ഒക്ടോബര്‍ 25ന് ജോര്‍ജ്ജസ് ഇബ്രാഹിം അബ്ദുല്ല തടവുകാരനായി തന്റെ 37-ാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. ഫലസ്തീന്‍ ചെറുത്ത്‌നില്‍പ്പ് പോരാളിയായ ഇബ്രാഹീം അബ്ദുല്ല 1984ലാണ് ഫ്രാന്‍സിലെ ലാനെമെസാനില്‍ തടവിലാക്കപ്പെടുന്നത്. സാങ്കേതികമായി 1999 മുതല്‍ എപ്പോള്‍ വേണമെങ്കിലും അദ്ദേഹത്തെ മോചിപ്പിക്കാമായിരുന്നു. പക്ഷെ അദ്ദേഹം തടവറയില്‍ ഇപ്പോഴും തുടരുക തന്നെയാണ്.
1980കളില്‍ ഫ്രാന്‍സിനെ വേട്ടയാടിയ അബ്ദുല്ല ആരാണ്? ഒരു ലബനാന്‍ മാര്‍ക്‌സിസ്റ്റ് സംഘടനയുടെ നേതാവെന്ന നിലയില്‍ 1987ല്‍ പാരീസില്‍ നടന്ന ഒരു അമേരിക്കക്കാരന്റേയും ഇസ്രായീല്‍കാരന്റേയും കൊലപാതകത്തില്‍ പങ്കുണ്ടെന്നാരോപിച്ച് കൊണ്ടായിരുന്നു അദ്ദേഹം ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെടുന്നത്. കൊല്ലപ്പെട്ട രണ്ടുപേരും നയതന്ത്ര ഉദ്യോഗസ്ഥരായിരുന്നു.
വിദേശസമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ജൂഡീഷ്യല്‍ പീഡനത്തിന് ഇരയായ ആളാണ് അബ്ദുല്ലയെന്ന് അദ്ദേഹത്തെ പിന്തുണക്കുന്നവര്‍ പറയുന്നു. പ്രത്യേകിച്ച് അങ്ങനെ പദവിയൊന്നും ലഭിച്ചിട്ടില്ലെങ്കില്‍ പോലും ലോകത്തെ ഏറ്റവും പഴയ രാഷ്ട്രീയ തടവുകാരില്‍ ഒരാളാണ് അദ്ദേഹം. അദ്ദേഹത്തിന്റെ തുടര്‍ച്ചയായ തടങ്കല്‍ ജീവിതം വര്‍ണ്ണവിവേചനത്തിനെതിരെയുള്ള പോരാട്ടങ്ങള്‍ കാരണമായി അഴിക്കുളളിലായ നെല്‍സണ്‍ മണ്ടേലയുടേയും ജര്‍മ്മന്‍ റെഡ് ആര്‍മി പ്രവര്‍ത്തകരുടേയും കാലയളവിനെ മറികടക്കുന്നതാണ്. ഹിറ്റ്‌ലറുടെ ഡെപ്യൂട്ടിയായിരുന്ന റുഡോള്‍ഫ് ഹെസ് ഒഴികെ മറ്റൊരു നാസി പോലും ഇത്രയധികം കാലം തടങ്കലില്‍ ശിക്ഷിക്കപ്പെട്ടിട്ടില്ല!
ജോര്‍ജ്ജസ് ഇബ്രാഹീം അബ്ദുല്ല 1951ല്‍ വടക്കന്‍ ലെബനാനിലെ ഒരു വലിയ ഗ്രാമമായ ക്വബയാത്തിലെ ഒരു ക്രിസ്ത്യന്‍ മരോനൈറ്റ് കുടുംബത്തിലാണ് ജനിക്കുന്നത്. പിതാവ് പട്ടാളക്കാരനായിരുന്നു. ചെറുപ്പക്കാരനായ അബ്ദുല്ല ഒരു സെക്കന്ററി സ്‌കൂള്‍ അധ്യാപകനാവുകയും ബെയ്‌റൂതിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യപ്പെടുകയും ചെയ്തു. അവിടെ വെച്ചാണ് ഫലസ്തീന്‍ അനുകൂല, അറബ് ദേശീയ വൃത്തങ്ങളോട് അദ്ദേഹം അനുഭാവം പ്രകടിപ്പിച്ചുതുടങ്ങുന്നത്. ലെബനാനിലെ ആഭ്യന്തരയുദ്ധം ആരംഭിച്ചതിന് ശേഷം അദ്ദേഹം പോപ്പുലര്‍ ഫ്രണ്ട് ഫോര്‍ ലിബറേഷന്‍ ഓഫ് പലസ്തീന്‍ (പി.എഫ്.എല്‍.പി)യിലും പിന്നീട് ലെബനാന്‍ റെവല്യൂഷണറി ആര്‍മ്ഡ് ഫാക്ഷന്‍സ് (എല്‍.ആര്‍.എ.എഫ്) എന്ന ചെറിയ സായുധ സംഘടനയിലും അദ്ദേഹം ചേര്‍ന്നു.
Also read: അല്ലയോ ഉർദുഗാൻ, ഒമ്പത് വർഷം സോമാലിയയെ പിന്തുണച്ചതിന് നന്ദി
1980കളുടെ തുടക്കത്തില്‍ നിരവധി കൊലപാതകങ്ങള്‍ LRAF ( Lebanese Revolutionary Armed Factions) എന്ന സംഘടനയുടെ പേരില്‍ ചേര്‍ക്കപ്പെട്ടു. 1982ല്‍ പാരീസില്‍ നടന്ന ഫ്രാന്‍സിലെ യു.എസ് എംബസി ഉദ്യോഗസ്ഥന്‍ ലെഫ്റ്റനന്റ് കേണല്‍ ചാള്‍സ് റേയുടെ കൊലപാതകവും ഇസ്രായീല്‍ എംബസി ഉദ്യോഗസ്ഥന്‍ യാക്കോബ് ബാര്‍സിമന്തോവിന്റെ കൊലപാതകവും അതില്‍ ഉള്‍പ്പെടുന്നു. 1984ല്‍ റോമില്‍ യു.എസ് അഡ്മിറല്‍ ലിയമണ്‍ ഹണ്ട് വധിക്കപ്പെട്ടതിനും ഇവര്‍ക്കെതിരെ കേസെടുക്കുകയുണ്ടായി. 1984 ഒക്ടോബറില്‍ അബ്ദുല്ല ആകസ്മികമായി അറസ്റ്റ് ചെയ്യപ്പെടുകയുണ്ടായി. അക്കാലത്ത് സ്വിസര്‍ലാന്റില്‍ താമസിച്ചിരുന്ന അദ്ദേഹം വാടക അപ്പാര്‍ട്ട്‌മെന്റിന്റെ നിക്ഷേപം ശേഖരിക്കാന്‍ ഫ്രാന്‍സിലേക്ക് പോയതായിരുന്നു. പോലീസ് അദ്ദേഹത്തെ വ്യാജ അള്‍ജീരിയന്‍ പാസ്‌പോര്‍ട്ട് കൈവശം വെച്ചതായി കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
അബ്ദുല്ല LRAF ലെ ഒരു പ്രധാന അംഗമാണെങ്കില്‍ പോലും, ഗ്രൂപ്പിന്റെ അക്രമങ്ങളില്‍ അദ്ദേഹത്തിന്റെ വ്യക്തിപരമായ ഇടപെടലുകള്‍ ഒരിക്കലും തെളിയിക്കപ്പെട്ടിരുന്നില്ല. അദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങള്‍ വ്യാജ രേഖകളുടെ ഉപയോഗത്തില്‍ പരിമിതപ്പെട്ടിരുന്നു. ചിലരുടെ അഭിപ്രായപ്രകാരം, യു.എസും ഇസ്രായേല്‍ അധികാരികളും ഫ്രാന്‍സിന്റെ മേല്‍ അദ്ദേഹത്തെ ശിക്ഷിക്കുന്നതിനായി സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു. തുടക്കത്തില്‍ അദ്ദേഹത്തിന് നാല് വര്‍ഷം മാത്രമായിരുന്നു തടവ് ശിക്ഷ വിധിച്ചിരുന്നത്. അദ്ദേഹത്തെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രുപ്പിലെ അംഗങ്ങള്‍ നിരന്തരം ശബ്ദിച്ചുകൊണ്ടിരുന്നു. 1985 മാര്‍ച്ച് 23ന് വടക്കന്‍ ലെബനാനിലെ ട്രിപ്പോളിയില്‍ വെച്ച് അവര്‍ ഫ്രഞ്ച് നയതന്ത്രജ്ഞന്‍ സിഡ്‌നി ഗില്ലെസ് പെറോളസിനെ തട്ടിക്കൊണ്ടുപോവുകയുണ്ടായി. ഡയറക്ടറേറ്റ് ഓഫ് ടെറിറ്റോറിയല്‍ സര്‍വേലിയന്‍സ് (ഡി.എസ്.ടി) അള്‍ജീരിയ വഴി ഒരു കരാര്‍ മുന്നോട്ട് വെക്കുകയും എല്‍.ആര്‍.എഫ് ആ കരാര്‍ അംഗീകരിക്കുകയും പതിമൂന്ന് ദിവസത്തിന് ശേഷം നയതന്ത്രജ്ഞനെ വിട്ടയക്കുകയും ചെയ്തു. പക്ഷെ അബ്ദുല്ലക്ക് അത്ര ഭാഗ്യമുണ്ടായിരുന്നില്ല. അദ്ദേഹം വാടക നല്‍കിക്കൊണ്ടിരുന്ന ഒരു ഫ്‌ളാറ്റില്‍ ഫ്രഞ്ച് പോലീസ് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് റേയേയും ബാര്‍സിമാന്റോവിനേയും കൊല്ലാന്‍ ഉപയോഗിച്ചതായി കരുതപ്പെടുന്ന തോക്ക് ഉള്‍പ്പെടെയുള്ള ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും കണ്ടെത്തുകയും ജോര്‍ജ്ജസ് അബ്ദുല്ലയക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്ന് ആരോപിക്കുകയും ചെയ്തു.
Also read: സ്ത്രീ രൂപത്തോട് പുരുഷ മസ്തിഷ്‌കം പ്രതികരിക്കുന്നതെങ്ങനെ?
1987 ഫെബ്രുവരി 23ന് പാരീസിലെ ഒരു പ്രത്യേക കോടതിക്ക് മുന്നില്‍ മറ്റൊരു വിചാരണ ആരംഭിക്കുയുണ്ടായി. അക്കഴിഞ്ഞ വര്‍ഷം ഫ്രാന്‍സില്‍ നടന്ന രക്തരൂക്ഷിതമായ ഒരു അക്രമണത്തില്‍ പതിമൂന്ന് പേര്‍ മരിക്കുകയും നൂറുക്കണക്കിന് ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആ സമയത്ത് രണ്ട് വര്‍ഷത്തിലധികമായി ജയിലില്‍ കിടക്കുന്ന അബ്ദുല്ലയുടെ പേരില്‍ അക്രമത്തിന്റെ ഉത്തരവാദിത്തം കെട്ടിവെക്കാവുന്നതിനുള്ള യാതൊരു സാധുതയും ഇല്ലായിരുന്നു. ഇറാന്‍ അനുകൂല സമിതിയായ സി.എസ്.പി.പി.എ (കമ്മിറ്റി ഓഫ് സപ്പോര്‍ട്ട് വിത്ത് അറബ് പൊളിറ്റിക്കല്‍ പ്രിസണേഴ്‌സ് ഓഫ് ദി നിയര്‍ ഈസ്റ്റ്) അക്രമത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തു. എന്നിരുന്നാല്‍ പോലും അബ്ദുല്ലയെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു.


ഫ്രഞ്ച് നിയമമനുസരിച്ച് 1999 മുതല്‍ അബ്ദുല്ലയെ മോചിപ്പിക്കാമായിരുന്നു. 2004നും 2009നും ഇടയില്‍ മാത്രം അദ്ദേഹത്തിന്റെ ഒമ്പത് പരോള്‍ അഭ്യര്‍ഥനകള്‍ നിരസിക്കപ്പെടുകയുണ്ടായി. 1999ല്‍ ജഡ്ജിമാരെ നേരിട്ട് അഭിസംബോധന ചെയ്ത ഡി.എസ്.ടി യുടെ പ്രസ്താവന ഇങ്ങനെയായിരുന്നു: ”സയണിസ്റ്റ് വിരുദ്ധ പോരാട്ടത്തിലെ ഒരു പ്രോജ്ജ്വല പ്രതീകമായ ജോര്‍ജ്ജസ് അബ്ദുല്ലയുടെ മോചനം ലെബനാനില്‍ ഒരു സംഭവമായിരിക്കുമെന്നതില്‍ സംശയമില്ല. നാട്ടിലേക്ക് മടങ്ങുമ്പോള്‍ അദ്ദേഹത്തിന് ഒരു നായക പരിവേഷം നല്‍കപ്പെടുകയും ആഘോഷിക്കപ്പെടുകയും മാത്രമല്ല വിപ്ലവ പോരാട്ടങ്ങളില്‍ ഏര്‍പ്പെടുന്ന വ്യത്യസ്ത പ്രസ്ഥാനങ്ങള്‍ക്ക് അത് ഒരു ഊര്‍ജ്ജമായിരിക്കുമെന്നതും തീര്‍ച്ചയാണ് ”. സയണിസ്റ്റ് വിരുദ്ധന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ ഇടപെടലുകള്‍ ശ്രദ്ധേയമാണ്താനും.
2012 ഫെബ്രുവരിയില്‍ ലെബനാന്‍ പ്രധാനമന്ത്രി നജീബ് മിക്കാറ്റി പാരീസ് സന്ദര്‍ശിക്കുകയും ഫ്രഞ്ച് അധികാരികളോട് രാഷ്ട്രീയ തടവുകാരന്‍ എന്ന് വിശേഷിപ്പിച്ച് അബ്ദുല്ലയെ മോചിപ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. തീവ്രവാദ കുറ്റകൃത്യങ്ങളുടെ അധികാരപരിധിയിലുള്ള ശിക്ഷാനിര്‍വ്വഹണ കോടതി ഈ അഭ്യര്‍ഥനയെക്കുറിച്ച് അനുകൂലമായ അഭിപ്രായം പറഞ്ഞിരുന്നുവെങ്കില്‍ ഫ്രഞ്ച് പ്രദേശത്ത് നിന്ന് അദ്ദേഹത്തെ നാടുകടത്തുമെന്ന നിബന്ധനയില്‍ അത് നടക്കുമായിരുന്നു. എന്നാല്‍, അബ്ദുല്ലയെ മോചിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് അന്നത്തെ വിദേശകാര്യമന്ത്രി ലോറന്റ് ഫാബിയസിന് അമേരിക്കന്‍ പ്രതിനിധി ഹിലരി ക്ലിറ്റണില്‍ നിന്നും കോള്‍ ലഭിച്ചതായി വിക്കിലീക്‌സ് പറയുന്നു. തുടര്‍ന്ന് നാടുകടത്തല്‍ ഉത്തരവില്‍ ഒപ്പിടാന്‍ ആഭ്യന്തരമന്ത്രി മാനുവല്‍ വാള്‍സ് വിസമ്മതിക്കുകയായിരുന്നു.
ഫ്രഞ്ച് ലീഗ് ഫോര്‍ ദി ഡിഫന്‍സ് ഓഫ് ഹ്യൂമന്‍ ആന്‍ഡ് സിറ്റിസണ്‍ റൈറ്റ്‌സ്, അസോസിയേഷന്‍ ഓഫ് ഫ്രാന്‍സ്-ഫലസ്തീന്‍ സോളിഡാരിറ്റി, ഫ്രഞ്ച് ജെവിഷ് യൂനിയന്‍ ഫോര്‍ പീസ്, ഇടതുപക്ഷ, തീവ്ര ഇടതുപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവ ഉള്‍പ്പെടുന്ന നിരവധി ഫ്രഞ്ച് സംഘടനകള്‍ അബ്ദുല്ലയുടെ മോചനത്തെ പിന്തുണക്കുന്നുണ്ട്.
ഓഗസ്റ്റ് 31ന് #macronliverezabdallah എന്ന ഹാഷ്ടാഗില്‍ സോഷ്യല്‍ മീഡിയയില്‍ മാക്രോണ്‍, ഫ്രീ അബ്ദുല്ല എന്ന ഒരു കാമ്പയിന്‍ ആരംഭിച്ചിരുന്നു. ഓഗസ്റ്റ് 4ന് ബെയ്‌റൂത് തുറമുഖ സ്‌ഫോടനത്തെത്തുടര്‍ന്ന് രണ്ടാം തവണ സന്ദര്‍ശനത്തിനായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ലെബനാനിലെത്തിയതോടെയാണ് ഇങ്ങനെയൊരു കാമ്പയിന്‍ സംഭവിച്ചത്. മാക്രോണ്‍ അവിടെ ഉണ്ടായിരിക്കെ ലെബനാന്‍ തലസ്ഥാനത്തെ ഫ്രഞ്ച് എംബസിക്ക് മുന്നില്‍ കാമ്പയിനിന്റെ ഭാഗമായി ഒരു റാലിയും നടക്കുകയുണ്ടായി. ഓഗസ്റ്റ് 6ന് ബെയ്‌റൂത്തില്‍ നിന്നും മടങ്ങിപ്പോകുമ്പോള്‍ ജോര്‍ജ്ജസ് അബ്ദുല്ലയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടവര്‍ക്കുള്ള മറുപടിയായി ഫ്രഞ്ച് നേതാവ് ഒരു കൈ കാണിച്ച് he must sign എന്ന് ആംഗ്യം കാണിക്കുകയായിരുന്നു. അവന്‍ എന്നതിന്റെ ഐഡന്റിറ്റിയെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും തന്നെ നല്‍കപ്പെട്ടിരുന്നില്ല.
Also read: സ്വാമി അഗ്നിവേഷ് മതസൗഹാര്‍ദ്ദത്തിന്റെ കാവലാള്‍
തികച്ചും രാഷ്ട്രീയമായ കാരണങ്ങളാല്‍ ജോര്‍ജ്ജസ് ഇബ്രാഹീം അബ്ദുല്ലയെ ബോധപൂര്‍വ്വം ജയിലില്‍ അടച്ചിരിക്കുകയാണെന്നാണ് അദ്ദേഹത്തിന്റെ അനുയായികള്‍ പറയുന്നത്. ഇന്ന് ഇന്ന് അദ്ദേഹത്തിനെതിരെ ആരോപിക്കപ്പെടുന്നത് അദ്ദേഹത്തിന്റെ രാഷ്ട്രീയ ബോധ്യങ്ങള്‍ മാത്രമാണെന്നാണ് ഫലസ്തീന്‍ തടവുകാരുടെ സോളിഡാരിറ്റി നെറ്റ്‌വര്‍ക്കിലെ ടോം മാര്‍ട്ടിന്‍ വിശദീകരിക്കുന്ന്ത്. തുടര്‍ച്ചയായി ജയിലില്‍ അടക്കാനുള്ള കാരണങ്ങള്‍ നിയമപരമല്ലെന്നും രാഷ്ട്രീയ പ്രേരിതം മാത്രമാണെന്നും ഡി.എസ്.ടി പ്രസ്താവിക്കുന്നു. ഫ്രാന്‍സ് മനുഷ്യാവകാശം ഉറപ്പ് നല്‍കുന്ന രാജ്യമായി പ്രകീര്‍ത്തിക്കപ്പെടുന്നതിന് ഈ സംഭവം തീര്‍ച്ചയായും അപവാദം തന്നെയാണ്.
അബ്ദുല്ലയെ പിന്തുണച്ചുകൊണ്ടുള്ള കാമ്പയിനുകളും പിന്തുണക്കുന്നവരുടെ എണ്ണവും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. അദ്ദേഹം സാമ്രാജ്യത്യവിരുദ്ധനാണ്. അദ്ദേഹം കമ്യൂണിസ്റ്റ്കാരനാണ്. അദ്ദേഹത്തിന്റെ പോരാട്ടം മറ്റു തലമുറകളിലേക്കും കൈമാറ്റം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇസ്രായേല്‍ ലെബനാന്‍ അക്രമണത്തിനെതിരെയും ഫലസ്തീന്‍ അധിനിവേശത്തിനെതിരെയും അറബ് ലോകത്ത് ചെറുത്ത്‌നില്‍പ് നടത്തിയ വലിയ ഒരു വ്യക്തിയായി അദ്ദേഹം മാറിക്കഴിഞ്ഞു. മാര്‍ട്ടിന്‍ മാസത്തിലൊരിക്കല്‍ അബ്ദുല്ലയെ സന്ദര്‍ശിക്കുന്നുണ്ട്. അദ്ദേഹം ഇപ്പോഴും പോരാട്ടവീര്യം കാത്തുസൂക്ഷിക്കുന്ന ഒരാളാണെന്നും ഫ്രഞ്ച്, ഇസ്രായേല്‍, അമേരിക്കന്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് മുന്നില്‍ തല കുനിക്കാന്‍ തയ്യാറാകാത്ത പോരാളിയാണദ്ദേഹമെന്നും പറഞ്ഞുവെക്കുന്നു.
തന്നെ തടഞ്ഞുവെച്ചിരിക്കുന്നത് രാഷ്ട്രീയമാണെന്ന് അബ്ദുല്ല തന്നെ കരുതുന്നുണ്ടെന്ന് അദ്ദേഹത്തെ പിന്തുണക്കുന്ന സമിതി പറയുന്നു. നിയമപരമായ ചാനലുകള്‍ രാഷ്ട്രീയ പ്രഹസനങ്ങളായി മാറിയെന്ന് മാര്‍ട്ടിന്‍ ചൂണ്ടിക്കാട്ടുന്നു. തന്നെ പിന്തുണക്കുന്നവര്‍ക്ക് അദ്ദേഹം നന്ദി പറയുന്നു. ഫ്രാന്‍സിലെയും ഫലസ്തീനിലേയും രാഷ്ട്രീയ വാര്‍ത്തകളില്‍ അദ്ദേഹം ഇപ്പോഴു നന്നായി താത്പര്യം പ്രകടിപ്പിക്കുകയും അതുമായി ബന്ധപ്പെട്ട് ധാരാളം വായിക്കുകയും ചെയ്യുന്നുണ്ട്. ഫലസ്തീന്‍ തടവുകാരുടെ നിരാഹാര സമരത്തെ അബ്ദുല്ല പിന്തുണക്കുന്നു. അദ്ദേഹത്തോട് സഹതടവുകാരും നല്ലരീതിയില്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു. മറ്റു ഫലസ്തീന്‍ തടവുകാര്‍ക്കിടയില്‍ നിന്നും മര്‍വാന്‍ ബര്‍ഗൂതിയും അഹ്മദ് സാദത്തുമെല്ലാം അദ്ദേഹത്തെ പിന്തുണക്കുന്നു, യുവതലമുറയിലെ സലാഹ് ഹമൂരിയും അഹ്മദ് തമീമിയുമൊക്കെ അദ്ദേഹത്തെ പിന്തുണക്കുന്നു. അദ്ദേഹം രാഷ്ട്രീയ നേതാക്കള്‍ സന്ദര്‍ശിക്കുകയും ബന്ധപ്പെട്ടവര്‍ക്ക് അദ്ദേഹം കത്തുകള്‍ കൈമാറുകയും ചെയ്യുന്നു. അതിനാല്‍തന്നെ തടങ്കലില്‍ ആണെങ്കില്‍ പോലും താന്‍ ഒറ്റപ്പെട്ട മനുഷ്യനല്ലെന്ന് അബ്ദുല്ല വിശ്വസിക്കുന്നു.
Also read: നിർഭയർ
ജോര്‍ജ്ജസ് ഇബ്രാഹിം അബ്ദുല്ലയുടെ പിന്തുണാ സമിതി ഒക്ടോബര്‍ 24ന് അദ്ദേഹത്തെ പാര്‍പ്പിച്ചിട്ടുള്ള ജയിലിന് മുന്നിലൂടെ ഒരു റാലി ആസൂത്രണം ചെയ്യുന്നുണ്ട്. അദ്ദേഹത്തിന്റെ പോരാട്ടവീര്യം പ്രമേയമാക്കിക്കൊണ്ടുള്ള ഒരു സിനിമ ഇതിനകം പൂര്‍ത്തിയായിക്കഴിഞ്ഞു. ഫെഡെയ്ന്‍ എന്ന പേരിലുള്ള സിനിമ ഉടന്‍ പുറത്തിറങ്ങുന്നതാണ്.
വിവ- അബ്ദുല്ലത്തീഫ് പാലത്തുങ്കര