Current Date

Search
Close this search box.
Search
Close this search box.

സൗത്ത് സുഡാനിലെ കുട്ടിപ്പട്ടാളങ്ങള്‍

സൗത്ത് സുഡാനിലെ യാമ്പിയോവിലെ ഒരു വലിയ മാവിന്‍തണലില്‍ മുപ്പതോളം കുട്ടികളടങ്ങിയ ഒരു സംഘം സൈനിക വേഷമെല്ലാം ധരിച്ച് തോക്കുമേന്തി നില്‍ക്കുകയാണ്. സൈന്യത്തില്‍ നിന്നും പെണ്‍കുട്ടികളടക്കമുള്ളവരെ മോചിപ്പിക്കുന്നതിന് വേണ്ടിയുള്ള പരിപാടിയില്‍ പങ്കെടുക്കാന്‍ കാത്തു നില്‍ക്കുകയാണിവര്‍.

പരിപാടിയില്‍ പങ്കെടുക്കാന്‍ യു.എസ് അംബാസിഡറും മറ്റു അതിഥികളും തലസ്ഥാനമായ ജുബയിലെത്തിയിട്ടുണ്ട്. ദക്ഷിണ സുഡാനിലെ സായുധ സേനയില്‍ നിന്നും 900 കുട്ടികളെയാണ് 2018ല്‍ മാത്രം ഇത്തരത്തില്‍ മോചിപ്പിച്ചത്. ലോകത്ത് തന്നെ സൈന്യത്തിലേക്ക് ഏറ്റവും കൂടുതലായി കുട്ടികളെ ഉപയോഗിക്കുന്ന രാജ്യമാണ് സുഡാന്‍. സൈനിക വേഷം ധരിച്ച കുട്ടികളെ പ്രതീകാത്മകമായി സൈനിക കുപ്പായം അഴിപ്പിച്ച് യൂണിസെഫിന്റെ നോട്ട് ബുക്കുകകളും ബാഗുകളും നല്‍കുന്നതാണ് ഈ ചടങ്ങ്. യു.എന്നിന്റെ കണക്കുപ്രകാരം ദക്ഷിണ സുഡാനില്‍ ഇപ്പോഴഉം 19,000ല്‍ അധികം കുട്ടികള്‍ സായുധ സേനയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

അതേസമയം, യൂണിസെഫ് പുറത്തുവിട്ട കണക്കുകളില്‍ തങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും കുട്ടികളെ സൈന്യത്തില്‍ ചേര്‍ക്കുന്നതിനോട് തങ്ങള്‍ക്ക് താല്‍പര്യമില്ലെന്നും കുറേയേറെ കുട്ടികള്‍ സൈന്യത്തില്‍ പ്രവര്‍ത്തിക്കുന്നതായി ഞങ്ങള്‍ക്കറിയാമെന്നും എങ്ങിനെയാണ് ഇത്രയധികം കുട്ടികള്‍ ഇവിടെയെത്തിയതെന്ന് അറിയില്ലെന്നും സൗത്ത് സുഡാന്‍ പീപ്പിള്‍ ഡിഫന്‍സ് ഫോര്‍സ് (SPLA) വക്താവ് ലല്‍ റുവായ് കോംഗ് പറഞ്ഞു.

ഞങ്ങള്‍ ഇത്തരം കുട്ടികളുടെ പേരുവിവരങ്ങള്‍ യുനിസെഫിന് നല്‍കിയിട്ടുണ്ട്. പിബറില്‍ നിന്നും യാംബിയോവില്‍ നിന്നും കുട്ടികളെ തിരിച്ചയച്ചിട്ടുണ്ട്. അതിനുള്ള നടപടിക്രമങ്ങള്‍ തങ്ങള്‍ എളുപ്പമാക്കുകയാണ്. അവരെ സഹായിക്കേണ്ടത് നമ്മുടെ കടമയാണ്. ലല്‍ റുവായ് പറഞ്ഞു.

ഇത്തരത്തില്‍ ഔദ്യോഗിക ചടങ്ങുകള്‍ നടത്തി നിരവധി കുട്ടികളെയാണ് യു.എന്നടക്കമുള്ള സന്നദ്ധ സംഘടനകള്‍ അവരുടെ കുടുംബങ്ങളിലേക്ക് തിരിച്ചയച്ചത്. ഇത്തരത്തില്‍ മടങ്ങിയെത്തുന്നവര്‍ക്ക് വൈദ്യസഹായവും കൗണ്‍സിലിങ്ങുകളും മാനസികമായ പിന്തുണയുമെല്ലാം ആവശ്യമാണ്. അവരെ പഴയ രൂപത്തിലേക്ക് തിരിച്ചു കൊണ്ടുവരേണ്ടതുണ്ട്. ചിലരെ സ്‌കൂളുകളിലേക്ക് തിരിച്ചെത്തിക്കാന്‍ സാധിച്ചു. ചിലര്‍ക്ക് വൊക്കേഷണല്‍ ട്രയിനിങ്ങുകള്‍ നല്‍കുകയാണ്. ഇവരുടെ കുടുംബങ്ങള്‍ക്ക് ഭക്ഷണവും ആവശ്യമാണ്.

എന്നാല്‍, സൗത്ത് സുഡാനിലും രാജ്യത്തിനു പുറത്തും സ്ഥിതി ചെയ്യുന്ന അഭയാര്‍ത്ഥി ക്യാംപുകളിലുടനീളം ഇത്തരത്തില്‍ സൈന്യത്തില്‍ നിന്നും രക്ഷപ്പെട്ടെത്തിയ നിരവധി കുട്ടികള്‍ കഴിയുന്നുണ്ട്. ഇവര്‍ക്കാവശ്യമായ പുനരധിവാസമോ മറ്റു അടിയന്തിര സഹായങ്ങളോ ഇവര്‍ക്ക് ലഭിക്കുന്നില്ല.

ആണ്‍കുട്ടികളെ പട്ടാളക്യാംപുകളില്‍ പ്രായത്തിനനുസരിച്ച് പോര്‍ട്ടര്‍മാരായും ക്ലീനിങ് തൊഴിലാളികളായും യുദ്ധം ചെയ്യാന്‍ പരിശീലിപ്പിക്കുകയുമാണ് ചെയ്തിരുന്നത്. പെണ്‍കുട്ടികളെ പലപ്പോഴും പട്ടാളക്യാംപുകളില്‍ ഭാര്യമാരായും ലൈംഗീക ചൂഷണങ്ങള്‍ക്കുമാണ് ഉപയോഗിക്കുന്നത്. അതിനാല്‍ തന്നെ മിക്ക പെണ്‍കുട്ടികളും ഗര്‍ഭിണികളായോ കുഞ്ഞുങ്ങളുമായോ ആണ് സൈനിക ക്യാംപില്‍ നിന്നും തിരിച്ചെത്തുന്നത്.

ഇത്തരം കുട്ടികള്‍ക്കിടയില്‍ വിഷാദ രോഗവും ഉത്കണ്ഠയും കാണാന്‍ സാധിക്കും. അവര്‍ക്ക് അവരുടെ കാര്യങ്ങളിലുള്ള നിയന്ത്രണം നഷ്ടപ്പെടുന്നു. ഇത് അവരുടെ മുഴുവന്‍ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്നു. അഭയാര്‍ത്ഥികള്‍ക്കിടയില്‍ കൗണ്‍സിലിങ് നല്‍കുന്ന സന്നദ്ധ സംഘടനയിലെ കൗണ്‍സിലര്‍ റയാന്‍ ഫാറ്റോച് പറയുന്നു.
സായുധ സംഘത്തിലകപ്പെട്ട കുട്ടികളെ മാനസിക പരിശോധനയുടെ ഭാഗമായി ഇത്തരം സന്നദ്ധ സംഘടനകള്‍ മെഡിക്കല്‍ പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. ഇങ്ങനെ സംഘത്തില്‍പ്പെട്ട കുട്ടികളെ പഴയ രൂപത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ ശ്രമിക്കുകയാണ് ഒരു സംഘം.

Related Articles