Current Date

Search
Close this search box.
Search
Close this search box.

മനുഷ്യാവകാശത്തിൻറെ അന്തർദേശീയ മാനിഫെസ്റ്റോയും ഇസ് ലാമികാധ്യാപനങ്ങളും

ഡിസംബർ 10, ലോകമൊന്നടങ്കം മനുഷ്യാവകാശദിനമായി എല്ലാ വർഷവും കൊണ്ടാടുന്നു. ഏകദേശം ഇന്നേക്ക് 71 വർഷം മുമ്പ്, ഇതേ ദിവസം ഐക്യരാഷ്ട്രസഭയിൽ അംഗത്വമെടുത്ത രാജ്യങ്ങൾ ഇങ്ങനെയൊരു ഗൗരവ പ്രാധാന്യമേറിയ പ്രമാണത്തെ മനുഷ്യാവകാശങ്ങളുടെ മാനിഫെസ്റ്റോ എന്ന് പേരിട്ടുവിളിച്ചു. ഈ മാനിഫെസ്റ്റോ സെക്ഷനുകൾ തിരിച്ച് മാനുഷികമായ മൗലികാവകാശങ്ങളെ സ്പഷ്ടപ്പെടുത്തുകയും, അംഗങ്ങളായ രാജ്യങ്ങളോട് ഈ അവകാശങ്ങൾ കൃത്യമായി നടപ്പിലാക്കാൻ യത്നിക്കാനും അതിനനുസൃതമായ നിയമങ്ങൾ രൂപീകരിക്കാനും അതിൽ വീഴ്ച വരുത്തുന്നവരോട് കൂടിയാലോചന നടത്തേണ്ടതുണ്ടെന്നും  പറയുന്നു.

കഴിഞ്ഞ മൂന്നു നൂറ്റാണ്ടുകളായി ഭരണകർത്താക്കൾക്കും ഭരണീയർക്കുമിടയിലും മനുഷ്യാവകാശങ്ങൾ സാധ്യമാക്കിയെടുക്കാൻ, ഈ മനുഷ്യാവകാശ പ്രമേയം ഒരു വഴിത്തിരിവായി വർത്തിച്ചു. ആദ്യകാലത്ത് ഭരണകർത്താക്കളുടെ തന്നിഷ്ടങ്ങളായിരുന്നു അവിടെ; പൊതുജനം അവരുടെ ഔദാര്യത്തിൽ കഴിഞ്ഞുകൂടലുമായിരുന്നു. അങ്ങനെയൊടുക്കം, പൊതുജനത്തിന് രാഷ്ട്രീയബോധം ഉണ്ടായിത്തീരുകയും മൗലികിവകാശങ്ങളെക്കുറിച്ച് ഉണർവുണ്ടാവുകയും, തദനുസൃതമായി അവർ ചലനാത്മക പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തു. ഇതിന്റെ ഫലമെന്നോണം, പൊതു ജനം ശക്തരാവുകയും അധികാര പങ്കാളിത്തം നേടിയെടുക്കാൻ തക്കവണ്ണം വളർന്നു വരികയും ചെയ്തു. ഒടുക്കം, റിപ്പബ്ലിക്കൻ രാജ്യങ്ങളുടെ ഭരണഘടനകളിൽ വരെ ഈ അവകാശസംരക്ഷണം എഴുതിച്ചേർക്കപ്പെട്ടു. പിന്നീട്, കിഴക്കൻ രാജ്യങ്ങളും ഇതംഗീകരിച്ചുതുടങ്ങി. പക്ഷേ, പശ്ചാത്യർക്ക് മൗലികാവകാശ ബോധം തങ്ങളുടെ ദേശീയതാൽപര്യങ്ങളെ തുടർന്നുണ്ടായതാണ്. സ്വന്തം സമുദായത്തിനായി ആസൂത്രണം ചെയ്ത അവകാശങ്ങൾ, ചിലപ്പോഴെങ്കിലും മറ്റു ചിലർക്ക് അനുഗുണമായിരിക്കാനിടയില്ല. അതുകാരണം, കിഴക്കൻ രാജ്യങ്ങൾക്ക് തങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാനായി ഒരുപാട് പണിപ്പെടേണ്ടി വരികയും പ്രയാസങ്ങളേൽക്കേണ്ടിവരികയും ചെയ്തു. മിക്ക സ്ഥലങ്ങളിലും അത് നിഷേധിക്കപ്പെടുന്ന അവസ്ഥ വരെ സംജാതമായിത്തീർന്നു.

മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ട് വിശേഷ പ്രദേശങ്ങളിൽ ഇസ്ലാമിന് പ്രത്യേകമായ മാനമുണ്ട്. ഇന്നീ ലോകം നീണ്ട യത്നത്തിനുശേഷം നേടിയെടുത്ത ഈ അവകാശങ്ങൾ, പതിനാല് നൂറ്റാണ്ടുകൾക്കപ്പുറം ഇസ്‌ലാം ക്ലേശമേതുമില്ലാതെ വിഭാവന ചെയ്തെടുക്കുകയും അതിൻറെ നിർവഹണ വുമായിബന്ധപ്പെട്ട് നേതാക്കൾക്ക് നിർദ്ദേശം നൽകുകയും ചെയ്തു. പ്രവാചകർ അരുൾ ചെയ്തു: ഇമാം ജനങ്ങൾക്ക് ഭരണാധികാരിയും ഭരണീയരെച്ചൊല്ലി ചോദിക്കപ്പെടുന്നവനുമാണ്.

സമുദായ നേതൃത്വമേറ്റെടുത്തവർ സ്വതന്ത്രരാണെന്നും ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒളിച്ചോടാനാകുമെന്നും ചോദ്യം ചെയ്യപ്പെടില്ല എന്നും ഒരിക്കലും ധരിച്ചുവശാകരുത്. പ്രജകളോട് അവരെങ്ങനെ ഇടപെട്ടുവെന്ന് ദൈവത്തിനു മുന്നിൽ അവർ ഉത്തരം പറയേണ്ടതുണ്ട്. ജനാധിപത്യരാജ്യത്ത് പൊതുജനത്തിനുമുണ്ട് ഉത്തരവാദിത്വം; പക്ഷേ, നമ്മളിവിടെ ചുമതലകളിൽ നിന്ന് ഒളിച്ചുകളിക്കുകയാണ്. അന്ത്യദിനത്തിൻറെ വിചാരണയിൽ നിന്ന് ഓടിമറയാൻ സാധ്യമല്ലെന്ന് ഇസ്ലാം നമ്മെ ബോധ്യപ്പെടുത്തുന്നു.

ഇസ്ലാം നിഷ്കർഷിക്കുന്ന അവകാശങ്ങൾ ഈ ഭൂഗോളത്തിൽ ഏതൊരുത്തനും അനുഭവവേദ്യമാകുന്നു. ആർക്കുമത് നിഷേധിക്കപ്പെടുകയോ തടയപ്പെടുകയോ ചെയ്യുന്നില്ല. മറിച്ച്, ശത്രുവിനുപോലും അത് ആസ്വദിക്കാനാകുന്നു. കുടുംബമോ, ഭാഷയോ, നാടോ, അതെന്തുതന്നെ ആയാലും, അവകാശങ്ങളുടെ കാര്യത്തിൽ ഇസ്ലാമിൽ ഏതൊരുവനും തുല്യരാണ്. കാരണമവർ, ഏകദൈവ വിശ്വാസികളും ഒരേയൊരു പിതാവിന്റെ മക്കളായി പിറന്നവരുമെത്രെ. അറബിക്ക് അനറബിയെക്കാളോ, അനറബിക്ക് അറബിയെക്കാളോ, കറുത്തവന് ചുവന്ന് തുടുത്തവനെക്കാളോ, ചുവന്നിരിക്കുന്നവന് കറുത്തവനെക്കാളോ ദൈവഭക്തിയൊന്നു കൊണ്ടല്ലാതെ, ശ്രേഷ്ഠതയില്ല.

അശരണരുടെ അവകാശങ്ങൾ :
അശരണർ -അവർ ഭരണത്തിൽ നിന്നും സുരക്ഷ ലഭിക്കാത്തവരോ ദേശീയമായി തഴയപ്പെട്ടവരോ, അതോ ഒരു കൂട്ടമോ ഏകനോ ആകട്ടെ, എന്തുതന്നെയായാലും- അവകാശങ്ങൾ അവർക്ക് പലപ്പോഴും നിഷേധിക്കപ്പെടാറാണുള്ളത്. അധികാരത്തിന്റെ മത്തിൽ തങ്ങളുടെ ശക്തി ഉപയോഗിച്ച്, അധികാരികൾ അവരെ ചവിട്ടി മെതിക്കുകയും കാൽ കീഴിലാക്കുകയും ചെയ്യുന്നു. ഇഖ്ബാൽ കുറിച്ചിടുന്നു:

അവനുള്ള ( അബലൻ)
ശിക്ഷ
ത്സടുതിയിലുള്ള മരണമെത്രെ.

അശരണരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നവനായാണ് ഇസ്‌ലാം മുന്നോട്ടുവന്നത്. വളരെ കൃത്യമായി ഇസ്ലാം അവ വ്യാഖ്യാനിക്കുകയും അവകളെ കൊടുത്തുവീട്ടാൻ മുസൽമാനോട് നിർബന്ധം പിടിക്കുകയും ചെയ്യുന്നു. “ഈ അവകാശങ്ങൾ ദൈവം നിഷ്കർഷിച്ചിട്ടുള്ളതാണ്. അത് വീട്ടിക്കൊടുക്കാൻ ആരെങ്കിലും അലംഭാവം കാണിച്ചാലോ, മടി കാണിച്ചാലോ ദൈവകോപം അവനെ വിഴുങ്ങിക്കളയുമെന്നെത്രെ” ഇസ്ലാം പറഞ്ഞു വെക്കുന്നത്.

സ്ത്രീയോടുള്ള കടപ്പാടുകൾ:
സമൂഹത്തിൽ ഏറ്റവും താഴെത്തട്ടിലുള്ള അബലവർഗ്ഗം സ്ത്രീ സമൂഹമാണ്. മാനുഷികമായ അവകാശങ്ങളിൽ നിന്നുപോലും അവർ തടയപ്പെടുന്നു. പൂർണോന്നതിയുടെയും പുരോഗമനോന്മുഖതയുടെയും ഇന്നിൻറെ നാളുകളിലും, അവർ ചൂഷണത്തിന്റെ ഇരകളാണ്. ആദ്യമൊക്കെ, പെണ്ണ് ആണിൻറെ അനുബന്ധമാണെന്നായിരുന്നു വെപ്പ്. പിന്നീട് നല്ല പാതിയെന്ന് വിളിച്ച് അവരെ സമാശ്വസിപ്പിച്ചു. പെണ്ണ് പിറക്കുന്നത് ശകുനമായിട്ടായിരുന്നു അവർ ധരിച്ചു വച്ചിരുന്നത്. അത് കുടുംബത്തിനാകമാനം നാണക്കേട് ഉണ്ടാക്കിയിരുന്നു. പുതിയ സാങ്കേതികകളുടെ ഇക്കാലത്ത്, പിറക്കുന്നതിനു മുൻപേ അവരെ ഇല്ലാതാക്കാനുള്ള വഴികൾ ആരായുന്നുമുണ്ട് ചിലർ. പെണ്ണിന് ഒറ്റയ്ക്കൊരു വ്യക്തിത്വമുണ്ടെന്നാണ് ഇസ്ലാം തീർച്ചപ്പെടുത്തുന്നത്. ആണിന് സമാനമായ ഇടം ഇസ്ലാം സ്ത്രീക്കും വകവെച്ചുകൊടുത്തു. അവൾക്ക് അനന്തരാവകാശത്തിൽ നിന്ന് ഒരു ഭാഗം അനുവദിച്ചുനൽകുകയും, സാമ്പത്തിക സ്വാതന്ത്ര്യം ഒരുക്കിക്കൊടുക്കുകയും ചെയ്തു.

മാതാപിതാക്കളും ബന്ധുക്കളും ഇട്ടേച്ചുപോയതിൽ നിന്ന് ആണിന് ഒരു വിഹിതമുണ്ട്. പെണ്ണിനുമുണ്ട് അതിൽ നിന്ന് ഒരു വിഹിതം. ഇത് അനല്പമോ അല്പമോ ആകട്ടെ. അത് നിർണ്ണിതമായ ഒരു വിഹിതമാണ്. വിവാഹബന്ധം എന്നുള്ളത് വളരെ പ്രാധാന്യമേറിയ ഒന്നാണ്. അത് നികാഹിലൂടെയാണ് സാധ്യമാകുന്നത്. അതിന് സ്ത്രീയുടെ സമ്മതവും അംഗീകാരവും ഇസ്ലാം തീർച്ചപ്പെടുത്തി. വിധവയോട് അഭിപ്രായം തേടാതെയും കന്യകയോട് സമ്മതം ആരായാതെയും നിങ്ങൾ അവരുടെ വിവാഹം ചെയ്യരുത്.

സ്ത്രീക്ക് മഹറിന്നൊരവകാശവും ഇസ്ലാം ഉറപ്പുവരുത്തി. അത് വീട്ടിക്കൊടുക്കൽ ആണിന് നിർബന്ധമെത്രേ. സ്ത്രീക്ക് സമ്മാനമായി മഹർ നിങ്ങൾ നൽകുവീൻ. പെണ്ണിനോട് നേരായ രീതിയിൽ ഇടപെടാനും ഇസ്ലാം കൽപ്പിച്ചു. സ്ത്രീയോട് നിങ്ങൾ നല്ല രീതിയിൽ ഇടപെടാവൂ. സ്ത്രീയോട് സൽസ്വഭാവത്തോടെ ഇടപഴകുന്നത്, മഹത്വത്തിന്റെയും സ്വഭാവശുദ്ധിയുടെയും തെളിവായി ഇസ്ലാം അവതരിപ്പിച്ചു. വിശ്വാസികളിൽ ഉത്തമർ സ്വഭാവം നന്നാക്കിയവരും അവരിൽ ഉന്നതർ സ്ത്രീകളോട് നല്ലരീതിയിൽ വർത്തിക്കുന്നവരുമത്രേ.

പെൺകുട്ടികളെ അവർ ഒരു ഭാരമായിട്ടായിരുന്നു കണ്ടിരുന്നത്, ഇന്നും തഥൈവ. അവളുടെ ജനനത്തെ ശകുനമായും. ഇസ്ലാം അവളുടെ ജനനം ഒരാശിസ്സായും സ്വർഗപ്രവേശനത്തിൻറെ നിദാനമായും അടയാളപ്പെടുത്തി. പ്രായം തികയുന്നതുവരെ രണ്ടു പെൺകുട്ടികളെ ഒരുവൻ വളർത്തിയാൽ, അന്ത്യദിനത്തിൽ അവനും ഞാനും ഞാനും ഇപ്രകാരമായിരിക്കും. ഇതു പറഞ്ഞ് പ്രവാചകർ തൻറെ രണ്ട് വിരലുകൾ ചേർത്തുപിടിച്ചു കാണിച്ചു.

അനാഥരുടെയും വിധവകളുടെയും അവകാശങ്ങൾ:

പിതാവിൻറെ തണൽ എടുത്തു മാറ്റപ്പെട്ട കുട്ടിയോടും, വിധവയായിത്തീർന്ന സ്ത്രീയോടും ജനങ്ങൾ നിന്ദ്യമായാണ് ഇടപഴകാറ്. ആരും അവരെ സഹായിക്കാൻ തയ്യാറായിരുന്നില്ല. രണ്ടുപേരും കഷ്ടപ്പാടോടയാണ് ജീവിതം എണ്ണിത്തീർത്തിരുന്നത്. വിധവയെ ശകുനമായിട്ടുവരെ കണ്ടവരുണ്ടായിരുന്നു അന്ന്. മരണത്തേക്കാൾ നീചമായിരുന്നു അവരുടെ ജീവിതവും. ഇസ്ലാം അവരോട് സൽസ്വഭാവത്തോടെ ഇടപഴകാനും അവരുടെ കാര്യങ്ങൾ തിരക്കാനും അവരുടെ അവകാശങ്ങൾ കൊടുത്തുവീട്ടാനും താക്കീതു നൽകി. അതിൽ അതിൽ അലംഭാവം കാണിക്കുന്നവരെ അവരെ കുറ്റവാളിയായി മുദ്രകുത്തി. അനാഥൻറെ സ്വത്ത് മോഷ്ടിക്കുന്നത് ഇസ്ലാം വിലക്കി. …. അതുമായി നടക്കുന്നവർക്ക് നരകമാണ് ശിക്ഷയെന്ന് ഭീഷണിപ്പെടുത്തി. അവരെ നിസ്സാരമായിക്കാണുന്നതിൽ നിന്നും അധിക്ഷേപിക്കുന്നതിൽനിന്നും ചീത്തവിളിക്കുന്നതിൽ നിന്നും ഇസ്ലാം വിലക്കി. അനാഥരോട് നേരായി വർത്തിക്കാനും നല്ലപോലെ പരിപാലിക്കാനും സ്വന്തം മുതൽ അവർക്കായി ചെലവഴിക്കാനും ഇസ്ലാം കൽപ്പിച്ചു. പ്രവാചകർ പറഞ്ഞു:

വിധവയെയും പാവപ്പെട്ടവനെയും സംരക്ഷിക്കുന്നവൻ, ദൈവമാർഗത്തിൽ സമരം ചെയ്യുന്നവനും നിരന്തരം വ്രതമെടുക്കുന്നവനും
മുഴുനീളെ നമസ്കരിക്കുന്നവനും തുല്യരെത്രെ.

മറ്റൊരു ഹദീസിൽ ഇങ്ങനെയുണ്ട്:  ഞാനും അനാഥരുടെ സംരക്ഷകരും സ്വർഗ്ഗത്തിൽ ഇതുപോലെയെത്രെ. പ്രവാചകർ തൻറെ ചൂണ്ടുവിരലും നടുവിരലും എന്നിട്ടു കൂട്ടിപ്പിടിച്ചു.

മറ്റൊരുവേള പ്രവാചക ഇങ്ങനെ പറഞ്ഞു: അനാഥരുടെയും വിധവയുടെയും അവകാശങ്ങളെ കളഞ്ഞുകുളിക്കുന്നവരോട് ഞാൻ പോരാടുകതന്നെ ചെയ്യും, തീർച്ച.

അടിമകളുടെയും കുറ്റവാളികളുടെയും അവകാശങ്ങൾ:
അറബ്സമൂഹങ്ങളിൽ അടിമകൾ മാനുഷികാവകാശങ്ങളിൽ നിന്ന് പൂർണ്ണമായും വിലക്കപ്പെട്ടവരായിരുന്നു. മൃഗങ്ങളോടുള്ള സമീപനമായിരുന്നു അവരോട് വെച്ചുപുലർത്തിയിരുന്നത്. ശബ്ദിക്കാനറിയാത്ത സൃഷ്ടിയായാണ് അവർ ജീവിതം കഴിച്ചുകൂട്ടിയത്. സമൂഹത്തിനിടയിൽ അവർക്കൊരിടം പരിഗണിക്കപ്പെട്ടിരുന്നില്ല. ഇന്ന് നമ്മുടെ സമൂഹത്തിൽ ബന്ധിയാക്കപ്പെട്ട് കിടക്കുന്നവരുടെ അവസ്ഥയും ഇതുതന്നെ. ഇസ്ലാം മാനുഷിക പരിഗണന എന്ന നിലയിൽ അടിമകളെ സഹോദരരായി കാണാൻ കല്പിച്ചു. അവരെ ഗൗനിക്കാനും അവർക്ക് കഴിയാവുന്ന ജോലികളെ ഏൽപ്പിക്കാവൂ എന്നും അവരുടെഅവരുടെ യജമാനന്മാരോട് ഇസ്ലാം ആജ്ഞാപിച്ചു. പ്രവാചകർ പറയുന്നു:

നിങ്ങളുടെ അടിമകൾ നിങ്ങളുടെ സഹോദരന്മാരാണ്. അല്ലാഹു അവരെ നിങ്ങൾക്ക് അധീനപ്പെടുത്തിത്തന്നിരിക്കുന്നു. നിങ്ങളുടെ കീഴിലുള്ള സഹോദരരെ, നിങ്ങൾ കഴിക്കുന്ന ഭക്ഷണം ഭക്ഷിപ്പിക്കുകയും വസ്ത്രം അണിയിക്കുകയും ചെയ്യുക. അവർക്ക് അസാധ്യമായ ജോലി കൊണ്ട് പ്രയാസപ്പെടുത്തരുത്. അങ്ങനെ വന്നാൽ അവരെ സഹായിക്കുകയും ചെയ്യുക.

ദരിദ്രരുടെ അവകാശങ്ങൾ:
ഇല്ലായ്മയിലും ദാരിദ്ര്യത്തിലും ജീവിതം തള്ളിനീക്കുന്ന ഒരുപാട് പട്ടിണിപ്പാവങ്ങൾ സമൂഹത്തിനിടയിലുണ്ട്. രണ്ടു നേരത്തെ അന്നത്തിനും തൻറെ ഭാര്യ മക്കളെ സംരക്ഷിക്കാനും ഇത്തരക്കാർക്ക് ഒരുപാട് പണിപ്പെടേണ്ടിവരുന്നു. ഒരു ദിവസത്തെ കൂലി കിട്ടിയിട്ടില്ലെങ്കിൽ, അന്നേദിവസം അത്തരക്കാരുടെ വീട്ടിൽ പട്ടിണിയായിരിക്കും. പൊതുവിലും സമ്പന്നർക്കും ഉന്നത ശ്രേണിയിലുള്ളവർക്കും അവരുടെ വേദന ഉൾക്കൊള്ളാനാവുകയില്ല. നിന്ദ്യരായവരായാണ് അവരിവരെ കാണുന്നത്. വേതനം പൂർണമായി നൽകാതെ, അത് കൊടുത്തുവീട്ടുന്നതിൽ അവർ ഒഴിവുകഴിവ് പറയുകയും ചെയ്യുന്നു. പ്രവാചകർ ഇതേക്കുറിച്ച് കണിശമായി ഓർപ്പെടുത്തിയിട്ടുണ്ട്.

മൂന്നാളുകൾ, അന്ത്യദിനത്തിൽ അവരുടെ വാദി ഞാനായിരിക്കും…. ജോലിക്കെടുക്കുകയും, പണിപൂർത്തീകരിച്ചിട്ടും വേതനം നൽകപ്പെടാത്തവനാണ് അതിലൊരുവൻ. മറ്റൊരുവേള പ്രവാചകർ പറഞ്ഞു:  കൂലിക്കാരന് വിയർപ്പ് വറ്റുന്നതിന് മുമ്പ് അവൻറെ വേതനം നൽകുവീൻ.

ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ:
സമൂഹത്തിലെ അബല വിഭാഗത്തിൽ ന്യൂനപക്ഷങ്ങളും എണ്ണപ്പെടാറുണ്ട്. ന്യൂനപക്ഷം പൊതുവിലും ഭൂരിപക്ഷക്കാരുടെ കരുണയിലാണ് ജീവിക്കാറ്. ഭരണഘടനാപരമായി അവകാശങ്ങളുടെ കാര്യത്തിൽ മറ്റുള്ളവരുമായി അവർ സമന്മാർ ആണെങ്കിലും കൂടി, ഭൂരിപക്ഷത്തിന്റെ ആക്രമണത്തിൻറെയും അതിക്രമത്തിൻറെയും ഇരകളാണ് എന്നും ന്യൂനപക്ഷം. വരുംകാലങ്ങളിൽ, അവരുടെ സമ്പത്തിനുമേലും, ജീവനുമേലും, അഭിമാനത്തിനുമേലും, പ്രതാപത്തിനുമേലും ആക്രമണം സംഭവിക്കും; പക്ഷേ അവർക്കതിനെ പ്രതിരോധിക്കാൻ ആവുകയില്ല. ഭൂരിപക്ഷത്തിന് ഭരണകൂടത്തിന്റെ പിന്തുണ കൂടിയുണ്ടെങ്കിൽ, ന്യൂനപക്ഷങ്ങളോടുള്ള വിദ്വേഷം ഇതിലും ഭയാനകമായിരിക്കും. കോടതികളിൽ നിന്ന് നീതി ലഭിക്കൽ എളുപ്പമായിരിക്കില്ല. ഇസ്ലാം, തങ്ങൾ ഭരിക്കുന്നയിടത്തെ ന്യൂനപക്ഷത്തിൻറെയും അവകാശങ്ങൾക്ക് സംരക്ഷകനായാണ് എഴുന്നേറ്റുനിന്നത്. മറ്റു മതങ്ങളെ പുൽകിയവരോട് കലാപത്തിനൊന്നും പോകരുതെന്നും അവരോടുള്ള അതിക്രമങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും ഇസ്ലാം കൽപ്പിച്ചു. അവരുടെ അഭിമാനത്തിന് ക്ഷതമേൽപ്പിക്കരുതെന്നും അവരുടെ സമ്പത്ത് കൊള്ളയടിക്കരുതെന്നും അവരോട് നീതിയോടെ വർത്തിക്കണമെന്നും ഇസ്ലാം ആജ്ഞാപിച്ചു. അല്ലെങ്കിൽ, അന്ത്യനാളിൽ അവർ ദൈവശിക്ഷക്ക് പാത്രീഭൂതരാകും. പ്രവാചകർ പറഞ്ഞു: അറിയുക, കരാർപ്രകാരം ഇസ്ലാമിക ഭരണകൂടത്തിനുകീഴെ ജീവിക്കുന്നവനെ ഒരാൾ ആക്രമിക്കുകയോ, നിന്ദിക്കുകയോ, കഷ്ടപ്പെടുത്തി ജോലിചെയ്യിക്കുകയോ, പ്രീതിയില്ലാതെ അവൻറെ വല്ലതും എടുക്കുകയോ ചെയ്താൽ, അന്ത്യദിനത്തിൽ ഞാനായിരിക്കും അവൻറെ വാദി.

ചുറ്റുപാട് അക്രമരഹിതമാകണം:
ഇസ്ലാം താൽപര്യപ്പെടുന്നത്, ഒരാൾ മറ്റൊരുത്തന്റെ മേൽ കയ്യോങ്ങിയാൽ, സമൂഹമൊന്നടങ്കം എഴുന്നേറ്റുവന്ന് ആ അക്രമിയുടെ കൈ പിടിച്ച് ആ അക്രമത്തിൽ നിന്ന് ഇന്ന് പിന്തിരിപ്പിക്കുന്ന ഒരു സാഹചര്യം സൃഷ്ടിച്ചെടുക്കാനാണ്. ഒരു ഹദീസിൽ അള്ളാഹു പറയുന്നു: എൻറെ അടിമകളെ, എൻറെ മേൽ ഞാൻ അക്രമം നിഷിദ്ധമാക്കിയിരിക്കുന്നു. നിങ്ങൾക്കിടയിലും ഞാനത് വിലക്കിയിരിക്കുന്നു. ആയതുകൊണ്ട് നിങ്ങൾ പരസ്പരം കയ്യേറ്റം ചെയ്യരുത്. ഒരുവേള ഇത്തരം കാര്യങ്ങളിൽ ആശ്രദ്ധരാകരുതെന്ന് ഉണർത്താനായി പ്രവാചകർ തന്റെ അനുചരരോട് ഇങ്ങനെ പറഞ്ഞു: ജനങ്ങൾ ഒരക്രമിയെ കാണുകയും അവനെ തടയാതിരിക്കുകയും ചെയ്താൽ, ദൈവകോപം അവരിൽ ഇറങ്ങുമെന്ന് ഞാൻ ഭയപ്പെടുന്നു.

ഒരുവേള അനുചരരോട് പ്രവാചകൻ പറഞ്ഞു: നിങ്ങൾ നിങ്ങളുടെ സഹോദരനെ-അവൻ അക്രമിയോ ആക്രമിക്കപ്പെട്ടവനോ ആകട്ടെ- സഹായിക്കുവീൻ. പ്രവാചകനിങ്ങനെ പറഞ്ഞത് കേട്ട് തന്റെ അനുചരർ പരിഭ്രാന്തിപ്പെട്ടു. അവർ അഭിപ്രായപ്പെട്ടു: പ്രവാചകരെ, ആക്രമിക്കപ്പെട്ടവനെ സഹായിക്കലെങ്ങനെയെന്ന് മനസ്സിലായി. പക്ഷേ, അക്രമിയെ സഹായിക്കൂ എന്ന് പറഞ്ഞതിൻറെ ഉദ്ദേശ്യമെന്താണ്? പ്രവാചകർ മറുപടി പറഞ്ഞു: അയാളെ തടയലാണ് അദ്ദേഹത്തെ സഹായിക്കൽ. അക്രമിയെ വിലക്കിയും അക്രമിക്കപ്പെട്ടവന് പ്രതിരോധമായി നിന്നും മനുഷ്യാവകാശങ്ങളെക്കുറിച്ച് ഇത്രതന്നെ ഉണർവ്വോടെ സംസാരിക്കുന്ന ഒരു സമുദായം, തീർത്തും മഹത്തരവും ഉന്നത സ്ഥാനീയങ്ങളിൽ നിൽക്കുന്നതുമായ ഒരു സമൂഹമായിരിക്കുമെന്നത് സത്യമാണ്. അബല വിഭാഗത്തിന്റേതായി പറയപ്പെട്ട അവകാശങ്ങളൊന്നും പ്രതീക്ഷാനിർഭരമായ ചിന്തകളായും തത്വങ്ങളായും മാത്രം ചുരുങ്ങിയില്ല. മറിച്ച്, നൂറ്റാണ്ടുകളായി ഇസ്ലാമികലോകത്ത് പ്രയോഗവൽക്കരിക്കപ്പെട്ടതും, ഈ അവകാശികളെല്ലാം അതിൻറെ ഗുണഭോക്താക്കളും ആണ്. വല്ലപ്പോഴും ഈ അവകാശ സംരക്ഷണത്തിൽ വീഴ്ച സംഭവിച്ചാൽ, ഇതേക്കുറിച്ച് ബോധ്യപ്പെടുത്താനും ജനങ്ങൾക്ക് ആവേശം പകരാനും ഇസ്ലാം നന്നായി യത്നിക്കുന്നു.

സമകാലിക ലോകത്ത് ഇസ്ലാമിനെ തീവ്രവാദത്തിൻറെയും ഭീകരവാദത്തിൻറെയും ചോരക്കൊതിയന്മാരുടെയും മതമായി മനസ്സിലാക്കപ്പെടുകയോ, അല്ലെങ്കിൽ അങ്ങനെ ഗണിക്കപ്പെടാൻ ശ്രമങ്ങൾ നടന്നുംവരുന്നു. അതുകാരണം, ഇസ്ലാമിൻറെ നേരായ അധ്യാപനങ്ങൾ പൊതുവാക്കപ്പെടുകയും ഇസ്ലാം മനുഷ്യാവകാശങ്ങളുടെ സംരക്ഷകനും കൊടി പിടിക്കുന്നവനുമാണെന്ന് ലോകത്തോട് വിളിച്ചുപറയണം. അബല വിഭാഗങ്ങളുടെ അവകാശ സംരക്ഷണത്തിൽ മറ്റെല്ലാ നിയമങ്ങളെക്കാളും മുന്നിട്ടുനിൽക്കുന്നു. മനുഷ്യാവകാശ സംരക്ഷണത്തിൽ ഇസ്ലാം വളരെ പ്രാധാന്യമേറിയ ഒരു റോളാണ് നിർവ്വഹിച്ചത്.

വിവ. ജലാൽ ഹുദവി

Related Articles