Current Date

Search
Close this search box.
Search
Close this search box.

ഭീകരവാദ മുദ്ര തകർത്ത ജീവിതങ്ങൾ

“അന്വേഷണ ഏജൻസികളും മീഡിയകളും ചേർന്ന് എന്റെ മേൽ ചാർത്തിയ ഭീകരവാദ മുദ്ര ആരാണ് കഴുകിക്കളയുക?” കഴിഞ്ഞ ശനിയാഴ്ച ജയിൽ മോചിതനായി ബറൈലി സെൻട്രൽ ജയിലിൽ നിന്നും പുറത്തേക്ക് നടക്കുമ്പോൾ ഗുലാബ് ഖാൻ ചോദിച്ചു.

“12 വർഷത്തോളം കാലം ഞാൻ ജയിലിലടക്കപ്പെട്ടു- കൊലപാതക കുറ്റം ചെയ്ത ഒരാൾക്കു ലഭിക്കുന്ന തടവുശിക്ഷാകാലാവധിക്കു സമാനമാണിത്. ഈ അവസ്ഥയിൽ കോടതി എന്നെ സഹായിക്കുമോ? ഞാൻ നിരപരാധിയാണെന്ന് മാധ്യമങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്തുമോ? അദ്ദേഹം ചോദിച്ചു.

2008-ലെ ഒരു ഭീകരാക്രമണ കേസിൽ പങ്കുണ്ടെന്ന് പറഞ്ഞാണ്, ഉത്തർപ്രദേശിലെ ബറൈലി ജില്ലയിലെ ബഹേരി പട്ടണ നിവാസിയായ ഖാൻ അറസ്റ്റ് ചെയ്യപ്പെട്ടത്. രാംപൂർ കോടതി കുറ്റവിമുക്തരാക്കിയ രണ്ടു പേരിൽ ഒരാളാണ് ഈ 48 വയസ്സുകാരൻ.

“ഭീകരാക്രമണവുമായി എനിക്ക് ഒരു ബന്ധവും ഉണ്ടായിരുന്നില്ല. പക്ഷേ എന്റെ മേൽ കേസ് ചാർത്തപ്പെട്ടു. 12 വർഷത്തിനു ശേഷം ജയിലിൽ നിന്നിറങ്ങിയപ്പോൾ, ഞാൻ സർവശക്തന് നന്ദി പറഞ്ഞു. സ്വന്തക്കാരെയും കണ്ടതിന്റെയും ശുദ്ധവായും ശ്വസിക്കാൻ കഴിഞ്ഞതിന്റെയും സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല. പക്ഷേ എങ്ങനെ ജീവിതം ആദ്യം മുതൽ തുടങ്ങും? ഇന്ന് കോടികൾ വിലമതിക്കുന്ന എന്റെ കട കേസിനു വേണ്ടി വിൽക്കേണ്ടി വന്നു. എന്റെ 3 ഏക്കർ വരുന്ന ഭൂമിയും വിറ്റു. 48 വയസ്സായ എന്റെ കൈയ്യിൽ ഇപ്പോൾ ഒന്നും അവശേഷിക്കുന്നില്ല,”ഖാൻ പറഞ്ഞു.

ബഹേരിയിൽ ഒരു വെൽഡിംഗ് ഷോപ്പ് നടത്തുകയായിരുന്നു ഖാൻ. ഭീകരാക്രമണത്തിലെ പങ്ക്, ആയുധങ്ങൾ കൈവശം വെച്ചു തുടങ്ങിയ കുറ്റങ്ങളുടെ പേരിൽ 2008 ഫെബ്രുവരിയിലാണ് അദ്ദേഹം അറസ്റ്റ് ചെയ്യപ്പെടുന്നത്. നാലു പ്രതികളിൽ ഒരാളായ അദ്ദേഹത്തിന്റെ ഭാര്യാസഹോദരൻ, രാംപൂർ നിവാസി മുഹമ്മദ് ഷരീഫിന് ശനിയാഴ്ച കോടതി വധശിക്ഷ വിധിച്ചിരുന്നു. അതേസമയം, കേസിൽ നിന്നും കുറ്റവിമുക്തനായ, ഉത്തർപ്രദേശിലെ പ്രതാപ്നഗർ സ്വദേശി മുഹമ്മദ് കൗസർ എന്നയാളും ശനിയാഴ്ച ജയിലിൽ നിന്നും ഇറങ്ങി.

“ഗുലാബ് ഖാനും മുഹമ്മദ് കൗസറും ഏതാണ്ട് 12 വർഷക്കാലത്തോളമാണ് ചെയ്യാത്ത കുറ്റത്തിന് ജയിലിൽ കിടന്നത്. അവർ അവരുടെ കടകൾ വിറ്റു, സമ്പാദ്യമെല്ലാം കേസിനു വേണ്ടി ചെലവഴിച്ചു. ഇപ്പോഴിതാ കോടതി അവരെ കുറ്റവിമുക്തരാക്കിയിരിക്കുന്നു, പക്ഷേ ജയിലിൽ നഷ്ടപ്പെട്ടുപോയ വർഷങ്ങൾ തിരികെ നൽകാൻ ഒന്നിനുമാവില്ല.” ഗുലാബ് ഖാന്റെ സഹോദരൻ കമാൽ ഖാൻ പറഞ്ഞു.

2008 ഫെബ്രുവരി 10-ആം തിയ്യതി, രാവിലെ വെൽഡിംഗ് ഷോപ്പിലേക്ക് ഇറങ്ങാൻ നിൽക്കുമ്പോൾ എന്റെ ബെഡ്റൂമിൽ വെച്ചാണ് ഞാൻ അറസ്റ്റ് ചെയ്യപ്പെട്ടത്. എന്റെ നാടായ ബഹേരിയിൽ നിന്നും 50 കിലോമീറ്റർ അകലെയുള്ള, ബറൈലി ജയിലിൽ നടന്ന ഒരു അടിപിടിയുമായി ബന്ധപ്പെട്ട് എനിക്കെതിരെ എഫ്.ഐ.ആർ ഫയൽ ചെയ്തിട്ടുണ്ട് എന്നാണ് അറസ്റ്റ് ചെയ്യുമ്പോൾ എന്നോട് പറഞ്ഞത്. മൂന്ന് നാല് മാസത്തോളമായി ഞാൻ ബറൈലിയിൽ പോയിട്ടെന്ന് പറഞ്ഞെങ്കിലും, അതൊന്നും കേൾക്കാൻ തയ്യാറാകാതെ എന്നെ കാറിൽ കയറ്റുകയായിരുന്നു. ആദ്യം അവരെന്നെ ഒരു അടച്ചുപൂട്ടിയ പഞ്ചസാര മില്ലിൽ താമസിപ്പിച്ചു, പിന്നീട് ഒരു ഹോട്ടലിലേക്ക് മാറ്റി, ശേഷം രാംപൂരിലേക്ക് കൊണ്ടുപോയി. തൊട്ടടുത്ത ദിവസം, വൈദ്യപരിശോധനയ്ക്കു ശേഷം, ഒരു ഭീകരാക്രമണത്തിൽ ‘പങ്കുണ്ടെന്ന്’ പറഞ്ഞത് രാംപൂർ ജയിലിലേക്ക് മാറ്റി.” ഗുലാബ് പറഞ്ഞു.

കടുത്ത സാമ്പത്തിക പ്രയാസങ്ങളിലൂടെയാണ് കുടുംബം കടന്നുപോയത്, അദ്ദേഹത്തിന്റെ കുട്ടികൾക്ക് സ്കൂൾ പഠനം പാതിയിൽ വെച്ച് നിർത്തേണ്ടി വന്നു. “എന്റെ ഉമ്മയും അമ്മായിയും മരണപ്പെട്ടു, അവരുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ പോലും എനിക്ക് സാധിച്ചില്ല. സാമ്പത്തിക പ്രയാസം മൂലം ബില്ലടയ്ക്കാൻ കഴിയാത്തതു കാരണം, വീട്ടിലേക്കുള്ളവൈദ്യുതികണക്ഷൻ വിച്ഛേദിച്ചിരിക്കുകയാണ്.” കമാൽ ഖാൻ പറഞ്ഞു.

പോലീസിന്റെ കുഴലൂത്തുകാരായി പ്രവർത്തിച്ച, തങ്ങൾക്കെതിരെ കെട്ടിച്ചമച്ച നുണകൾ പ്രചരിപ്പിച്ച ഏതാനും മാധ്യമസ്ഥാപനങ്ങൾക്കെതിരെ കുറ്റവിമുക്തരായവരുടെ രോഷം അണപൊട്ടിയൊഴുകി. “അടിസ്ഥാന രഹിതവും കെട്ടിച്ചമച്ചതുമായ കഥകൾ പ്രസിദ്ധീകരിച്ച് മാധ്യമങ്ങൾ ഞങ്ങളുടെ ജീവിതം തകർത്തു,” ഗുലാബ് പറഞ്ഞു.

വർഷങ്ങളോളം ജയിലിൽ കിടന്നതിനു ശേഷം നിരപരാധികളാണെന്ന് തെളിഞ്ഞ് ജയിൽ മോചിതരായ മുസ്ലിംകളുടെ ആദ്യത്തെ കേസല്ല ഇത്. സമാനമായി, വ്യാജ ഏറ്റുമുട്ടൽ കേസിൽ അകപ്പെട്ട, ഉത്തർപ്രദേശിലെ മുസ്സഫർ നഗർ ജില്ലയിൽ നിന്നുള്ള നാലു മുസ്ലിം യുവാക്കളെയും ഒരു പാകിസ്ഥാനി പൗരനെയുംആഗസ്റ്റ് 5ന് അലഹബാദ് ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ഇതേ കേസിൽപെട്ട് കഴിഞ്ഞ 19 വർഷമായി തടവിൽ കഴിഞ്ഞ മറ്റു രണ്ടു പേരും കൂടി കുറ്റവിമുക്തരായിരുന്നു.

അവലംബം: newsclick
മൊഴിമാറ്റം: ഇർഷാദ് കാളച്ചാൽ

Related Articles