Current Date

Search
Close this search box.
Search
Close this search box.

സിറിയയല്ല; ശരിക്കും ഇറാനാണ് പടിഞ്ഞാറിന്റെ ലക്ഷ്യം

സിറിയയില്‍ നാം പ്രതീക്ഷിച്ചിരിക്കുന്ന അമേരിക്കന്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ശ്രദ്ധിക്കാതെ പോകുന്ന ഒരു കാര്യം പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അവര്‍ സിറിയയെയല്ല മറിച്ച് ഇറാനെയാണ് നോവിക്കാന്‍ ആഗ്രഹിക്കുന്നത്. കുറെക്കൂടി സ്ഥിരതയാര്‍ന്ന സ്വാഭാവം കൈവരിച്ച ഇസ്‌ലാമിക റിപ്പബ്ലിക്കിനെ ആക്രമിക്കണമെന്നാണ് അവരുടെ ആഗ്രഹം. ഇറാന്‍ ഇസ്രായേലിന്റെ ശത്രുവാണ്. അതുകൊണ്ടുതന്നെ അമേരിക്കയുടെയും ശത്രുവാണ്. അതുകൊണ്ട് ഇറാന്റെ മാത്രം അറബ് കൂട്ടുരാജ്യമായ സിറിയയെ ആക്രമിച്ചാല്‍ അത് ഇറാനെ ചൊടിപ്പിക്കും. ദമസ്‌കസിന്റെ കാര്യത്തില്‍ നമുക്ക് സന്തോഷിക്കാന്‍ മാത്രമായി ഒന്നും തന്നെയില്ല. വിഷവാതകവിഷയത്തില്‍ അവര്‍ ചെയ്തതിനെ ന്യായീകരിക്കേണ്ടതുമില്ല. പക്ഷെ ഞാനോര്‍ത്തു പോകുന്നു.1988 ല്‍ അന്ന് അമേരിക്കയുടെ കൂട്ടുകാരനായിരുന്ന ഇറാഖ് ഹല്ലാബ്ജയിലെ കുര്‍ദുകള്‍ക്കെതിരില്‍ വാതകപ്രയോഗം നടത്തിയതിനെക്കുറിച്ച് നമ്മളാരും ബഗ്ദാദിനോട് ക്ഷോഭം കാണിച്ചില്ല. അന്നും സി. ഐ. എ ഹല്ലാബ്ജയിലെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇറാന്റെ മേല്‍ ചുമത്തിയിരുന്നുവെന്ന് ഞാനോര്‍ക്കുന്നു. അവിടെ ആയിരങ്ങള്‍ മരിച്ചു വീണു. പക്ഷെ അവിടെ മറ്റൊരു നിലപാടും സമീപനവുമായിരുന്നു. പിന്നെയും ഞാനോര്‍ക്കുന്നു, ഇസ്രയേല്‍ 1982ല്‍ തങ്ങളുടെ അംബാസിഡറെ ലണ്ടനില്‍ വച്ച് പി. എല്‍. ഒവിന്റെ ഒത്താശയോടെ വധിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് സ്ത്രീകളും കുട്ടികളും അടക്കം 17000 പേരെ വധിച്ചുകളഞ്ഞ വിഷയത്തില്‍ നാം മൗനം പാലിച്ചു. അതേ വര്‍ഷം തന്നെ ബശ്ശാറിന്റെ പിതാവ് ഹാഫിസുല്‍ അസദ് ആയിരക്കണക്കിന് ബ്രദര്‍ഹുഡ് പ്രവര്‍ത്തകരെ ഉന്‍മുലനം ചെയ്ത വിഷയത്തിലും നാം ആരും പ്രതികരിക്കുന്നത് കണ്ടില്ല. ഏതായാലും ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട തങ്ങളുടെ പ്രസിഡന്റ്  പുറത്താക്കപ്പെട്ടതില്‍ പ്രതിഷേധിക്കുന്ന വ്യത്യസ്തമായ ഒരു കാഴ്ച ബ്രദര്‍ഹുഡ് പ്രവര്‍ത്തകരുടെ കാര്യത്തില്‍ നാം കാണുന്നു. ആ വിഷയത്തില്‍ ഒന്നു കാര്യമായി പ്രതികരിക്കാന്‍ ഒബാമക്ക് കഴിയുന്നില്ല. മാത്രമല്ല; 1980-88 യുദ്ധത്തില്‍ ആയിരക്കണക്കിന് ഇറാനിയന്‍ സൈനികര്‍ക്ക് ഇത്തരം ആക്രമണങ്ങള്‍ നേരിടേണ്ടി വന്നു എന്നു കാണാം. അന്നു തെഹ്‌റാനിലേക്ക് ട്രെയ്ന്‍ മാര്‍ഗം യാത്ര ചെയ്ത എനിക്കു കാണാന്‍ സാധിച്ചത് വിഷവാതകപ്രയോഗത്തില്‍ ദുരിതം അനുഭവിക്കുന്ന ആയിരക്കണക്കിനു മനുഷ്യരെയാണ്. അപ്പോള്‍ എന്താണ് ഇപ്പോള്‍ ഈ കാണിക്കുന്ന ആവേശത്തിന്റെ കാരണം. ആയിരങ്ങള്‍ മരിച്ചു വീണ സിറിയയിലെ ആഭ്യന്തര കലഹങ്ങളില്‍ തോന്നാത്ത ആവേശം ഇപ്പോള്‍ പെട്ടെന്ന് നൂറുകണക്കിനാളുകള്‍ മരിച്ചുവീണപ്പോള്‍ തോന്നാന്‍ കാരണമെന്താണ്്. ശരിയാണ് ക്രൂരവും ഭീകരവുമാണ് ഇപ്പോള്‍ സംഭവിച്ചത്. പക്ഷെ ഇപ്പോള്‍ മാത്രമാണോ ഈ ക്രൂരത എന്നു നാം ചിന്തിക്കണം. ബശ്ശാറുല്‍ അസദിന്റെ ഭരണകൂടം പടിഞ്ഞാറിന്റെ രഹസ്യ സഹായമുള്ള വിമതരുടെ മേല്‍ ലബനാനിലെ ഹിസ്ബുല്ലയുടെയും മറ്റും സഹായത്തോടെ വിജയം വരിച്ചു കൊണ്ടിരിക്കുകയാണ്. ഇറാന്‍ വളരെ ശക്തമായി തന്നെ സിറിയയെ സംരക്ഷിക്കാന്‍ രംഗത്തുണ്ട്. അതുകൊണ്ട് സിറിയയുടെ വിജയം ഇറാന്റെ വിജയമാണ്. ഇറാന്റെ വിജയം പടിഞ്ഞാറിന് സഹിച്ചിരിക്കാന്‍ കഴിയുന്നതിനുമപ്പുറമാണ്. അപ്പോള്‍ യുദ്ധത്തെക്കുറിച്ചാണ് നാം ചര്‍ച്ച തുടങ്ങിയത്. ഫലസ്തീന്‍ ഇസ്രയേല്‍ സമാധന ചര്‍ച്ചകള്‍ എവിടെവരെയെത്തി. ജോണ്‍ കെറി വലിയ താല്‍പര്യത്തോടെ മുന്നോട്ട് വന്നിരുന്നല്ലോ. ഇസ്രയേല്‍ ഫലസ്തീന്‍ ജനതയോട് നടത്തുന്ന ക്രൂരത സിറിയയുടെ വാതകപ്രയോഗത്തേക്കാള്‍ എത്രയോ ഭീകരമാണ്. ഏറ്റവും ലജ്ജാകരമായത് എന്തെന്നാല്‍ ശിയ മുസ്‌ലിംകള്‍ ആക്രമിക്കപ്പെടുമ്പോള്‍ സുന്നി മുസ്‌ലിംകള്‍ കയ്യടിക്കുന്നു. ഈ ആഭ്യന്തര കലഹം സൃഷ്ടിക്കുന്നവര്‍ അവരോടൊപ്പം സന്തോഷിക്കുന്നു.

വിവ : അത്തീഖുറഹ്മാന്‍

Related Articles