Current Date

Search
Close this search box.
Search
Close this search box.

പ്രവാചക പ്രഖ്യാപനത്തിന് അല്ലാഹുവിന്റെ തിരുത്ത്

പ്രവാചക ജീവിതത്തില്‍ പലപ്പോഴും എതിരാളികളുമായി ഏറ്റുമുട്ടേണടിവന്നിട്ടുണട്. എന്നാല്‍ അദ്ദേഹത്തിനും അനുയായികള്‍ക്കും ഏറ്റവും പ്രയാസകരമായ അനുഭവമുണടായത് ഉഹുദിലാണ്. പ്രവാചകന്റെ പ്രിയ പിതൃവ്യന്‍ ഹംസ ക്രൂരമായി വധിക്കപ്പെട്ടു. ശത്രുക്കള്‍ ആ ധീര യോദ്ധാവിന്റെ നെഞ്ചു പിളര്‍ന്ന് കരള്‍ പുറത്തെടുത്ത് ചവച്ചുതുപ്പി. പതാകവാഹകനായിരുന്ന മുസ്വ്അബുബ്‌നു ഉമൈറിനെ കൊലപ്പെടുത്തി. അബൂഹുദൈഫ ഉള്‍പ്പെടെ നബി തിരുമേനിക്ക് ഏറെ പ്രിയപ്പെട്ട പല അനുചരന്മാരും രക്തസാക്ഷികളായി. ശത്രുക്കള്‍ പ്രവാചകന്‍ വധിക്കപ്പെട്ടുവെന്നുപോലും പ്രചരിപ്പിച്ചു. അനുയായികളിലൊരു വിഭാഗംപോലും അത് വിശ്വസിച്ചു. ചിലരെങ്കിലും പടക്കളം വിട്ടോടി. ഈ പ്രതിസന്ധിഘട്ടത്തില്‍ പ്രവാചകന്റെ രക്ഷക്കെത്തിയ പോരാളികള്‍ക്ക് കൊടിയ കഷ്ടനഷ്ടങ്ങള്‍ ഏറ്റുവാങ്ങേണടിവന്നു. അവരിലൊരുവനായ അനസുബ്‌നു നദിര്‍ മരിച്ചുവീണപ്പോള്‍ ശരീരത്തില്‍ എഴുപതോളം മുറിവുകളുണടായിരുന്നു. അദ്ദേഹത്തിന്റെ വികലമായ മൃതദേഹം സഹോദരി തിരിച്ചറിഞ്ഞത് വിരലടയാളംകൊണടു മാത്രമാണ്. സര്‍വോപരി ഈ യുദ്ധത്തില്‍ പ്രവാചകനും മുറിവേറ്റു. രണടു മുന്‍പല്ലുകള്‍ പൊട്ടി. ഈ പ്രയാസങ്ങളെല്ലാം ഏറ്റുവാങ്ങി, തളര്‍ന്ന ശരീരവും വ്രണിത മനസ്സുമായി പടക്കളത്തിലെ രക്തസാക്ഷികളെ പരിശോധിക്കവെ പിതൃവ്യന്‍ ഹംസയുടെ വികൃതമാക്കപ്പെട്ട മൃതദേഹം ശ്രദ്ധയില്‍ പെട്ടു. ആ നിമിഷം നബി തിരുമേനി തീവ്ര ദുഃഖത്തോടെ ആ മൃതദേഹത്തിനടുത്തിരുന്നു പ്രഖ്യാപിച്ചു:
‘താങ്കള്‍ക്ക് സംഭവിച്ചത് മറ്റാര്‍ക്കും സംഭവിക്കാതിരിക്കട്ടെ. ഇത്രയേറെ രോഷമുണടാക്കുന്ന ഒരവസ്ഥയെ എനിക്കിന്നോളം അഭിമുഖീകരിക്കേണടി വന്നിട്ടില്ല. അല്ലാഹുവാണ് സത്യം! എന്നെങ്കിലും അവരെ പരാജയപ്പെടുത്താന്‍ അല്ലാഹു അനുഗ്രഹിച്ചാല്‍ അറബികളിലാരും ഇന്നോളം ചെയ്തിട്ടില്ലാത്ത വിധം അവരെ ഞങ്ങള്‍ അംഗഭംഗം വരുത്തും.’
എന്നാല്‍ ഏറെ കഴിയുംമുമ്പെ അല്ലാഹു പ്രവാചകന്റെ ഈ പ്രഖ്യാപനത്തെ തിരുത്തി. അല്ലാഹു നിര്‍ദേശിച്ചു:
‘നിങ്ങള്‍ പ്രതികാരം ചെയ്യുന്നുവെങ്കില്‍ ഇങ്ങോട്ട് ആക്രമിക്കപ്പെട്ടതിന് തുല്യമായി അങ്ങോട്ടും ശിക്ഷാ നടപടികള്‍ സ്വീകരിക്കുക. എന്നാല്‍ നിങ്ങള്‍ ക്ഷമിക്കുകയാണെങ്കില്‍ അറിയുക: അതു തന്നെയാണ് ക്ഷമാശീലര്‍ക്ക് കൂടുതലുത്തമം. നീ ക്ഷമിക്കുക. അല്ലാഹുവിന്റെ അതിമഹത്തായ അനുഗ്രഹംകൊണടുമാത്രമാണ് നിനക്ക് ക്ഷമിക്കാന്‍ കഴിയുന്നത്. അവരെപ്പറ്റി നീ ദുഃഖിക്കരുത്. അവരുടെ കുതന്ത്രങ്ങളെപ്പറ്റി വിഷമിക്കുകയും വേണട.”(ഖുര്‍ആന്‍ 16:126,127)

Related Articles