Current Date

Search
Close this search box.
Search
Close this search box.

ഇസ്രയേലി തെരെഞ്ഞെടുപ്പുകള്‍ക്കപ്പുറത്തെ രാഷ്ട്രീയ പ്രതിസന്ധികള്‍

രാഷ്ട്രത്തിന്റെ ചരിത്രത്തിലെ ഏറ്റവും സങ്കീര്‍ണമായ രാഷ്ട്രീയ പ്രതിസന്ധിയെ ഇസ്രയേല്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കെ, ഹാരി ഹൗദിനിയെപ്പോലെ നിരന്തരം പ്രശ്‌നങ്ങളില്‍ നിന്നും വിദഗ്ധമായി രക്ഷപ്പെടുന്നത് തുടരുകയാണ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ജയില്‍ശിക്ഷ ഒഴിവാക്കാനായി പരമാവധി പ്രധാനമന്ത്രിപദത്തിലിരിക്കുക എന്നതാണ് നെതന്യാഹുവിന്റെ പുതിയ രാഷ്ട്രീയ തന്ത്രമെന്നത് വ്യക്തമാണ്. പക്ഷേ, വിചാരണയുടെ സമയം മുമ്പു തന്നെ തീരുമാനിക്കപ്പെട്ടിരിക്കെ, എങ്ങനെ അതിനെയും അതിജീവിക്കാന്‍ ഈ ഇസ്രയേലി മുങ്ങല്‍ വിദഗ്ധന് കഴിയുമെന്നത് കാത്തിരുന്ന് കാണണം.
മാസങ്ങളോളം രാജ്യത്തെ രാഷ്ട്രീയ നേതൃത്വത്തോട് വിലപേശിയിട്ടും വലതുപക്ഷ പൗരന്മാരോട് വാഗ്വാദങ്ങളിലേര്‍പ്പെട്ടിട്ടും ഇസ്രയേലിന്റെ രാഷ്ട്രീയ തലപ്പത്തെ തന്റെ സ്ഥാനം ഭദ്രമാക്കാനും തന്നെ പ്രതിരോധിക്കാനും കഴിയുന്ന ശക്തമായൊരു നീക്കം സൃഷ്ടിക്കുന്നതില്‍ നെതന്യാഹു പരാജയപ്പെട്ടു. ഏപ്രിലില്‍ നടന്ന തെരെഞ്ഞെടുപ്പില്‍ ഗവണ്‍മെന്റ് രൂപീകരിക്കാന്‍ കഴിയാതിരുന്ന നെതന്യാഹുവിന് തന്റെ തന്ത്രജ്ഞതയിലൂടെ ആഭ്യന്തരവും വിദേശകാര്യങ്ങളും നിയന്ത്രിക്കുന്ന പ്രധാനമന്ത്രിയുടെ ചുമതല വഹിക്കാനായിരുന്നു നിയോഗം.

രാജ്യത്തെ സാധാരണ ജനങ്ങള്‍ക്കിടയില്‍ തനിക്ക് പിന്തുണ വര്‍ധിപ്പിക്കാനുള്ള നെതന്യാഹുവിന്റെ തന്ത്രപരവും സാമ്പത്തികപരവുമായ മുന്നേറ്റങ്ങളൊന്നും ഫലം കണ്ടില്ലെന്നാണ് തെളിവുകള്‍ വ്യക്തമാക്കുന്നത്. വലതുപക്ഷ സ്വഭാവം സ്വീകരിച്ചുകൊണ്ടിരിക്കുന്ന ബ്ലൂ ആന്റ് വൈറ്റ് പാര്‍ട്ടിയുടെ നേതാവായ ബെന്നി ഗാന്റ്‌സിനെപ്പോലുള്ളവര്‍ രാജ്യത്തിന്റെ എല്ലാ മേഖലകളിലും നെതന്യാഹുവിനുള്ള പിന്തുണയെയാണ് ആഗിരണം ചെയ്തുകൊണ്ടിരിക്കുന്നത്. ഇസ്രയേലീ വോട്ടര്‍മാര്‍ക്കിടയില്‍ നെതന്യാഹുവിനുള്ള ഒരുപാട് രാഷ്ട്രീയ ആനുകൂല്യങ്ങളെ അട്ടിമറിക്കാന്‍ പ്രാപ്തനാണ് ഗാന്റ്‌സ് എന്നാണ് സെപ്തംബറിലെ തെരെഞ്ഞെടുപ്പ് ഫലങ്ങള്‍ പറയുന്നത്.
ഒരു വര്‍ഷത്തിനകം തന്നെയുള്ള മൂന്നാമത്തെ പൊതു തെരെഞ്ഞടുപ്പിനാണ് മാര്‍ച്ച് രണ്ടിന് ഇസ്രയേല്‍ സാക്ഷ്യം വഹിക്കുക. ഈ ചുരുങ്ങിയ കാലയളവില്‍ തന്നെ വലതുപക്ഷ നേതാവിന്റെ സ്വഭാവത്തിലേക്കു മാറാനും അതേസമയം ഒരു ഭാവി ഗവണ്‍മെന്റ് സഖ്യം രൂപീകരിക്കാനായി ഇടതുപക്ഷത്തോട് സംവദിക്കാന്‍ താനൊരു മധ്യനിലപാടുകാരനാണെന്ന് വരുത്തിത്തീര്‍ക്കാനും ഗാന്റ്‌സിന് കഴിഞ്ഞിട്ടുണ്ട്.

Also read: പ്രതീക്ഷയുടെ പ്രകാശഗോപുരമാണ് ഹമാസ്

ഏപ്രിലിലെ ആദ്യ തെരെഞ്ഞെടുപ്പില്‍ തന്നെ താന്‍ കെണിയിലകപ്പെടുമെന്ന് മനസിലാക്കിയ നെതന്യാഹു തന്റെ ഡീല്‍ ഓഫ് ദി സെഞ്ചുറി നടപ്പാക്കാനായി അമേരിക്കയുടെ സഹായം തേടുകയാണ് ചെയ്തത്. നിലനില്‍പ്പ് അപകടത്തിലായ നെതന്യാഹുവിന് വരാനിരിക്കുന്ന തെരെഞ്ഞെടുപ്പുകളെ നേരിടാനുള്ള അവസാന കച്ചിത്തുരുമ്പായിരിക്കും ഈ മിഡ്ല്‍ ഈസ്റ്റ് പദ്ധതിയെന്നത് ഉറപ്പാണ്. പക്ഷേ, കാര്യങ്ങള്‍ നെതന്യാഹു പ്ലാന്‍ ചെയ്തതു പോലെയല്ല നടന്നത്.
നെതന്യാഹുവിന്റെ തിരക്കഥ ഇങ്ങനെയായിരുന്നു: ഫലസ്തീനികളില്‍ നിന്നും പൂര്‍ണമായും അവകാശങ്ങള്‍ എടുത്തുകളഞ്ഞ് മുഴുവനും ഇസ്രയേലിനു നല്‍കുന്ന പദ്ധതി ട്രംപ് ഭരണകൂടം പുറത്തുവിടുന്നു. സ്വാഭാവികമായും ഇതിന്റെ നേട്ടം തെരെഞ്ഞെടുപ്പുകളില്‍ അനുഭവിക്കാനാകുന്ന നെതന്യാഹുവിന് വെസ്റ്റ്ബാങ്കിലും ജോര്‍ദാന്‍ താഴ്‌വരയിലുമുള്ള എല്ലാ അനധികൃത ജൂത കുടിയേറ്റക്കാരെയും പുനരധിവസിപ്പിക്കാനും സാധിക്കും. എന്നാല്‍ കാര്യങ്ങള്‍ കരുതിയതുപോലെ നടന്നില്ല. ഫെബ്രുവരി നാലിന് നടന്ന ഒരു പ്രചരണ റാലിയില്‍ നെതന്യാഹു പറഞ്ഞത് തെരെഞ്ഞെടുപ്പിന് മുമ്പായി നിശ്ചയിച്ച വെസ്റ്റ്ബാങ്കിലെ പുനരധിവാസ പദ്ധതി വരാനിരിക്കുന്ന തെരെഞ്ഞെടുപ്പിനു മുമ്പായി ചെയ്തുതീര്‍ക്കും എന്നാണ്. പദ്ധതി മാറ്റിവെക്കാന്‍ കാരണം യുഎസിന്റെ ഇടപെടലുകളാണെന്ന് മാധ്യമസംസാരമുണ്ടെങ്കിലും യഥാര്‍ഥ കാരണം രാജ്യത്ത് നെതന്യാഹു നേരിടുന്ന വെല്ലുവിളികളാവാനാണ് സാധ്യത. ഡീല്‍ ഓഫ് ദി സെഞ്ചുറിയും വെസ്റ്റ്ബാങ്കിലെ പുനരധിവാസ പദ്ധതിയും പൂര്‍ത്തിയാക്കാനായാല്‍ കുറ്റവിമുക്തനാകാനും അഴിമതിക്കുള്ള ജയില്‍ശിക്ഷ ഒഴിവാകാനും കഴിയുമെന്നതില്‍ നെതന്യാഹുവിന് പ്രതീക്ഷയുണ്ട്. പക്ഷേ, ആ പദ്ധതി വിജയിക്കുകയും നെതന്യാഹു തെരെഞ്ഞെടുപ്പില്‍ പരാജയപ്പെടുകയും ചെയ്താല്‍ എന്തു സംഭവിക്കും? അതോടെ പയറ്റിത്തെളിഞ്ഞ ഈ നേതാവിന് തന്റെ ഇടം നഷ്ടമാവുകയും ഭാവിയില്‍ രാഷ്ട്രീയ വിലപേശല്‍ നടത്താനുള്ള സാധ്യതകള്‍ അടയുകയും ചെയ്യും. വെസ്റ്റ്ബാങ്ക് അധീനപ്പെടുത്താനുള്ള നീക്കങ്ങള്‍ക്ക് പെട്ടെന്ന് വിരാമമിട്ടതു തന്നെ അതിനെ ഒരു രാഷ്ട്രീയ തിരിമറിയുടെ രൂപത്തിലാണ് ഉപയോഗിക്കാനാണ് നെതന്യാഹു ആഗ്രഹിക്കുന്നത് എന്നതിന്റെ തെളിവാണ്. ഫലസ്തീനിലെ ഇസ്രയേല്‍ അധിനിവിഷ്ട വെസ്റ്റ്ബാങ്കിനെപ്പറ്റിയുള്ള പരാമര്‍ശത്തിനിടെ നെതന്യാഹു പറഞ്ഞതിങ്ങനെയാണ്: ‘ഈ പദ്ധതി വിജയം കാണുകയാണെങ്കില്‍, ജൂദിയയിലെയും സമാറിയയിലെയും ജൂതസമൂഹത്തിലേക്ക് ഇസ്രയേലിന് തങ്ങളുടെ അധികാരം വ്യാപിപ്പിക്കാനാവും’.
രാജ്യത്തെ വലതുപക്ഷ വിഭാഗത്തിന്റെ, പ്രത്യേകിച്ച് രാഷ്ട്രീയമായി സുസംഘടിതമായ ജൂത കുടിയേറ്റക്കാരുടെ അതൃപ്തി ഒഴിവാക്കാനായി, അനധികൃത ജൂത കുടിയേറ്റക്കാര്‍ക്ക് കിഴക്കന്‍ ജറുസലെമില്‍ മൂവായിരം വീടുകള്‍ നിര്‍മിക്കുമെന്ന് ഫെബ്രുവരി ഇരുപതിന് നെതന്യാഹു പ്രഖ്യാപിച്ചിരുന്നു. ഗിവാറ്റ് ഹമാറ്റോസില്‍ ജൂതന്‍മാര്‍ക്കായി വേറെയും മൂവായിരത്തില്‍പരം വീടുകള്‍ പണിയുമെന്ന് റോയിട്ടേഴ്‌സിനു നല്‍കിയ അഭിമുഖത്തില്‍ നെതന്യാഹു പറയുകയുണ്ടായി. അത്തരമൊരു നിര്‍മാണം അധിനിവിഷ്ട കിഴക്കന്‍ ജെറുസലെമില്‍ നിന്നും ഫലസ്തീനീ നഗരമായ ബെത്‌ലഹെമിനെ പൂര്‍ണമായും വേര്‍തിരിക്കുമെന്നിരിക്കെ, ഈ നീക്കം ഭാവിയില്‍ ഫലസ്തീനെന്ന രാഷ്ട്രത്തിന് പ്രാദേശികമായ അതിരുകള്‍ നിശ്ചയിക്കാനുള്ള സാധ്യതകളെയാകും ഇല്ലാതാക്കുക.

പ്രതിപക്ഷ നിരയിലും ഭരണകൂടത്തിലും സുപ്രീം കോടതിയിലുമുള്ള നെതന്യാഹുവിന്റെ എതിരാളികളെല്ലാം നെതന്യാഹുവിന്റെ സംശയകരമായ ചെയ്തികളോട് വിരക്തിയുള്ളവരാണ്. നെതന്യാഹുവിന്റെ തികച്ചും അവസരവാദപരമായ നീക്കങ്ങളോട് അതേ തരത്തിലുള്ള രാഷ്ട്രീയ നിലപാട് സ്വീകരിച്ചുകൊണ്ടോ, പ്രധാനമന്ത്രിക്ക് പിന്തുണയറിയിച്ചുകൊണ്ടോ ആണ് ഗാന്റ്‌സ് പ്രതികരിക്കുന്നത്. വേണ്ടത്ര പിന്തുണ കിട്ടില്ലെന്നറിഞ്ഞതുകൊണ്ടാണ് നേരത്തെ ജനുവരി 28 താന്‍ സമര്‍പ്പിച്ച കുറ്റവിമുക്തനാക്കാനുള്ള ഹരജി പിന്‍വലിക്കാന്‍ നെതന്യാഹു നിര്‍ബന്ധിതനായത്. ഇതിനിടയിലും അഴിമതിക്കേസുകളുമായി ബന്ധപ്പെട്ടുള്ള നിയമനടപടികള്‍ തുടരുക തന്നെയാണ്.

Also read: ഭരണകൂടത്തിന്റെ അനുമതിയില്ലാതെ കലാപം മൂന്ന് ദിവസം നീണ്ടുനില്‍ക്കില്ല

പ്രധാനമന്ത്രിപദത്തിന്റെ സംരക്ഷണമുണ്ടെങ്കിലും മാര്‍ച്ച് രണ്ടിന് നടക്കാനിരിക്കുന്ന തെരെഞ്ഞെടുപ്പുകളില്‍ ഫലം അനുകൂലമായാലും തന്റെ വിചാരണക്കായി ജറുസലെം ജില്ലാ കോടതിയില്‍ ഹാജരാകേണ്ടിവരുമെന്നാണ് വിലയിരുത്തലുകള്‍. ഇസ്രയേലിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതോടൊപ്പം മൂന്നംഗ ബെഞ്ചിനു മുന്നില്‍ തനിക്കെതിരെയുള്ള അഴിമതിയാരോപണങ്ങള്‍ തെളിയിക്കേണ്ട അവസ്ഥയാണ് നെതന്യാഹുവിന് വന്നുചേര്‍ന്നിരിക്കുന്നത്. ഇസ്രയേലിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഭരണത്തലപ്പത്തിരിക്കുന്നൊരാള്‍ ഇത്രമേല്‍ നിയമപരവും രാഷ്ട്രീയപരവുമായ പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നത്.

നിലവില്‍ പ്രധാനമന്ത്രിക്കസേരയിലിരിക്കുന്ന ഒരാള്‍ വിചാരണ നേരിടുന്നതുകൊണ്ട് ഭരണഘടനയെ മാറ്റിവച്ച് ഇസ്രയേലിന് മുന്നോട്ടുപോകണമെന്നതിനാല്‍ രാജ്യത്ത് ഇനിയുള്ള നിയമനടപടികളില്‍ രാജ്യത്തിന്റെ നിയമത്തിനനുസൃതമായി വ്യാഖ്യാനിക്കേണ്ട ചുമതല ഇനി സുപ്രിം കോടതിക്ക് മാത്രമായിരിക്കും. എന്നാല്‍ ഇതിലും ഏറെ പ്രശ്‌നങ്ങള്‍ സംഭവിക്കാന്‍ സാധ്യതകള്‍ നിലനില്‍ക്കുന്നു.

വിവാദനായികയായ മുന്‍ നീതി മന്ത്രി അയെലെറ്റ് ശേകിദ് ഈയിടെ സുപ്രീം കോടതിയെ ഓര്‍മപ്പെടുത്തിയത് കോടതിയുടെ നീതിനിര്‍വഹണത്തില്‍ ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ ഇടപെടലുകളുണ്ടായാല്‍ അത് ഭരണതലത്തിലുള്ള അട്ടിമറിക്ക് കാരണമാകും എന്നാണ്. എന്തായാലും അനിശ്ചിതമായ സാമൂഹിക അസ്ഥിരതയും രാഷ്ട്രീയ പ്രതിസന്ധിയും ഉണ്ടായേക്കാവുന്ന ഒരു പരിണാമഘട്ടത്തിലാണ് ഇസ്രയേല്‍ ഇപ്പോള്‍ ഉള്ളത്.

വിവ. അഫ്‌സല്‍ പിടി മുഹമ്മദ്

Related Articles