Current Date

Search
Close this search box.
Search
Close this search box.

ഹിബാക്കുഷ *

മനുഷ്യചരിത്രത്തില്‍ തങ്ങളുടെ ചിന്തയും പഠനവും ഗവേഷണങ്ങളും കൊണ്ട്. വിവാദങ്ങളുണ്ടാക്കിയ വ്യക്തികള്‍ ധാരാളമുണ്ട്. എന്നാല്‍ ഇരുപതാംനൂറ്റാണ്ടില്‍ മാനവരാശിയുടെ പുരോഗതിക്കും സൗഭാഗ്യങ്ങള്‍ക്കും ഗണ്യമായ സംഭാവനകളര്‍പ്പിച്ചവരും മനുഷ്യരടക്കമുള്ള ജീവജാലങ്ങളെ ഒന്നായി ഉന്മൂലനം ചെയ്യാനുള്ള മാരകശക്തി സംഭരിച്ചവരുമുണ്ടായിരുന്നു. വെടിമരുന്ന് കണ്ടുപിടിച്ച ആല്‍ഫ്രഡ് നോബല്‍ തന്റെ സഹോദരനും പരീക്ഷണശാലയും സ്‌ഫോടനത്തില്‍ ഒന്നായി ചാമ്പലാവുന്നതിന് ദൃക്‌സാക്ഷിയാകേണ്ടിവന്നു.

രണ്ടാം ലോകയുദ്ധത്തിന്റെ ആരംഭത്തില്‍ 1939 ആഗസ്ത് 2 ന്  പ്രസിദ്ധ ശാസ്ത്രജ്ഞന്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍ അമേരിക്കന്‍ പ്രസിഡന്റ് ഫ്രാങ്ക്‌ളിന്‍ ഡി. റൂസ്‌വെല്‍റ്റിന് അയച്ച ഒരു കത്തില്‍നിന്നാണ് ആറ്റം ഗവേഷണത്തിന്റെ തുടക്കം കുറിക്കുന്നത്. ജര്‍മ്മനിയില്‍ നാസികള്‍ യുറേനിയം വികസിപ്പിച്ചെടുക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ടെന്നും അതെങ്ങാനും വിജയിച്ചാല്‍ അവര്‍ ആറ്റംബോമ്പ് നിര്‍മിച്ചേക്കുമെന്നുമായിരുന്നു എഴുത്തിന്റെ ഉള്ളടക്കം.

ഐന്‍സ്റ്റീന്റെ എഴുത്ത് ഗൗരവത്തിലെടുത്ത പ്രസിഡന്റ് റുസ്‌വെല്‍ട്ട് 1942 ല്‍ ആദ്യത്തെ ആറ്റംബോമ്പ് നിര്‍മ്മിക്കാനായി  ‘മന്‍ഹട്ടന്‍ പ്രോജക്റ്റ്’ എന്ന രഹസ്യ കോഡ് നാമത്തില്‍ അറിയപ്പെട്ട ഒരു പദ്ധതി തയ്യാറാക്കി. ഈ പദ്ധതിയുടെ തലവനും പ്രോജക്റ്റ് ഡയരക്ടറും കാലിഫോര്‍ണിയാ യൂനിവാഴ്‌സിറ്റിയിലെ പ്രസിദ്ധഭൗതികശാസ്ത്ര-രസതന്ത്ര പ്രഫസ്സറായിരുന്ന ജൂലിയസ് റോബര്‍ട്ട് ഓപ്പണ്‍ഹൈമര്‍ എന്ന ജര്‍മ്മന്‍കാരനായിരുന്നു. ന്യൂമെക്‌സിക്കോയിലെ അലമോസ് ക്യാമ്പില്‍ അമേരിക്കയുടെ വിവിധഭാഗങ്ങളില്‍നിന്നുള്ള ആയിരത്തിലധികം സാങ്കേതികവിദഗ്ദരും ശാസ്ത്രജ്ഞരും ബോമ്പ് നിര്‍മാണത്തില്‍ മുഴുകി. വളരെ രഹസ്യമായി തുടര്‍ന്ന ഈ സംരംഭത്തില്‍ പങ്കെടുത്തവര്‍ പോലും തമ്മില്‍ പരിചയമില്ലാത്തവരായിരുന്നു. ആദ്യ പരീക്ഷണം ന്യൂമെക്‌സിക്കോയിലെ മരുഭൂമിപ്രദേശത്ത്തീരുമാനിച്ചു.. ‘ട്രിനിറ്റി’ എന്ന് നാമകരണം ചെയ്യപ്പെട്ട ഈ ബോമ്പ് രൂപകല്‍പന ചെയ്യുന്നതിന്റെയും  നിര്‍മ്മാണത്തിന്റേയും ചുമതല മുഴുവന്‍ ഓപ്പണ്‍ഹൈമര്‍ക്കായിരുന്നു.

മൂന്ന് വര്‍ഷങ്ങള്‍ക്കുശേഷം 1945 ജൂലായി 16ന്ന് കാലത്ത് 5.30 ന്ന് ന്യൂമെക്‌സിക്കോയിലെ മരുഭൂമിയില്‍ ഒറ്റപ്പെട്ട വിദൂര പ്രദേശത്ത് ആദ്യപരീക്ഷണം തൃപ്തികരമായി നടത്തി. ആറ്റം ബോമ്പിന്റെ വിനാശശക്തി തിരിച്ചറിഞ്ഞ മെക്‌സിക്കോ നിവാസികള്‍ ഇനി ഇത്തരം പരീക്ഷണങ്ങള്‍ തങ്ങളുടെ സ്ഥലത്ത് നടത്തരുതെന്ന് സര്‍ക്കാറിനോടപേക്ഷിക്കുകയുണ്ടായി.

ഇരുപത് ദിവസങ്ങള്‍ക്കുശേഷം 1945 ആഗസ്ത് ആറാംതിയതി രാവിലെ 8.15 ന് ജാപ്പാനിലെ ഹിരോഷിമാ നഗരത്തിന്റെ മദ്ധ്യഭാഗത്ത് 1900 അടി ഉയരത്തില്‍ അണുബോംബ് പൊട്ടിച്ചു. തുടര്‍ന്നുണ്ടായ സ്‌ഫോടനവും അഗ്നിപ്രളയവുമാണ് അണുബോംബ് എന്ന അസുരന്റെ അവതാരത്തെപ്പറ്രി മനുഷ്യവര്‍ഗത്തിന് ആദ്യമായി അറിവുനല്‍കിയത്.

മൂന്നരലക്ഷം ജനങ്ങള്‍ വസിച്ചിരുന്ന ഹിരോഷിമാ നഗരത്തെ ഏതാനും സെക്കന്റുകള്‍ക്കകം ഈ ബോംബ് നരകമാക്കി മാറ്റി. പതിനായിരക്കണക്കില്‍ മനുഷ്യര്‍ പൊള്ളലേറ്റും തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍പെട്ട് ചതഞ്ഞും ഉടന്‍ മരണമടഞ്ഞു. വേറൊരു പതിനായിരത്തിന് വിസ്‌ഫോടനത്തെതുടര്‍ന്നുണ്ടായ അണുപ്രസരമേറ്റ് മാരകമായ റേഡിയേഷന്‍ സിക്ക്‌നസ് ബാധിച്ചു. അത്രത്തോളം പേര്‍ക്ക് ഗുരുതരമായി പരുക്കുകളുമേറ്റു. അഞ്ചുമൈല്‍ അകലെവരെയുള്ള വൃക്ഷലതാധികള്‍ കത്തിക്കരിഞ്ഞുപോയി. പതിനേഴുമൈല്‍ ദൂരെവരെയുള്ള കെട്ടിടങ്ങളുടെ കണ്ണാടി ജനലുകള്‍ ഉടഞ്ഞുതകര്‍ന്നു. മൂന്ന് ദിവസങ്ങള്‍ക്കുശേഷം ആഗസ്ത് ഒമ്പതാം തിയതി ഇതേപോലെ മറ്റൊരു ബോംബ് നാഗസാക്കിയിലുമിട്ടു. ബോംബ് പൊട്ടിയ ഉടന്‍ മരിക്കാതിരുന്ന പലര്‍ക്കും ആഴ്ചകള്‍ക്കകം മാരകമായ പലവിധ ചര്‍മരോഗങ്ങളും വന്നുതുടങ്ങി.

ബോംബാക്രമണം കഴിഞ്ഞ് ആറാം ദിവസം ജാപ്പാന്‍ കീഴടങ്ങിയതായി പ്രഖ്യാപിച്ചു. രണ്ടാം ലോകയുദ്ധം സെപ്തംബര്‍ രണ്ടാം തിയതിയോടെ അവസാനിച്ചു. ഓപ്പണ്‍ഹൈമര്‍ തന്റെ പ്രോജക്റ്റ്  വിജയിച്ചതില്‍ സന്തുഷ്ടനായിരുന്നു. 1946 ല്‍ അമേരിക്കന്‍ പ്രസിഡന്റില്‍നിന്ന് പുരസ്‌കാരങ്ങളും മെഡലും ലഭിച്ച അദ്ദേഹം ഉന്നത അമേരിക്കന്‍ നയരൂപീകരണസമിതിയില്‍ അംഗത്വം നേടി. 1961 ല്‍ പ്രസിഡന്റ് കെന്നഡിയും ഫെര്‍മി അവാര്‍ഡ് എന്ന പുരസ്‌കാരം നല്‍കി ആദരിക്കുകയുണ്ടായി.

ഹിരോഷിമയില്‍ ബോംബിട്ടശേഷം അണുബോംബിന്റെ നിര്‍മാണത്തിലും വിക്ഷേപണത്തിലും വന്‍ പുരോഗതി നേടിക്കഴിഞ്ഞു. ഹിരോഷിമാബോംബിന്റെ നൂറുകോടിയിലധികം വിസ്‌ഫോടനശേഷിയുള്ള  അമ്പതിനായിരത്തില്‍ പരം ബോംബുകള്‍ ഇന്ന് അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി, ഇസ്രയേല്‍, ചൈന എന്നീ രാഷ്ട്രങ്ങളുടെ കൈവശമുണ്ട്. ബോംബുകള്‍ ലക്ഷ്യത്തിലെത്തിക്കാന്‍ പണ്ട് പ്രത്യേക യുദ്ധവിമാനം വേണമായിരുന്നു. എന്നാല്‍ ഇന്ന് പല വിധത്തിലുള്ള റോക്കറ്റുകളും, കപ്പലുകളും, മുങ്ങിക്കപ്പലുകളും, ടാങ്കുകളും ലക്ഷ്യം തെറ്റാതെ വിക്ഷേപണം നടത്തുന്നതിന് സജ്ജമാക്കിയിട്ടുണ്ട്. 1939 മുതല്‍ 1945 വരെയുള്ള കാലത്ത് അണുശാസ്ത്ര വികസനത്തിനും പഠനത്തിനുമായി അമേരിക്ക പ്രത്യേകമായി ചെലവാക്കിയത് രണ്ട് ബില്യണ്‍ ഡോളറാണത്രെ.  

ഇന്ന്  വെള്ളത്തിനടിയിലും അന്തരീക്ഷത്തിലും, മണ്ണിനടിയിലുമെല്ലാം പലതവണ നിയന്ത്രിത പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കി ഒരുക്കിവെച്ചിട്ടുള്ള അണുവായുധശേഖരത്തില്‍ കുറഞ്ഞവയെങ്കിലും ഉപയോഗിച്ചാല്‍ പിന്നെ ഭൂമിയില്‍ ജീവന്‍ വളരെയൊന്നും അവശേഷിക്കില്ല എന്ന കാര്യത്തില്‍ വിദഗ്ദന്മാരും ശാസ്ത്രജ്ഞന്മാരും എക അഭിപ്രായക്കരാണ്.

ജൂലിയസ് റോബര്‍ട്ട് ഓപ്പണ്‍ഹൈമര്‍ കാലിഫോര്‍ണിയാ യൂനിവാഴ്‌സിറ്റിയിലെ ഭൗതികശാസ്ത്ര രസതന്ത്രപ്രഫസ്സറായിരുന്നു. ഒരു ജൂതനായിരുന്ന ഇദ്ദേഹമാണ് ആറ്റംബോംബിന്റെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തി. ശാസ്ത്രീയ പരീക്ഷണങ്ങളും കണ്ടുപിടുത്തങ്ങളും മനുഷ്യജീവിതം അഭിവൃദ്ധിപ്പെടുത്തി ആരോഗ്യത്തോടും സൗഭാഗ്യങ്ങളോടും സമാധാന ജീവിതം നയിക്കാന്‍ സഹായിക്കുന്നുവെങ്കിലും, അവ നേരെമറിച്ച് ജീവിതം ദുസ്സഹവും നരകതുല്യവുമാക്കി മനുഷ്യരടക്കമുള്ള ജീവജാലങ്ങളോടെ ഭൂലോകംതന്നെ ഉന്മൂലനം ചെയ്യാനും ഉപയോഗപ്പെടുമെന്ന് തെളിയിച്ചിരിക്കുന്നു.

കേവലഭൗതികതയില്‍ മാത്രം ലക്ഷ്യമാക്കി മുന്നേറുന്ന ശാസ്ത്രസാങ്കേതിക വിദ്യകളുടെ അനിയന്ത്രിതമായ പുരോഗതി സങ്കുചിത ദേശീയബോധവും തീവ്രദേശഭക്തിയും തലക്ക്പടിച്ച ഭരണാധികാരികള്‍ കൈവശപ്പെടുത്തുമ്പോള്‍ മനുഷ്യവംശത്തിന് ഭീഷണിയായിപരിണമിക്കുന്നു. എല്ലാവരേയും ശത്രുവായിക്കാണുകയും എല്ലാം രാജ്യരക്ഷക്കും ആത്മരക്ഷക്കുമായി ബലിയര്‍പ്പിക്കപ്പെടുകയും ചെയ്യുന്നു. ആത്മസംരക്ഷണം എന്നതിന് സൈനികഭാഷയില്‍ അര്‍ത്ഥം എതിരാളിയെ ഉന്മൂലനം ചെയ്യുക എന്നാണല്ലോ. നമ്മെ ഓരോരുത്തരേയും രക്ഷിക്കാനും നമ്മുടെ ശത്രുവിനെ വധിക്കാനുമായി മനുഷ്യവര്‍ഗം കോടാനുകോടി രൂപയാണ് ചെലവഴിച്ചുകൊണ്ടിരിക്കുന്നത്. അതേസമയം സംരക്ഷിക്കപ്പെടേണ്ട കോടികള്‍ പട്ടിണിയിലും രോഗത്തിലും ദാരിദ്ര്യത്തിലുംകിച്ചുകൊണ്ടിരിക്കുന്നു.

ജാപാനിലെ രണ്ട് നഗരങ്ങളിലും ആറ്റം ബോംബ് വീണതിന്റെ മൂന്നാം ദിവസം ആപ്രദേശത്ത് കിലോമീറ്ററുകള്‍ അകലെയുള്ള ഓരോ സ്‌കൂളിലേയും വിദ്യാര്‍ത്ഥികളെ ബോംബ് വീണസ്ഥലത്തിന് പരമാവധി അടുത്ത് കൊണ്ടുവന്ന് തൊഴുത് ശ്രീബുദ്ധന്റെ വരികള്‍ ഉദ്ധരിച്ചുകൊണ്ട്: ” കത്തിച്ചാമ്പലായി നശിച്ച ഈ നഗരത്തിന്റെ ചാരത്തില്‍നിന്ന് ജാപ്പാനെ ഞങ്ങള്‍ പുനരുജ്ജീവിപ്പിക്കും” എന്ന് പ്രതിജ്ഞ എടുപ്പിച്ചു. പരമാവധി എത്രത്തോളം വിദ്യാര്‍ത്ഥികളെ ആ ചാരവും മനുഷ്യശരീരങ്ങളും കാണിച്ചുകൊടുക്കുവാന്‍ പറ്റുമോ അത്രത്തോളം പേരെ കാണിച്ചുകൊടുത്തു.. എപ്പോള്‍വേണമെങ്കിലും ഭൂകമ്പമുണ്ടാവാന്‍സാധ്യതയുള്ള അഗ്നിപര്‍വ്വതങ്ങളാല്‍ ചുറ്റപ്പെട്ട ആ കൊച്ചുരാജ്യം ഇന്ന് ലോകജനതയുടെമമ്പില്‍വളര്‍ന്നുകൊണ്ടിരിക്കുന്നു.

1974 മേയി 18 ന് രാജസ്ഥാനിലെ പൊഖ്‌റാന്‍ മരുഭൂമിയില്‍ ഇന്ത്യയും ആണവ പരീക്ഷണം നടത്തുകയുണ്ടായി. മേയ 18 ബുദ്ധജയന്തി ആയിരുന്നതിനാല്‍ ഈ പരീക്ഷണത്തിന് ”ബുദ്ധന്‍ ചിരിക്കുന്നു” എന്ന രഹസ്യനാമമാണ് നല്‍കിയിരുന്നത്. ഇന്ദിരാഗാന്ധിയായിരുന്നു അന്ന് പ്രധാനമന്ത്രി. ഇന്ത്യയുടെ രണ്ടാമത്തെ ആണവപരീക്ഷണവും പൊഖ്‌റാനില്‍ തന്നെയായിരുന്നു. 1998 മേയ് മാസം 11 നും 13 നുമായി അഞ്ചുപരീക്ഷണങ്ങളാണ് നടത്തിയത്. ബാജ്‌പേയി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ നടന്ന ഈ പരീക്ഷണങ്ങളുടെ രഹസ്യനാമം ”ഓപ്പറേഷന്‍ ശക്തി” എന്നായിരുന്നു.

അണുആയുധങ്ങള്‍ പ്രയോഗിക്കുന്നതും, പ്രയോഗിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതും മനുഷ്യ വര്‍ഗത്തിനെതിരായ ഭീഷണിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെടുന്ന ഒരു പ്രമേയം 1983 ല്‍ ഐഖ്യരാഷ്ട്രസഭയില്‍ പര്യാലോചനക്ക് വന്നപ്പോള്‍ റഷ്യയും ചൈനയും യൂറോപ്യന്‍ രാഷ്ട്രങ്ങളും ചേരിചേരാ രാജ്യങ്ങളുമടക്കം 126 രാഷ്ട്രങ്ങള്‍ ഈ പ്രമേയത്തെ അനുകൂലിച്ച്‌വോട്ടുചെയ്തു. എന്നാല്‍ അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സുമടക്കം 17 പാശ്ചാത്യരാജ്യങ്ങള്‍ ഈ പ്രമേയത്തെ എതിര്‍ക്കുകയാണുണ്ടായത്. ഇതിനര്‍ത്ഥം അണുബോംബുകള്‍ കൈവശമില്ലാത്ത രാഷ്ട്രങ്ങളിലെ ജനതക്കെതിരെ അണുബോംബ് ഉപയോഗിക്കാന്‍ മടിക്കില്ല എന്നുതന്നെയല്ലേ. ഇന്ന് സമ്പന്നരാഷ്ട്രങ്ങളേക്കാളേറെ ആണവായുധ ഭീഷണി നേരിട്ടുകൊണ്ടിരുക്കുന്നത് ദരിദ്രരാജ്യങ്ങളാണ്. ‘നീ എന്നെകൊല്ലുന്നതിനുമുമ്പ് നിന്നെ ഞാന്‍ കൊല്ലും’ എന്ന ഭീഷണിയാണ് ആയുധം സംഭരിച്ച് സമാധാനം സ്ഥാപിക്കുക എന്ന ആശയത്തിന്റെ യഥാര്‍ത്ഥരൂപം. ഇങ്ങിനെതന്നെ ശത്രുവും വിചാരിച്ചേക്കാമെന്നതാണ് ഈ നയത്തിന്റെ ദൗര്‍ബല്യം.

ആറ്റംബോംബിന്റെ സിദ്ധാന്തം ലോകത്തിന് സംഭാവനചെയ്തത് ഐന്‍സ്റ്റീനായിരുന്നെങ്കിലും. ജര്‍മ്മന്‍കാരനായ ജൂലിയസ് റോബര്‍ട്ട് ഓപ്പണ്‍ഹൈമറാണ് ഇന്ന് അണുബോംബിന്റെപിതാവ്എന്നറിയപ്പെടുന്നത്. ” ഞാന്‍ തന്നെയാണ് മരണം, ലോകത്തിന്റെ അന്തകന്‍” എന്ന്  ആറ്റംബോമ്പ് പൊട്ടിയപ്പോള്‍ ഗീത ഉദ്ധരിച്ചറോബര്‍ട്ട് ഓപ്പന്‍ഹൈമര്‍ ഭഗവല്‍ഗീത സംസ്‌കൃതത്തില്‍ ഹൃദിസ്തമാക്കിയ ശാസ്ത്രജ്ഞനായിരുന്നു.

     * 1945 ലെ ആറ്റംബോമ്പ് സ്‌ഫോടനത്തിന്റെ ഇന്ന് ജീവിക്കുന്ന രക്തസാക്ഷികള്‍ ജാപ്പാനില്‍ ”ഹിബാക്കുഷ” എന്നാണറിയപ്പെടുന്നത്.

Related Articles