ഒരു അന്താരാഷ്ട്ര സംഘടനയുടെ മെഡിക്കല്‍ സ്‌പെഷലിസ്റ്റായി അഫ്ഗാനിലെ ബാമിയാന്‍ പ്രവിശ്യയിലേക്ക് കുടിയേറുന്നതിന് മുമ്പ് ഡോ. ഹക്കീം ക്വറ്റയില്‍ രണ്ടുവര്‍ഷത്തോളം ചെലവഴിക്കുകയുണ്ടായി. എന്നാല്‍ ആരോഗ്യ ബോധവല്‍കരണ സംരംഭങ്ങളുമായി അഫ്ഗാനിലെ കുഗ്രാമങ്ങള്‍ സന്ദര്‍ശിച്ചപ്പോള്‍, അവരുടെ ആവശ്യങ്ങള്‍ അതിലുമപ്പുറമാണെന്ന് അദ്ദേഹത്തിന് ബോധ്യമായി. മറ്റെന്തിനേക്കാളും വിദ്യാഭ്യാസവും സാമൂഹിക പുരോഗതിയും മറ്റു അടിസ്ഥാന മാനുഷികാവകാശങ്ങളുമായിരുന്നു അവര്‍ക്ക് ആവശ്യമുണ്ടായിരുന്നത്.
ബാമിയാന്‍ യൂണിവേഴ്‌സിറ്റിയില്‍ സംഘടിപ്പിക്കപ്പെട്ട ഒരു സമാധാന സംഗമത്തില്‍ അഫ്ഗാനിലെ പുതുതലമുറയുമായി അദ്ദേഹത്തിന് അടുത്തിടപഴകാന്‍ അവസരം ലഭിച്ചു. യുദ്ധം ഒട്ടനേകം മനുഷ്യരുടെ ജീവനെടുക്കാന്‍ തുടങ്ങിയതോടെ തങ്ങളുടെ ശബ്ദം നഷ്ടപ്പെട്ടുവെന്നാണ് അവര്‍ കരുതിയിരുന്നത്. അപ്പോള്‍ അദ്ദേഹം പ്രസക്തമായൊരു ചോദ്യം ഉന്നയിക്കുകയുണ്ടായി: നിങ്ങള്‍ക്കെന്തുകൊണ്ട് ഒരുമിച്ചുനിന്നുകൂടായെന്ന അദ്ദേഹത്തിന്റെ ആ ചോദ്യത്തില്‍ നിന്നാണ് 2009-ല്‍ അഫ്ഗാന്‍ പീസ് വളണ്ടിയേഴ്‌സ് എന്ന സന്നദ്ധസംഘടന രൂപീകരിക്കപ്പെടുന്നത്. 2012-ല്‍ ചില യുവാക്കളുമായി കാബൂളിലേക്ക് തിരിച്ച അദ്ദേഹം അനേകം തുല്യതയിലും അക്രമരഹിതപാതയിലും അധിഷ്ഠിതമായ വൈവിധ്യമാര്‍ന്ന പദ്ധതികള്‍ അവതരിപ്പിക്കുകയുണ്ടായി.
ഗൃഹ സൗരോര്‍ജ പദ്ധതി, തെരുവുബാലന്മാര്‍ക്കായി സ്‌കൂള്‍, ലോകത്ത് പലയിടങ്ങളിലുമായി ജീവിക്കുന്ന അംഗങ്ങളെ പരസ്പരം ബന്ധിപ്പിക്കാനും സംവാദങ്ങള്‍ നടത്താനും പ്രോത്സാഹിപ്പിക്കുന്ന ഓണ്‍ലൈന്‍ ഗ്രൂപ്പുകള്‍ തുടങ്ങിയവയായിരുന്നു അദ്ദേഹത്തിന്റെ സ്വപ്‌ന പദ്ധതികള്‍. ഈ വിഷയങ്ങളെയൊന്നും ഒറ്റയായി കാണാന്‍ പാടില്ലെന്ന് അദ്ദേഹം പറയുന്നു. ‘അ


വരെ പരസ്പരം ബന്ധപ്പെടുത്തി ബഹുമുഖമായ മാര്‍ഗങ്ങളിലൂടെയാണ് അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തേണ്ടത്. അവിടെയാണ് മനുഷ്യന്‍ ശരിക്കും മനുഷ്യനായിത്തീരുന്നത്’.
സ്വര്‍ഗ്ഗവും നരകവും
സിംഗപ്പൂരിനും അഫ്ഗാനുമിടയിലെ വ്യത്യാസങ്ങള്‍ വിശദീകരിക്കാനാവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം ഉപയോഗിച്ചത് ഗൗരവതരമായൊരു താരതമ്യമാണ്: സിംഗപ്പൂര്‍ സ്വര്‍ഗവും അഫ്ഗാന്‍ നരകവുമാണത്രെ. എന്തിന് ആ സ്വര്‍ഗത്തില്‍ നിന്നും ഈ നരകത്തിലേക്ക് വന്നുവെന്ന് അദ്ദേഹത്തോട് ചോദിച്ച അഫ്ഗാനി മുടിവെട്ടുകാരനില്‍ നിന്നാണ് ഈ വാക്കുകള്‍ അദ്ദേഹം കടമെടുക്കുന്നത്.
വിദ്യാഭ്യാസം, സമാധാനം, സുരക്ഷ, അന്തരീക്ഷം തുടങ്ങി എല്ലാ മനുഷ്യാവകാശ സൂചികകളിലും അഫ്ഗാന്‍ ഏറെ പിന്നിലാണ്- ഹക്കീം പറയുന്നു. സിംഗപ്പൂരിലേക്ക് മടങ്ങിപ്പോകുമ്പോഴെല്ലാം ഏറെ വ്യത്യസ്തമായ മറ്റൊരു ലോകത്തേക്ക് പോകുന്നതുപോലെ തോന്നാറുണ്ടത്രെ അദ്ദേഹത്തിന്. അക്രമങ്ങള്‍ എപ്പോഴും സാധ്യമായ അഫ്ഗാനിലെ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ ജീവിതം എത്ര മാത്രം ക്ഷണികമാണെന്ന് അദ്ദേഹത്തെ തീവ്രമായി ബോധ്യപ്പെടുത്തിയിരിക്കുന്നു.
Also read: കൊറോണ ബാധിച്ച നാസ്തികത


എപ്പോഴും നഷ്ടപ്പെടാവുന്ന ജീവനാണ് എന്റേത്- താന്‍ താമസിച്ചിരുന്നതിനടുത്ത് ഒരു ബോബ് വീണ സംഭവത്തെ ഓര്‍ത്ത് അദ്ദേഹം പറയുന്നു. ‘സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ ജനല്‍ച്ചില്ലുകള്‍ പൊട്ടുകയും മുറിയിലാകെ ചില്ലുപൊടികള്‍ നിറയുകയും ചെയ്തു. സമ്മര്‍ദ്ദത്തില്‍പ്പെട്ട് അനങ്ങാതിരുന്ന തന്നെ അഫ്ഗാനിയായ സഹമുറിയന്‍ അലിയാണ് നിര്‍ബന്ധിച്ചെഴുന്നേല്‍പ്പിച്ചത്’.
ഇങ്ങനെയാണ് മുപ്പത്തിരണ്ടു മില്യണോളം വരുന്ന അഫ്ഗാനികളുടെ ദൈനംദിന ജീവിതം- അദ്ദേഹം പറയുന്നു. ‘എനിക്കിത്തരം ചെറിയ കാര്യങ്ങള്‍ക്ക് വേണ്ടി അസ്വസ്ഥപ്പെടേണ്ട കാര്യമില്ല. സിംഗപ്പൂരിലിരുന്ന് ഇതിനെപ്പറ്റി ഞാന്‍ ആശങ്കാകുലനായി ചിന്തിക്കുകയാണെങ്കില്‍, ആളുകള്‍ അതൊരു നന്ദികേടായി കാണുമെന്നതിനാല്‍ അത് ഞാന്‍ അവസാനിപ്പിക്കേണ്ടിവരുന്നു’.
ഗ്രെറ്റ, നീയിതറിയണം!
അദ്ദേഹം ഹൃദയത്തോടു ചേര്‍ത്തുവെച്ച മറ്റൊരു കാര്യമാണ് കാലാവസ്ഥാ വ്യതിയാനം. താന്‍ ശ്രദ്ധിക്കുന്ന ആളുകളെയും അത് ബാധിക്കാന്‍ തുടങ്ങിയപ്പോഴാണ് അതിനെപ്പറ്റി താനും ബോധവാനാകുന്നതെന്ന് അദ്ദേഹം സമ്മതിക്കുന്നു. ‘പതിനെട്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് കാലാവസ്ഥാ വ്യതിയാനമെന്ന വിഷയത്തില്‍ തനിക്കൊട്ടും താല്‍പര്യമുണ്ടായിരുന്നില്ല. ലോകത്തിന് എന്തു തന്നെ അനുഭവപ്പെട്ടാലും തന്നെയൊന്നും ബാധിക്കുന്നില്ലല്ലോ എന്ന ചിന്തയിലായിരുന്നു ഞാന്‍’-അദ്ദേഹം ഒട്ടും മയമില്ലാതെ പറയുന്നു.
പക്ഷെ, അഫ്ഗാനിലെത്തിയപ്പോള്‍ അത് ദിവസവും ആശങ്കപ്പെടുത്തുന്നൊരു വിഷയമായി മാറി. ഉദാഹരണത്തിന്, താന്‍ വാടകക്കെടുത്ത രണ്ടു വീടുകളിലെയും കിണറുകള്‍ വരള്‍ച്ച മൂലം വറ്റിവരണ്ടു. ജലക്ഷാമം അനുഭവപ്പെട്ടതിനാല്‍ നാടുവിട്ടു പോകുന്ന അഭയാര്‍ഥികള്‍ക്ക് വേണ്ടിയും അദ്ദേഹം പ്രവര്‍ത്തിക്കുകയുണ്ടായി.


കണ്മുമ്പില്‍ കണ്ടതെല്ലാമാണ് അദ്ദേഹത്തെ ഈ വിഷയത്തെപ്പറ്റി കൂടുതല്‍ ഗൗരവതരമായി വായിക്കാന്‍ പ്രേരിപ്പിച്ചത്. അഫ്ഗാന്‍ നേരിടുന്ന പ്രശ്‌നമെന്നതിലുപരി, ആഗോള സമൂഹം നേരിടുന്ന ഈ വെല്ലുവിളിയെപ്പറ്റി അദ്ദേഹം സിഎന്‍എയോട് ദീര്‍ഘനേരം സംസാരിക്കുകയും ചെയ്തു. അഫ്ഗാനില്‍ ഇരുപത് മില്യനോളം ആളുകള്‍ വരള്‍ച്ചയെ നേരിടുമ്പോള്‍, മുപ്പതിനായിരത്തോളം പേര്‍ കാലാവസ്ഥാ വ്യതിയാനത്താല്‍ അഭയാര്‍ഥികളാകേണ്ടിവന്നിരിക്കുകയാണെന്ന് അദ്ദേഹം കണക്കുകള്‍ നിരത്തുന്നു. താപനില വര്‍ധിക്കുന്നതിനനുസരിച്ചുള്ള മാറ്റങ്ങള്‍ ഈ എണ്ണത്തിലും പ്രതിഫലിക്കും.
സിംഗപ്പൂരിനെ സംബന്ധിച്ചിടത്തോളം ഭാവിയില്‍ സംഭവിച്ചേക്കാവുന്നൊരു മാറ്റമാണിതെങ്കിലും, അവിടെയുള്ള യുവാക്കളായ പൗരന്മാര്‍ ഇത്തരം കാര്യങ്ങളെക്കുറിച്ച് അവബോധമുള്ളവരാണെന്നത് തന്നെ ഏറെ സന്തോഷിപ്പിക്കുന്നുവെന്ന് ഹക്കീം പറയുന്നു. നമ്മള്‍ അതിനെ നിരന്തരം പ്രചോദിപ്പിക്കുകയും ആളുകള്‍ക്ക് അതിലുള്ള ശ്രദ്ധ വര്‍ധിപ്പിക്കുകയും വേണം.
കാലാവസ്ഥാ മാറ്റങ്ങള്‍ക്കെതിരെ ആഗോളതലത്തില്‍ പ്രതികരിക്കുന്ന യുവ ആക്ടിവിസ്റ്റായ ഗ്രെറ്റ തന്‍ബര്‍ഗിനെപ്പറ്റി അദ്ദേഹത്തിന് നല്ലതേ പറയാനുള്ളു. ഈ മുന്നേറ്റത്തിന് ശക്തമായൊരു മുഖവും ഊര്‍ജവും ഗ്രെറ്റ നല്‍കിയെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. നൂറു ശതമാനം പുനരുല്‍പാദിപ്പിക്കാവുന്ന ഊര്‍ജത്തിന് വേണ്ടി ശബ്ദമുയര്‍ത്തുന്നതോടൊപ്പം ഗ്രെറ്റ വേറെ ചിലതും ചെയ്യാനുണ്ടെന്ന് അദ്ദേഹം പറയുന്നു. ‘യുദ്ധങ്ങള്‍ പൂര്‍ണമായും നിര്‍ത്തലാക്കി, ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ പരിഹരിക്കാനാകുന്ന നീതിയുക്തമായൊരു സാമ്പത്തിക വ്യവസ്ഥക്കു വേണ്ടിയും ഗ്രെറ്റ ശബ്ദമുയര്‍ത്തണം. എല്ലാ വിഷയങ്ങളും പരസ്പരബന്ധിതമാണെന്ന് നീ മനസിലാക്കണം.’- അദ്ദേഹം പറയുന്നു.
ലോകനേതാക്കള്‍ക്ക് ഇതില്‍ കാര്യമായ മാറ്റമുണ്ടാക്കാന്‍ കഴിയുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നില്ല. കാരണം, കാട്ടുതീ നിരന്തരം രാജ്യത്തിന്റെ സൈ്വര്യം കെടുത്തിയിട്ടും ആസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയായ സ്‌കോട്ട് മോറിസണ്‍ ഇതുവരെ കാലാവസ്ഥാ വ്യതിയാനത്തെ അംഗീകരിച്ചിട്ടില്ല. ട്രംപ് ഭരണകൂടമാകട്ടെ ഈയിടെയാണ് അന്താരാഷ്ട്ര കാലാവസ്ഥാ വ്യതിയാനത്തെപ്പറ്റിയുള്ള നയനിലപാടുകളില്‍ നിന്നും പിന്മാറുന്നതായി പ്രഖ്യാപിച്ചത്. അധികാരത്തിലിരിക്കുന്നവര്‍ കാര്യങ്ങളെ പിന്നെയും സങ്കീര്‍ണമാക്കുകയാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. എന്നാല്‍, കാലാവസ്ഥാ വ്യതിയാനത്തിന്റെ കാരണങ്ങള്‍ തേടേണ്ടത് രാഷ്ട്രീയക്കാരിലല്ലെന്നും അടിസ്ഥാനപരമായ മറ്റു കാര്യങ്ങളിലാണെന്നും അദ്ദേഹം കരുതുന്നു.
നിരാശയും യാഥാര്‍ഥ്യങ്ങളും നമ്മുടെ വീര്യത്തെ ചോര്‍ത്തിക്കളഞ്ഞുകൂടാ. ഇത് യാഥാര്‍ഥ്യമല്ലേയെന്ന് പറഞ്ഞ് ആസ്‌ട്രേലിയന്‍ പൗരന്മാര്‍ തന്നെ തെരുവിലിറങ്ങിയാല്‍, തീര്‍ച്ചയായും അവരുടെ പ്രധാനമന്ത്രിക്ക് തന്റെ നിലപാട് പുനഃപരിശോധിക്കേണ്ടി വരും.
Also read: ലിബറൽ-ജനാധിപത്യത്തിന് അരങ്ങൊഴിയാൻ നേരമായി
ബന്ധങ്ങളുടെ പ്രാധാന്യം
തങ്ങളുടെ വ്യക്തിപരമായ ബന്ധത്തില്‍ പെട്ടവരിലാരെങ്കിലും ഇത്തരക്കാരുണ്ടെങ്കില്‍ ആളുകള്‍ കൂടുതല്‍ വ്യക്തതയോടെ ഇത്തരം ആഗോള വിഷയങ്ങളെപ്പറ്റി സമീപിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറയുന്നു. സിംഗപ്പൂര്‍ പൗരന്മാര്‍ക്കാര്‍ക്കെങ്കിലും അഭയാര്‍ഥികളായ സുഹൃത്തുക്കളുണ്ടെങ്കില്‍, അവര്‍ എന്തായാലും ആ സുഹൃത്തുക്കളെ തങ്ങളുടെ വീട്ടിലേക്ക് ക്ഷണിച്ചേനെ. എനിക്ക് എല്ലാ മനുഷ്യരിലും ആ വിശ്വാസമുണ്ട്- അദ്ദേഹം പറയുന്നു. ഇക്കാരണത്താലാണ് അദ്ദേഹം ആളുകളില്‍ പരസ്പരം സുഹൃദ്ബന്ധങ്ങള്‍ സൃഷ്ടിക്കുന്നത് തന്റെ തൊഴിലിന്റെ പ്രധാന ഭാഗമാക്കിയതും അതിന്റെ ഫലമായി ഓണ്‍ലൈന്‍ ഗ്രൂപ്പുകള്‍ ആരംഭിക്കുന്നതും.
പരസ്പരം ആശയവിനിമയം നടത്താനും മറ്റുള്ളവരുടെ കാര്യങ്ങളില്‍ താല്‍പര്യമുണ്ടാക്കാനും സഹായിക്കുന്ന സാങ്കേതികവിദ്യ നമ്മുടെ പക്കലുണ്ട്. അതുപയോഗിച്ച് അക്രമപ്രവര്‍ത്തനങ്ങള്‍ നടത്താനും കഴിയുമെന്നിരിക്കെ, പരസ്പരം സഹായിക്കുന്നതിലാണ് നമ്മള്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് അദ്ദേഹം പറയുന്നു. മാനുഷികതയിലൂന്നിയ ഈ വിശ്വാസമാണ് സഹായികളായ ആളുകളെ ഇടനിലക്കാരാക്കുകയെന്ന അഫ്ഗാന്‍ സമാധാന സേനയുടെ പദ്ധതിയിലേക്ക് നയിച്ചത്.
സമാധാനം സംരക്ഷിക്കുകയെന്നത് പട്ടാളക്കാരുടെ ഒരു സാമ്പ്രദായിക ദൗത്യമാണ്. പക്ഷെ, ചര്‍ച്ചകളുള്‍പ്പെടെയുള്ള അക്രമരഹിതമായ മാര്‍ഗങ്ങളിലൂടെ ഈ പ്രശ്‌നങ്ങളെയെല്ലാം പരിഹരിക്കാനാകുമെന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം. ആഗോള അസമത്വം ഈ മാര്‍ഗത്തിലൂടെ പരിഹരിക്കാനാകുമോയെന്ന ചോദ്യമുയര്‍ന്നപ്പോഴും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത് ചില പ്രധാനപ്പെട്ട സംവാദങ്ങളുടെ ആവശ്യകതയെയാണ്.
അഫ്ഗാന്‍ സമാധാന സന്നദ്ധസേനയുടെ ആഭിമുഖ്യത്തില്‍, എല്ലാ തൊഴിലാളിക്കും പങ്കാളിത്തമുള്ള തൊഴില്‍ സഹകരണസംഘങ്ങള്‍ തുടങ്ങുന്നത് ഈ പ്രശ്‌നങ്ങള്‍ക്കുള്ള മാതൃകാപരമായൊരു പരിഹാരമായിരിക്കുമെന്ന് അദ്ദേഹം വാദിക്കുന്നു. വലിയ വേതനം വാങ്ങുന്നവരും ചെറിയ വേതനം വാങ്ങുന്നവരും ഒരുമിച്ചിരുന്ന് അര്‍ഹതയുള്ള ഒരു വേതനനിരക്ക് നിശ്ചയിക്കണം. അത് ഒരുപക്ഷേ സമൂഹങ്ങള്‍ക്കും രാഷ്ട്രങ്ങള്‍ക്കുമനുസരിച്ച് വ്യത്യാസപ്പെടാം. അത്തരമൊരു വളര്‍ച്ച സാധ്യമാക്കാനുള്ള സാങ്കേതികവിദ്യയും കഴിവും നമ്മുടെ കയ്യിലുണ്ട്. ഒന്നിച്ചിരുന്നുള്ള സംവാദങ്ങളിലൂടെ എല്ലാത്തിനും വ്യക്തത വരുത്തുകയാണ് വേണ്ടത്.
ഉയര്‍ന്ന വേതനക്കാര്‍ ഇതുമൂലം കുറഞ്ഞ വേതനം കൊണ്ട് തൃപ്തിപ്പെടേണ്ടിവരികയും കുറഞ്ഞ വേതനമുള്ളവര്‍ ഉയര്‍ന്ന വരുമാനക്കാര്‍ക്കുള്ള പോലുള്ള വരുമാനം ആഗ്രഹിക്കാതിരിക്കുകയും വേണമെന്നാണ് ഇതിനര്‍ഥം. അഥവാ, മിച്ചം വെക്കാന്‍ ഒന്നും ഉണ്ടാകില്ല. ജനങ്ങള്‍ വൈകിയെങ്കിലും ഈ ആശയത്തെ സ്വീകരിക്കുമെന്ന് അദ്ദേഹം പ്രതീക്ഷയോടെ പറയുന്നു.
Also read: ക്രൈസ്റ്റ്ചര്‍ച്ച് ഭീകരാക്രമണം ഒരാണ്ട് പിന്നിടുമ്പോള്‍
ജീവിതവിജയത്തിന്റെ അളവുകോല്‍
വ്യക്തിഗതമായ അനുഭവങ്ങളില്‍ നിന്നാണ് ജീവിതവിജയം ഉണ്ടായിത്തീരുന്നതെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ഈ പതിനെട്ടു വര്‍ഷക്കാലത്തിനിടയില്‍, അദ്ദേഹത്തിന്റെ ജീവിതത്തില്‍ നാടകീയമായ മാറ്റങ്ങള്‍ സംഭവിക്കുകയുണ്ടായി. വളരെ ലളിതമാണ് ഇന്നദ്ദേഹത്തിന്റെ ആവശ്യങ്ങള്‍. ‘ആവശ്യമുള്ള വെള്ളവും ജലവും കിടപ്പാടവുമുള്ളപ്പോള്‍ എനിക്കെന്തിനാണ് ഇനിയും പണം?’-അദ്ദേഹം പറയുന്നു.
അദ്ദേഹം ഒരു ശമ്പളവും സ്വീകരിക്കുന്നില്ല. മെഡിക്കല്‍ സ്‌കൂളിലെ തന്റെ സുഹൃത്തുക്കളില്‍ നിന്നും മറ്റു സമാധാനസംരക്ഷണ സന്നദ്ധസംഘടനകളില്‍ നിന്നും ഫണ്ട് സ്വീകരിച്ചാണ് തന്റെ സംഘടനയായ എ.പി.വി നടത്തുന്നത് തന്നെ.
എണ്‍പതിലേറെ വയസിലേറെ പ്രായമുള്ള തന്റെ മാതാപിതാക്കളെയും തന്റെ മുതിര്‍ന്ന സഹോദരനെയും കാണാനായി അദ്ദേഹം സിംഗപ്പൂരിലെത്തുന്നത് വര്‍ഷത്തില്‍ രണ്ടുതവണ മാത്രമാണ്. തന്റെ മാതാപിതാക്കളുള്‍പ്പെടെ മൂന്നു മുറിയുള്ള ഒരു ഫ്‌ളാറ്റിലാണ് സിംഗപ്പൂരില്‍ അദ്ദേഹത്തിന്റെ താമസം. വിദ്യാര്‍ഥിക്കാലത്തും ഡോക്ടറായി ജോലി നോക്കിയിരുന്ന കാലത്തും കരുതിയിരുന്നതില്‍ നിന്നും ഏറെ വ്യത്യസ്തമായിരുന്നു ഇന്നദ്ദേഹത്തിന്റെ ജീവിതം. നല്ല മാര്‍ക്കു നേടിയാല്‍ വിജയിയാകുമെന്ന് മറ്റേതൊരു കുട്ടിയെയും പോലെ ഞാനും കരുതി- അദ്ദേഹം പറയുന്നു.
അക്കാദമിക തലത്തില്‍ ഞാന്‍ വിജയിക്കാനാഗ്രഹിച്ചത് സുസ്ഥിരവും നല്ലതുമായൊരു വേതനം തരപ്പെടുത്താനാവുമെന്ന കരുതലോടെയായിരുന്നു. എന്നാല്‍, ഭൗതിക സൗകര്യങ്ങളൊന്നും ഇന്നദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ജീവിതവിജയത്തിന്റെ അളവുകോലല്ല. ആയിരുന്നെങ്കില്‍ അഫ്ഗാനിലെ ഏറ്റവും വിജയിച്ച സമൂഹം കുറ്റവാളികളാകുമായിരുന്നു അദ്ദേഹം കരുതുന്നു. തന്റെ പ്രിയപ്പെട്ടവരോടൊപ്പം കൂടുതല്‍ സൗഹൃദബന്ധങ്ങള്‍ സൃഷ്ടിച്ച് കൂടുതല്‍ പേരെ തന്റെ കരുതലിന്റെ സ്പര്‍ശത്തില്‍ നിര്‍ത്താനാണ് അദ്ദേഹം താല്‍പര്യപ്പെടുന്നത്. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്കിടയില്‍ പരസ്പരം അറിയാനും സമ്പര്‍ക്കങ്ങളിലേര്‍പ്പെടാനുമുള്ള സാധ്യതകള്‍ രൂപപ്പെടണമെന്നാണ് എന്റെ ആഗ്രഹവും സ്വപ്‌നവും.
വിവ. അഫ്‌സല്‍ പിടി മുഹമ്മദ്