Current Date

Search
Close this search box.
Search
Close this search box.

സമൂഹത്തില്‍ അവഗണിക്കപ്പെടുന്ന മനുഷ്യാവകാശം

സാമൂഹിക ജീവിതത്തില്‍ പുലര്‍ത്തേണ്ട മനുഷ്യാവകാശങ്ങളും വ്യക്തികള്‍ പരസ്പരം അനുവര്‍ത്തിക്കേണ്ട മര്യാദകളും പാലിക്കുന്നതില്‍ നാം എന്തുമാത്രം ജാഗ്രത്താകുന്നുവെന്ന് എപ്പോഴെങ്കിലും വിലയിരുത്തിയിട്ടുണ്ടോ? നാം തൊഴിലാളിയോ യജമാനനൊ പാവപ്പെട്ടവനോ മുതലാളിയോ ഒക്കെ ആകാം. എന്നാല്‍ ഇതൊക്കെ ആകുന്നതിന് മുമ്പ് ജന്‍മം കൊണ്ട് നാമെല്ലാം അടിസ്ഥാനപരമായി മനുഷ്യരാണ്. മനുഷ്യകുലത്തില്‍ ചേരുന്നത് കൊണ്ട് മാത്രം ഓരോ വ്യക്തിക്കും ഒത്തിരി മഹത്വവും ജന്മാവകാശങ്ങളും സ്വന്തമായിത്തീരുന്നുണ്ട്. മാനവസമൂഹത്തിലെ ഓരോ വ്യക്തിക്കും മനുഷ്യനെന്ന നിലയില്‍ ലഭ്യമാകേണ്ട അടിസ്ഥാന അവകാശങ്ങള്‍ വകവെച്ചു കൊടുക്കാന്‍ നമുക്ക് പൂര്‍ണമായും കഴിയാറുണ്ടോ? മനുഷ്യാവകാശസംരക്ഷണം ഏറ്റെടുത്തു പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘങ്ങള്‍ക്ക് വരെ മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ എടുക്കാന്‍ കഴിയുന്നില്ല എന്നതാണ് വസ്തുത. മറ്റുജീവജാലങ്ങളേക്കാള്‍ ഉന്നതമായ സ്ഥാനമാണ് സ്രഷ്ടാവ് മനുഷ്യന് ഈ പ്രപഞ്ചത്തില്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍ സങ്കുചിത താല്‍പര്യക്കാരായ മനുഷ്യര്‍ പലപ്പോഴും ഈ യാഥാര്‍ഥ്യം വിസ്മരിച്ച് കൊണ്ടാണ് ഇവിടെ ജീവിക്കുന്നത്. വിശുദ്ധ ഖുര്‍ആന്‍ ‘ആദം സന്തതികളെ (മനുഷ്യരെ) നാം ആദരിച്ചിരിക്കുന്നു എന്നത് നമ്മുടെ കാരുണ്യമാകുന്നു’ എന്ന് പ്രഖ്യാപിക്കുമ്പോള്‍ തന്നെ മനുഷ്യന്റെ മഹത്വം നമുക്ക് ബോധ്യമാകേണ്ടതാണ്. ഈ ഔന്നത്യത്തിന്റെനയും അംഗീകാരത്തിന്റെയും അടിസ്ഥാനത്തില്‍ ലോകത്തെ മുഴുവന്‍ മനുഷ്യര്‍ക്കും കൈവരുന്ന ഒട്ടേറെ അവകാശങ്ങളുണ്ട്. ഈ അവകാശങ്ങള്‍ നിര്‍ഭയമായി അനുഭവിക്കാന്‍ സാധിക്കുന്ന ഒരവസ്ഥയില്‍ മാത്രമേ മാന്യമായ ജീവിതം നയിക്കാനും സ്വന്തം ജീവിതലക്ഷ്യം പൂര്‍ത്തിയാക്കുവാനും മനുഷ്യന് കഴിയൂ. ഈ യാഥാര്‍ത്ഥ്യം ഉള്‍കൊണ്ട് ജീവിക്കുന്ന മനുഷ്യരില്‍ നിന്ന് അപ്പോള്‍ ഒരു അന്യായമായ സമീപനം ഉണ്ടാകുകയില്ല. ജീവനും സ്വത്തിനും ഭീഷണി വരില്ല. മനുഷ്യന് ദൈവം വകവെച്ചു കൊടുത്ത സ്വാതന്ത്ര്യം അപഹരിക്കാന്‍ മറ്റൊരാള്‍ക്ക് അവകാശമില്ല. വ്യക്തികളുടെ അന്തസിനും അഭിമാനത്തിനും വിള്ളലുകള്‍ വീഴ്ത്താന്‍ ഒരാള്‍ക്കും ദൈവം അനുവാദം നല്‍കിയിട്ടില്ല. ഒരാളുടെ വ്യക്തിത്വം വ്രണപ്പെടുത്താനും അനീതിക്കും വിവേചനത്തിനും ഇരയാക്കുവാനും ആര്‍ക്കും അവകാശമില്ല.

പ്രപഞ്ചനാഥന്‍ മനുഷ്യസൃഷ്ടിപ്പ് നടത്തിയപ്പോള്‍ തന്നെ വകവെച്ച് കൊടുത്ത അംഗീകാരവും മഹത്വവുമാണ് മനുഷ്യാവകാശങ്ങളുടെ അടിസ്ഥാനം. മനുഷ്യാവകാശങ്ങള്‍ ഹനിക്കപ്പെടാതെ കാത്തുസൂക്ഷിക്കാന്‍ എല്ലാവരും ശ്രദ്ധ പുലര്‍ത്തുമ്പോഴാണ് സമാധാനത്തോടെയും സ്വസ്ഥതയോടെയും മനുഷ്യര്‍ക്കിവിടെ ജീവിക്കാന്‍ കഴിയുക. മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുക എന്നത് ഒരു ഉപദേശവാക്കല്ല ; മറിച്ച് അവ നടപ്പിലാക്കാന്‍ ഓരോ വ്യക്തിയും സാമൂഹിക പുരോഗതിക്കുവേണ്ടി നിലകൊള്ളുന്ന എല്ലാ സന്നദ്ധ സംഘങ്ങളുടെയും ഉത്തരവാദിത്തം കൂടിയാണ്. അലംഘനീയമായ ദൈവിക വ്യവസ്ഥയും മൂല്യങ്ങളും നിലനിര്‍ത്താന്‍ കഴിയുന്ന സമൂഹത്തിനെ വിജയിക്കാന്‍ കഴിയൂ. നിര്‍ഭാഗ്യവശാല്‍ ഇന്ന് എവിടെയും മനുഷ്യാവകാശങ്ങള്‍ നികൃഷ്ടമായി ഹനിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. മനുഷ്യന്റെ അന്തസും അഭിമാനവും ഉയര്‍ത്തിപ്പിടിക്കാനുള്ള ധാര്‍മികമായ ബാധ്യത നിര്‍വഹിക്കാന്‍ നാം തയ്യാറാകുക. അതോടൊപ്പം മനുഷ്യാവകാശങ്ങള്‍ ചവിട്ടി മെതിക്കപ്പെടുന്ന അവസ്ഥക്കെതിരെ ശക്തമായ പ്രതിരോധങ്ങള്‍ തീര്‍ക്കാനും നമുക്ക് കഴിയേണ്ടതുണ്ട്. കുരുന്നുകള്‍ പീഡിപ്പിക്കപ്പെടുമ്പോഴും സ്ത്രീകള്‍ അക്രമിക്കപ്പെടുമ്പോഴും മാത്രം മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയാല്‍ മതിയോ? അന്തസും അഭിമാനവും ഏതൊരാളുടെയും ജീവിതത്തിന്റെ അടിസ്ഥാന തത്വങ്ങളാണ്. അതിനാല്‍ അവക്കെതിരെ തിരിയുന്നവരെ ഒറ്റപ്പെടുത്താനും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനും നമുക്ക് കഴിയണം. ‘പീഡിതരും അടിച്ചമര്‍ത്തപ്പെട്ടവരുമായ സ്ത്രീ പുരുഷന്മാര്‍ക്കും കുട്ടികള്‍ക്കും വേണ്ടി നിങ്ങള്‍ ദൈവത്തിന്റെ മാര്‍ഗത്തില്‍ അധ്വാന പരിശ്രമങ്ങള്‍ ചെയ്യാതിരിക്കാന്‍ എന്തുണ്ട് ന്യായം?’ എന്ന് വിശുദ്ധ ഖുര്‍ആന്‍ ചോദിക്കുമ്പോള്‍ തന്നെ ഈ വിഷയത്തിന്റെ ഗൗരവം നമുക്ക് ബോധ്യമാകും.

എല്ലാ മനുഷ്യരിലും നന്മയും തിന്മയും അന്തര്‍ലീനമായിക്കിടക്കുന്നുണ്ട് . സുകൃതങ്ങളോടുള്ള താല്‍പര്യവും തിന്മയോടും കുറ്റങ്ങളോടുമുള്ള വിമുകതയും ജന്മനാ ഓരോ മനുഷ്യരിലും നമുക്ക് കാണാം. സാഹചര്യങ്ങളും അവസരങ്ങളും ഈ രണ്ട് ഗുണങ്ങളിലും മനുഷ്യന് ഏറ്റവ്യത്യാസമുണ്ടാക്കുന്നു എന്നതാണ് സത്യം. നന്മ മാത്രം പ്രവര്‍ത്തിക്കുന്നവരും തിന്മ മാത്രം ചെയ്യുന്നവരും സമൂഹത്തില്‍ വിരളമായിരിക്കും. സാഹചര്യങ്ങളാണ് ഈ രണ്ട് ഗുണങ്ങളിലൊന്ന് മറ്റൊന്നിനെ അതിജയിക്കുന്നതും മനസ്സില്‍ ആധിപത്യം നേടുകയും ചെയ്യുന്നത്. തിന്മകള്‍ ചെയ്യുന്നവരോടും സമൂഹത്തിന് ചില ഉത്തരവാദിതങ്ങളുണ്ട്. തെറ്റുകുറ്റങ്ങളില്‍ ചെന്ന്ചാടാനുള്ള അവസരങ്ങള്‍ ഇല്ലാതാക്കുക എന്നതാണ് അവയില്‍ ഏറ്റം മുന്നില്‍ നില്‍ക്കുന്നത്. തെറ്റില്‍ വീണു പോയവരെ അതില്‍ നിന്നും കൈ പിടിച്ച് ഉയര്‍ത്തുക എന്നതും സമൂഹത്തിന്റെ ധാര്‍മികമായ ബാധ്യത തന്നെയാണ്. വ്യക്തികളിലെ തിന്മ മാത്രം കാണുകയും നന്മ കാണാതെ പോകുകയും ചെയ്യുന്ന അവസ്ഥ ഉണ്ടായിക്കൂടാ. തെറ്റ് ചെയ്യുന്ന ഒരാളുടെ നന്മകള്‍ അംഗീകരിക്കാനും പരിഗണിക്കാനും മറ്റുള്ളവര്‍ തയ്യാറാണെങ്കില്‍ അത് പാപം ചെയ്ത ആള്‍ക്ക് അതില്‍ നിന്ന് മാറി നില്‍ക്കാനുള്ള ഒരു പ്രചോദനമായിരിക്കും. മാത്രമല്ല വരും നാളുകളില്‍ സംശുദ്ധ ജീവിതം നയിക്കാനുള്ള മറ്റൊരു പ്രോത്സാഹനവുമായിരിക്കും അതെന്ന് നാം ഓര്‍ക്കുക. ഒരാളുടെ അഭിമാനം ക്ഷതപ്പെടുത്താനോ വ്യക്തിത്വത്തെ ഇകഴ്ത്താനോ ഇസ്‌ലാം ഒരാള്‍ക്കും അവകാശം നല്‍കിയിട്ടില്ല. മനുഷ്യന്റെ രക്തവും ധനവും പവിത്രമാക്കിയത് പോലെ അഭിമാനവും പവിത്രമാണെന്നു ഇസ്‌ലാം പഠിപ്പിക്കുന്നു. മനുഷ്യര്‍ക്കെല്ലാവര്‍ക്കും അവരുടെതായ അവകാശങ്ങളും അന്തസും അഭിമാനവും ഇസ്‌ലാം വകവെച്ച് കൊടുക്കുന്നു. എന്തിന്റെ പേരിലാണെങ്കിലും അഭിമാനത്തിന് ഭംഗം വരുത്താന്‍ ഇസ്‌ലാം ആരെയും അനുവദീക്കുന്നില്ല. മനുഷ്യരെ സദാചാര ധാര്‍മിക ബോധമുള്ള വരാക്കി മാറ്റിയെടുക്കാനാണ് ശ്രമങ്ങള്‍ നടക്കേണ്ടത്. നിസ്സാര പ്രശ്‌നങ്ങളുടെ പേരില്‍ പോലും അഭിമാനം നശിപ്പിക്കാന്‍ തുനിയുന്നവരെ സമൂഹം ഒറ്റപ്പെടുത്താനാണ് ശ്രദ്ധിക്കേണ്ടത്. വ്യക്തി താല്‍പര്യങ്ങള്‍ക്കുവേണ്ടി മറ്റുള്ളവരുടെ വ്യക്തിത്വം ഇടിച്ചുതാഴ്ത്തുന്ന അവസ്ഥ ഒരിക്കലും ഉണ്ടായിക്കൂടാ. സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കുവേണ്ടി മറ്റുള്ളവരുടെ അന്തസും അഭിമാനവും പിച്ചി ചീന്തിയെറിയുന്നവര്‍ ദൈവത്തിന്റെ മുന്നില്‍ കനത്ത തിരിച്ചടി ഏറ്റു വാങ്ങേണ്ടിവരുമെന്ന കാര്യം വിസ്മരിക്കരുത്.

Related Articles