Current Date

Search
Close this search box.
Search
Close this search box.

വിശ്വാസ സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും

Freedom-of-religion.jpg

ഇഷ്ടമുള്ള മതം തെരഞ്ഞെടുക്കാനും അനുയോജ്യമായ വിശ്വാസാദര്‍ശങ്ങള്‍ വെച്ചുപുലര്‍ത്താനുമുള്ള സ്വാതന്ത്ര്യം മനുഷ്യനുണ്ട്. ഇക്കാര്യത്തില്‍ ഒരാളും മറ്റൊരാളെ നിര്‍ബന്ധിക്കാന്‍ പാടില്ല. ബലാല്‍ക്കാരം മനുഷ്യന്റെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെ ദുര്‍ബലപ്പെടുത്തും. നിര്‍ബന്ധിക്കപ്പെട്ടവന്റെ ഇഛാശക്തി ചോര്‍ന്നുപോകും. അല്ലാഹു പറയുന്നു.’മതത്തില്‍ ബലാല്‍ക്കാരമില്ല’. വിശ്വാസ കാര്യങ്ങളില്‍ പോലും ബലാല്‍ക്കാരം ഇസ്‌ലാം അനുവദിക്കുന്നില്ല. ചിന്താ സ്വാതന്ത്ര്യവും വിശ്വാസ സ്വാതന്ത്ര്യവും ഇസ്‌ലാം പ്രോല്‍സാഹിപ്പിക്കുകയും വകവെച്ച് കൊടുക്കുകയും ചെയ്യുന്നു. ‘നിന്റെ നാഥന്‍ ഇച്ഛിച്ചിരുന്നെങ്കില്‍ ഭൂമിയിലുള്ളവരൊക്കെയും സത്യവിശ്വാസം സ്വീകരിക്കുമായിരുന്നു. എന്നിരിക്കെ ജനങ്ങള്‍ വിശ്വാസികളാകാന്‍ നീ അവരെ നിര്‍ബന്ധിക്കുകയോ?'(യൂനുസ്:99). ‘അതിനാല്‍ താങ്കള്‍ ഉദ്‌ബോധിപ്പിക്കുക. താങ്കള്‍ ഒരുദ്‌ബോധകന്‍ മാത്രമാണ്. താങ്കള്‍ അവരുടെ മേല്‍ നിര്‍ബന്ധം ചെലുത്തുന്നവനല്ല.'(ഗാശിയ:21,22). വിശ്വാസ സ്വാതന്ത്ര്യത്തെ ബലപ്പെടുത്തുന്ന നിരവധി തെളിവുകള്‍ ഉണ്ട്. അതിന് നിരവധി മാര്‍ഗങ്ങളുമുണ്ട്.

 

1. ദീനി പരമായ ചര്‍ച്ചകളും സംവാദങ്ങളും സംഘടിപ്പിക്കുക:
ആശയക്കൈമാറ്റവും സംശയമുള്ള വിഷയങ്ങളില്‍ വിശദാംശങ്ങള്‍ നല്‍കലും ഇവയില്‍ പെടുന്നു. ബുദ്ധിയോടും ചിന്തയോടുമാണ് ഇത് സംവദിക്കുന്നത്. അറിവില്ലാത്ത കാര്യങ്ങള്‍ ബുദ്ധിപരമായ സംവാദത്തിലൂടെ വ്യക്തത വരുത്തുന്നത് ഇക്കാരണത്താലാണ്. ഇത്തരത്തിലുള്ള സംവാദങ്ങള്‍ പ്രവാചകന്മാര്‍ തങ്ങളുടെ സമൂഹവുമായി നടത്തിയതായി നമുക്ക് കാണാം. ഇബ്രാഹീം നബി തന്റെ മനസ്സിന് കൂടുതല്‍ തൃപ്തി വരാന്‍ വേണ്ടി അല്ലാഹുവോട് സംവാദം നടത്തുന്ന ചിത്രം ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്. ‘ഓര്‍ക്കുക: ഇബ്‌റാഹീം പറഞ്ഞു: ‘എന്റെ നാഥാ! മരിച്ചവരെ നീ എങ്ങനെ ജീവിപ്പിക്കുന്നുവെന്ന് എനിക്കു കാണിച്ചുതരേണമേ.’ അല്ലാഹു ചോദിച്ചു: ‘നീ വിശ്വസിച്ചിട്ടില്ലേ?’ അദ്ദേഹം പറഞ്ഞു: ‘തീര്‍ച്ചയായും അതെ. എന്നാല്‍ എനിക്കു മനസ്സമാധാനം ലഭിക്കാനാണ് ഞാനിതാവശ്യപ്പെടുന്നത്.’ അല്ലാഹു കല്‍പിച്ചു: ‘എങ്കില്‍ നാലു പക്ഷികളെ പിടിച്ച് അവയെ നിന്നോട് ഇണക്കമുള്ളതാക്കുക. പിന്നെ അവയുടെ ഓരോ ഭാഗം ഓരോ മലയില്‍ വെക്കുക. എന്നിട്ടവയെ വിളിക്കുക. അവ നിന്റെ അടുക്കല്‍ ഓടിയെത്തും. അറിയുക: അല്ലാഹു പ്രതാപിയും യുക്തിമാനുമാണ്.”(അല്‍ ബഖറ:260). ഇസ്‌ലാം, ഈമാന്‍, ഇഹ്‌സാന്‍, അന്ത്യനാളിന്റെ അടയാളങ്ങള്‍ എന്നിവയെക്കുറിച്ച് ജിബ്‌രീലും പ്രവാചകനും ചര്‍ച്ച ചെയ്യുന്ന ഹദീസ് ദീനീ കാര്യങ്ങളില്‍ മുസ്‌ലിങ്ങള്‍ക്കും അമുസ്‌ലിങ്ങള്‍ക്കുമിടയില്‍ സദുദ്ദേശത്തോടു കൂടിയുള്ള സംവാദം നടത്താമെന്നതിനുള്ള സ്വാതന്ത്ര്യത്തിന് തെളിവാണ്.

2. ദീനിപരമായ മതചിഹ്നങ്ങള്‍ പുലര്‍ത്താനുള്ള സ്വാതന്ത്ര്യം:
ഭയലേശമന്യേ മതപരമായ ചിഹ്നങ്ങള്‍ പുലര്‍ത്താനുള്ള സ്വാതന്ത്ര്യമാണ് ഇതു കൊണ്ടുദ്ദേശിക്കുന്നത്. വ്യത്യസ്ഥ മതവിഭാഗങ്ങളില്‍ പെട്ട ദിമ്മികളോട് സ്വീകരിച്ച സഹിഷ്ണുതാപരമായ നിലപാട് ഇതിനുത്തമ ഉദാഹരണമാണ്. മദീനയിലെ ജൂതരുമായി പ്രവാചകന്‍ സുരക്ഷാ കരാറില്‍ ഏര്‍പ്പെടുകയുണ്ടായി. ഇതര മതസ്ഥര്‍ക്ക് അവരുടെ വിശ്വാസങ്ങളും ആചാരങ്ങളും നിര്‍വ്വഹിക്കാനുള്ള വിശാലത നല്‍കുകയുണ്ടായി. ഖലീഫമാരുടെ ഭാഗത്തു നിന്നും ഇത്തരത്തിലുള്ള നിരവധി സംവിധാനങ്ങള്‍ നമുക്ക് ദര്‍ശിക്കാം. ഉമര്‍(റ) അയ്‌ല നിവാസികള്‍ക്ക് ഇപ്രകാരം കരാര്‍ പത്രമയച്ചു. ‘അമീറുല്‍ മുഅ്മിനീന്‍ ഉമറില്‍ നിന്നുമുള്ള കരാര്‍ പത്രമാണിത്. അയ്‌ല നിവാസികള്‍ക്ക് സുരക്ഷിതത്വമുണ്ട്. നിങ്ങളുടെ ശരീരവും ചര്‍ച്ചുകളും സംരക്ഷിക്കപ്പെട്ടിരിക്കുന്നു. നിങ്ങളുടെ ചര്‍ച്ചുകള്‍ തകര്‍ക്കപ്പെടുകയോ, നശിപ്പിക്കപ്പെടുകയോ ഇല്ല. നിങ്ങളുടെ വിശ്വാസത്തെ അരോചകമായി കാണുകയില്ല. നിങ്ങളില്‍ ആരും ഉപദ്രവിക്കപ്പെടുകയില്ല.’ യൂറോപ്യന്‍ പണ്ഡിതനായ മൈശൂദ് ‘കുരിശ് യുദ്ധങ്ങളുടെ ചരിത്രം’ എന്ന ഗ്രന്ഥത്തില്‍ വിവരിക്കുന്നു. ‘ജിഹാദിന് ആഹ്വാനം ചെയ്ത ഇസ്‌ലാം ഇതര മതസ്ഥരുടെ അനുയായികളോട് സഹിഷ്ണുതാപരമായ നിലപാടാണ് സ്വീകരിച്ചത്. പുരോഹിതരോട് അവര്‍ വിട്ടുവീഴ്ചാരപരമായ നിലപാട് സ്വീകരിച്ചു. മഠങ്ങളില്‍ ആരാധനാ നിമഗ്നരായ പുരോഹിതരെ കൊല്ലുന്നത് വിലക്കുകയുണ്ടായി. ഖുദ്‌സ് ജയിച്ചടക്കിയപ്പോള്‍ ക്രിസ്ത്യാനികളോട് മോശമായി പെരുമാറിയിട്ടില്ല. എന്നാല്‍ കുരിശ് സൈന്യം ഖുദ്‌സില്‍ പ്രവേശിച്ച മുസ്‌ലിങ്ങളെ അറുകൊല ചെയ്യുകയും ജൂതരെ അഗ്നിക്കിരയാക്കുകയും ചെയ്യുകയുണ്ടായി.’

2. അഭിപ്രായ സ്വാതന്ത്ര്യം: ആവിഷ്‌കാര-ചിന്താ സ്വാതന്ത്ര്യം എന്ന പേരിലും ഇത് അറിയപ്പെടുന്നു. അതിന്റെ രൂപങ്ങള്‍:
1. സത്യത്തിന്റെ വിജയവും മിഥ്യയുടെ തകര്‍ച്ചയും:’നിങ്ങള്‍ നല്ലതിലേക്ക് ക്ഷണിക്കുകയും നന്മ കല്‍പിക്കുകയും തിന്മ തടയുകയും ചെയ്യുന്ന ഒരു സമുദായമായിത്തീരണം. അവരാണ് വിജയികള്‍.'(ആലു ഇംറാന്‍:104) മഅ്‌റൂഫ് എന്നത് സത്യത്തിന്റെ വഴിയും മുന്‍കര്‍ എന്നത് മിഥ്യയുടെ മാര്‍ഗവുമാണ്. അതിനെ ഊതിക്കെടുത്താനാണ് വിശ്വാസികളോട് ആവശ്യപ്പെടുന്നത്.
2. അക്രമം തടയലും നീതിയുടെ വ്യാപനവും:പ്രവാചകന്മാരും അമ്പിയാക്കളും ഭരണാധികാരികളോട് സ്വീകരിച്ച നിലപാട് ഇതായിരുന്നു. പ്രവാചകന്‍ (സ) പറഞ്ഞു. അക്രമിയായ ഭരണാധികാരിയോട് സത്യം ഉഛയിസ്ഥരം പ്രഖ്യാപിക്കലാണ് ഏറ്റവും ശ്രേഷ്ഠമായ ജിഹാദ്’.
3. കാര്യങ്ങളുടെ പ്രാധാന്യവും മുന്‍ഗണനാക്രമവും പരിഗണിച്ചാണ് മിക്കവാറും അഭിപ്രായം പ്രകടിപ്പിക്കുക. ഓരോ സമൂഹവും അവരുടെ സ്ഥലകാല പരിതസ്ഥിതികള്‍ മുന്‍നിര്‍ത്തിക്കൊണ്ട് കൂടിയാലോചനകളിലൂടെ രൂപപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ ഇത്തരത്തിലുളളതാണ്. മറ്റൊരു സമൂഹത്തില്‍ വേറെ ചില ശൈലിയിലും ഭാവത്തിലുമായിരിക്കും അത് പ്രകടിപ്പിക്കേണ്ടി വരിക. ഇസ്‌ലാമിക ചരിത്രത്തില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന് പരിഗണന നല്‍കുകയുണ്ടായി. ബദ്ര്‍ യുദ്ധത്തില്‍ ഖബ്ബാബ് ബിന്‍ മുന്‍ദിര്‍(റ) മുസ്‌ലിങ്ങളുടെ നിലപാടിനെ കുറിച്ച് വ്യക്തിപരമായ അഭിപ്രായം പ്രകടിപ്പിച്ചപ്പോള്‍ പ്രവാചകന്‍(സ) അത് മുഖവിലക്കെടുത്തതടക്കമുള്ള നിരവധി ഉദാഹരണങ്ങള്‍ നമുടെ മുമ്പിലുണ്ടല്ലോ.

വിവ: അബ്ദുല്‍ ബാരി കടിയങ്ങാട്

Related Articles