Current Date

Search
Close this search box.
Search
Close this search box.

വിശ്വാസ സ്വാതന്ത്ര്യം ഇസ്‌ലാമില്‍

ഇസ്‌ലാമിനെ കുറിച്ച് പലര്‍ക്കുമുള്ള തെറ്റിധാരണകളില്‍ ഒന്നാണ് വിശ്വാസ സ്വാതന്ത്ര്യത്തെ അത് ഹനിക്കുന്നു എന്നുള്ളത്. ഒരു ഇസ്‌ലാമിക രാഷ്ട്രത്തില്‍ മറ്റു ദര്‍ശനങ്ങളെയും മതങ്ങളെയും വെച്ചുപൊറുപ്പിക്കില്ലെന്നാണ് അവര്‍ മനസ്സിലാക്കുന്നത്. എന്നാല്‍ യാഥാര്‍ത്ഥ്യം മറിച്ചാണ്. ഇസ്‌ലാം ആരെയും അത് സ്വീകരിക്കാന്‍ നിര്‍ബന്ധിക്കുന്നില്ല. മറ്റു ആശയങ്ങൡ വിശ്വസിക്കുന്നവരെ അതെല്ലാം വലിച്ചെറിയിപ്പിച്ച് ഇസ്‌ലാം സ്വീകരിക്കാന്‍ നിര്‍ബന്ധിക്കണമെന്ന് ആവശ്യപ്പെടുന്ന കല്‍പന ഖുര്‍ആനിലോ പ്രവാചക ചര്യയിലോ നമുക്ക് കാണാനാവില്ല. ‘മതത്തില്‍ ബലപ്രയോഗം അരുത്. നന്മതിന്മകളുടെ വഴികള്‍ വ്യക്തമായും വേര്‍തിരിഞ്ഞുകഴിഞ്ഞിരിക്കുന്നു.’ (അല്‍-ബഖറ : 256) എന്നാണ് വിശുദ്ധ ഖുര്‍ആന്‍ കല്‍പിക്കുന്നത് എന്നും കാണാം. ഒരാളുടെ മേലും ഇസ്‌ലാം അടിച്ചേല്‍പ്പിക്കരുതെന്നതിന്റെ വ്യക്തമായ തെളിവാണിത്.

യാഥാര്‍ത്ഥ്യം ഇതായിരിക്കെ ഇസ്‌ലാം വ്യാപിച്ചത് വാളുകൊണ്ടാണെന്ന ഇസ്‌ലാമിന്റെ ശത്രുക്കളുടെ പ്രചാരണത്തിലെത്ര കാമ്പുണ്ട്? മുസ്‌ലിംകള്‍ വേദക്കാരെയും മുശ്‌രികുകളെയും ഇസ്‌ലാം ആശ്ലേഷിക്കുന്നതിന് നിര്‍ബന്ധിച്ചിട്ടില്ല. അവരോട് സംഭാഷണം നടത്താനും ചര്‍ച്ച ചെയ്യാനുമാണ് വിശുദ്ധ ഖുര്‍ആന്‍ കല്‍പിക്കുന്നത്. ‘ഏറ്റവും നല്ലരീതിയിലല്ലാതെ നിങ്ങള്‍ വേദക്കാരുമായി സംവാദത്തിലേര്‍പ്പെടരുത്.’ (അല്‍-അന്‍കബൂത് : 46) നിര്‍ബന്ധിച്ച് സ്വീകരിപ്പിക്കേണ്ട ഒന്നാണ് ഇസ്‌ലാമെങ്കില്‍ സംവാദത്തിനും ചര്‍ച്ചക്കും എന്ത് പ്രസക്തിയാണുള്ളത്?

ഇസ്‌ലാമിക പ്രബോധനത്തില്‍ മുന്‍ഗാമികളായ ഇമാമുമാര്‍ കാണിച്ചു തന്നിട്ടുള്ള മാതൃകയും ചര്‍ച്ചയുടെയും സംവാദത്തിന്റെയും രീതിയാണ്. വേദക്കാരോടും ബഹുദൈവ വിശ്വാസികളോടും അവര്‍ ഇതിന് വേണ്ടി സംഭാഷണങ്ങള്‍ നടത്തി. ഇസ്‌ലാമിക ആദര്‍ശത്തെയും ഇസ്‌ലാമിന്റെ തത്വങ്ങളെയും ബുദ്ധിക്കും യുക്തിക്കും നിരക്കുന്ന രൂപത്തില്‍ അവര്‍ക്ക് മുന്നില്‍ വിശദീകരിച്ചു കൊടുക്കുകയാണ് ചെയ്തതെന്ന് നമുക്ക് ചരിത്രം വായിച്ചാല്‍ ബോധ്യപ്പെടുന്നതാണ്. വിശാലമായ മനുഷ്യാവകാശ തത്വങ്ങള്‍ ലോകത്തിന് സമര്‍പ്പിച്ച ഇസ്‌ലാമിനെ തെറ്റിധരിപ്പിക്കുന്നതിന് വേണ്ടി നടത്തുന്ന കേവലം പ്രചരണം മാത്രമാണ് ഇസ്‌ലാം വിശ്വാസ സ്വാതന്ത്ര്യം അനുവദിക്കുന്നില്ലെന്നുള്ളത്. വിശുദ്ധ ഖുര്‍ആനും പ്രവാചക ചര്യയും ഇസ്‌ലാമിക ചരിത്രവും സൂക്ഷമായ വായനക്ക് വിധേയമാക്കിയാല്‍ ബോധ്യപ്പെടുന്ന കാര്യമാണത്.

Related Articles