്രായങ്ങൾ ഏതായാലും പള്ളിയങ്കണത്തിൽ ചെയ്യാതിരിക്കുക.

3) അരുതായ്മകൾ പുതുതായി കൊണ്ടുവരാൻ ശ്രമിക്കരുത് എന്നതു പോലെ തന്നെ പ്രധാനമാണ് ലക്ഷ്യം മാർഗത്തെ ന്യായീകരിക്കുന്നു എന്ന നിലയിലെ നായീകരണങ്ങൾ നമുക്ക് തല്ക്കാലം വേണ്ടെന്ന് വെക്കാം.മധ്യമ സമൂഹം എന്ന നിലക്ക് എല്ലാം നിയമപരതയുടെ ഭൂതക്കണ്ണാടിയിലൂടെ നോക്കുന്നതും കാണുന്നതുംസംഗതികളെ കൂടുതൽ കുടുസ്സാക്കും.

സ്വതസിദ്ധതയോടെയും സന്തോഷത്തോടെയും കലാ വൈദഗ്ധ്യത്തോടെയും കുട്ടികളുമായി പള്ളിക്കകത്ത് പന്ത് കളിക്കുന്ന ഇമാമിന്റെയും നാട്ടുകാര് കുട്ടികളുടെയും വീഡിയോ ഞാൻ പലതവണ കണ്ടു. എന്താണ് മത തീവ്രവാദികളെ അതിൽവെറുപ്പിച്ചത് എന്ന് മനസ്സിലായില്ല. മസ്ജിദ് നമസ്കാരത്തിന് വേണ്ടിയുള്ളതാണ് എന്ന വാദം ശരി. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ 5 നേരത്തെ നമസ്കാരം മൊത്തത്തിൽ 30 മിനിറ്റിൽ കവിയില്ല. വളരെ കുറച്ച് പള്ളികളിലൊഴികെ ബാക്കി സമയങ്ങൾ അവ ശൂന്യമാണ്. ചിലയിടങ്ങളിൽ ഖുർആൻ പഠിപ്പിക്കാനും ഓത്തുപള്ളികളായും അവ ഉപയോഗിക്കുന്നുണ്ട് എന്നതും സത്യം.

പള്ളിയിലെ ഉസ്താദ് മസ്ജിദിനെ ഫുട്ബോൾ മൈതാനമാക്കി എന്നാണ് ചിലരുടെ ആക്ഷേപം. കൗമാരക്കാരായ കുട്ടികളോടൊപ്പമുള്ള രസകരമായ വിനോദങ്ങളിലൂടെ അവരുമായി പ്രത്യേക ബന്ധം സ്ഥാപിക്കുന്നതും പള്ളികളെ സ്നേഹിക്കാനും മുതിർന്നവരെ പേടിക്കാതിരിക്കാനും നിമിത്തമാവുമെന്നാണ് എന്റെ നിരീക്ഷണം. ഉപരിസൂചിത പ്രമാണങ്ങളാണ് എന്നെ ആ നിരീക്ഷണത്തിലേക്കെത്തിച്ചത്.

ഹൈദരാബാദ് ഈയിടെ ഉദ്ഘാടനം നടന്ന പള്ളിയിലെ ജിം വിഷയത്തിൽ കുറിപ്പുകാരൻ ആരാമത്തിലെഴുതിയ പ്രതികരണമാണ് ചുവടെ: യൂറോപ്പിൽ പലയിടങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങൾ എന്ന നിലയിലാണ് പള്ളികൾ കേന്ദ്രീകരിച്ച് ആരാധനകൾ നടക്കുന്നതെന്നറിയാം. യൂറാപ്പിന്റെ രോഗിയായ തുർക്കിയിൽ ചില പള്ളികൾക്കുള്ളിൽ തന്നെ വ്യായാമത്തിനും മാനസികോൽകർഷത്തിനുമുള്ള പ്രത്യേക മുറികളുള്ളത് തുർക്കി സന്ദർശിച്ചവരിൽ നിന്നും നേരിട്ട് കേട്ടിട്ടുണ്ട്.

യൂറോപ്യൻ രാജ്യങ്ങളിലെയും അമേരിക്കയിലെയും പള്ളികളുടെ വെബ്‌സൈറ്റിൽ പോയി അവരുടെ പള്ളികളിലെ പ്രവർത്തനങ്ങൾ പഠിക്കാൻ ശ്രമിച്ചാൽ , പള്ളികളിലെ ഇത്തരത്തിലുള്ള ഏർപ്പാട് അവിടെ സർവസാധാരണമാണെന്ന് നമുക്കറിയാൻ കഴിയും. യൂറോപ്പിലെ ഏറ്റവും പ്രശസ്തമായ പള്ളികളുടെ വെബ്‌സൈറ്റുകളിൽ ഇങ്ങനെ എഴുതിയിരിക്കുന്നത് കാണാം: “ഞങ്ങളുടെ പള്ളിയുടെ ജിമ്മിലേക്ക് സ്വാഗതം!” വൈകുന്നേരം, ഞങ്ങളുടെ ജിമ്മിൽ വിവിധ വിനോദ പരിപാടികളും വ്യായാമങ്ങളും സംഘടിപ്പിക്കുന്നു. ഹോക്കി, ബാസ്‌ക്കറ്റ് ബോൾ, ബാറ്റിംഗ്, വോളിബോൾ തുടങ്ങിയവയാണ് മസ്ജിദ് പരിസരത്ത് നടക്കുന്നത്. പരമ്പരാഗത വ്യായാമ പ്രവർത്തനങ്ങൾക്കൊപ്പം, ആധുനിക ഉപകരണങ്ങളാൽ പൂർണ്ണമായും സജ്ജീകരിച്ചിരിക്കുന്ന ഞങ്ങളുടെ ജിംനേഷ്യം പ്രയോജനപ്പെടുത്താൻ ഞങ്ങൾ നിങ്ങളോട് അഭ്യർത്ഥിക്കുന്നു.”

എന്നാൽ പള്ളിയിൽ ജിംനേഷ്യമോ എന്ന നിലയിലുള്ള ‘എക്കാശക്ക്’ ( സന്ദേഹം ) കാരണം അവ നമ്മുടെ നാട്ടിൽ ഇന്നും നമുക്കന്യമാണ്. നമ്മുടെ നാട്ടിലെ അയൽ സംസ്ഥാനമായ ഹൈദരാബാദിൽ സ്ത്രീകൾക്കും യുവാക്കൾക്കും പ്രത്യേകം പ്രത്യേകം ജിമ്മുകളുള്ള ഒരു പള്ളിയെ കുറിച്ച് തെലുങ്കാനയിലെ ഹൈദരാബാദിലെ മസ്ജിദ് മുസ്ത്വഫ എന്ന മുസ്ലീം പള്ളിയെക്കുറിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് അടുത്ത കാലത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

മസ്ജിദിനുള്ളിൽ ജിം സൗകര്യം ഒരുക്കുന്നതോ, മസ്ജിദിന്റെ ഒരു മുറി വ്യായാമത്തിനായി നീക്കിവെക്കുന്നതോ, അല്ലെങ്കിൽ നമസ്കാര ശേഷം പള്ളിക്കുള്ളിൽ ചെറിയ വ്യായാമം ചെയ്യുന്നതോ അനുവദനീയം മാത്രമല്ല, ചില സാഹചര്യങ്ങളിൽ അത് അഭികാമ്യവും പ്രതിഫലദായകവുമായ പ്രവൃത്തിയാണ്. മുസ്ലീം സമുദായം ഇപ്പോഴും സാമ്പത്തികമായി പിന്നോക്കമാണ്. അതിനാൽ ഭൂരിപക്ഷം മുസ്‌ലിംകൾ താമസിക്കുന്ന പ്രദേശങ്ങളിലും പരിസരങ്ങളിലും പലപ്പോഴും ജിംനേഷ്യമോ കളിസ്ഥലങ്ങളോ ഇല്ല. ഭാരിച്ച തുക ഫീസായി നല്കി ജിമ്മുകളിൽ പോവുന്നവർ തുലോം കുറവാണ്. നമ്മുടെ ചെറുപ്പക്കാരും യുവതികളും അവരരുടെ ഓഫീസുകളിൽ എട്ട് മണിക്കൂറോ അതിൽ കൂടുതലോ ചെലവഴിച്ചതിന് ശേഷമാണ് വരുന്നത്. വീഥികൾ ഇടുങ്ങിയതും ശുദ്ധവായു പോലും കടന്നുപോകാത്തതുമായ ഫ്ലാറ്റുകളിലോ വില്ലകളിലോ തടവിലാക്കപ്പെട്ടവരാണ് പല മുസ്ലിം ഗല്ലികളിൽ താമസിക്കുന്നവരും . അവരിലെ പ്രായമായവർ പലപ്പോഴും അവരുടെ കട്ടിലിൽ മാത്രം ഒതുങ്ങുന്നു. കുട്ടികൾ അവരുടെ മാതാപിതാക്കളുടെ മൊബൈലുകളിലും സ്ത്രീകൾ അവരുടെ അടുക്കളകളിലും ചെറുപ്പക്കാർ ” ഫുഡ് + ബോളു” മായും സമയം ചെലവഴിക്കുന്നു.

ഏറ്റവും പരിതാപകരം അവരിലെ സ്ത്രീകളുടെ കാര്യമാണ്.ആരും അവരുടെ ആരോഗ്യത്തെക്കുറിച്ച് ചിന്തിക്കുന്നില്ല. അവർക്ക് വ്യായാമം ചെയ്യാൻ അവസരം നൽകുന്നില്ല എന്നു മാത്രമല്ല; അവരെ അതിന് പ്രോത്സാഹിപ്പിക്കുന്നുമില്ല. തൽഫലമായി, മിക്ക സ്ത്രീകളും ഹൃദയാഘാതം, പ്രമേഹം, രക്തസമ്മർദ്ദം, മുട്ടുവേദന തുടങ്ങിയ നിരവധി അപകടകരമായ രോഗങ്ങൾ അനുഭവിക്കുന്നു. ഇത്തരം
പ്രദേശങ്ങളിൽ വേണ്ടുവോളം സൗകര്യമുള്ള പള്ളികളുണ്ടായിട്ടും ; അവിടെയെല്ലാം അവയ്ക്കുള്ള സാധ്യതകളുണ്ടായിട്ടും അത്തരമൊരു ചിന്ത നടക്കാത്ത സാഹചര്യത്തിലാണ് ഹൈദരാബാദിലെ SEED, ഹെൽപിങ് ഹാന്റ് എന്നീ എൻ . ജി. ഒകൾ വിപ്ലവാത്മകമായ ഈയൊരു സംരംഭവുമായി മുന്നോട്ട് വന്നിട്ടുള്ളത്. പള്ളികളിൽ വരുന്നവരുടെ വ്യായാമം ശാസ്ത്രീയമായി ക്രമീകരിച്ചാൽ പ്രായമായവരുടെയും കുട്ടികളുടെയും യുവാക്കളുടെയും സ്ത്രീകളുടെയും ആരോഗ്യം നന്നായി കൈകാര്യം ചെയ്യാൻ കഴിയുമെന്നതിന്റെ തെളിവാണ് റാബിഅ ക്ലിനിക്ക് . ഉപരിസൂചിത സംഘടനകൾ സൗജന്യ നിരക്കിൽ ജിംനേഷ്യത്തിനുള്ള സൗകര്യങ്ങൾ ഒരുക്കി കൊടുത്തു. ജമാഅത്തെ ഇസ്ലാമി , വെൽഫയർ പാർട്ടി എന്നിവയുടെ സജീവ സാന്നിധ്യമായ ഖാലിദ പർവീനും രിഹാബ് എന്ന സംഘടനയും ഇതിന്റെ ഭാഗമായി എപ്പോഴുമുണ്ട് .

മറ്റു ജിമ്മുകളിൽ മുഴു സമയവും സംഗീതം മുഴങ്ങുന്നതും, കർട്ടൻ അറേഞ്ച് ചെയ്യാത്തതും, ഇൻസ്ട്രക്ടർമാർ കൂടുതലും പുരുഷന്മാരായതും കാരണം പല ജിംനേഷ്യങ്ങളിലും മുസ്ലിം സ്ത്രീകൾ വളരെ വിരളമായേ പങ്കെടുക്കുന്നുള്ളൂ.

ഈയൊരു സാഹചര്യത്തിലാണ് പള്ളികളിൽ ജിംനേഷ്യം തുറക്കണമെന്ന ആശയവുമായി ചില സഹോദരിമാർ രിഹാബിന്റെ ഭാരവാഹികളുടെ അടുത്തേക്ക് കടന്നുവന്നത്. വിശാലമായ പള്ളികളുള്ളപ്പോൾ അയൽപക്കത്തുള്ള മറ്റേതെങ്കിലും വിജന സ്ഥലം എന്തിന് അതിനായി വിനിയോഗിക്കണം എന്ന ചോദ്യമാണ് അവരാദ്യം ഉണർത്തിയത്. ശരിക്കും പറഞ്ഞാൽ ഉത്തരം കിട്ടാത്ത ചോദ്യം. പരമാവധി അമ്പതു മിനിറ്റു മാത്രമാണ് പല പള്ളികളും സജീവമായി പ്രവർത്തിക്കുന്നത്. ബാക്കിയുള്ള സമയം അടഞ്ഞു കിടക്കുന്ന സിമന്റ് കൂടാരങ്ങളാവരുത് പള്ളികളെന്ന നിർബന്ധ ബുദ്ധിയാണ് ഈ ജിംനേഷ്യത്തിന്റെ ഇന്ധനമായി വർത്തിച്ചത്. പള്ളിയോട് ചേർന്ന് ജിംനേഷ്യം തുടങ്ങിയതോടെ രണ്ട് ഗുണങ്ങളാണുണ്ടായത്. കുട്ടികളും സ്ത്രീകളും പള്ളികളിൽ വരാൻ തുടങ്ങി. അവർ അല്ലാഹുവിന്റെ ഭവനവുമായി ബന്ധപ്പെട്ട് തുടങ്ങിയത്. മറ്റ് മതപരമായ ഒരുപാട് നേട്ടങ്ങൾ അതുണ്ടാക്കി. രണ്ടാമത്തെ നേട്ടം, അവർക്ക് വ്യായാമത്തിനുള്ള ഇസ്‌ലാമിക അന്തരീക്ഷം ഒരുക്കി. അതിലൊന്നും പെടാത്ത മറ്റൊരു പ്രധാന നേട്ടം മറ്റ് നല്ല പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാവുന്ന നിസ്സാരമല്ലാത്ത സാമ്പത്തിക നേട്ടം പള്ളിക്കു മാസവരിയായി ലഭിക്കുന്നു എന്നതാണ്. ആ തുക ഉപയോഗപ്പെടുത്തിയാണ് തൊട്ടടുത്തുള്ള റാബിഅ ക്ലിനിക്കിൽ വരുന്ന നിർധനരായ രോഗികൾക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്നത്.

പള്ളികൾക്കുള്ളിൽ ഇത്തരം ജിം തുറക്കുന്നത് അനുവദനീയമാണോ എന്ന ലോകത്തിലെ പ്രശസ്തരായ പണ്ഡിതന്മാരുടെ ഫത്‌വകൾ ഉദ്ധരിക്കുന്നത് നീണ്ടുപോകും. എന്നിരുന്നാലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ചില ധീരരായ യുവാക്കളുടെ ഇത്തരം സംരംഭങ്ങളെക്കുറിച്ച് പതിറ്റാണ്ടുകൾക്ക് മുമ്പ് സൗദി അറേബ്യയിലെ അന്നത്തെ ഗ്രാൻഡ് മുഫ്തി ശൈഖ് അബ്ദുൽ അസീസ് ബിൻ ബാസ് നൽകിയ ഒരു ഫത്‌വ (32273) മാത്രമാണ് ഇവിടെ ഉദ്ധരിക്കുന്നത്.

ഈ പരിശീലനം ഇസ്ലാമിനും ഇസ്ലാമിക സമൂഹത്തിനും പ്രയോജനകരമാകുന്നിടത്തോളം കുഴപ്പമൊന്നുമില്ല. നബി (സ) അബിസീനിയയിൽ നിന്നു വന്ന പോരാളികൾക്ക് അനുമതി നൽകിയതും അവർ പരിചകളും കുന്തങ്ങളുമായി പള്ളിയിൽ കളിച്ചതും ആയുധങ്ങളുമായി പള്ളിക്ക് ചുറ്റും നടന്നതും അത് നബി (സ) കുടുംബ സഹിതം കണ്ടിരുന്നതിനും പ്രമാണങ്ങളിൽ തെളിവുണ്ട് എന്നും പള്ളിയുടെ പരിശുദ്ധിയെ ഇല്ലാതാക്കുന്ന ഒന്നും ഉണ്ടാവാതെ ശ്രദ്ധിക്കണമെന്നുമാണ് ഫത് വയിലുള്ളത്. ജോർദാനിലെ സർഖ നഗരത്തിലെ വലിയ പള്ളിയിലെ ജിംനേഷ്യവുമായി ബന്ധപ്പെട്ട് നടന്ന ചോദ്യോത്തരങ്ങളും ആഗോള പണ്ഡിതന്മാർ അതിനനുകൂലമായി നല്കിയ ഫത്‌വകളും ഇന്റർ നെറ്റിൽ ലഭ്യമാണ്.

ഹൈദരാബാദിലെ ഉപരിസൂചിത ജിംനേഷ്യമുള്ള മസ്ജിദ് മുസ്ത്വഫ ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ആദ്യത്തെ ജിംനേഷ്യ പള്ളിയാണ്. അതും സ്ത്രീകൾക്കായുള്ള ജിം ആണ് ആ വാർത്തയിലെ ഹൈലേറ്റ്. സ്ത്രീകൾക്ക് വ്യായാമ പരിശീലനം നൽകുന്ന വിദഗ്ധരായ വനിതകൾ ഇതിൽ ഉണ്ടാകും. പള്ളിയോട് ചേർന്ന ഗല്ലികളിലെ സ്ത്രീകൾക്കിടയിൽ തഴച്ചുവളരുന്ന രോഗങ്ങളെക്കുറിച്ചുള്ള ആശങ്കകൾ കുറയ്ക്കുകയാണ് ഈ ജിമ്മിന്റെ ലക്ഷ്യം. ജിമ്മിൽ ഫിറ്റ്‌നസ് കൺസൾട്ടന്റുമാരും ഡോക്ടർമാരും ഉണ്ട്. രാജേന്ദ്രനഗറിലെ മഹ്മൂദ് വാലിയിലാണ് ഈ ജിം അറ്റാച്ഡ് പള്ളി .

ഏതു മതസ്ഥർക്കും അവരവരുടെ ആരാധനാലയങ്ങളിൽ ഒഴിവു സമയങ്ങളിൽ അവരവരുടെ ചുറ്റുപാടിന് ആവശ്യമായ ആരോഗ്യ സംബന്ധിയായ എല്ലാ കാര്യങ്ങളും തുടങ്ങുന്നത് നല്ലത് തന്നെയാണ്. പ്രാർഥനാ വേളകളിൽ മാത്രം ആളനക്കമുള്ള ഇടങ്ങളാവരുത് ആരാധനാ കേന്ദങ്ങൾ .

ഇത്തരമൊരു ചെറിയ പരിപാടി നമ്മുടെ നാട്ടിലെ പള്ളികളിലോ അധിക സമയവും അടഞ്ഞു കിടക്കുന്ന മദ്റസകളിലോ ആരംഭിക്കുകയോ അല്ലെങ്കിൽ നമ്മുടെ മറ്റ് സ്ഥാപനങ്ങളിൽ ജിം തുറക്കുകയോ ചെയ്താൽ, അത് തീർച്ചയായും ഉമ്മത്തിന് ഒരു വലിയ സേവനമായിരിക്കും. ഇത് പള്ളിക്കും മദ്റസക്കും മറ്റു സ്ഥാപനങ്ങൾക്കും സാമ്പത്തികമായി ഗുണം ചെയ്യുകയും ചെയ്യും.ജിമ്മോ വ്യായാമ യന്ത്രങ്ങളോ സ്ഥാപിക്കുന്നതിനും വ്യായാമ സൗകര്യങ്ങൾ ഒരുക്കുന്നതിനും ന്യായമായ ഫീസ് ഈടാക്കാൻ കഴിയും. ഇത് സ്ഥാപനങ്ങൾക്ക് / കമ്മറ്റികൾക്ക് സാമ്പത്തികമായി ഗുണം ചെയ്യുകയും സമൂഹത്തിലെ പ്രായമായവരും കുട്ടികളും സ്ത്രീകളും പള്ളി/ മദ്റസകളുമായി ബന്ധപ്പെടുന്നത് തുടരുകയും ആരോഗ്യരംഗത്ത് വളരെ അസാധാരണമായ മാറ്റം കൊണ്ടുവരാൻ കഴിയും എന്നതിനും മഹ്മൂദ് മസ്ജിദ് ഉദാഹരണമാണ്.

നമ്മുടെ നാട്ടിൽ ഇത് എങ്ങനെ സംഭവിക്കും എന്ന ചോദ്യം ഉയർന്നേക്കാം. ഒന്നാമതായി, എല്ലാ പള്ളികളും ജിംനേഷ്യങ്ങളാക്കി മാറ്റേണ്ട ഒരാവശ്യവുമില്ല. മറിച്ച്, ഇത്തരം പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ സാധ്യതയുള്ള കേന്ദ്രങ്ങളിലാണ് ഇവ ആരംഭിക്കേണ്ടത്. അതിനാൽ, ഓരോ പ്രദേശങ്ങളിലെയും സ്ഥാപനങ്ങളിൽ മിനി ജിം തുറക്കാനുള്ള ശേഷിയുണ്ടെങ്കിൽ, നിരവധി മാർഗങ്ങളുണ്ട്. മസ്ജിദിനുള്ളിൽ ഒരു ഹാളോ വലിയ മുറിയോ ഉണ്ടെങ്കിൽ, അല്ലെങ്കിൽ പള്ളിക്ക് അനുയോജ്യമായ മേൽക്കൂരയുണ്ടെങ്കിൽ, റണ്ണിംഗ് മെഷീനുകളും മറ്റ് ചെറിയ വ്യായാമ യന്ത്രങ്ങളും അവിടെ സ്ഥാപിക്കാം, കൂടാതെ പള്ളിയിൽ ധാരാളം സ്ഥലവും മുറിയും ഉണ്ടെങ്കിൽ, ഇൻഡോർ ഗെയിംസ് സൗകര്യങ്ങളും ചെയ്യാം. അത് സ്പോൺസർ ചെയ്യാനുള്ള ആളുകൾ അതിന്റെ പരിസരത്ത് തന്നെയുണ്ടാവും.

കായിക /വ്യായാമ മുറകൾക്ക് മുമ്പോ ശേഷമോ അഞ്ച് മിനിറ്റ് മത/ ധാർമ്മിക പാഠം നൽകാം. പുതിയ തലമുറയ്‌ക്കിടയിൽ -പ്രത്യേകിച്ച് സ്‌കൂൾ-കോളേജ് കുട്ടികൾക്കിടയിൽ – അടിസ്ഥാന മതപരമായ വിവരങ്ങൾ തിരിച്ചറിയുന്നതിനുള്ള ഒരു നല്ല വിഭവമായി ഇത് ക്രമേണ മാറും. ഏതൊരു സമൂഹത്തിന്റെയും ഭാവി അതിന്റെ യുവതലമുറയെയും സ്ത്രീകളെയും ആശ്രയിച്ചിരിക്കുന്നു എന്ന് നാം മനസ്സിലാക്കണം. ആരോഗ്യകരവും ശക്തവുമായ യുവതലമുറ ഏതൊരു രാജ്യത്തിന്റെയും ശോഭനമായ ഭാവിയുടെ ഉറപ്പാണ്. അതുകൊണ്ട് വ്യായാമത്തോടൊപ്പം പള്ളികളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വേറെ വേറെ കരാട്ടെ, ബോക്‌സിംഗ്, ജിംനാസ്റ്റിക്സ് പരിശീലനവും സംഘടിപ്പിച്ചാൽ പല ഗുണങ്ങളുമുണ്ട്. പ്രത്യേകിച്ച് ഈ കാലഘട്ടത്തിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കും സ്വയം പ്രതിരോധ പരിശീലനം നൽകുന്നത് വളരെ പ്രധാനമാണ്.

സ്ത്രീകൾക്കും കുട്ടികൾക്കും പരിശീലനം നൽകുന്നതിന് പള്ളികളേക്കാൾ സുരക്ഷിതവും സമാധാനപരവുമായ അന്തരീക്ഷം മറ്റെന്താണ്? അതിനാൽ, ഇത്തരത്തിലുള്ള പരിശീലനത്തിന് സാധ്യതയുള്ള പള്ളികളിൽ, അത് കൈകാര്യം ചെയ്താൽ, അവരുടെ ആരോഗ്യരംഗത്ത് നല്ല മാറ്റം കൊണ്ടുവരുന്നതിൽ നമുക്ക് വിജയിക്കാം.

???? വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ????: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles