Current Date

Search
Close this search box.
Search
Close this search box.

സൂര്യഗ്രഹണവും പ്രവാചകപുത്രന്റെ മരണവും

പ്രവാചകന് ഏറെ പ്രിയപ്പെട്ട മകനായിരുന്നു ഇബ്‌റാഹീം. അവനെക്കൂടാതെ ആണ്‍കുട്ടികളുണടായിരുന്നില്ല. ഖാസിമും ത്വാഹിറും അവരുടെ മാതാവ് ഖദീജയുടെ മടിത്തട്ടില്‍വെച്ച് ശൈശവത്തില്‍ തന്നെ മൃതിയടഞ്ഞിരുന്നു. അതിനാല്‍ ഇബ്‌റാഹീമിനോടുള്ള സ്‌നേഹവാത്സല്യ വികാരം അപാരമായിരുന്നു. ഒഴിവു കിട്ടുമ്പോഴെല്ലാം അവനെ കളിപ്പിക്കാനും ലാളിച്ച് ഓമനിക്കാനും ഓടിയെത്തുമായിരുന്നു.
എന്നാല്‍ പ്രവാചകന്റെ ഈ സന്തോഷം ഏറെ നീണടുനിന്നില്ല. ഒരുവയസ്സ് തികയുംമുമ്പെ ഇബ്‌റാഹീം രോഗബാധിതനായി. മാതാവ് മാരിയത്തും അവരുടെ സഹോദരി സീറീനും കൂടി കുഞ്ഞിനെ ആവുംവിധം ശുശ്രൂഷിച്ചു. രോഗം വര്‍ധിച്ച് ആസന്നമരണനായപ്പോള്‍ അവര്‍ നബി തിരുമേനിയെ വിവരമറിയിച്ചു. ഏറെ ദുഃഖിതനായ പ്രവാചകന്‍ അബ്ദുറഹ്മാനുബ്‌നു ഔഫിന്റെ കൂടെ മാരിയത്തിന്റെ വീട്ടിലെത്തി. അന്ത്യശ്വാസം വലിച്ചുകൊണടിരുന്ന ഓമന മകനെ നോക്കി അവിടുന്ന് പറഞ്ഞു: ‘അല്ലാഹുവിന്റെ വിധിയില്‍നിന്ന് നിന്നെ രക്ഷിക്കാന്‍ ഞങ്ങള്‍ അശക്തരാണ്.’
ഏറെക്കഴിയും മുമ്പെ ആ പിഞ്ചോമനയുടെ ഹൃദയമിടിപ്പുകള്‍ നിലച്ചു. ചലനമറ്റ ആ ശരീരത്തിലേക്കു നോക്കി നബി തിരുമേനി പറഞ്ഞു: ‘ഇബ്‌റാഹീം; മനുഷ്യരിലെ ആദ്യത്തവനും അവസാനത്തവനും നാളെ ഒരുമിച്ചുകൂട്ടപ്പെടുമെന്നത് അനിഷേധ്യമായ സത്യമാണ്. ഉറപ്പായും പുലരുന്ന ദൈവിക വാഗ്ദാനം! ആ ദിനമില്ലായിരുന്നെങ്കില്‍ നിന്റെ പേരിലുള്ള ഞങ്ങളുടെ ദുഃഖം ഇതിനെക്കാള്‍ എത്രയോ കൂടുതലാകുമായിരുന്നു.’
ഇബ്‌റാഹീമിന്റെ മരണം പ്രവാചകനെ അത്യധികം അലോസരപ്പെടുത്തി. മനസ്സിന്റെ പ്രയാസം മുഖത്ത് പ്രകടമാവുകയും ചെയ്തു.
അന്നും മദീനയുടെ പുലര്‍കാലം പതിവുപോലെ പ്രശോഭിതമായിരുന്നു. എന്നാല്‍, മധ്യാഹ്നമായതോടെ അന്തരീക്ഷം മങ്ങാന്‍ തുടങ്ങി. ഏറെക്കഴിയുംമുമ്പേ എങ്ങും ഇരുള്‍ പരന്നു. നേരം നട്ടുച്ചയായിരുന്നിട്ടും രാത്രിയായപോലെ. എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കും ഒന്നും മനസ്സിലായില്ല. അത്തരമൊരനുഭവം സമീപകാലത്തൊന്നും മദീനാവാസികള്‍ക്കുണടായിരുന്നില്ല. അതിനാല്‍ പലരും പരിഭ്രാന്തരായി. എന്തോ വന്‍ വിപത്ത് വന്നെത്തി എന്നവര്‍ കരുതി. എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ അതിയായ ആശങ്കയോടെ എല്ലാവരും അന്വേഷിച്ചുകൊണടിരുന്നു. അപ്പോഴാണ് ഏറെപ്പേരും പ്രവാചകപുത്രന്‍ ഇബ്‌റാഹീമിന്റെ മരണത്തെക്കുറിച്ച് കേട്ടത്. അതോടെ അവര്‍ സൂര്യഗ്രഹണത്തെ അതുമായി ബന്ധിപ്പിച്ചു. വാര്‍ത്ത കാട്ടുതീപോലെ പരന്നു. കേട്ടവരൊക്കെ കുട്ടിയുടെ മരണം കാരണമാണ് ഇരുള്‍ മൂടിയതെന്ന് ധരിച്ചു. അതിന് വമ്പിച്ച പ്രചാരം കിട്ടുകയും ചെയ്തു.
സത്യത്തില്‍ സംഭവം തികച്ചും യാദൃച്ഛികമായിരുന്നു. ഒന്നിന് മറ്റൊന്നുമായി ബന്ധമുണടായിരുന്നില്ല. എന്നാല്‍, ഇത്തരം അസാധാരണമായ ഒത്തുവരവുകളാണല്ലോ മൂഢവിശ്വാസങ്ങള്‍ക്ക് ജന്മം നല്‍കാറുള്ളത്. അമാനുഷികത അവകാശപ്പെടുന്ന വ്യാജദൈവങ്ങളും സിദ്ധന്മാരും ഒട്ടേറെ പ്രവചനങ്ങള്‍ നടത്തും. അപൂര്‍വം ചിലത് ഒത്തുവരും. അവര്‍ തങ്ങളെ തേടിയെത്തുന്നവര്‍ക്കെല്ലാം ചികില്‍സ വിധിക്കും. ചുരുക്കം ചിലരുടെ രോഗം സുഖമാകും. ചികില്‍സയില്ലാതെയും ധാരാളം രോഗങ്ങള്‍ ഭേദമാകാറുണടല്ലോ. പുലര്‍ന്ന പ്രവചനങ്ങള്‍ക്കും രോഗം സുഖമായതിനും വമ്പിച്ച പ്രചാരം നല്‍കും. ഏറെ പ്രവചനങ്ങളും പിഴച്ചവയും, രോഗങ്ങള്‍ ഭേദമാകാത്തവയുമാണെങ്കിലും അവ എല്ലാവരും മറക്കുകയോ മറച്ചുവെക്കുകയോ ചെയ്യും. യാദൃച്ഛിക സംഭവങ്ങള്‍ അന്ധവിശ്വാസങ്ങള്‍ക്ക് കാരണമാവുന്നതും അവ്വിധംതന്നെ.
ജനം മദീനയുടെ തെരുവില്‍ ഒത്തുകൂടി മുഹമ്മദ് നബിയുടെ മഹത്വത്തെ സംബന്ധിച്ച് സംസാരിക്കാന്‍ തുടങ്ങി. മകന്‍ മരണമടഞ്ഞപ്പോഴേക്കും അല്ലാഹു സൂര്യനെ മറച്ചുകളഞ്ഞതിനെക്കുറിച്ച് അദ്ഭുതം പ്രകടിപ്പിക്കുകയായിരുന്നു അവര്‍. അവസാനം അവരുടെ വര്‍ത്തമാനം പ്രവാചകന്റെ കാതുകളിലുമെത്തി. ഉടനെ അദ്ദേഹം അവരെ വിളിച്ചുവരുത്തി. എല്ലാവരും മദീനയിലെ പള്ളിയില്‍ ഒരുമിച്ചുകൂടിയപ്പോള്‍ പ്രസംഗപീഠത്തില്‍ കയറി പ്രവാചകന്‍ പറഞ്ഞു: ‘സൂര്യനും ചന്ദ്രനും അല്ലാഹുവിന്റെ അടയാളങ്ങളാണ്. അവന്റെ മഹത്വത്തിന്റെ ചിഹ്നങ്ങള്‍! അല്ലാഹു നിശ്ചയിച്ച ക്രമമനുസരിച്ച് അവ ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്നു. നിര്‍ണിത മാര്‍ഗത്തിലൂടെ സഞ്ചരിക്കുന്നു. ആരുടെയും ജനനമോ മരണമോ കാരണമായി അവക്ക് ഒരു മാറ്റവുമുണടാവുകയില്ല. ഇത്തരം സംഭവങ്ങളുണടാവുമ്പോള്‍ നിങ്ങള്‍ അല്ലാഹുവെ വാഴ്ത്തുക. അവനോട് പ്രാര്‍ഥിക്കുകയും ചെയ്യുക.’
അങ്ങനെ നബി തിരുമേനി അനശ്വരമാകുമായിരുന്ന വലിയ ഒരന്ധവിശ്വാസത്തിന് അറുതിവരുത്തി. മൂഢധാരണകളൊരുക്കുന്ന അമാനുഷികതയുടെയും മഹത്വത്തിന്റെയും തൂവലുകള്‍ തന്റെ ശിരസ്സിലുണടാവാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തുകയും ചെയ്തു.
 

Related Articles