Current Date

Search
Close this search box.
Search
Close this search box.

വിശ്വാസത്തിന്റെ വിധിതീര്‍പ്പ്

നീതിന്യായകോടതികളില്ലാത്ത നാടുകളില്ല. ദിനംപ്രതി ധാരാളം കേസുകള്‍ കൈകാര്യംചെയ്യാത്ത കോടതികളുമില്ല. കേസുമായി കോടതികളിലെത്തുന്നവര്‍ എപ്പോഴും ശ്രമിക്കുക വാദിക്കാനും ജയിക്കാനുമാണ്. വീറും വാശിയും ഏറെ പ്രകടമാകുന്ന വേദികളിലൊന്നാണ് കോടതി. കേസ് ജയിക്കാന്‍ കള്ളം പറയുന്നവര്‍പോലും കുറവല്ല. എന്നാല്‍, ഇതില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമായ സംഭവങ്ങള്‍ക്ക് ചരിത്രം സാക്ഷിയായിട്ടുണട്. അത് അത്യപൂര്‍വമാണെന്നു മാത്രം.
പ്രവാചക പത്‌നി ഉമ്മുസലമയാണ് ഈ സംഭവം പറഞ്ഞുതരുന്നത്. അനന്തരസ്വത്തിന്റെ കാര്യത്തില്‍ പരസ്പരം കലഹിച്ച രണടുപേര്‍ പ്രവാചകനെ സമീപിച്ചു. ഇരുവര്‍ക്കും വാദമല്ലാതെ അത് സ്ഥാപിക്കാനാവശ്യമായ തെളിവൊന്നുമുണടായിരുന്നില്ല. ‘ഇത് എന്റെ അവകാശമാണെ’ന്ന് രണടുപേരും തറപ്പിച്ചുപറഞ്ഞുകൊണടിരുന്നു. മറ്റെയാള്‍ കള്ളം പറയുകയാണെന്ന് പരസ്പരം ആരോപിക്കാനും അവര്‍ മടിച്ചില്ല. അവരുടെ സംസാരം കേള്‍ക്കുന്ന ആര്‍ക്കും ഇരുവരും വിട്ടുവീഴ്ചക്ക് ഒരുക്കമല്ലെന്ന് ബോധ്യമാകും.
പ്രവാചക സന്നിധിയിലെത്തിയ ഇരുവരും തങ്ങളുടെ വാദം സാധ്യമാവുന്നത്ര ശക്തിയോടെ അവതരിപ്പിച്ചു. എല്ലാം ശ്രദ്ധിച്ചുകേട്ട പ്രവാചകന്‍ രണടുപേരോടുമായി പറഞ്ഞു: ‘ഞാന്‍ ഒരു മനുഷ്യന്‍ മാത്രമാണ്. നിങ്ങള്‍ കേസുമായി എന്നെ സമീപിക്കുന്നു. വാദം അവതരിപ്പിക്കുന്നതിലും തെളിവ് സമര്‍ഥിക്കുന്നതിലും ഒരാള്‍ മറ്റെയാളെക്കാള്‍ യോഗ്യനും കഴിവുറ്റവനുമായേക്കാം. കേട്ടതിന്റെ വെളിച്ചത്തില്‍ ഞാന്‍ അയാള്‍ക്കനുകൂലമായി തീരുമാനമെടുക്കേണടിവരും. ബാഹ്യമായ അവസ്ഥയനുസരിച്ചല്ലേ എനിക്ക് വിധിക്കാനാവുകയുള്ളൂ. അങ്ങനെ ഒരാളുടെ അവകാശം മറ്റെയാള്‍ക്ക് കിട്ടുകയാണെങ്കില്‍ അയാള്‍ അതെടുക്കരുത്. അനര്‍ഹമായത് കൈവശപ്പെടുത്തുന്നത് കൊടും പാതകമാണ്. അപ്പോള്‍ ഞാനവന് വിധിച്ചുകൊടുക്കുന്നത് ഒരുതുണട് നരകമായിരിക്കും. അല്ലാഹു എല്ലാം അറിയുന്നുവെന്ന് ഓര്‍ക്കുക.’
നബി തിരുമേനിയുടെ ഈ വാക്കുകള്‍ ഇരുവരെയും ആഴത്തില്‍ സ്വാധീനിച്ചു. അതവരുടെ മനസ്സുകളെ പിടിച്ചുലച്ചു. ദൈവത്തെയും മരണാനന്തരജീവിതത്തെയും സംബന്ധിച്ച ഓര്‍മ അവരെ പൂര്‍ണമായും മാറ്റിയെടുക്കുകയായിരുന്നു. രണടു പേരും പരസ്പരം പറഞ്ഞു: ‘എന്റെ അവകാശം ഞാന്‍ നിനക്ക് വിട്ടുതന്നിരിക്കുന്നു.’ വാദിക്കാനും ജയിക്കാനും വന്നവര്‍ വിശ്വാസത്തിന്റെ വിധിതീര്‍പ്പിന് വിധേയരാവുകയായിരുന്നു.
 

Related Articles