Current Date

Search
Close this search box.
Search
Close this search box.

വിഫലമായ വിലക്കുകള്‍

മക്കയിലെത്തുന്ന വിദേശികളെയെല്ലാം ഖുറൈശികള്‍ സ്വാധീനിക്കാന്‍ ശ്രമിച്ചിരുന്നു. മുഹമ്മദുമായി കാണുന്നതും ഖുര്‍ആന്‍ കേള്‍ക്കുന്നതും ഒഴിവാക്കലായിരുന്നു ലക്ഷ്യം. മറ്റെല്ലാവരെയുമെന്നപോലെ യമനില്‍നിന്നെത്തിയ അംറിന്റെ മകന്‍ തുഫൈലിനെയും അവര്‍ സമീപിച്ചു. അദ്ദേഹം അറിയപ്പെടുന്ന കവിയും ഗായകനുമായിരുന്നു. ഖുറൈശികള്‍ അനുനയസ്വരത്തില്‍ പറഞ്ഞു: ‘ഞങ്ങളുടെ നാട്ടില്‍ ഒരാള്‍ താന്‍ നബിയാണെന്നും പറഞ്ഞ് നടക്കുന്നുണട്. ഒരുവേള താങ്കളും അതറിഞ്ഞിരിക്കും. അവന്‍ സമര്‍ഥനായ മാരണക്കാരനാണ്. അവന്റെ വാക്കുകള്‍ക്ക് എന്തോ വശ്യതയുണട്. കേള്‍ക്കുന്നവരെയൊക്കെ അത് കുഴപ്പത്തിലാക്കും. പിന്നെ അതില്‍നിന്ന് രക്ഷപ്പെടാനാവില്ല. ഇവിടെ കുറേ പേര്‍ അതില്‍ കുടുങ്ങിയിരിക്കുന്നു. അവന്റെ മാരണത്തില്‍ മയങ്ങി പഴയമതം തന്നെ കൈയൊഴിച്ചിരിക്കുന്നു. അവരിപ്പോള്‍ നാട്ടില്‍ കുഴപ്പവും കുടുംബങ്ങളില്‍ ഭിന്നിപ്പും ഉണടാക്കിക്കൊണടിരിക്കുകയാണ്: മക്കളെ മാതാപിതാക്കളില്‍നിന്നകറ്റുന്നു. ഭാര്യാഭര്‍ത്താക്കന്മാരെ വേര്‍പിരിക്കുന്നു. അതിനാല്‍, താങ്കള്‍ അവനെ കാണരുത്. അവന്റെ വാക്കുകള്‍ കേള്‍ക്കരുത്. അബദ്ധം സംഭവിക്കാതിരിക്കട്ടെയെന്നു കരുതിയാണ് മുന്‍കൂട്ടി എല്ലാം പറയുന്നത്.’
ഖുറൈശികളുടെ ഈ വാക്കുകള്‍ ഓര്‍ത്തുകൊണടാണ് തുഫൈല്‍ കഅ്ബയുടെ അടുത്തേക്കു ചെന്നത്. അപ്പോള്‍ പ്രവാചകന്‍ അവിടെനിന്ന് നമസ്‌കരിക്കുകയായിരുന്നു. ചുറ്റുമുള്ളവരൊക്കെ കേള്‍ക്കത്തക്കവിധം ഖുര്‍ആന്‍ പാരായണം ചെയ്യുന്നുണടായിരുന്നു. ഒരു നിമിഷം അത് തുഫൈലിന്റെ കാതുകളിലും വന്നെത്തി. എത്ര ശ്രമിച്ചിട്ടും അയാള്‍ക്കത് കേള്‍ക്കാതിരിക്കാനായില്ല. അതിലെ ഓരോ വാക്കും അദ്ദേഹത്തെ അതിയായി ആകര്‍ഷിച്ചു. മനസ്സില്‍ വമ്പിച്ച ചലനങ്ങളുണടാക്കി. ഉള്ളടക്കം തുഫൈലിന്റെ ഉള്ളിലേക്കിറങ്ങിച്ചെന്നു. നബിതിരുമേനിയുടെ നമസ്‌കാരം തീരുന്നതുവരെ അദ്ദേഹം അവിടെത്തന്നെ നിന്നു. പ്രാര്‍ഥന പൂര്‍ത്തിയാക്കി വീട്ടിലേക്കുപോകുന്ന പ്രവാചകനെ തുഫൈലും പിന്തുടര്‍ന്നു. വീട്ടിലെത്തിയ ഉടനെ സംഭവങ്ങളെല്ലാം വിവരിച്ചുകൊടുത്തു. സാഹചര്യത്തിന്റെ തേട്ടം നന്നായി മനസ്സിലാക്കിയ നബിതിരുമേനി ഖുര്‍ആനിലെ ഏതാനും സൂക്തങ്ങള്‍ കൂടി ഓതിക്കേള്‍പ്പിച്ചു. എല്ലാം ശ്രദ്ധിച്ചുകേട്ട തുഫൈല്‍ പ്രഖ്യാപിച്ചു: ‘ദൈവം സാക്ഷി! അവന്‍ എല്ലാം അറിയുന്നവനും എല്ലാറ്റിനും കഴിവുള്ളവനുമാണല്ലോ. ഞാന്‍ ഇപ്പോള്‍ കേട്ടത് അറബി സാഹിത്യത്തില്‍ തുല്യതയില്ലാത്ത വചനങ്ങളാണ്. തീര്‍ച്ചയായും അവ അത്യുല്‍കൃഷ്ടമാണ്; ഏറെ ആകര്‍ഷകവും. അതു വളരെ വിശുദ്ധവും അര്‍ഥപൂര്‍ണവുമാണ്. ഇതുപോലൊന്ന് ഞാന്‍ ഇതിനുമുമ്പ് കേട്ടിട്ടേയില്ല. അല്ലാഹു സാക്ഷി! ഇതു മനുഷ്യവചനമല്ല. ഒരു മനുഷ്യന് ഇങ്ങനെയൊന്ന് രചിക്കാനാവില്ല. അതിനാലിത് ദൈവികം തന്നെ; തീര്‍ച്ച.’
അറബി സാഹിത്യത്തറവാട്ടിലെ ഒരു കുലപതി കൂടി ഖുര്‍ആന് കീഴ്‌പ്പെട്ട് സര്‍വതും അതിന്റെ മുമ്പില്‍ സമര്‍പ്പിക്കുകയായിരുന്നു. തങ്ങളുടെ വിലക്കുകള്‍ വിഫലമായതിലുള്ള കഠിനമായ കുണ്ഠിതം പ്രകടിപ്പിക്കാന്‍ ഖുറൈശിക്കൂട്ടത്തിന് കഴിഞ്ഞില്ല. തുഫൈല്‍ അത്രയേറെ ജനപിന്തുണയും സ്വാധീനവുമുള്ള വ്യക്തിയായിരുന്നു. അതോടൊപ്പം മക്കയിലെത്തുന്ന വിദേശികളെ ദ്രോഹിക്കുന്നത് വമ്പിച്ച വിപത്തിനും ഇടവരുത്തും.

Related Articles