2011 സെപ്റ്റംബർ 11ന് കൃത്യം നാല് മാസം കഴിഞ്ഞാണ് യു.എസ് ഗ്വാണ്ടനാമോ തീരത്ത് ഉന്നത സുരക്ഷയിൽ ഒരു ജയിൽ ഒരുക്കിയത്. ഗിറ്റ്‌മോ എന്ന പേരിൽ അറിയപ്പെടുന്ന ഇവിടെ 780 തടവുകാരാണ് തുടക്കത്തിൽ ഉണ്ടായിരുന്നത്. ഭീകരതക്കെതിരായ യുദ്ധം എന്ന പേരിൽ ആരംഭിച്ച പോരാട്ടത്തിൽ അറസ്റ്റ് ചെയ്തവരെയാണ് ഇവിടെ ജയിലിലടച്ചത്. ഇപ്പോൾ ഇവിടെ 39 പേരാണുള്ളത്.
ജോർജ് ഡബ്ല്യു ബുഷ് പ്രസിഡന്റായ സമയത്താണ് തടവറ ആരംഭിക്കുന്നത്. 2001ൽ അമേരിക്ക അഫ്ഗാൻ അധിനിവേശം ആരംഭിച്ച ശേഷം അറസ്റ്റ് ചെയ്ത അൽഖാഇദ അംഗങ്ങളെ തടവിൽ പാർപ്പിക്കാൻ വേണ്ടിയാണ് ഇത് നിർമിച്ചത്. 780 തടവുകാരിൽ 732 പേരെ കുറ്റമൊന്നും ചുമത്താതെ വിട്ടയച്ചു. ഒരു ദശാബ്ദത്തിലേറെയായി തടങ്കലിൽ കഴിയുന്നതിനിടെ പലർക്കും അവരുടെ തടങ്കലിനെ ചോദ്യം ചെയ്യാൻ നിയമപരമായ മാർഗങ്ങളൊന്നുമില്ലായിരുന്നു.
ഗ്വാണ്ടനാമോ തടവറ എവിടെയാണ് ?
ക്യാംപ് എക്‌സ് റേ എന്ന പേരിൽ 2002ൽ ഒരു താത്കാലിക തടവറയാണ് ഇവിടെ സ്ഥാപിച്ചിരുന്നത്. പിന്നീട് ഏഴ് തടങ്കൽ പാളയങ്ങളാണ് ഈ ജയിൽസമുച്ചയത്തിൽ നിർമിച്ചത്. യു.എസ് സൈന്യത്തിന്റെ കണക്കനുസരിച്ച്, ബാക്കിയുള്ള എല്ലാ തടവുകാരും ഇപ്പോൾ അഞ്ചും ആറും ക്യാമ്പുകളിലാണുള്ളത്.
തടവുകാരുടെ സ്വദേശം
48 രാജ്യങ്ങളിൽ നിന്നുള്ള 780 തടവുകാരാണ് 2002ൽ ജനുവരി 11 മുതൽ ഇവിടെയുണ്ടായിരുന്നത്. ഹ്യൂമൻ റൈറ്റ്‌സ് വാച്ചിന്റെ കണക്കനുസരിച്ച് 16 പേർക്കെതിരെയാണ് ക്രിമിനൽ കുറ്റകൃത്യങ്ങൾ ചുമത്തിയത്.
ഏറ്റവും കൂടുതൽ തടവുകാരുള്ള രാജ്യങ്ങൾ ക്രമത്തിൽ: അഫ്ഗാനിസ്ഥാൻ-219, സൗദി അറേബ്യ -134, യെമൻ-115, പാകിസ്താൻ-72, അൾജീരിയ-23 എന്നിങ്ങനെയാണ് ന്യൂയോർക്ക് ടൈംസ് പുറത്തുവിട്ട കണക്കുകൾ.
73കാരനായ സൈഫുല്ല പ്രാചയാണ് ഏറ്റവും പ്രായം കൂടിയ തടവുകാരൻ. പാകിസ്താൻകാരനായ ഇദ്ദേഹത്തെ കുറ്റമൊന്നും ചുമത്തപ്പെടാതെ 17 വർഷമാണ് തടവിലടച്ചത്. കഴിഞ്ഞ മേയിൽ അദ്ദേഹത്തെ വെറുതെവിട്ടുകൊണ്ട് യു.എസ് പറഞ്ഞത് പ്രാച അമേരിക്കക്ക് സ്ഥിരമായ ഭീഷണിയല്ലെന്നാണ്. വരും മാസങ്ങളിൽ അദ്ദേഹത്തിന് വീട്ടിലേക്ക് മടങ്ങാനാകുമെന്ന് അഭിഭാഷകൻ അറിയിച്ചു.
ആ 780 തടവുകാർക്ക് എന്ത് സംഭവിച്ചു ?
2002 മുതലുള്ള 732 തടവുകാരെ തടവുകാരെ കൈമാറുന്ന കരാർ പ്രകാരം അവരുടെ സ്വന്തം രാജ്യങ്ങളിലേക്കോ അല്ലെങ്കിൽ മറ്റു രാജ്യങ്ങളിലേക്കോ അയച്ചു. 39 പേർ ഇപ്പോഴും ജയിലിലുണ്ട്. ഒൻപത് പേർ കസ്റ്റഡിയിൽ മരണപ്പെട്ടു.
ജയിലിൽ അവശേഷിക്കുന്ന 39 പേരിൽ 17 പേരെ കൈമാറ്റം ചെയ്യാനുള്ള രേഖകളില്ലാതെ അനിശ്ചിതത്വത്തിലാണ്. 10 പേർക്ക് സുരക്ഷ വ്യവസ്ഥകൾ പാലിച്ചാൽ ഉടൻ മടങ്ങാം, 10 പേർക്കെതിരെ യു.എസ് സൈന്യം കുറ്റം ചുമത്തിയിട്ടുണ്ട്. രണ്ടു പേർക്ക് ശിക്ഷ വിധിച്ചിട്ടുമുണ്ട്.
ജയിൽ അടച്ചുപൂട്ടുമോ ?
കഴിഞ്ഞ 20 വർഷമായി ലോകത്തിലെ ഏറ്റവും കുപ്രസിദ്ധിയാർജിച്ച തടങ്കൽ കേന്ദ്രം മനുഷ്യാവകാശ ലംഘനങ്ങളുടെ പ്രതീകമായി മാറുകയായിരുന്നു. ഇക്കാലയളവിൽ നാല് പ്രസിഡന്റുമാർ അമേരിക്ക ഭരിച്ചു. വിവിധ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും യു.എന്നും ആംനെസ്റ്റിയും എച്ച്.ആർ.ഡബ്ല്യുവും റെഡ് ക്രോസുമെല്ലാം നിരന്തരം ഇവിടുത്തെ മനുഷ്യാവകാശ ലംഘനങ്ങളെ അപലപിച്ചുകൊണ്ടിരുന്നു.
കഠിനമായ ചോദ്യം ചെയ്യൽ രീതികൾ ഉൾപ്പെടെ,ഇവിടെയുള്ള പീഡനമുറകൾ ക്രൂരമാണെന്ന് വ്യാപക വിമർശനമുണ്ടായിരുന്നു. 2006ൽ യു.എൻ സെക്രട്ടറി ജനറൽ കോഫി അന്നൻ യു.എസിനോട് എത്രയും പെട്ടെന്ന് തടങ്കൽ പാളയം അടച്ചുപൂട്ടാൻ ആവശ്യപ്പെട്ടിരുന്നു. യു.എൻ നിയോഗിച്ച സ്വതന്ത്ര പാനലിന്റെ ഒരു പ്രധാന നിഗമനത്തെ പിന്തുണച്ചുകൊണ്ടായിരുന്നു അത്.
എന്നാൽ 2018ൽ ഡൊണാൾഡ് ട്രംപ് ജയിൽ തുറന്നിടുമെന്ന് പ്രഖ്യാപിച്ച് ഒബാമയുടെ ഉത്തരവ് പിൻവലിക്കുകയും ചെയ്തു. 2021 ജൂലൈയിൽ പ്രസിഡന്റ് ജോ ബൈഡൻ ഒബാമ ഭരണകൂടം പ്രഖ്യാപിച്ച ഉത്തരവ് വീണ്ടും പുതുക്കി. ബൈഡൻ ഭരണത്തിന് കീഴിൽ ആദ്യമായി കൈമാറ്റം ചെയ്ത തടവുകാരൻ മൊറോക്കോക്കാരനായ അബ്ദുൽ ലത്വീഫ് നാസറാണ്. 2002 മുതൽ തടങ്കലിലായിരുന്നു അദ്ദേഹം.
ബുഷിന്റെ ഭരണകാലയളവിൽ (2001-2009) വരെ ഏകദേശം 540 പേരെ വിട്ടയച്ചു. 2009-2017വരെ ഒബാമയുടെ കാലത്ത് 200 പേരെയും 2017-2021 വരെ ട്രംപിന്റെ കാലത്ത് ഒരാളെയുമാണ് വിട്ടയച്ചത്.
അവലംബം: അൽജസീറ
വിവ: സഹീർ വാഴക്കാട്
📲 വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ👉: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL