Current Date

Search
Close this search box.
Search
Close this search box.

തുറുങ്കിലടക്കപ്പെടുന്ന കശ്മീരി ജനത – ഭാഗം 2

2019 ഓഗസ്റ്റ് 6 അർദ്ധരാത്രി 2 മണിക്ക് ശ്രീനഗറിലെ മഹ്ജൂർ നഗറിലുള്ള നസീർ അഹ്മദ് ഖാനിന്റെ വീട്ടു വാതിലിൽ കശ്മീർ സെൻട്രൽ പോലീസും സിആർപിഎഫും വന്ന് മുട്ടി. അദ്ദേഹത്തിന്റെ 22 വയസ്സുള്ള മകൻ മുഅ്മിൻ നസീർ എവിടെയെന്ന് അന്വേഷിച്ചാണ് പോലീസ് സംഘം വീട്ടിലെത്തിയത്. നസീർ അഹ്മദ് ഖാനും മകൻ മുഅ്മിനും ചേർന്ന് വാതിൽ തുറന്നപ്പോൾ ഒരു കൂട്ടം പോലീസുകാർ തങ്ങളുടെ വീടിന് മുന്നിൽ അണിനിരന്ന കാഴ്ചയാണ് അവർ കണ്ടത്. എന്താണ് കാര്യമെന്ന് തിരക്കിയപ്പോൾ നിങ്ങളുടെ മകൻ മുഅ്മിൻ എവിടെയെന്ന് തിരിച്ച് ചോദ്യം വന്നു. നിങ്ങൾ അന്വേഷിക്കുന്ന ആൾ ഇവൻ ആണ് എന്ന് മുഅ്മിനെ ചൂണ്ടി പറഞ്ഞു തീരുന്നതിന് മുമ്പ് പോലീസുകാർ ആ ചെറുപ്പുക്കാരനെ വലിച്ചിഴച്ച് വീടിന് വെളിയിലിറക്കി ജീപ്പിലേക്ക് തള്ളിക്കയറ്റി. നാളെ രാവിലെ രാജ് ബാഗ് പോലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന് പിതാവായ നസീർ അഹ്മദ് ഖാന് നിർദ്ദേശം നൽകി അവർ മകനെയും കൊണ്ടു പോയി.

പിറ്റേന്ന് രാജ് ബാഗ് പോലീസ് സ്റ്റേഷനിലെത്തിയ നസീർ അഹ്മദ് ഖാൻ തന്റെ മകനടക്കം ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിന് മുമ്പും ശേഷവും അറസ്റ്റു ചെയ്യപ്പെട്ട നിരവധി ചെറുപ്പക്കാരെ കണ്ടു. “പോലീസിന് നേരെ കല്ലെറിഞ്ഞതിനാണ് പിടികൂടിയതെന്നും ഇവൻ സമാധാനാന്തരീക്ഷത്തിന് ഭീഷണിയാണെന്നും എന്റെ മകനെ കുറിച്ച് അവർ എന്നോട് പറഞ്ഞു”, നസീർ അഹ്മദ് ഖാൻ പറയുന്നു. കുടുംബത്തിന്റെ ഏക ആശ്രയമായ മകൻ പോലീസ് കസ്റ്റഡിയിലായപ്പോൾ ആകാശം തലക്ക് മേൽ ഇടിഞ്ഞുവീഴുകയാണെന്ന് തോന്നിപ്പോയതായി ആ പിതാവ് പറയുന്നു.

Also read: കാരുണ്യവാന്റെ മതത്തെ സാധ്യമാക്കിയ സുലൈമാന്‍(അ) രീതിശാസ്ത്രം

നാലു വർഷം മുമ്പാണ് വിവാഹിതയായ തന്റെ മകളുടെ അഭ്യർത്ഥന മാനിച്ച് വടക്കൻ കശ്മീരിലെ സോപ്പോറിൽ ഒരു മേസ്ത്രിയായിരുന്ന നസീർ അഹ്മദ് ഖാൻ ഗ്രീനഗറിലേക്ക് മാറിത്താമസിക്കുന്നത്. ബ്രെയിൻ ട്യൂമർ ആണെന്ന് സ്ഥിരീകരിക്കപ്പെട്ട മകൾക്ക് കുടുംബാംഗങ്ങളുടെ സാമീപ്യം ലഭിക്കണമെന്ന ഡോക്ടറുടെ നിർദ്ദേശപ്രകാരമാണ് നസീർ അഹ്മദ് ഉള്ളതെല്ലാം വിറ്റുപെറുക്കി ശ്രീനഗറിലെ മഹ്ജൂർ നഗറിൽ ഒരു വീടുപണിത് താമസമാക്കിയത്. ശ്രീനഗറിലെത്തി ഒരു വർഷത്തിന് ശേഷം മുഅ്മിനിന്റെ ഭാര്യയ്ക്ക് കിഡ്നി രോഗം പിടിപെട്ടു. ആരോഗ്യപ്രശ്നങ്ങൾ അലട്ടിയ നസീർ അഹ്മദിനും പതിയെ ജോലിക്ക് പോവാൻ പറ്റാത്ത സ്ഥിതിയായി. അതിനെ തുടർന്ന് കുടുംബത്തിന്റെ പൂർണ ഉത്തരവാദിത്വം മുഅ്മിനിന്റെ ചുമലിലായി. പിതാവിന്റെ പാത പിന്തുടർന്ന് മുഅ്മിനും മേസ്ത്രിയായി ജോലി ചെയ്ത് വരികയായിരുന്നു.

“അവന്റെ ഭാര്യയുടെ മെഡിക്കൽ റിപ്പോർട്ടുകളെല്ലാം പോലീസ് മേധാവിക്ക് മുമ്പിൽ ഹാജരാക്കി മുഅ്മിനിന്റെ നിരപരാധിത്വം തെളിയിക്കാൻ ഞാൻ ആവത് ശ്രമിച്ചു. തുടരെ തുടരെ കുടുംബത്തിന് നേരിടേണ്ടി വന്ന ദുരന്തങ്ങൾ ഞങ്ങളെ എത്രത്തോളം തളർത്തിയിട്ടുണ്ടെന്ന് ഞാൻ വിശദീകരിച്ചു പറഞ്ഞു. പക്ഷേ, അത് കൊണ്ടൊന്നും ഫലമുണ്ടായില്ല. അവർ എന്റെ ഒരഭ്യർത്ഥതയും ചെവിക്കൊണ്ടില്ല”, ആ പിതാവ് പറയുന്നു.

പെരുന്നാളിന് മുമ്പ് മുഅ്മിനിനെ ഉത്തർപ്രദേശിലുള്ള അംബേദ്കർ നഗർ ജയിലിലേക്ക് മാറ്റിയിരുന്നു. മറ്റ് കശ്മീരി യുവാക്കളുടെ കുടുംബാംഗങ്ങൾ ആശങ്കപ്പെടുന്നത് പോലെ സാമ്പത്തിക പ്രയാസം കാരണത്താൽ അത്രയും ദൂരം സഞ്ചരിച്ച് തന്റെ മകനെ കാണാൻ തനിക്ക് കഴിഞ്ഞേക്കില്ലെന്ന് നസീർ അഹ്മദ് പ്രയാസത്തോടെ പറയുന്നു. “ഓരോ ദിവസവും തള്ളിനീക്കാൻ കുടുംബം വല്ലാതെ കഷ്ട്ടപ്പെടുന്നു. സ്വർണ്ണാഭരണങ്ങളും ചെമ്പു കൊണ്ടുള്ള കുറച്ച് സാധനങ്ങളും അങ്ങാടിയിൽ കൊണ്ടു പോയി വിറ്റാണ് വീട്ടിലുള്ളവരുടെ ചികിത്സക്കാവശ്യമായ പണം ഞാൻ സ്വരൂപിച്ചത്. ഇനി എന്ത് ചെയ്യുമെന്നത് ചോദ്യചിഹ്നമാണ്”, നസീർ അഹ്മദ് തന്റെ നിസ്സഹായവസ്ഥ പ്രകടമാക്കി.

Also read: ഇനി വേണ്ടത് ശാസ്ത്രജ്ഞന്മാരെ വാർത്തെടുക്കേണ്ട ഇസ്ലാമിക കലാലയങ്ങൾ

അതീഖാ ബാനുവിനെ പോലെ തന്നെ തന്റെ മകനെ ഒരു നോക്ക് കാണാൻ കഴിഞ്ഞെങ്കിൽ എന്ന് മുഅ്മിനിന്റെ പിതാവും ആഗ്രഹിച്ചു പോവുകയാണ്. “അവൻ മരിച്ചോ അല്ലെങ്കിൽ ജീവിച്ചിരിപ്പുണ്ടോ എന്നതിനെ കുറിച്ച് യാതൊരു സൂചനയുമില്ല. അവനെ പോലീസ് പിടികൂടി എന്നറിഞ്ഞത് മുതൽ അവന്റെ രോഗിയായ ഉമ്മ വളരെ പ്രയാസത്തിലാണ്. അവൻ എവിടെയാണ്, അവൻ എപ്പോ വരും എന്നിങ്ങനെയുള്ള ചോദ്യങ്ങൾ നിരന്തരമായി അവൾ ചോദിക്കുന്നു. ഇതിനൊക്കെ മറുപടി നൽകാനുള്ള ത്രാണി എനിക്കില്ല”, ആ പിതാവ് പറഞ്ഞു.

പതിമൂന്നോളം വകുപ്പുകൾ ചാർത്തിയാണ് നിരപരാധിയായ ആ ചെറുപ്പക്കാരനെ അന്യായമായി തടവിൽ പാർപ്പിച്ചിരിക്കുന്നത്. പോലീസ് ഇതു പോലുള്ള കേസുകളിൽ വിശദീകരണങ്ങൾ നൽകാൻ തയ്യാറാകാത്തതും അനിശ്ചിതത്വം വർധിപ്പിക്കുന്നു. മുഅ്മിനിനെ പോലെ നൂറുകണക്കിന് നിരപരാധികൾ കുടുംബങ്ങളുടെ നൊമ്പരമായി സഹായഹസ്തങ്ങൾ ലഭിക്കാതെ ജയിലിന്റെ ഇരുളറകളിൽ കഴിയുന്നുണ്ട്. തീരാവേദനകൾ അനുഭവിക്കുന്ന തന്റെ കുടുംബത്തിന് കുറച്ചെങ്കിലും ആശ്വാസം നൽകുമാറ് തന്റെ മകനെ വിട്ടയക്കണമെന്നാണ് അധികാരികളോട് മുഅ്മിനിന്റെ പിതാവ് നസീർ അഹ്മദ് ഖാൻ കേണപേക്ഷിക്കുന്നത്.

മൊഴിമാറ്റം: അനസ് പടന്ന
കടപ്പാട്: twocircles.net

Related Articles