Current Date

Search
Close this search box.
Search
Close this search box.

നീതിക്കായുള്ള പോരാട്ടത്തെ നിയമം കൊണ്ട് അടിച്ചമർത്തുകയാണ്

ഭരണകൂടത്തിന്റെ നിരുത്തരവാദ സമീപനങ്ങൾക്കും സാമ്പത്തിക ക്രമക്കേടുകൾക്കും ലൈംഗിക ചൂഷണങ്ങൾക്കുമെതിരെ ഇന്ത്യൻ കായിക ചരിത്രത്തിൽ ഇതാദ്യമായാണ് ഒളിമ്പിക്സ് മെഡൽ ജേതാക്കൾ സജീവമായി തെരുവിലിറങ്ങുന്നത്. പ്രതിഷേധക്കാരായ അത് ലറ്റുകളുടെ ധൈര്യത്തെയും ഉത്തരവാദിത്തബോധത്തെയും അഭിനന്ദിക്കുന്നതിനുപകരം, അധികാര കേന്ദ്രത്തിന്റെ ശത്രുതയും അപകീർത്തിയുമാണ് അവർ നിരന്തരമായി നേരിടുന്നത്.

ലൈംഗികാതിക്രമത്തിനെതിരായ പ്രതിഷേധവും സമരങ്ങളും കായിക രാഷ്ട്രീയത്തിലെയും ഇന്ത്യൻ ജനാധിപത്യത്തിന്റെയും അപകടസാഹചര്യത്തെ തുറന്നുകാട്ടുന്നുണ്ട്. മറ്റെന്തിനേക്കാളും, ക്രിമിനൽ നീതിന്യായ വ്യവസ്ഥ വർഷങ്ങളോളം നീണ്ട രാഷ്ട്രീയ കൃത്രിമത്വത്താൽ എങ്ങനെ ദുഷിപ്പിക്കപ്പെട്ടുവെന്നും നിയമം നീതിക്കുവേണ്ടിയുള്ള ഒരു ഉപകരണം എന്നതിന് പകരം അടിച്ചമർത്തലിനുള്ള ഉപാധിയായി പരിണമിച്ചതും ഇതിൽ നിന്ന് വ്യക്തമാണ്.

ജനുവരിയിൽ ഡൽഹിയിലെ ജന്തർ മന്തറിൽ ഗുസ്തിക്കാർ ആദ്യമായി പ്രതിഷേധിച്ചപ്പോൾ, രാജ്യത്തെ മുൻനിര കായികതാരങ്ങൾ എന്ന നിലയിൽ തങ്ങളുടെ ശബ്ദം കേൾക്കുമെന്നും, ഇത്രയും കാലം തങ്ങളെ അലട്ടിയ പ്രശ്‌നങ്ങൾക്ക് ജനകീയതയും ശ്രദ്ധയും ലഭിക്കുമെന്നും അവർ കരുതിയിരുന്നു.

അധികാരികളുടെയോ നേതാക്കളുടെയോ പിന്തുണയില്ലെങ്കിൽ സാധാരണക്കാരുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ ശബ്ദം ശ്രദ്ധിക്കപ്പെടുകയില്ല എന്നത് ഏറെക്കുറെ യാഥാർഥ്യമാണ്.

കോമൺവെൽത്ത്, ഏഷ്യൻ ഗെയിംസുകളിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതാ ഗുസ്തി താരവും ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ ഒന്നിലധികം മെഡലുകൾ നേടിയ ഏക ഇന്ത്യൻ വനിതാ ഗുസ്തി താരവുമാണ് വിനേഷ് ഫോഗട്ട്.
ജനുവരിയിൽ ഖേൽ നൗവിന് നൽകിയ അഭിമുഖത്തിൽ, “ഫെഡറേഷന്റെ പ്രിയങ്കരരായ” പല പരിശീലകരും വനിതാ പരിശീലകരോടു മോശമായി പെരുമാറുന്നതോടൊപ്പം വനിതാതാരങ്ങളെ ഉപദ്രവിക്കുന്നുവെന്നും അവർ പറഞ്ഞിരുന്നു. “അവർ പെൺകുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുന്നു, ഡബ്ല്യുഎഫ്‌ഐ [റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ] പ്രസിഡന്റ് നിരവധി പെൺകുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ട്.” വിനേഷ് ഫോഗട്ടിന്റെ വാക്കുകളാണിത്.

ഗുസ്തി ഫെഡറേഷൻ പ്രസിഡന്റും ഉത്തർപ്രദേശിൽ നിന്ന് ആറ് തവണ എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ ഗുസ്തിതാരങ്ങൾ ലൈംഗികാതിക്രമവും പീഡനവും ആരോപിച്ചിരുന്നു. ആറിൽ അഞ്ച് തവണയും ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടിയാണ് അയാളെ സ്ഥാനാർത്ഥിയായി നിർത്തിയിരുന്നത്.

ആരോപണങ്ങൾ ക്രിമിനൽ സ്വഭാവമുള്ളതിനാൽ പോലീസ് ഉടൻ തന്നെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമായിരുന്നു. എന്നാൽ പ്രതിഷേധം ആരംഭിച്ച് മാസങ്ങൾക്ക് ശേഷം ഏപ്രിലിൽ മാത്രമാണ് പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

സുപ്രീം കോടതിയുടെ ഇടപെടലിനെത്തുടർന്ന് ഏപ്രിൽ 28നാണ് Protection of Children from Sexual Offences Act അടക്കമുള്ള രണ്ട് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തത്.

അതേസമയം, ലൈംഗിക പീഡനത്തിൽ താൻ കുറ്റക്കാരനല്ലെന്നും ഇത് തെളിയിക്കാൻ തെളിവുകളില്ലെന്നും സിംഗ് മെയ് 6-ന് ഒരു അഭിമുഖത്തിൽ പറയുന്നുണ്ട്. മുറിയിൽ സിസിടിവി ക്യാമറകളും ഓഡിയോ റിപ്പോർട്ടുകളുമുണ്ടെന്നും ആരും മോശമായി പെരുമാറിയതായി സൂചനയില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. ഗുസ്തിക്കാർ നിയമമോ നടപടിക്രമങ്ങളോ പാലിക്കുന്നില്ലെന്നും രാജ്യം ഭരിക്കുന്നത് ഭരണഘടനയനുസരിച്ചാണ്, ജന്തർ മന്തറിലല്ല എന്നും അദ്ദേഹം പറഞ്ഞു.

ഒരു കുറ്റം രജിസ്റ്റർ ചെയ്യാൻ മടിക്കുന്ന അതേ പോലീസ് ശക്തമായ കേസെടുക്കാൻ ഇരകളെ സഹായിക്കാനും മുന്നോട്ട് വരികയില്ല.

ബി.ജെ.പി പാർലമെന്റേറിയനായ റെസ്ലിംഗ് ഫെഡറേഷന്റെ പ്രസിഡണ്ട് ക്രിമിനൽ കുറ്റങ്ങളടങ്ങുന്ന 38 ലധികം കേസുള്ളയാളാണ്. മോഷണം, കലാപം, കൊലപാതകം, ക്രിമിനൽ ഭീഷണിപ്പെടുത്തൽ, കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകൽ എന്നിവയടങ്ങുന്ന കേസുകളാണ് 1974-നും 2007-നുമിടയിലായി ഉള്ളത്. എന്നാൽ എല്ലാ കേസുകളിലും അദ്ദേഹം കുറ്റവിമുക്തനാണെന്നാണ് അദ്ദേഹത്തിന്റെ അനുയായികൾ അവകാശപ്പെടുന്നത്.

2022ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി, ‘ലാലൻടോപ്പ്’ ന്യൂസ് പോർട്ടലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം , “ആളുകൾ എന്ത് പറഞ്ഞാലും ഞാൻ ഒരു കൊലപാതകം ചെയ്തിട്ടുണ്ട്” എന്ന് ഹിന്ദിയിൽ പറഞ്ഞിരുന്നു.

ആറ് തവണ എംപിയും റെസ്‌ലിംഗ് ഫെഡറേഷന്റെ പ്രസിഡന്റുമായ അദ്ദേഹത്തിന് ക്രിമിനൽ നീതിന്യായ വ്യവസ്ഥയിൽ ഇത്രയധികം വിശ്വാസമുണ്ടെന്നത് അൽഭുതകരമാണ്. ഇന്ത്യയിലെ മുൻനിര ഗുസ്തിക്കാർക്ക് രാജ്യത്തിന്റെ നിയമപാലക സംവിധാനത്തെക്കുറിച്ച് ആത്മവിശ്വാസമില്ലാത്തതും ഇതുകൊണ്ട് തന്നെയാണ്.

ക്രിമിനൽ നീതിന്യായ വ്യവസ്ഥയെ പ്രവർത്തനക്ഷമമാക്കുന്നതിനാൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നത് നിർണായകമാണ്. എന്നാൽ ഇത്തരം സംവിധാനങ്ങളുടെ തുടർനീക്കങ്ങൾ എത്രത്തോളം കാര്യക്ഷമവും നിഷ്പക്ഷവുമായി പ്രവർത്തിക്കും? എങ്ങനെയാണ് നീതിയുക്തമായ അന്വേഷണം നടക്കുക എന്നീ ചോദ്യങ്ങൾ പ്രസക്തമാണ്.

പ്രതിഷേധത്തിറങ്ങിയ ഗുസ്തിക്കാർ അവരുടെ മെഡലുകൾ തിരികെ നൽകുമെന്ന് ഭീഷണിപ്പെടുത്തിയതിനു മറുപടിയായി ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് അവരെ അപമാനിക്കുകയും അപകീർത്തിപ്പെടുത്തുകയുമാണ് ചെയ്തത്. ‘വെറും 15 രൂപ വിലയുള്ള അവരുടെ മെഡലുകളല്ല, സമ്മാനത്തുകയാണ് തിരികെ നൽകേണ്ടതെന്ന്’ ബ്രിജ് ഭൂഷൺ സിംഗ് പറഞ്ഞു.

എന്നാൽ, ബ്രിജ് ഭൂഷണെതിരെ കേസെടുത്തില്ല. മറിച്ച്, ബാം ബാം ബോലെ നൗഹാത്യ എന്ന വ്യക്തി കൊടുത്ത കേസ് പ്രകാരം ഗുസ്തിക്കാർക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും ബ്രിജ് ഭൂഷൺ സിംഗിനെതിരെയും ഗുസ്തിക്കാർ അനുചിതമായ ഭാഷ ഉപയോഗിച്ചതായി അദ്ദേഹം ആരോപിക്കുന്നു. റിപ്പോർട്ട് സമർപ്പിക്കാൻ പട്യാല ഹൗസ് കോടതി പോലീസിനോട് ആവശ്യപ്പെടുകയും ജൂൺ 9 ലേക്ക് കേസ് ലിസ്റ്റ് ചെയ്തിട്ടുമുണ്ട്.

നിയമപോരാട്ടം നടത്തുമെന്ന് തുടക്കത്തിൽ തന്നെ ഗുസ്തിക്കാർ പറഞ്ഞിരുന്നുവെങ്കിലും എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിന്റെ അനാസ്ഥ കണ്ടതോടെ അവർ പ്രക്ഷോഭം ശക്തമാക്കി. Protection of Children from Sexual Offences Act പ്രകാരം എഫ്‌ഐആറുകളിലൊന്ന് രജിസ്റ്റർ ചെയ്തതിനാൽ സിങ്ങിനെ അറസ്റ്റ് ചെയ്യണമെനായിരുന്നു അവർ ആവശ്യപ്പെട്ടത്. ആക്ടിലെ സെക്ഷൻ 10, മോശമായ ലൈംഗികാതിക്രമത്തിനുള്ള ശിക്ഷയായ ‘aggravated sexual assault on a minor’ പ്രകാരം ഏഴ് വർഷം വരെ തടവ് ശിക്ഷ നൽകുന്ന ജാമ്യമില്ലാ കുറ്റമാണ്.

“ഗുരുതരമായ ലൈംഗികാതിക്രമം” എന്നാണ് പ്രസ്തുത നിയമം നിർവചിച്ചിരിക്കുന്നത്. പൊതുപ്രവർത്തകൻ, ഉടമസ്ഥനായ വ്യക്തി, സ്ഥാപന മേധാവി, മാനേജ്‌മെന്റ് സ്റ്റാഫ്, അധികാരത്തിലുള്ള വ്യക്തി” തുടങ്ങിയവർ ലൈംഗിക ഉദ്ദേശത്തോടെ പ്രായപൂർത്തിയാകാത്ത ഒരാളുടെ ശരീരത്തിൽ സ്പർശിക്കുന്നതോ അല്ലെങ്കിൽ ലൈംഗിക അതിക്രമമോ ആണ് ഈ വകുപ്പ് ഉദ്ദേശിക്കുന്നത്.

മെയ് 26 ന് കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ആരോപണങ്ങളോട് പ്രതികരിച്ച സിംഗ്, ഈ നിയമം “തനിക്കെതിരെ ദുരുപയോഗം ചെയ്യപ്പെട്ടുവെന്നും കുറ്റവിമുക്തനാക്കാൻ ഞങ്ങൾ സർക്കാരിനെ നിർബന്ധിക്കുമെന്നും” കൂട്ടിച്ചേർത്തു.
ഈ സാഹചര്യത്തിൽ, പ്രതിഷേധിച്ച ഗുസ്തിക്കാർക്ക് പിന്തുണയുമായി രംഗത്തെത്തിയ ഖാപ് പഞ്ചായത്തുകളുടെയും കർഷകരുടെയും വനിതാ സംഘടനകളുടെയും പിന്തുണ സ്വീകരിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്ത മെയ് 28 ന്, ഗുസ്തി താരങ്ങൾ പ്രസ്തുത സമുച്ചയത്തിന് മുന്നിൽ സമാധാനപരമായി ‘മഹിളാ സമ്മാൻ പഞ്ചായത്ത്’ എന്ന പേരിൽ ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു.
മുഖ്യധാരാ മാധ്യമങ്ങൾ ബഹുമത പ്രാർത്ഥനകളോടെയുള്ള പുതിയ പാർലമെന്റിന്റെ ഉദ്ഘാടന ചിത്രങ്ങൾ പുറത്ത് വിട്ടപ്പോൾ, ജന്തർമന്തറിലെ പോലീസ് ഇവരുടെ പ്രതിഷേധം തടസ്സപ്പെടുത്തുകയും പ്രതിഷേധിച്ച സ്ത്രീകളെയും ആക്റ്റീവിസ്റ്റുകളെയും വിദ്യാർത്ഥികളെയും ഗുസ്തി താരങ്ങളെയും തടഞ്ഞുവയ്ക്കുകയുമായിരുന്നു.

ഗുസ്തി താരം സാക്ഷി മാലിക് ഒരു മാധ്യമപ്രവർത്തകനോട് പറഞ്ഞു: ‘ഒരു വ്യക്തി ഒരു ദിവസം പ്രതിഷേധത്തിന് വന്ന് തന്റെ മൂന്ന് മാസം പ്രായമുള്ള പെൺകുട്ടിയെ അവളുടെ കൈകളിൽ ഇരുത്തി പറഞ്ഞു, “ഈ കുട്ടിയെയോർത്ത്, ദയവായി വിജയിക്കുംവരെ നിങ്ങൾ സമരം ഉപേക്ഷിക്കരുത്, ബ്രിജ് ഭൂഷൺ ശരൺ സിംഗിനാൽ പീഡിപ്പിക്കപ്പെട്ട പെൺകുട്ടികളുടെ നീതിക്കുവേണ്ടി മാത്രമല്ല, എന്റെ ഈ മകളടക്കമുള്ളവരുടെ മെച്ചപ്പെട്ടതും സുരക്ഷിതവുമായ ഇന്ത്യയ്ക്കുവേണ്ടിയാണ് നിങ്ങൾ പോരാടുന്നത്”.
“അങ്ങനെയൊരു അപ്പീലിന് ശേഷം ഞാൻ എങ്ങനെ പിന്മാറും?”മാലിക് മാധ്യമങ്ങളോട് പറഞ്ഞു.

ഇപ്പോഴുള്ളത് പോലെ ഈ മുന്നേറ്റം തുടർന്നും രാഷ്ട്രീയബോധത്തോടെയും അടിസ്ഥാന ജനാധിപത്യ സ്ഥാപനങ്ങളുടെ അഴിമതികളെ നിസ്സാരവൽക്കരിക്കുന്ന പ്രവണതയെ വെല്ലുവിളിക്കുന്നതുമാവണം. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും കുറ്റവാളികളെ സംരക്ഷിക്കുന്നതിനും നിയമവും ക്രിമിനൽ നീതിന്യായ വ്യവസ്ഥയും തന്നെ പങ്കാളികളാകുന്ന രീതിൾക്കെതിരെ ശക്തമായി പ്രതിരോധിക്കാൻ കഴിയുന്നതുമാവണം.

നിലവിലുള്ള പ്രതിഷേധങ്ങൾ ഒരു രാഷ്ട്രീയ ധാരണയിലെത്തുകയും ഒരു നീണ്ട, കഠിനമായ പോരാട്ടത്തിനായി ഒരു രാഷ്ട്രീയ അജണ്ട വികസിപ്പിക്കുകയും ചെയ്യുക എന്നത് പ്രധാനമാണ്. ഗുസ്തിതാരങ്ങൾ, പ്രത്യേകിച്ച് സ്ത്രീകൾ, അവരുടെ ധൈര്യവും ത്യാഗവും കൊണ്ട് അതിന് വഴി കാണിച്ചിരിക്കുകയാണ്. നാം അവരെ ഒരിക്കലും നിരാശപ്പെടുത്താൻ പാടില്ല.

വിവ. മുജ്തബ മുഹമ്മദ്‌

???? കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/E0i3pHf7tQV46Y5jpKdwCE

Related Articles