Current Date

Search
Close this search box.
Search
Close this search box.

പ്രക്ഷോഭം,സമരം,ഏറ്റുമുട്ടല്‍: കനലടങ്ങാതെ സുഡാന്‍

സ്വാതന്ത്ര്യം,സമാധാനം,നീതി എന്നീ മുദ്രാവാക്യമുയര്‍തത്തി സുഡാന്‍ തലസ്ഥാനമായ കാര്‍തൂമില്‍ നടക്കുന്ന പ്രക്ഷോഭം നാള്‍ക്കുനാള്‍ ലോകശ്രദ്ധ പിടിച്ചുപറ്റുകയാണ്. ചരിത്രത്തിലാദ്യമായാണ് പ്രസിഡന്റ് ഒമര്‍ അല്‍ ബാശിര്‍ ഇത്തരത്തില്‍ പ്രക്ഷോഭം നേരിടുന്നത്. ദാരിദ്ര്യം,അവിശ്വാസം,വെറുപ്പ് തുടങ്ങി വിവിധങ്ങളായ വെല്ലുവിളികളാണ് ചെങ്കടല്‍ തീരം സാക്ഷ്യം വഹിക്കുന്നത്.

രാജ്യത്തിന്റെ സമ്പദ് ഘടനയുടെ നട്ടെല്ലായ തുറമുഖ വ്യവസായവും കനത്ത പ്രതിസന്ധിയാണ് നേരിട്ട് കൊണ്ടിരിക്കുന്നത്.
രാജ്യത്തെ പ്രധാന കയറ്റുമതി,ഇറക്കുമതി കേന്ദ്രമായ തുറമുഖത്ത് പ്രതിസന്ധി നേരിട്ടാല്‍ രാജ്യത്തിനാകെ അത് ബാധിക്കും. ഈ പ്രതിസന്ധി രാജ്യത്തിന്റെ മറ്റു ഭാഗങ്ങളെയും ബാധിച്ചിട്ടുണ്ട്.
ഇതില്‍ നിന്നും കരകയറാനായുള്ള സാമ്പത്തികാവസ്ഥ മറികടക്കാന്‍ ഇതുവരെ സുഡാന്‍ ഭരണകൂടത്തിന് ആയിട്ടില്ല. ഇതു തന്നെയാണ് പ്രക്ഷോഭവും സമരവും വര്‍ധിക്കാന്‍ ഇടയാക്കിയത്. 14 വര്‍ഷം മുന്‍പ് രാജ്യത്ത് നടന്ന കൂട്ടക്കൊലയുടെ ഓര്‍മകള്‍ കൂടി അനുസ്മരിക്കുമ്പോള്‍ ഈ തുറമുഖ നഗരത്തിന്റെ പിരിമുറുക്കം ആകാശം തൊടും. തുറമുഖത്തെ തൊഴിലാളികള്‍ ജോലിയില്ലാതെ പട്ടിണിയിലാണ്. ഇവര്‍ക്ക് വേതനം നല്‍കുന്നുമില്ല. തുറമുഖ തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെടില്ലെന്നും മറ്റു ജോലികള്‍ നല്‍കുമെന്നുമാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ ഈ ഉറപ്പൊന്നും വിശ്വസിക്കാന്‍ തൊഴിലാളികള്‍ തയാറല്ല. അതിനാല്‍ തന്നെ രാജ്യത്തെ സുരക്ഷ സ്ഥിതിഗതികള്‍ അതീവ ദുര്‍ബലമാണ്.

വിലക്കയറ്റത്തിനെതിരെ ആരംഭിച്ച സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം കൂടുതല്‍ രൂക്ഷമായി രാജ്യത്തുടനീളം വ്യാപിച്ചിരിക്കുകയാണ്. സമരക്കാരെ തോക്കും ലാത്തിയും ടിയര്‍ ഗ്യാസ്,റബ്ബര്‍ ബുള്ളറ്റ് എന്നിവ ഉപയോഗിച്ചാണ് സര്‍ക്കാര്‍ സൈന്യം നേരിടുന്നത്.
പ്രക്ഷോഭകര്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്കും മാര്‍ച്ച് നടത്തി. മൂന്നു പതിറ്റാണ്ടായി രാജ്യത്ത് ഭരണം നടത്തുന്ന ഒമര്‍ അല്‍ ബാഷറിന്റെ ഭരണം അവസാനിപ്പിക്കണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്. ഇക്കാര്യമാവശ്യപ്പെട്ട് സുഡാനിലെ ട്രേഡ് യൂണിയനുകളും സമരരംഗത്തുണ്ട്. വിലക്കയറ്റം തടയാനും ജീവിത നിലവാരം മെച്ചപ്പെടുത്താനും ആവശ്യപ്പെട്ട് ആരംഭിച്ച പ്രക്ഷോഭം രണ്ടാമത്തെ മാസത്തിലേക്ക് കടന്നു.

രാജ്യത്തെ സുരക്ഷയും സമാധാനവും തകര്‍ന്നുകഴിഞ്ഞെന്നും പുറത്തുനിന്നും സൈന്യത്തെയോ മറ്റു സഹായമോ അധികൃതര്‍ തേടണമെന്നും അല്ലാത്തപക്ഷം കാര്യങ്ങള്‍ വഷളാകുമെന്നുമാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.

Related Articles