Current Date

Search
Close this search box.
Search
Close this search box.

വ്യക്തി സ്വാതന്ത്ര്യത്തിനുള്ള ഭീഷണി ഇന്ത്യയില്‍ പുതിയതാണോ ?

ഹൈദരാബാദിലെ ഒരു മൊബൈല്‍ കടയില്‍ നിന്നും കാര്‍ബണിന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചതിന് അന്‍വര്‍ അലിയെന്ന ബേക്കറി തൊഴിലാളിയെ ഐ.പി.സി 379 വകുപ്പ് ചാര്‍ത്തിയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. ജയിലില്‍ കഴിയവേ അദ്ദേഹത്തിനെതിരെ 1986ലെ തെലങ്കാനയിലെ അപകടകരമായ പ്രവര്‍ത്തന നിരോധന നിയമപ്രകാരം മറ്റൊരു ശിക്ഷ കൂടി ചുമത്തി. വ്യക്തമാക്കി പറഞ്ഞാല്‍ ഒരു പെറ്റി കേസിന് വിചാരണ കൂടാതെ ഒരു വര്‍ഷമാണ് അദ്ദേഹത്തിന്റെ സ്വാതന്ത്ര്യം സര്‍ക്കാര്‍ ഇല്ലാതാക്കിയത്.

ഇത്തരത്തില്‍ ഇന്ത്യയില്‍ വിചാരണ കൂടാതെ വിവിധ ജയിലുകളില്‍ കഴിയുന്ന 1,06,612 പേരില്‍ ഒരാള്‍ മാത്രമാണ് അലി. ഇത്തരത്തില്‍ ശക്തമായ കുറ്റം ചുമത്തപ്പെട്ട് ഗുജറാത്തില്‍ 2601, തമിഴ്‌നാട് 1883, ജമ്മു കശ്മീര്‍ 600 പേര്‍ ജയിലുകളില്‍ കഴിയുകയാണ്. ഇതില്‍ 489 പേര്‍ക്കെതിരെ 1980ലെ ദേശീയ സുരക്ഷ നിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളത്. ബാക്കിയുള്ളവര്‍ക്കെതിരെ പൊതുസുരക്ഷ മുന്‍നിര്‍ത്തിയുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

ജയിലുകളില്‍ കഴിയുന്ന പ്രശസ്തരായ ബുദ്ധി ജീവികളുടെ മനുഷ്യാവകാശങ്ങളിലുള്ള ആശങ്കകളെക്കുറിച്ചാണ് ഈ സമയം ചര്‍ച്ച നടക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ കണക്കനുസരിച്ച് ജയിലുകളില്‍ കഴിയുന്നവരില്‍ 99.5 ശതമാനം പേരും താഴ്ന്ന സമുദായങ്ങളില്‍ നിന്നുള്ളവരും അര്‍ധ സാക്ഷരരുമാണ്. ഇവര്‍ക്കെല്ലാം ഇന്ത്യന്‍ മാധ്യമങ്ങളില്‍ നിന്നും നെഗറ്റീവ് പബ്ലിസിറ്റി മാത്രമേ കിട്ടാറുള്ളൂ. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 22 (3) പ്രകാരം നിയമത്തിന് യോഗ്യരല്ലാത്തവരെന്ന ഒരു വിഭാഗത്തെ സ്വയം തന്നെ സൃഷ്ടിച്ചുവെച്ചിട്ടുണ്ട്.

തടവിലാക്കപ്പെട്ട ഈ വിഭാഗത്തിന് നിയമപ്രക്രിയ അപ്രസക്തമാണെന്നാണ് എല്ലാ നിയമവും പൊതുചര്‍ച്ചയും ചിത്രീകരിച്ചുവെച്ചിരിക്കുന്നത്. ‘പൊതുക്രമം (പബ്ലിക് ഓര്‍ഡര്‍) പാലിക്കുന്നതിന് നേരെയുള്ള ഭീഷണി’ എന്നതിനെക്കുറിച്ചുള്ള ധാരണയില്‍ വ്യക്തമായ വര്‍ഗ്ഗ- പക്ഷപാതിത്വം നിലനില്‍ക്കുന്നുണ്ടെന്ന് കാണാം.

ദേശീയ സുരക്ഷ ആക്റ്റ് പ്രകാരം 19 സംസ്ഥാനങ്ങള്‍ തടങ്കല്‍ നിയമം ഉപയോഗിക്കുന്നുണ്ട്. ഈ നിയമങ്ങള്‍ പ്രകാരം സാധാരണ കുറ്റകൃത്യങ്ങളെ അസാധാരണ കുറ്റകൃത്യമായാണ് കണക്കാക്കുന്നത്. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങള്‍ക്കിടയില്‍ നേരിട്ടോ അല്ലാതെയോ അരക്ഷിതാവസ്ഥയ്ക്ക് കാരണമാകുമെന്നാണ് പൊതുവായുള്ള കണക്കുകൂട്ടല്‍. ഇത് ഗുരുതരമായ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുക.

അസാധാരണമായ അധികാരം പതിവാക്കുമ്പോള്‍

ഇത്തരം പ്രത്യേക നിയമങ്ങള്‍ പിന്തുടരുന്നത് പൊലിസിന്റെ അധികാരങ്ങള്‍ വര്‍ധിപ്പിക്കുന്നു. ആരെ വേണമെങ്കിലും അറസ്റ്റ് ചെയ്യാന്‍ പൊലിസ് കമ്മീഷണര്‍മാര്‍ക്ക് മജിസ്റ്റീരിയല്‍ അധികാരം നല്‍കുന്നു. എന്നിരുന്നാലും അസാധാരണമായ സാഹചര്യങ്ങള്‍ക്ക് കീഴിലുള്ള ഈ അധികാരങ്ങള്‍ സര്‍ക്കാര്‍ ഒരു സമയം മൂന്നു മാസം മാത്രമാക്കി ചുരുക്കണം.

ഈ നിയന്ത്രണങ്ങള്‍ പോലീസ് അധികാരം പരിശോധിക്കുന്നതിനുവേണ്ടിയാണ്്. വാസ്തവത്തില്‍, ഈ അധികാരങ്ങള്‍ പതിവായി വിപുലീകരിക്കുകയാണ് ചെയ്യുന്നത്. തെലങ്കാന സംസ്ഥാനത്തിന്റെ വലിയ ഭാഗം ഇത്തരം തടങ്കല്‍ നിയമത്തിന് കീഴിലാണ്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ മജിസ്റ്റീരിയല്‍ ചുമതലയുള്ള എട്ട് പൊലിസ് കമ്മീഷണര്‍മാരെയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിയമിച്ചത്. ഈ രഹസ്യ എക്‌സിക്യൂട്ടീവ് നടപടി വഴി സ്ഥിരമായി വിചാരണ കൂടാതെ തടങ്കലില്‍ വയ്ക്കുന്നതിനുള്ള സാധാരണമായ നീക്കമാക്കി മാറ്റി.

ഇത്തരം കമ്മീഷണര്‍മാര്‍ പൊതു സ്വാതന്ത്ര്യത്തിന് ഭീഷണിയാണെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ ഒരു മാധ്യമത്തിനും ഒരാഴ്ച പോലും ഇവിടെ കടന്നുപോകുന്നില്ല. ഗ്രേറ്റര്‍ ഹൈദരാബാദ് പ്രദേശത്ത് മൂന്ന് പൊലിസ് കമ്മീഷണര്‍മാരില്‍ ഒരാളുടെ നിര്‍ദേശപ്രകാരം നിസ്സാര കുറ്റവാളികളെ ഇത്തരം നിയമപ്രകാരം തടവിലാക്കുകയാണ്. ഇതിനെ ന്യായീകരിക്കുന്ന പ്രവൃത്തിയാണ് ഇവരില്‍ നിന്നും ഉണ്ടാകുന്നത്. സാധാരണ നിയമപ്രക്രിയയില്‍ വിശ്വസിക്കുന്നവര്‍ സൈനിക നിയമം പ്രചാരത്തിലുണ്ടോ എന്ന് ചിന്തിച്ചേക്കാം. സത്യത്തില്‍ പൗരന്മാരോട് അത്തരത്തിലുള്ള പെരുമാറ്റത്തിന് ഒരു സൈനിക നിയമവും ആവശ്യമില്ല, പ്രത്യേകിച്ചും അവര്‍ താഴെത്തട്ടിലുള്ള ആളുകളാണെങ്കില്‍.

പി ഡി നിയമപ്രകാരം പൊതു ക്രമം പരിപാലിക്കുന്നതിന്റെ പേരില്‍ കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ തെലങ്കാനയില്‍ രണ്ടായിരത്തിലധികം പൗരന്മാരെയാണ് ഇത്തരത്തിലുള്ള സുരക്ഷ നിയമം ഉപയോഗിച്ച് വിചാരണ കൂടാതെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നത്. അലിയുടെ തടങ്കലും പൊലിസ് കമ്മീഷണറുടെ തീരുമാനമാണ്. ഇത്തരം രഹസ്യ നടപടികളില്‍ ശക്തി പകരാന്‍ ഒരു ഉപദേശക സമിതിയെയും സമര്‍ത്ഥമായി തയാറാക്കിയിട്ടുണ്ട്. പൊലിസിന്റെ നടപടികളെ ന്യായീകരിക്കാന്‍ വേണ്ടിയാണീ സമിതി. മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചതിന് കൂലിതൊഴിലാളിയായ അലിക്കെതിരരെ ഗുരുതരമായ കുറ്റാരോപണങ്ങളാണ് ഇവര്‍ ഉന്നയിച്ചിരിക്കുന്നത്. സമൂഹത്തിലെ സമാധാനം,സാമൂഹിക ഐക്യം, ശാന്തത എന്നിവ തകര്‍ക്കാന്‍ ഈ കളവ് കാരണമായെന്നും അധോലോക ഗുണ്ടാ സംഘങ്ങളുമായി അലിക്ക് ബന്ധമുണ്ടെന്നുമാണ് പൊലിസ് ആരോപിക്കുന്നത്.
അങ്ങനെ നിയമത്തിന്റെ ലളിതമായ ലംഘനം വലുതാക്കുകയും സാമൂഹിക ക്രമത്തിന് മാരകമായ ഭീഷണിയാണിതെന്ന് കണക്കാക്കപ്പെടുകയും ചെയ്യുന്നു.

ഏകപക്ഷീയമായ അധികാരങ്ങളെ സംരക്ഷിക്കുന്നു

ഇതിന് പിന്നിലെ കാരണങ്ങള്‍ പരിശോധിക്കുമ്പോള്‍, തടങ്കലില്‍ പാര്‍പ്പിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവുകളുടെ സൂക്ഷ്മ പരിശോധനയില്‍ വ്യത്യസ്ത കുറ്റങ്ങള്‍ക്ക് കൃത്യമായ ഫോര്‍മാറ്റുകള്‍ ഉള്ളതായി കാണാം. എന്നാല്‍ ഓരോ തവണയും പ്രതികളുടെ വിശദാംശങ്ങള്‍ മാത്രമാണ് മാറുന്നത്. ജുഡീഷ്യല്‍ അധികാരങ്ങളില്ലാത്ത പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ലാത്തതുമായി എക്‌സിക്യൂട്ടീവ് കോടതിയായ അഡൈ്വസറി ബോര്‍ഡ്, രഹസ്യമായി നടപടികള്‍ നടത്തുകയും ‘തടങ്കലില്‍ വയ്ക്കാന്‍ മതിയായ കാരണമുണ്ടോ ഇല്ലയോ’ എന്നതിനെക്കുറിച്ച് ഒരു ‘അഭിപ്രായം’ പ്രകടിപ്പിക്കുകയും ചെയ്യുന്നു.

തങ്ങളുടെ ഭാഗം അവതരിപ്പിക്കാന്‍ മതിയായ അവസരം നല്‍കുന്നില്ലെന്നാണ് തടങ്കലില്‍ കഴിയുന്നവര്‍ പറയുന്നത്. ആര്‍ട്ടിക്കിള്‍ 22 പ്രകാരം ഈ ബോര്‍ഡിന് മുന്നില്‍ തടവുകാരുടെ അഭിഭാഷകര്‍ ഹാജരാകുന്നത് നിരോധിക്കുന്നതിനാല്‍, തടവുകാരുടെ കുടുംബങ്ങള്‍ കരുണയ്ക്കായി യാചിക്കുകയാണ്. കോടതിയുടെ നടപടികള്‍ പൊതുതാല്‍പര്യത്തിന്റെ പേരില്‍ സംരക്ഷിക്കപ്പെടുകയാണ്. ആര്‍ട്ടിക്കിള്‍ 22 ആളുകള്‍ക്കിടയില്‍ വ്യത്യസ്തമായ നിയമവാഴ്ച സൃഷ്ടിച്ചിട്ടുണ്ട്. നിയമപരമായ നടപടിക്രമങ്ങള്‍ ജനാധിപത്യ ഭരണത്തിന് അടിസ്ഥാനമാണെന്ന് ബുദ്ധിജീവികള്‍ സൈദ്ധാന്തികമായി വിശ്വസിക്കുന്നു. എന്നാല്‍ താഴ്ന്നവര്‍ഗ്ഗത്തിന്റെ കാര്യത്തില്‍ ഇത് നടപ്പിലാക്കുന്നതും അതിനെക്കുറിച്ചുള്ള ധാരണകളും പ്രയോഗങ്ങളും പലപ്പോഴും പരാജയപ്പെടുന്നു.

അതെ, ഇന്ത്യയില്‍ സ്വാതന്ത്ര്യത്തിനെതിരായ ഭീഷണി മുമ്പത്തേതിനേക്കാള്‍ ഗുരുതരമാണ്, എന്നാല്‍ മേല്‍പ്പറഞ്ഞ വസ്തുതകളും പ്രയോഗങ്ങളും ഇത് അഭൂതപൂര്‍വമോ പെട്ടെന്നോ ഉണ്ടായ ഒന്നല്ലെന്ന് തെളിയിക്കുന്നു. വളരെക്കാലമായി, ഗവണ്‍മെന്റുകള്‍ മനുഷ്യന്റെ സ്വാതന്ത്ര്യത്തിന് നേരെയുള്ള ഭീഷണിയെ സ്ഥാപനവല്‍ക്കരിക്കുകയും തിരിച്ചറിയാന്‍ കഴിയാത്തവിധം അത് ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.
സിവില്‍ സമൂഹത്തില്‍ ഒരു വിഭാഗം ഈ സമ്പ്രദായത്തെ സജീവമായി ന്യായീകരിക്കുന്നുണ്ടെങ്കിലും ഇതിനെതിരെ അവകാശവാദങ്ങള്‍ ഉണ്ടായിരുന്നിട്ടും ബുദ്ധിജീവികള്‍ നിസ്സംഗത പാലിക്കുന്നു. ഈ മനോഭാവം ഒരു രാഷ്ട്രീയ മൂല്യമെന്ന നിലയില്‍ നിയമത്തിന് മുമ്പിലുള്ള സമത്വത്തെ ദുര്‍ബലപ്പെടുത്തുകയും സ്വാതന്ത്ര്യത്തിന് ഭീഷണി വരുത്തുന്ന അന്തരീക്ഷം സൃഷ്ടിക്കുകയും അതിനെ സാമാന്യവത്കരിക്കുകയും ചെയ്യുന്നു.

ഇപ്പോഴും 12ഓളം പ്രമുഖ ബുദ്ധിജീവികളെ മാത്രം ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകളാണ് നടക്കുന്നത്. സമൂഹത്തിലെ ക്ലാസ് അടിസ്ഥാനമാക്കിയുള്ള നിയമങ്ങളുടെ വിവേചനം മനസ്സിലാക്കിയിച്ചും പ്രമുഖര്‍ മനപൂര്‍വം അവഗണിക്കുകയാണ് ചെയ്യുന്നത്. ഇത്തരം വര്‍ഗ്ഗീയ വേര്‍തിരിവിനെ ദാരുണമായ ഓര്‍മ്മപ്പെടുത്തലാണിത്. മാത്രമല്ല അതിനെ ബാധിക്കുന്ന ധാരണകളെ മറികടക്കേണ്ടതിന്റെ ആവശ്യകതയുമാണ് ഇവിടെ സൂചിപ്പിക്കുന്നത്.

 

അവലംബം: thewire.in
വിവ: സഹീര്‍ വാഴക്കാട്

Related Articles