Current Date

Search
Close this search box.
Search
Close this search box.

‘നമ്മുടെ ഭൂമി ഇതിനകം തന്നെ ഇസ്രായേല്‍ പിടിച്ചെടുത്തു’

ചാവുകടലിന്റെ വടക്ക് ഭാഗത്തിനും വെസ്റ്റ് ബാങ്കിന്റെ പടിഞ്ഞാറ് ഭാഗത്തിനും ഇടയിലാണഅ ജോര്‍ദാന്‍ താഴ്‌വരകള്‍ പരന്നുകിടക്കുന്നത്. ഇവിടെയുള്ള ഒരു കൊച്ചു ഫലസ്തീന്‍ ഗ്രാമമാണ് റാസ് ഐനുല്‍ ഔജ. ജോര്‍ദാനുമായി അതിര്‍ത്തി പങ്കിടുന്ന വരണ്ടുണങ്ങിയ പ്രദേശങ്ങളാണിത്. ചൊവ്വാഴ്ച ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ച തന്റെ പദ്ധതിയുമായി മുന്നോട്ടു പോകുകയാണെങ്കില്‍ ജോര്‍ദാന്‍ വാലിയും അതിന്റെ വടക്കന്‍ ഭാഗവും ചാവുകടലിനോട് ചേര്‍ന്നുള്ള ഭാഗവും ഇസ്രായേല്‍ കൈയേറും. ഈ ഗ്രാമത്തില്‍ 350 വീട്ടുകാരും അവരുടെ കൃഷിഭൂമിയും ഫലഭൂഷ്ടമായ മണ്ണുമുണ്ട്. ഇതെല്ലാം ഇസ്രായേലിന്റെ ഭാഗമായി മാറും.

അടുത്തയാഴ്ച നടക്കുന്ന പൊതുതെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള രാഷ്ട്രീയ ഗിമ്മിക്ക് ആണ് നെതന്യാഹുവിന്റെ ഈ പ്രഖ്യാപനം എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. എന്നാല്‍ നെതന്യാഹുവിന്റെ വാക്കുകള്‍ അദ്ദേഹത്തിന്റെ പദ്ധതി നടപ്പാക്കുമെന്ന ഭീഷണിയാണുയര്‍ത്തുന്നതെന്നാണ് റാസനുല്‍ ഔജയിലെ ഗ്രാമവാസികള്‍ പറയുന്നത്.

ഇതൊരു പുതിയ സംഭവമല്ല, ഞങ്ങളുടെ ഭൂമി ഇതിനകം തന്നെ ഇസ്രായേല്‍ കൈവശപ്പെടുത്തിയിട്ടുണ്ട്. ഇസ്രായേലിന്റെ അധിനിവേശത്തിന് കീഴിലാണ് ഞങ്ങള്‍ ജീവിക്കുന്നത്. 48കാരനായ കര്‍ഷകനായ അഹ്മദ് അതിയാത് പറയുന്നു. ഈ ഭൂമി മുഴുവനും ഈന്തപ്പന മരങ്ങളാണ്. ഇതാണ് ഇസ്രായേല്‍ കൈവശപ്പെടുത്തിയിരിക്കുകയാണ്-ഈന്തപ്പനകളുടെ ചെടികളിലേക്ക് കൈചൂണ്ടി അദ്ദേഹം പറഞ്ഞു.

ഈ ഗ്രാമവും ഇതിന്റെ മറ്റു ഭാഗങ്ങളും കൂടി കൈയേറുക എന്നതാണ് നെതന്യാഹുവിന്റെ പ്ലാന്‍. റാസ് ഐനുലിന്റെ സമീപ പട്ടണമായ ജെറിക്കോ നെതന്യാഹുവിന്റെ പ്ലാനില്‍ ഇല്ലെന്നത് ആശ്വാസകരമാണ്. അവിടെ ആയിരക്കണക്കിന് ഫലസ്തീനികളെ അഭിമുഖീകരിക്കേണ്ടി വരും എന്നത് തന്നെയാകും അതിന് കാരണം. അധിനിവേശ വെസ്റ്റ് ബാങ്കിലെ മറ്റു പട്ടണങ്ങളില്‍ നിന്നും ജെറിക്കോയെ വെട്ടിമാറ്റാനാണ് നെതന്യാഹുവിന്റെ പദ്ധതി.

ഇസ്രായേലിന്റെ കുടിയേറ്റം

റാസൈനുല്‍ ഔജയുടെ ജനസംഖ്യയില്‍ ഭൂരിഭാഗവും കര്‍ഷകരാണ്. തലമുറകളായി ഇവര്‍ ഇവിടെ കൃഷിപ്പണി ചെയ്തു വരികയാണ്. ഇവിടേക്കുള്ള വെള്ളം തടയുകയും നിര്‍മാണപ്രവൃത്തികള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്ത് ഇസ്രായേല്‍ നിരന്തരം തങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ‘ഇവിടെ കുടിവെള്ളം വളരെ കുറച്ചേ ലഭിക്കുന്നുള്ളൂ. വെള്ളത്തിന്റെ മുഴുവന്‍ സ്രോതസ്സുകളും ഇസ്രായേലിന്റെ നിയന്ത്രണത്തിലാണ്. നമ്മുടെ കൃഷിക്കുള്ള വെള്ളവും വളരെ കുറച്ചേ നല്‍കുന്നുള്ളൂ’. 1967 മുതല്‍ ഇവിടെ താമസമാക്കിയ അതിയാത് പറയുന്നു. നമ്മുടെ കിണറുകളും മറ്റു കുളങ്ങളും ഇസ്രായേലിന്റെ നിയന്ത്രണത്തിലാണെന്നും ജോര്‍ദാന്‍ താഴ്‌വരയില്‍ ഇസ്രായേല്‍ ഫലസ്തീനികളെ ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നും ഫലസ്തീനിലെയും ഇസ്രായേലിലെയും എന്‍.ജി.ഒകളും സാക്ഷ്യപ്പെടുത്തുന്നു.

വെസ്റ്റ് ബാങ്കിലെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് ജോര്‍ദാന്‍ വാലിയില്‍ ജനജീവിതം കൂടുതല്‍ തടസ്സപ്പെടുത്തുകയാണ് ഇസ്രായേല്‍. ഇവിടെ വഴി വിട്ടുകൊടുക്കാതെയും കറണ്ട്,വെള്ളം തുടങി ജീവിക്കാനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നും തന്നെ ഇസ്രായേല്‍ നല്‍കുന്നില്ല. ഇവിടെ വലിയ ഒരു പ്രദേശമൊന്നാകെ കൈയേറി സൈനികാവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരിക്കുകയാണ്. അതിനാല്‍ തന്നെ ഫലസ്തീനികള്‍ക്ക് ഇവിടെ ജീവിക്കാനാവുന്നില്ല. ഇതിനെതിരെ പ്രതികരിച്ചാല്‍ ഫലസ്തീനികളെ അവിടെ നിന്നും പുറത്താക്കും. ഇത്തരത്തില്‍ ഇസ്രായേലിന്റെ നിരന്തര പീഡനങ്ങള്‍ മൂലം ഫലസ്തീനികളുടെ ജീവിതസാഹചര്യം വളരെ ദുഷ്‌കരമാവുകയാണ്. അതിനാല്‍ ഇവരില്‍ ഭൂരിഭാഗവും സ്വന്തം കൃഷിഭൂമിയും വീടും വിട്ടൊഴിഞ്ഞു പോകാന്‍ നിര്‍ബന്ധിതരാവുകയാണ്.

അധിനിവേശ വെസ്റ്റ് ബാങ്കിന്റെ 30 ശതമാനത്തോളം പിടിച്ചെടുക്കാനാണ് നെതന്യാഹു ഉദ്ദേശിക്കുന്നത്. ഇവിടങ്ങളിലായി 65000ാളെ ഫലസ്തീനികളും 11000 അനധികൃത ഇസ്രായേലി കുടിയേറ്റക്കാരുമാണ് വസിക്കുന്നത്. അതിനാല്‍ തന്നെ താഴ്‌വരയും കൈയേറുന്നതോടെ ഇവിടുത്തെ അവസ്ഥയും കൂടുതല്‍ ദുഷ്‌കരമാവും. ഇത് ഫലസ്തീനികളെ വീട് വിട്ടിറങാന്‍ പ്രേരിപ്പിക്കുകയും ചെയ്യും. ഈ പ്രദേശം മുഖേന ഇസ്രായേലിന് വലിയ വരുമാനം ഉണ്ടാക്കാം എന്നാണ് കണക്കുകൂട്ടല്‍. അതിനാല്‍ തന്നെ ഇത് വിജയിച്ചാല്‍ ഈ ഭൂമിയും അവിടുത്തെ വിഭവങ്ങളും ഇസ്രായേല്‍ ചൂഷണം ചെയ്യും. 1967ലെ കിഴക്കന്‍ ജറൂസലേം രൂപീകരണ സമയത്തുണ്ടായിരുന്ന സമാന അവസ്ഥയാണ് ഇപ്പോഴും നേരിടുന്നത്. ഇസ്രായേലിന്റെ കടുത്ത പീഡനം മൂലം വീട് വിട്ടിറങ്ങാന്‍ ഇവര്‍ നിര്‍ബന്ധിതരാകും. അധിനിവേശ കിഴക്കന്‍ ജറൂസലേമിലെ ഫലസ്തീനികള്‍ക്ക് പൗരത്വം നല്‍കാന്‍ ഇതുവരെ ഇസ്രായേല്‍ തയാറായിട്ടില്ല. അതിനാല്‍ തന്നെ ഇവരുടെ സാമൂഹിക അവസ്ഥ ഇപ്പോഴും പരിഹരിക്കാതെ കിടക്കുകയാണ്. ഫലസ്തീനികള്‍ക്ക് അത്തരത്തില്‍ മറ്റൊരു വിവാദം സൃഷ്ടിക്കുകയാണിപ്പോള്‍.

അവലംബം: aljazeera.com
വിവ: സഹീര്‍ വാഴക്കാട്

Related Articles