Current Date

Search
Close this search box.
Search
Close this search box.

ഈജിപ്തിൽ കുതിച്ചുയരുന്ന ആത്മഹത്യാനിരക്ക്

ഈജിപ്തിലെ നാലാം വർഷ ദന്തൽ കോള‍ജ് വിദ്യാർഥി വീട്ടിൽ നിന്ന് പുറത്തുപോകരുതെന്ന് അവളുടെ കുടുംബം സമ്മർദ്ദം ചെലുത്തിയത് കാരണം കടുത്ത വിഷാദത്തിന് അടിമപ്പെട്ട് ആത്മഹത്യ ചെയ്തത് രണ്ടാഴ്ച മുമ്പാണ്. സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്ന ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ തടയാൻ ഈജിപ്തിലെ പബ്ലിക്ക് പ്രോസിക്യൂഷൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ നടത്തുകയാണിപ്പോൾ. ദൃശ്യങ്ങൾ ഷെയർ ചെയ്യുന്നവർക്ക് കടുത്ത ശിക്ഷാനടപടികൾ സ്വീകരിക്കേണ്ടിവരുമെന്ന് മുന്നറിയിപ്പും നൽകുന്നുണ്ട്.

ദന്തൽ വിദ്യാർഥി ആത്മഹത്യ ചെയ്ത് മണിക്കൂറുകൾക്കകം മറ്റൊരു യുവാവ് തന്റെ കുടുംബത്തിൽ നിന്നും അഭിമുഖീകരിക്കുന്ന മാനസിക സമ്മർദ്ദം കാരണം ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയുണ്ടായി. അറുപത് വയസ്സ്കാരൻ മെട്രോയിലേക്ക് എടുത്തുചാടിയത് കഴിഞ്ഞമാസമാണ്. ആഗസ്റ്റിൽ മാത്രം പരീക്ഷാഫലത്തിൽ അസന്തുഷ്ടരായത് കാരണം ആത്മഹത്യ ചെയ്യുകയോ ആത്മഹത്യാശ്രമം നടത്തുകയോ ചെയ്തവരുടെ എണ്ണം 9 ആണ്. രണ്ടാഴ്ച മുമ്പാണ്, അറബ് ഫൗണ്ടേഷൻ ഫോർ ഹ്യൂമൻ റൈറ്റ്സിന്റെ എക്സിക്യുട്ടീവ് ഡയറക്ടർ ഈജിപ്തിലെ ആത്മഹത്യാനിരക്ക് പ്രതിമാസം 30 മുതൽ 35 വരെ ആണെന്നും ഈ വർഷം ഇതുവരെ ആത്മഹത്യ ചെയ്തവരുടെ എണ്ണം 200ൽ അധികമാണെന്നും പ്രസ്താവിച്ചത്.

സാമ്പത്തിക-രാഷ്ട്രീയ സാഹചര്യങ്ങൾ വഷളാകുന്നതും കുടുംബ-ദാമ്പത്യ തർക്കങ്ങളുമാണ് പലപ്പോഴും ആത്മഹത്യയിലേക്ക് നയിക്കുന്നതെന്നാണ് മനുഷ്യാവകാശസംഘടനകൾ വിലയിരുത്തുന്നത്. ഈജിപ്തിലെ ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗവും ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്. അതോടൊപ്പം തുടർച്ചയായ ചെലവ്ചുരുക്കൽ നയങ്ങളും ആഴത്തിൽ വേരൂന്നിയ അഴിമതിയും ദുർബലരായ ജനങ്ങളെ കൂടുതൽ പ്രയാസപ്പെടുത്തുകയാണ്. ഈജിപ്തിലെ ജയിലറകൾക്കകത്തും ഭീതിജനകമായ ആത്മഹത്യകൾ നിരന്തരമായി നടക്കുന്നുണ്ട്. കുടുംബസന്ദർശനം നിഷേധിച്ചതിനെത്തുടർന്നാണ് ഓഗസ്റ്റിൽ രണ്ട് പേർ ആത്മഹത്യക്ക് ശ്രമിച്ചത്. വിചാരണക്ക് മുമ്പ് രണ്ട് വർഷം തടങ്കലിൽ പാർപ്പിച്ചത് കാരണം മാനസികാരോഗ്യം വഷളായതിനെത്തുടർന്ന്, ഈജിപ്തിലെ പ്രമുഖ ആക്ടിവിസ്റ്റ് അലാ അബ്ദുൽഫത്താഹ് ഉമ്മയോട് തനിക്ക് അനുശോചനം നേരാൻ ആവശ്യപ്പെട്ടിരുന്നത് പ്രശ്നങ്ങളുടെ ഗൗരവം വ്യക്തമാക്കുന്നതാണ്.

കാര്യങ്ങൾ എത്ര പരിതാപകരമായി എന്നതിന്റെ നേർചിത്രമാണ് മാർച്ചിൽ സീനായിൽ വെച്ച് വലിയ തോതിലുള്ള ഉറക്കഗുളികകൾ വിഴുങ്ങിയ അബ്ദുല്ല ബൗമീദ് എന്ന കുട്ടിത്തടവുകാരൻ. അറസ്റ്റ് ചെയ്യപ്പെടുമ്പോൾ 12 വയസ്സായിരുന്നു അബ്ദുല്ലയുടെ പ്രായം. ജയിലിൽ നിന്നും തിരോധാനം സംഭവിച്ചതിന്റെ വിശദാംശങ്ങൾ പുറത്തുവരുമ്പോഴാണ് ജയിലിൽ അവൻ അനുഭവിച്ച പീഡനങ്ങളുടെ കഥ പുറത്തുവരുന്നത്. ആത്മഹത്യാശ്രമങ്ങൾ ജയിലിൽ വ്യാപകമാണെന്നും പ്രമുഖ വ്യക്തികൾ നടത്തുമ്പോൾ മാത്രമാണ് അത് വാർത്തയാവുന്നതെന്നും അൽ-ജസീറ റിപ്പോർട്ട് ചെയ്യുന്നു. ഉദാഹരണത്തിന്, ഈജിപ്ഷ്യൻ നെറ്റ് വർക്ക് ഫോർ ഹ്യൂമൻ റൈറ്റ്സ് ഫെയ്സ്ബുക്കിലൂടെ പറഞ്ഞത് പരമാവധി സുരക്ഷയുള്ള സ്കോർപിയോൺ ജയിലിൽ പോലും നിരവധി തടവുകാർ ആത്മഹത്യക്ക് ശ്രമിച്ചുവെന്നാണ്. വ്യായാമത്തിന് സമയം നിഷേധിച്ചതും കടുത്ത നിയന്ത്രണങ്ങളുമായിരുന്നു ആത്മഹത്യക്ക് പ്രേരിപ്പിച്ചത്. എന്നിരുന്നാലും കൃത്യമായ സംഖ്യ പുറത്തുവന്നിരുന്നില്ല. അധികൃതർ ഇത്തരം വാർത്തകളെ പരമാവധി നിഷേധിക്കുകയാണ് ചെയ്യുന്നത്.

അൽ ജസീറ റിപ്പോർട്ട് പ്രകാരം, പല സ്ത്രീ തടവുകാരും ആത്മഹത്യ ചെയ്യുന്നുണ്ട്. പ്രത്യേകിച്ച്, നീണ്ട ശിക്ഷ അനുഭവിക്കുന്നവർ, പ്രതീക്ഷ നഷ്ടപ്പെടുന്നവർ, ഏകാന്തത അനുഭവപ്പെടുന്നവർ, ഒറ്റപ്പെടുകയും വിഷാദരോഗം അനുഭവിക്കുകയും ചെയ്യുന്നവർ തുടങ്ങിയവരാണ് ആത്മഹത്യക്ക് ശ്രമിക്കുന്നത്. ഈജിപ്ഷ്യൻ അധികാരികൾ ജയിൽ സന്ദർശനങ്ങൾ കർശനമായി നിയന്ത്രിച്ചിരിക്കുന്നു എന്ന വസ്തുത ഇതിനോടൊപ്പം ചേർത്ത് വായിക്കണം. അപ്രകാരം, ജയിലിന് പുറത്ത് എത്രയെത്ര ആളുകളാണ് പൊതു മണ്ഡലത്തിൽ നിന്ന് അകറ്റി നിർത്തപ്പെടുന്നത് കാരണം ആത്മഹത്യക്ക് ശ്രമിക്കുന്നതെന്ന കണക്ക് ഇപ്പോഴും വ്യക്തമല്ല.

ആത്മഹത്യാശ്രമങ്ങൾ വർദ്ധിക്കുന്നത് ഗൗരവമായി എടുത്ത് അതിനുള്ള പരിഹാരങ്ങൾ ആലോചിക്കുകയോ ഭാവിയിൽ അത് തടയാനുള്ള തീരുമാനങ്ങൾ എടുക്കുകയോ ചെയ്യുന്നതിന് പകരം ഇത്തരം വാർത്തകൾ എങ്ങനെ പുറത്ത് വരാതിരിക്കാം, അതിനുള്ള നിയമനടപടികൾ എങ്ങനെ സ്വീകരിക്കാം എന്നതിനെക്കുറിച്ചാണ് അധികാരികൾ ഇപ്പോഴും ചർച്ചചെയ്തുകൊണ്ടിരിക്കുന്നത്. ആത്മഹത്യകളോ ആത്മഹത്യാശമങ്ങൾക്കോ ദൃശ്യത നൽകരുതെന്നും അവരുടെ അനുവാദമില്ലാതെ അത്തരം വാർത്തകൾ പുറത്തുവിടരുതെന്നുമാണ് സുപ്രീം കൗൺസിൽ ഫോർ മീഡിയ റെഗുലേഷൻ പറയുന്നത്.

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട സമയത്ത്, കൊറോണ കേസുകളുടെ വർദ്ധനവ് റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകരെ അടിച്ചമർത്തിയ അധികാരികൾക്ക് മുന്നിൽ, ഈജിപ്തിൽ ആത്മഹത്യാനിരക്ക് വർധിക്കുന്നതിന്റെ വാർത്തകൾ റിപ്പോർട്ട് ചെയ്താൽ സുരക്ഷാസേനയുടെ പീഡനം രൂക്ഷമാകുമെന്ന തിരിച്ചറിവ് മാധ്യമപ്രവർത്തകർക്കുണ്ട്. നിലവിൽ സ്ഥിതിഗതികൾ നിരീക്ഷിക്കുമ്പോൾ ആത്മഹത്യാനിരക്ക് ഉയരുന്നതിന് കാരണമാകുന്ന രാഷ്ട്രീയവും സാമ്പത്തികവുമായ ഘടകങ്ങൾക്ക് മാറ്റം വരാതെ, ആത്മഹത്യ ചെയ്യാനുള്ള പ്രവണത വർധിക്കാനാണ് സാധ്യത!

വിവ: അബ്ദുല്ലത്തീഫ് പാലത്തുങ്കര

???? വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ????: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles