Current Date

Search
Close this search box.
Search
Close this search box.

പ്രവാചകന്റെ ക്ഷമ; സൈദിന്റെ മനംമാറ്റം

നബി തിരുമേനി തന്റെ ജാമാതാവു കൂടിയായ അലിയോടൊന്നിച്ച് പുറത്തിറങ്ങിയതായിരുന്നു. ഒരു ഗ്രാമീണന്‍ അദ്ദേഹത്തെ സമീപിച്ച് ഒരു സംഘം ഇസ്ലാം സ്വീകരിച്ച സംഭവം വിശദീകരിച്ചു. തുടര്‍ന്ന് അവരെ സാമ്പത്തികമായി സഹായിക്കാനാവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ നബി തിരുമേനിയുടെയോ അലിയുടെയോ വശം ഒന്നുമുണടായിരുന്നില്ല. ദൂരെ നിന്ന് ഇതൊക്കെ ശ്രദ്ധിച്ചുകൊണടിരുന്ന ജൂത പുരോഹിതന്‍ സൈദുബ്‌നു സഅ്‌ന പ്രവാചകനെ സമീപിച്ചു ചോദിച്ചു: ‘മുഹമ്മദേ, താങ്കള്‍ എനിക്ക് കാരക്ക വില്‍ക്കാന്‍ തയ്യാറുണേടാ? എങ്കില്‍ ഞാനിപ്പോള്‍ പണം തരാം. കാരക്ക പിന്നീട് തന്നാല്‍ മതി.’
നബി തിരുമേനി അതംഗീകരിച്ച് വില നിശ്ചയിച്ച് അദ്ദേഹത്തിന് കാരക്ക വിറ്റു. വിലയായി എണ്‍പത് നാണയം സ്വീകരിക്കുകയുംചെയ്തു. തുടര്‍ന്ന് ആ സംഖ്യ ഗ്രാമീണനെ ഏല്‍പിച്ചു. അത് ആവശ്യക്കാര്‍ക്ക് നല്‍കാന്‍ നിര്‍ദേശിക്കുകയും ചെയ്തു.
കാരക്ക നല്‍കേണട സമയത്തിനു രണടു മൂന്നു ദിവസം മുമ്പ് പ്രവാചകന്‍ ഒരു മൃതശരീരത്തെ അനുഗമിച്ചു. കൂടെ അബൂബക്കര്‍, ഉമര്‍, ഉസ്മാന്‍ പോലുള്ള പ്രഗല്‍ഭരുമുണട്. പരേതാത്മാവിനു വേണടിയുള്ള നമസ്‌കാരം നിര്‍വഹിച്ചശേഷം നബി തിരുമേനി ഒരിടത്ത് വിശ്രമിക്കുകയായിരുന്നു. ഈ അവസരമുപയോഗിച്ച സൈദുബ്‌നു സഅ്‌ന അദ്ദേഹത്തിന്റെ കുപ്പായവും തട്ടവും പിടിച്ചുവലിച്ചു. രൂക്ഷമായി നോക്കുകയും പരുഷ സ്വരത്തിലിങ്ങനെ പറയുകയും ചെയ്തു: ‘മുഹമ്മദേ, എനിക്കു തരാനുള്ള കാരക്ക എവിടെ? നിങ്ങള്‍ അബ്ദുല്‍ മുത്ത്വലിബിന്റെ കുടുംബം അവകാശം കൊടുത്തുവീട്ടുന്നതില്‍ വീഴ്ച വരുത്തുന്നവരാണെന്നാണ് എന്റെ അറിവ്!’
ഈ സംസാരവും പെരുമാറ്റവും ഉമറുല്‍ ഫാറൂഖിന് ഒട്ടും ഇഷ്ടപ്പെട്ടില്ല. അദ്ദേഹം സൈദിനെ രൂക്ഷമായി ആക്ഷേപിക്കുകയും കഥ കഴിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ നബിതിരുമേനിയുടെ നിലപാട് തീര്‍ത്തും വ്യത്യസ്തമായിരുന്നു. അദ്ദേഹം ഉമറിനെ ശാന്തമാവാനും സംയമനം പാലിക്കാനും ഉപദേശിച്ചു. തുടര്‍ന്ന് അയാള്‍ക്കു നല്‍കാനുള്ള കാരക്ക അളന്നു കൊടുക്കാനാവശ്യപ്പെട്ടു. അയാള്‍ക്ക് അവകാശപ്പെട്ടതിനെക്കാള്‍ അല്‍പം കൂടുതല്‍ കൊടുക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു. ഉമറുല്‍ ഫാറൂഖ് അത് നടപ്പാക്കുകയും അയാളോട് മാന്യമായി പെരുമാറുകയും ചെയ്തു. പ്രവാചകന്റെ അത്യസാധാരണ ക്ഷമയിലും ഉദാരതയിലും ആകൃഷ്ടനായ ആ ജൂത പുരോഹിതന്‍ സൈദുബ്‌നു സഅ്‌ന സന്മാര്‍ഗം സ്വീകരിച്ച് അദ്ദേഹത്തിന്റെ അനുയായിയായി.

Related Articles