Current Date

Search
Close this search box.
Search
Close this search box.

നൂഹ് നബിയുടെ പരാതിയും സമൂഹത്തിനെതിരായ പ്രാർഥനയും

വിശുദ്ധ ഖുർആനിൽ അല്ലാഹു പറയുന്നു: ‘നൂഹ് നബി സങ്കടം ബോധിപ്പിച്ചു; നാഥാ, എന്നോടിവർ ധിക്കാരം കാട്ടുകയും, സമ്പത്തും സന്താനങ്ങളും വർധിത നഷ്ടം മാത്രമുണ്ടാക്കിയവരെ പിന്തുടരുകയും ഇവരെ ആ നേതാക്കൾ അതീവ ഗുരുതര വഞ്ചന നടത്തുകയും ചെയ്തിരിക്കുന്നു- അവർ കൽപിച്ചു; നിങ്ങളുടെ ദൈവങ്ങളെ, വിശിഷ്യ വദ്ദ്- സുവാഅ്- യഗൂസ്- യഊഖ്- നസ്‌റിനെ നിങ്ങൾ കൈവെടിയരുത്. ഇവ്വിധം ഒട്ടനേകമാളുകളെ അവർ ദുർമാർഗത്തിലാക്കുക തന്നെ ചെയ്തു. അതിക്രമകാരികൾക്ക് നീ വഴികേടല്ലാതെ മറ്റൊന്നും വർധിപ്പിച്ചു കൊടുക്കരുതേ! തങ്ങളനുവർത്തിച്ച മഹാപാതകങ്ങളാൽ അവർ മുക്കിക്കൊല്ലപ്പെടുകയും അഗ്നിയിൽ പ്രവേശിപ്പിക്കപ്പെടുകയുമുണ്ടായി. തത്സമയം അല്ലാഹുവല്ലാതെ മറ്റൊരു സഹായിയെയും അവർ കണ്ടെത്തിയില്ല. നൂഹ് നബി കേണുപ്രാർഥിച്ചു. നാഥാ, സത്യനിഷേധികളിലൽ പെട്ട ഒരാളെയും ഭൂതലത്തിൽ നീ അവശേഷിപ്പിക്കരുതേ. അങ്ങനെ വിട്ടേക്കുകയാണെങ്കിൽ അവർ നിന്റെ അടിമകളെ മാർഗഭ്രഷ്ടരാക്കുകയും കേവലം നിഷേധികളായ അധർമകാരികളെ മാത്രം ഉൽപാദിപ്പിക്കുന്നതുമാകുന്നു. നാഥാ, എനിക്കും മാതാപിതാക്കൾക്കും സത്യവിശ്വാസം വരിച്ച് എന്റെ ഭവനത്തിൽ പ്രവേശിച്ചവർക്കും സകല സത്യവിശ്വാസി വിശ്വാസിനികൾക്കും നീ പാപങ്ങൾ പൊറുത്തു തരേണമേ. അതിക്രമകാരികൾക്ക് നാശമല്ലാതെ മറ്റൊന്നും നീ വർധിപ്പിക്കരുതേ.'(സൂറത്തു നൂഹ്: 21-28)

വ്യത്യസ്ത മാർഗങ്ങളിലൂടെയും ശൈലികളിലൂടെയും കാലങ്ങളോളം തന്റെ സമൂഹത്തിനു മുമ്പിൽ വിശുദ്ധ ദീനിന്റെ സന്ദേശം എത്തിക്കാൻ പണിപ്പെട്ടവരാണ് നൂഹ് നബി(അ). സ്വാഭാവികമായും ആ പ്രബോധനശ്രമങ്ങളുടെ ഫലമെന്തായിരുന്നുവെന്നറിയാൻ ആർക്കും താത്പര്യമുണ്ടാവും. നൂഹ് നബിയുടെ സമുദായം അദ്ദേഹത്തിന്റെ വിളിക്കുത്തരം നൽകിയോ? എങ്ങനെയായിരുന്നു അവർ പ്രതികരിച്ചത്? ക്ഷമാപൂർവമുള്ള ദീർഘകാലം നീണ്ടുനിന്ന ഈ ശ്രമങ്ങൾക്കു ശേഷവും അവരിൽ നിഷേധഭാവം കാണിച്ചവർ ഉണ്ടായിരുന്നോ? എന്നിങ്ങനെ പല ചോദ്യങ്ങൾ.

നൂഹ് നബി(അ) പ്രതീക്ഷയുടെയും മുന്നറിയിപ്പിന്റെയും ശൈലി ഒരുപോലെ ഉപയോഗിച്ചാണ് സമൂഹത്തെ അല്ലാഹുവിലേക്ക് ക്ഷണിച്ചത്. അല്ലാഹുവിന്റെ അനുഗ്രഹങ്ങളെക്കുറിച്ച് അവരെ ഓർമിപ്പിച്ചു. അവരുടെ സൃഷ്ടിപ്പിനെക്കുറിച്ചും ആകാശഭൂമികളുടെ സൃഷ്ടിപ്പിനെക്കുറിച്ചും ചിന്തിക്കാൻ ആഹ്വാനം ചെയ്തു. ഒത്തിരി അധ്വാനിച്ചു. പിന്നെയെന്തുണ്ടായി എന്നാവും ഒരാളുടെ സംശയം. മറുപടിയായി നൂഹ് നബി(അ) തന്നെ പറഞ്ഞ കാര്യങ്ങൾ നമുക്ക് പരിശോധിക്കാം.

* നൂഹ് നബി സങ്കടം ബോധിപ്പിച്ചു; ‘എന്റെ നാഥാ, എന്നോടിവർ ധിക്കാരം കാട്ടി’. ദീർഘകാലം നീണ്ടുനിന്ന ഈ പരിശ്രമങ്ങൾക്കും ത്യാഗങ്ങൾക്കുമെല്ലാമൊടുവിൽ ഫലം ധിക്കാരം മാത്രമായിരുന്നു.(ഖുതുബ്- ഫീ ദിലാലിൽ ഖുർആൻ- 3715/6)

* ‘സമ്പത്തും സന്താനങ്ങളും കൊണ്ട് നഷ്ടം മാത്രമുണ്ടായവരെ അവർ പിന്തുടർന്നു’. സമ്പത്തും സന്താനങ്ങളും കൂടുതലായുള്ളവർ ദൈവനിഷേധത്തിന്റെ വിഷയത്തിലും മുന്നിലായിരുന്നു. ഈ രണ്ടു മാനദണ്ഡങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ് അന്ന് സമൂഹത്തിൽ നേതാക്കൾ രൂപപ്പെട്ടിരുന്നത്. ഇതുവഴി നൂഹ് നബിയെ അവർ കൂടുതലായി എതിർക്കുകയും തദ്ഫലമായി റബ്ബിന്റെ പക്കൽ അവരുടെ നഷ്ടം വലുതാവുകയും ചെയ്തു. അവർ ചെയ്തുപോരുന്ന ദൈവനിഷേധത്തിനു പുറമെ ഈ ധിക്കാരവും അവർക്ക് വലിയ നഷ്ടമായി ഭവിച്ചു. സ്വന്തം വഴികേടിനു പുറമെ ജനങ്ങളെ മുഴുവൻ വഴികേടിലാക്കിയതിന്റെ പാപവും അവർക്കു മുകളിലായി. അവരുടെ ദുഷ്‌ചെയ്തികൾ ഒന്നൊന്നായി വിശദീകരിച്ചു പറയുന്നതിനു പകരം അവയുടെ തദ്ഫലമായി വന്നുചേർന്ന നഷ്ടം വിവരിക്കുകയാണ് അല്ലാഹു ഇവിടെ ചെയ്തത്. വിശുദ്ധ ഖുർആനിന്റെ ഒരു സവിശേഷ ശൈലിയാണിത്.

* ‘അവർ അഹങ്കാരപൂർവം പല ചതിപ്രയോഗങ്ങളും നടത്തി’. നൂഹ് നബിയുടെ പ്രബോധനപ്രവർത്തനങ്ങൾ മുടക്കാൻ അവർ പലതും ചെയ്തു. നൂഹ് നബിയുടെ വഴിയിൽ തടസങ്ങൾ സൃഷ്ടിക്കാനും ദൈവനിഷേധത്തെയും വഴികേടിനെയും അജ്ഞതയെയും മഹത്വവൽക്കരിക്കാനും അവർ പലതും ശ്രമിച്ചു. ‘കുബ്ബാർ’ എന്ന, അതിബാഹുല്യത്തെ കുറിക്കുന്ന അറബി പദമാണ് അവരുടെ അഹങ്കാരത്തെ വിശദീകരിക്കാൻ അല്ലാഹു ഉപയോഗിച്ചത്. തങ്ങളുടെ പണവും സന്താനങ്ങളുമടക്കമുള്ള പ്രതാപങ്ങളുപയോഗിച്ച് സമൂഹത്തെ തെറ്റായ വഴിയിൽ തന്നെ പിടിച്ചുനിറുത്താൻ സമൂഹത്തിലെ നേതാക്കൾ കാട്ടിയ അമിതാവേശത്തെയും ഈ സൂക്തം കുറിക്കുന്നുണ്ട്.

* ‘അവർ കൽപിച്ചു; നിങ്ങളുടെ ദൈവങ്ങളെ, വിശിഷ്യാ വദ്ദ്- സുവാഅ്- യഗൂസ്- യഊഖ്- നസ്‌റിനെ നിങ്ങൾ കൈവെടിയരുത്. ഇവ്വിധം ഒട്ടനേകമാളുകളെ അവർ ദുർമാർഗത്തിലാക്കുക തന്നെ ചെയ്തു. അതിക്രമകാരികൾക്ക് നീ വഴികേടല്ലാതെ മറ്റൊന്നും വർധിപ്പിച്ചു കൊടുക്കരുതേ!’
സമൂഹത്തിലെ മുതിർന്ന നേതാക്കൾ ജനങ്ങളോട് നിരന്തരം ഓർമപ്പെടുത്തിയിരുന്നത് പൂർവപിതാക്കളുടെ ആരാധനാരീതികളെ ഒരുനിലക്കും ഉപേക്ഷിക്കരുതെന്നായിരുന്നു. വിശിഷ്യാ വുദ്ദ്, സുവാഅ്, യഗൂസ്, യഊഖ്, നസ്‌റ് എന്നീ ബിംബങ്ങളെ അർഹിക്കുന്ന പരിഗണനയോടെത്തന്നെ നോക്കിക്കാണാൻ അവർ ആഹ്വാനം ചെയ്തു. നിങ്ങളുടെ ദൈവങ്ങളെ നിങ്ങളൊരിക്കലും കൈവെടിയരുതെന്ന ശക്തമായ ആഹ്വാനമാണവർ നടത്തിയത്. ലോലഹൃദയരും സാധുക്കളുമായ ജനങ്ങളെ സ്വാധീനിക്കാൻ അവരിലെ പ്രമുഖരായ ബിംബങ്ങളുടെ പേരു പറഞ്ഞാണ് ആ നേതാക്കൾ നബിക്കെതിരായ പ്രചരണം നടത്തിയത്.

ജനങ്ങളെ പിഴപ്പിക്കുകയെന്ന ലക്ഷ്യത്തോടെ വ്യത്യസ്ത രൂപങ്ങളിലും പേരുകളിലുമായി ചരിത്രത്തിൽ എന്നും ഇത്തരം ബിംബങ്ങൾ രൂപപ്പെട്ടിട്ടുണ്ട്. ‘അവർ ഒരുപാടുപേരെ വഴിപിഴപ്പിച്ചു’വെന്നാണ് ഖുർആനിക വചനം. ബിംബങ്ങളുപയോഗിച്ച് ഈ നേതാക്കൾ ഒരുപാട് സാധാരണക്കാരെ വഴികേടിലാക്കിയെന്നോ ബിംബങ്ങൾ നേരിട്ടുതന്നെ ഒരുപാടുപേരെ പിഴപ്പിച്ചുവെന്നോ പറയാം. ഒരു തെളിവുമില്ലാതെ അന്ധമായി മുൻകാലക്കാരുടെ ആചാരം പിന്തുടർന്നു അവർ.

അതിക്രമകാരികൾക്ക് വഴികേടല്ലാതെ മറ്റൊന്നും നീ വർധിപ്പിച്ചു കൊടുക്കരുതേ എന്നത് നൂഹ് നബിയുടെ ഹൃദയം തുറന്നുള്ള പ്രാർഥനയാണ്. സമൂഹത്തിലെ സാധാരണക്കാരായ ജനങ്ങളുടെ വഴികേടിനെക്കുറിച്ചല്ല, മറിച്ച് ‘ഈ പ്രബോധനം അവസാനിപ്പിച്ചില്ലെങ്കിൽ കല്ലെറിഞ്ഞു കൊല്ലുമെന്ന്’ നബിയെ നിരന്തരം വെല്ലുവിളിച്ചിരുന്ന സമൂഹത്തിലെ നേതാക്കളുടെ വഴികേടിനെക്കുറിച്ചാണ് ഈ സൂക്തമെന്ന് പണ്ഡിതർ വ്യക്തമാക്കുന്നു. തന്റെ സമൂഹം കൂടുതൽ വഴികേടിലാവണമെന്ന് ഒരു പ്രവാചകനും ആഗ്രഹിക്കില്ലല്ലോ.

* ‘തങ്ങളനുവർത്തിച്ച പാതകങ്ങളാൽ അവർ മുക്കിക്കൊല്ലപ്പെടുകയും അഗ്നിയിൽ പ്രവേശിപ്പിക്കപ്പെടുകയുമുണ്ടായി. തത്സമയം അല്ലാഹുവല്ലാത്ത മറ്റൊരു സഹായിയെയും അവർ കണ്ടെത്തിയില്ല.’ ഏകദൈവവിശ്വാസത്തോട് പുറംതിരിയുകയും ദൈവനിഷേധത്തിൽ ഉറച്ചു നിൽക്കുകയും ചെയ്തതിന്റെ ഫലമായി വെള്ളപ്പൊക്കത്തിൽ അവരെ മുക്കിക്കൊല്ലുകയും തുടർന്ന് ഖബ്‌റിലും തീ കൊണ്ടുള്ള ശിക്ഷ നൽകുകയുമായിരുന്നു അല്ലാഹു ചെയ്തത്. ശിക്ഷ നൽകിയ വിവരം പറഞ്ഞ ശേഷമാണ് തന്റെ സമൂഹത്തിനെതിരായ പ്രവാചകൻ ദുആ ചെയ്തത് ഖുർആൻ ഉദ്ധരിക്കുന്നത്.

* ‘നൂഹ് നബി കേണുപ്രാർഥിച്ചു; നാഥാ, സത്യനിഷേധികളിൽ പെട്ട ഒരാളെയും ഭൂതലത്തിൽ നീ അവശേഷിപ്പിക്കരുതേ’. തൊള്ളായിരത്തി അൻപത് വർഷം പ്രബോധനം നടത്തിയിട്ടും വിരലിലെണ്ണാവുന്ന ആൾക്കാർ മാത്രം സന്ദേശം സ്വീകരിക്കുകയും ബാക്കിവരുന്ന വൻഭൂരിപക്ഷവും ദൈവനിഷേധവും പരിഹാസവും മാത്രം തുടർന്നപ്പോൾ മാത്രമാണ് നൂഹ് നബി പ്രാർഥിക്കാൻ ഒരുമ്പെടുന്നത്.

* ‘അങ്ങനെ വിട്ടേക്കുകയാണെങ്കിൽ അവർ നിന്റെ അടിമകളെ മാർഗഭൃഷ്ടരാക്കുന്നതും കേവലം നിഷേധികളായ അധർമകാരികളെ മാത്രം ഉൽപാദിപ്പിക്കുന്നതുമാകുന്നു’. പിതാക്കൾ മക്കളുമായി നൂഹ് നബിയുടെ പക്കൽ വന്ന് ഇങ്ങനെ പറയാറുണ്ടായിരുന്നത്രെ: മകനേ, ഈ മനുഷ്യനെ സൂക്ഷിക്കണം. ഒരിക്കലും ഇയാളെ പിന്തുടരരുത്. എന്റെ പിതാവും എനിക്ക് സമാനമായ മുന്നറിയിപ്പ് നൽകിയിരുന്നു. ആയതിനാൽ ഞാൻ നിനക്കും മുന്നറിയിപ്പ് നൽകുന്നു. ദൈവനിഷേധം ജനങ്ങളിൽ അത്രമാത്രം രൂഢമൂലമാണെന്ന് അപ്പോഴായിരുന്നു നബി തിരിച്ചറിഞ്ഞത്. അപ്പോഴാണ് ഈ പ്രാർഥന നടത്തുന്നതും. ചെറിയ കുട്ടികളിൽ പോലും ദൈവനിഷേധം കുത്തിവെക്കുന്നുവെന്നും അവർ പിറക്കാൻ പോകുന്ന കുട്ടികൾ പോലും ഇനി അത്തരക്കാരാവുമെന്നും കണ്ടാണ് നബി ഈ പ്രാർഥന നടത്തുന്നത്.

* ‘നാഥാ, എനിക്കും എനിക്കും മാതാപിതാക്കൾക്കും സത്യവിശ്വാസം വരിച്ച് എന്റെ ഭവനത്തിൽ പ്രവേശിച്ചവർക്കും സകല സത്യവിശ്വാസി- വിശ്വാസിനികൾക്കും നീ പാപങ്ങൾ പൊറുത്തു തരേണമേ. അതിക്രമകാരികൾക്ക് നാശമല്ലാതെ മറ്റൊന്നും നീ വർധിപ്പിക്കരുതേ’. നൂഹ് നബിയുടെ സംഭവത്തിന്റെ പര്യാവസാനം വിശദീകരിക്കുകയാണ് ഇവിടെ അല്ലാഹു. തന്റെ പ്രബോധനമാർഗത്തിൽ വല്ല വീഴ്ചകളുമുണ്ടായെങ്കിൽ അതും തന്റെ മാതാപിതാക്കൾക്കും തന്നെ വിശ്വസിച്ചവർക്കും പൊറുത്തുതരണമെന്നാണ് പ്രവാചകന്റെ അവസാന അഭ്യർഥന. മാതാപിതാക്കളോടും ആരുമാരും സ്വീകരിക്കാനില്ലാത്തപ്പോൾ തന്റെ വിശ്വാസസന്ദേശങ്ങൾ ഏറ്റെടുത്ത വിശ്വാസികളോടുമുള്ള സ്‌നേഹവും കരുതലും കടപ്പാടും ഈ സൂക്തത്തിൽ കാണാം. എല്ലാ വിശ്വാസികൾക്കും വേണ്ടികൂടി പ്രത്യേകം പ്രാർഥിക്കുന്നുണ്ട് അദ്ദേഹം. അവസാനമായി, അവിശ്വാസികളും അക്രമികളുമായ ജനതക്കെതിരായി പ്രാർഥിച്ചുകൊണ്ടാണ് നൂഹ് നബി തന്റെ പ്രാർഥന അവസാനിപ്പിക്കുന്നത്. പ്രബോധനവഴിയിൽ എത്രതന്നെ ത്യാഗങ്ങൾ സഹിച്ചാലും നാഥനിലുള്ള പ്രതീക്ഷ കൈവിടരുതെന്ന മഹത്തായ സന്ദേശമാണ് നൂഹ് നബിയുടെ ജീവിതം നമുക്ക് പകർന്നുതരുന്നത്.

വിവ. മുഹമ്മദ് ശാക്കിർ മണിയറ

Related Articles