Current Date

Search
Close this search box.
Search
Close this search box.

ഇന്ത്യയിൽ തുടരുന്ന മുസ്ലിം വിരുദ്ധ അക്രമങ്ങൾ

വലതുപക്ഷ ചിന്താഗതിക്കാരുടെ നിരന്തരമുള്ള വിദ്വേശ പ്രചാരണങ്ങൾക്ക് കൃത്യമായ സ്വാധീനം ചെലുത്താൻ സാധിച്ചിരിക്കുന്നുവെന്നതിന്റെ വ്യക്തമായ സാക്ഷ്യമാണ് അജ്മീർ മുതൽ ഇൻഡോർ വരെയുള്ള കണ്ണുനനയിക്കുന്ന സംഭവങ്ങൾ. ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ, വിശിഷ്യ മുസ്ലീംങ്ങൾ തിങ്ങിപ്പാർക്കുന്ന സംസ്ഥാനങ്ങളിലേക്ക് ലോകം കണ്ണുനട്ടിരിക്കേണ്ടതിന്റെ അനിവാര്യത ഉറക്കെ വിളിച്ചു പറയുകയാണ് ഇൻഡോറിലും അജ്മീരിലുമായി സമീപ കാലത്ത് അരങ്ങേറിയ ദാരുണ സംഭവങ്ങൾ. ഇൻഡോറിൽ സംഭവിച്ചതെന്താണെന്ന് പരിശോധിക്കാം; ഇസ്ലാം മതവിശ്വാസിയായ കുപ്പിവള വിൽപ്പനക്കാരൻ ക്രൂരമായ മർദ്ദനത്തിനിരയാവുകയും കൊള്ളയടിക്കപ്പെടുകയും ചെയ്തു. കൈയ്യേറ്റക്കാരന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ച് തുടങ്ങിയതോടെ പ്രതിയെ അറസ്സു ചെയ്യണമെന്നാവശ്യവുമായി മുസ്ലീംങ്ങൾ സമാധനപരമായ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു. ഭാരതീയ ജനതാ പാർട്ടി ഭരണത്തിലിരിക്കുന്ന മധ്യപ്രദേശിലെ പ്രധാന നഗരമാണ് ഇൻഡോർ. ചിലർ കാട്ടികൂട്ടിയ നിയമലംഘനമാണ് ഒറ്റപ്പെട്ട ഈ സംഭവത്തിന് കാരണമെന്ന് വിശദീകരണം നൽകിയ പോലീസ്, നിയമത്തെ അതിന്റെ വഴിക്ക് വിടുക, ഇതിൽ കൂടുതൽ നിങ്ങൾക്കെന്ത് വേണം? സമൂഹത്തിൽ ഇത്തരം അരുതായ്മകൾ സർവ്വ സാധരണമാണെങ്കിലും ഭരണവ്യവസ്ഥ നിക്ഷ്പക്ഷ നിലപാടുകൾ എടുക്കുന്നെടുത്തോളം കാലം ഭയപ്പെടാനൊന്നുമില്ലെന്ന ന്യായീകരണമാണ് പോലീസ് ഞങ്ങളോട് തട്ടിവിട്ടത്.

വൈകാതെ തന്നെ വാദി പ്രതിയാകുന്ന രീതിയാണ് കേസിന്റെ സ്ഥിതിഗതികളെന്ന് തെളിഞ്ഞു. നിയമയും സ്ഥാപിത വ്യവസ്ഥയും പ്രവർത്തിച്ചു തുടങ്ങി. അതിഗൗരവമേറിയ പോക്സോ അടക്കം ഇന്ത്യൻ നിയമ വ്യവസ്ഥയിലെ ഏഴ് ശിക്ഷാ നടപടികൾ ഉൾപ്പെടുത്തിക്കൊണ്ട് വളക്കച്ചവടക്കാരന് എതിരായി എഫ്.ഐ,ആർ. തയ്യാറാക്കി. ഹിന്ദുവായി ആൾമാറാട്ടം നടത്തി പെൺകുട്ടിയെ പീഢനം ചെയ്തതിനാണ് കച്ചവടക്കാരൻ ശിക്ഷിക്കപ്പെടുന്നതെന്നായിരുന്നു സംസ്ഥാന ആഭ്യന്തര മന്ത്രിയുടെ പ്രതികരണം. പെൺകുട്ടിയുടെ ആരോപണം അറിഞ്ഞതോടെ അരിശം മൂത്ത പ്രദേശവാസികളാണ് അക്രമമഴിച്ചുവിട്ടതെന്ന അസംബന്ധം കൊണ്ട് യുക്തിപ്രയോഗിക്കാൻ ശ്രമിക്കുകയായിരുന്നു. കച്ചവടക്കാരൻ മുസ്ലിമാണെന്ന ഏക കാരണം മാത്രമായിരുന്നു പ്രതിയോഗികളുടെ അക്രമോഝുകതക്ക് ആക്കം കൂട്ടിയതെന്ന് വീഡിയോ പരിശോധിച്ചാൽ വ്യക്തമാകുന്നതാണ്.

ഇത്തരം വ്യക്തി കേന്ദ്രീകൃത അക്രമങ്ങൾ സർവ്വ സാധാരണയായി മാറിയിരിക്കുന്നുവെന്ന ഞെട്ടിക്കുന്ന വാർത്തകളാണ് മാധ്യമങ്ങൾ പുറത്തുവിടുന്നത്. ഹിന്ദു പെൺകുട്ടികളെയും സ്ത്രീകളെയും ലക്ഷ്യമിട്ടുള്ള വക്രമായ ഗൂഢാലോചനകളാണ് അണിയറയിൽ അരങ്ങേറുന്നതെന്ന കുപ്രചാരണവുമായി രംഗത്തിറങ്ങിയ ഹിന്ദു മതതീവ്രവാദികൾ ഇത് ലൗ ജീഹാദിന്റെ ഭാഗമാണെന്നും പരത്തുന്നു. വളവിൽപ്പനയുടെ മറവിൽ ഹിന്ദു സ്ത്രീകളെ നോട്ടമിടുന്നുണ്ടെന്ന് വരെ അവർ വാദിച്ചു. പ്രസ്തുത നിരൂപണം നിങ്ങളെ സ്തബ്ധനാക്കുമെന്നതിൽ സംശയമില്ല. കുട്ടിക്കാലത്തെ ബിൻഡി ആഘോഷങ്ങൾക്ക് നിറപ്പകിട്ടാർന്ന വളശേഖരണവുമായി വീടുകൾ നിരന്തരം സന്ദർശിച്ചിരുന്ന മനിഹാരികളുടെ അടുത്തേക്ക് വിലപേശലുമായി കൂട്ടം കൂടിയ നമ്മുടെ അമ്മ, സഹേദരികളെ കുറിച്ചുള്ള ഓർമ്മകൾ നമ്മളിൽ പലർക്കുമറിയാം.

ഡൽഹിയുടെ സമീപ പ്രദേശത്ത് ജീവിച്ചിരുന്ന യതി നർസിംങ് എന്ന മത പ്രബോധകൻ ഹിന്ദു സ്ത്രീകൾ ആപത്തിലാണെന്ന് വിശ്വാസികളോട് നിരന്തരം പറഞ്ഞു കൊണ്ടേയിരുന്നു. ഇലക്ട്രീഷ്യൻമാരായും പ്ലമ്പർമാരായും വഴിയോരക്കച്ചവടക്കാരായും പല വേഷത്തിൽ പുരുഷന്മാരുടെ അഭാവത്തിൽ മുസ്ലിങ്ങൾ ഹിന്ദുക്കളുടെ വീട് സന്ദർശിക്കുന്നതും ലൗ ജിഹാദിന്റെ ഭാഗമായി സ്ത്രീകളോട് ബന്ധം സ്ഥാപിക്കുന്നതും പതിവായി മാറിയിരിക്കുകയുമാണെന്ന പെരുംനുണകളും ഇദ്ദേഹം നിരന്തരം ആവർത്തിക്കുന്നു. അദ്ദേഹത്തിന്റെ ഇത്തരം ദൃശ്യസന്ദേശങ്ങൾ ലക്ഷണക്കിനാളുകളിൽ ഉണ്ടാക്കൂന്ന സ്വാധീനം വളരെ വലുതുമാണ്.

ഹിന്ദു ഭൂരിപക്ഷ പ്രദേശത്തെ ഏതൊരു മുസ്ലിമും സംശയത്തിന്റെ നിഴലിലാണ് ജീവിക്കുന്നത്. തിരിച്ചറിയൽ രേഖ ആവിശ്യപ്പെട്ടും അനാവശ്യ ചോദ്യം ചെയ്യലുകൾ കൊണ്ടും നിരപരാധികളെ പ്രയാസപ്പെടുത്തുന്നത് ജനങ്ങൾക്ക് ഹരമായി മാറിയിരിക്കുകയാണ്. ഹിന്ദു പ്രദേശങ്ങളിൽ നിന്ന് ആട്ടിയോടിക്കപ്പെടുന്ന വഴിയോരക്കച്ചവടക്കാർ അക്രമത്തിനിരയാകുന്നത് കോവിഡിന്റെ ആദ്യ തരംഗത്തിൽ നിത്യ വാർത്തയായിരുന്നു. പകർച്ചവ്യാധി വരുത്തി വെച്ച താത്കാലിക മനോവിഭ്രാന്തിയുടെ അനന്തര ഫലമായി ഇവയൊക്കെ വായിച്ചു തള്ളാറാണ് പതിവ്. ഡൽഹിയിലെ ഉത്തം നഗറിലെ കച്ചവടക്കാർക്ക് നേരെയുണ്ടായ അതിക്രമത്തേയും ഒറ്റപ്പെട്ട സംഭവമായി അവഗണിക്കാനായിരുന്നു താൽപര്യപ്പെട്ടത്.
യതി നർസിംഗ് മുമ്പ് സീ ടീവിയും അനുബന്ധ മാധ്യമങ്ങളുമായിരുന്നു ഇത്തരം കള്ളക്കഥകൾ മെനഞ്ഞുണ്ടാക്കുന്നതിന് ചുക്കാൻ പിടിച്ചത്. ഭൂമി ജിഹാദ്, യു.പി.എസ്.സി ജിഹാദ് തുടങ്ങി വ്യത്യസ്ഥ രീതികളിലുള്ള ജിഹാദ് മുസ്ലീംങ്ങൾ ഇന്ത്യയിൽ ആസൂത്രണം ചെയ്യുന്നുണ്ടെന്നുമെല്ലാം ഈ ​ഗണത്തിൽപെട്ട പ്രോപ​ഗണ്ടകളാണ്.

ദിവാലി ആഘോഷ വേളയിൽ ഇൻഡോറിലെ മതതീവ്രവാദികൾ അപായപ്പെടുത്തിയ മുസ്ലിം പടക്കം കച്ചവടക്കാർ പടക്കങ്ങൾക്ക് ഹിന്ദു ദേവതകളുടെ പേരുകൾ നൽകാൻ നിർബന്ധിക്കപ്പെട്ടതും മൈലാഞ്ചി വിൽക്കാൻ വിലക്കപ്പെട്ട മുസാഫർ നഗറിലെ മുസ്ലിം മതവിശ്വാസികളെയും നാം മറക്കരുത്. ഇതൊന്നു യാദർശ്ചികമല്ലെന്ന് സാരം. സർവ്വരേയും അപരാധികളായി ചിത്രീകരിച്ച് കൊണ്ടുള്ള പ്രചാരണങ്ങൾ സജീവവുമാണ്. എല്ലായിടത്തും കണ്ണുള്ള സംഘടിത കൂട്ടമായി മാറിയിരിക്കുന്നു അവർ. വളകൾ വിറ്റ് ഉപജീവന മാർഗം കണ്ടെത്തുന്ന തസ്ലീം കൊള്ളയടിക്കപ്പെട്ടതും മർദ്ദിക്കപ്പെട്ടതും പൊതുജനത്തിന് മുന്നിൽ ചെയ്യാത്ത കുറ്റത്തിന് അപരാധിയായി മുദ്രകുത്തപ്പെടുന്നതല്ലാം ഇത്തരക്കാരുടെ നുണപ്രചാരങ്ങൾ കൊണ്ട് കൂടിയാണ്. തസ്ലീമിന്റെ നിസ്സഹായത ഡിജിറ്റലൈസ് ചെയ്യപ്പെടുന്നതോടെ സമാന ദുർഗതി തങ്ങൾക്കും വന്നു ഭവിക്കുമോയെന്ന ഭയം മുസ്ലീംങ്ങളെ ബലഹീനരാക്കുന്നു. കലിയിളകി നിൽക്കുന്ന ജനങ്ങളെ സമാധാനത്തിന്റെ പാതയിൽ കൊണ്ടുവരാനായി ക്രിമിനൽ കുറ്റങ്ങൾക്കെതിരെ നടപടിയെടുക്കണമെന്ന് നിരന്തരം പോലീസിനോടാവശ്യപ്പെടുന്നുണ്ടെന്ന വിവരം ഒരു സാമുദായിക നേതാവ് എന്നോട് പങ്കുവെക്കുകയുണ്ടായി. സ്വമേധയാ മുൻകൈയെടുത്ത് ചെയ്യേണ്ട കാര്യങ്ങളിൽ ‍പോലും നിരുത്തരവാദികളായി മാറുകയാണ് പോലീസ് എന്നതാണ് ശരി. കുറ്റകൃത്യങ്ങളിൽ നിരപരാധികളെ പ്രതിചേർക്കുന്ന കീഴ്വഴക്കമാണ് ഇവർ പിന്തുടർന്നത്. അക്രമികൾക്ക് അർഹിച്ച ശിക്ഷ ഉറപ്പിക്കുന്നതിന് പകരം നിയമകുരുക്കുകളിൽ നിന്നും തസ്ലീമിനെ രക്ഷിക്കാനുള്ള നെട്ടോട്ടത്തിലാണ് സമുദായ നേതാക്കൾ. നിയമപരമായി കേസിനെ നേരിടാനും അദ്ദേഹത്തെ ജാമ്യത്തിലിറക്കാനുമുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുകയാണവർ.

നീതിയാഗ്രഹിക്കുന്ന മുസ്ലിം സമുദായത്തിന്റെ നേർചിത്രമാണ് തസ്ലിം. തനിക്കും സി.എ.എ, എൻ.ആർ.സി പ്രതിഷേധങ്ങളിൽ സജീവമായിരുന്ന സഹപ്രവർത്തകർക്കുമെതിരെ കേസ് രജിസ്തർ ചെയ്യപ്പെട്ടിട്ടുണ്ടെന്ന വസ്തുത പിന്നീടാണ് പ്രസ്തുത നേതാവ് തിരിച്ചറിയുന്നത്. പൗരാവകാശങ്ങൾക്കായി പ്രതിഷേധിക്കുന്ന എല്ലാ മുസ്ലീംങ്ങൾക്കും സമാന ഗതി നേരിടേണ്ടി വരുന്ന ദുരവസ്ഥയാണിപ്പോൾ. നീതിക്കായി അലമുറ കൂട്ടിയെന്ന ഏക കാരണത്താൽ മാത്രം അവർ പ്രതിചേർക്കപ്പെടുകയാണ്. ബി.ജെ.പി ഭരണത്തിലിരിക്കുന്ന സംസ്ഥാനത്തെ സ്ഥിതിയാണിത്. കോൺഗ്രസ് അധികാരത്തിലിരിക്കുന്ന രാജസ്ഥാനിലെ സംഭവികാസങ്ങൾ ഇതിൽ നിന്നും ഇത്തിരി വ്യത്യസ്തമാണ്. ദരിദ്രകുടുംബാംഗമായ മുസ്ലിം അജ്മീരിൽ ക്രൂരമർദനത്തിരയായിട്ടും നിയമനടപടികൾ സ്വീകരിക്കാൻ മടിച്ച പോലീസ് സാമൂഹ്യമാധ്യമങ്ങളിൽ രൂക്ഷവിമർശനം ഉയർന്നതോടെ ഗുണ്ടകൾക്കെതിരെ ഇന്ത്യൻ നിയമത്തിലെ സെക്ഷൻ 151 ചുമത്തി അറസ്സ് ചെയ്തു. എളുപ്പത്തിൽ ജാമ്യം കിട്ടാനുള്ള വകുപ്പായിരുന്നു ഇത്. പോലീസിന്റെ ഊർജിത നീക്കമായിട്ടാണിതിനെ പലരും വിലയിരുത്തിയതെങ്കിലും ജനങ്ങളുടെ കണ്ണിൽപൊടിയിടാനുള്ള വിദ്യയാണിതെന്ന് വ്യക്തം. ഇത്രമാത്രമേ ചെയ്യാനാകൂവെന്നാണ് പോലീസ് ഇരകളോട് നൽകുന്ന വിശദീകരണം. ഹരിയാന മുതൽ ഡൽഹി വരേയും ഇൻഡോർ മുതൽ അജ്മീർ വരേയുമുള്ള സർവ്വ പ്രദേശങ്ങളിലും ഉന്നയിക്കപ്പെടുന്ന വാദമാണിതന്നും അറിയുക. വ്യക്തികൾക്കെതിരെയുള്ള അക്രമങ്ങൾ നിസ്സാരമായി തള്ളിക്കളയാനാവില്ല. മുസ്ലിം മതവിശ്വാസികൾക്ക് കരുതലും സുരക്ഷയുമുറപ്പാക്കുന്ന ഭരണഘടന നിലവിലുള്ള ഇന്ത്യയുടെ മതേതരത്വത്തിനേറ്റ പ്രഹരം കൂടിയാണ് ഇത്തരം കലാപങ്ങൾ.

മുസ്ലിം മത വിശ്വാസികൾ കൊലചെയ്യപ്പെടുന്നത് എതിർക്കപ്പെടണമെന്ന് കഴിഞ്ഞ ഒരു ദശകത്തിലേറെയായി പത്രമാധ്യമങ്ങളിൽ ഞാൻ നിരന്തരം എഴുതികൊണ്ടിരിക്കുന്നു. എല്ലാ നുണ പ്രചാരണങ്ങൾക്കും നിസ്സഹായരായി ഇരകളായി മാറുകയാണ് മുസ്ലീംങ്ങളെന്ന സത്യമെത്ര ഖേദകരമാണ്. കേന്ദ്രത്തിലും ഒട്ടേറ സംസ്ഥാനങ്ങളിലും മുസ്ലിം വിരുദ്ധ ശക്തികൾ അധികാരത്തിൽ വിരാജിക്കുന്ന സമയമായണിത്. എങ്കിലും മതനിരപേക്ഷത കാത്തുസൂക്ഷിക്കുന്ന ഭരണഘടന നിലവിലുള്ളടുത്തോളം കാലം പ്രതീക്ഷകൾക്ക് വകയുണ്ട്.

വിവ- ആമിർ ഷഫിൻ കതിരൂർ

Related Articles