Current Date

Search
Close this search box.
Search
Close this search box.

വിവാദ ഭരണഘടനയിലെ ന്യൂനപക്ഷ സ്വാതന്ത്ര്യം

ഈജിപ്തില്‍ ഭരണഘടനാ സമിതി തയ്യാറാക്കിയ ഭരണഘടനയുടെ കരട് പ്രസിഡന്റ് മുഹമ്മദ് മുര്‍സി ഈജിപ്ഷ്യന്‍ ജനതക്ക് സമര്‍പ്പിച്ചിരിക്കുയാണിപ്പോള്‍. ഡിസംബര്‍ 15-ന് ഹിതപരിശോധന നടക്കുകയും ചെയ്യുന്നതാണ്. ഭരണഘടനയുമായി ബന്ധപ്പെട്ട് വ്യത്യസ്ത തലങ്ങളിലുള്ള ചര്‍ച്ചകളും വിലയിരുത്തലുകളും നടന്നുകഴിഞ്ഞു. ഇപ്പോഴും ചര്‍ച്ചകളും വാഗ്വാദങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്. പ്രസിഡന്റിന്റെ അധികാരവുമായി ബന്ധപ്പെട്ടും മറ്റുമുള്ള പ്രശ്‌നങ്ങള്‍ രാജ്യത്ത് അക്രമങ്ങളും പ്രതിഷേധങ്ങളും ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്.

ഭരണഘടനാ കരട് ഈജിപ്ഷ്യന്‍ ജനത അംഗീകരിക്കുകയാണെങ്കില്‍ അത് ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ വലിയ ശ്രദ്ധ പുലര്‍ത്തിയിട്ടുണ്ടെന്ന് എനിക്ക് ഉറപ്പിച്ച് പറയാനാകും. അവര്‍ക്ക് സ്വാതന്ത്ര്യവും, നീതിയും, അവകാശങ്ങളും നല്‍കുന്നതില്‍ ഭരണഘടന വിജയിച്ചിട്ടുണ്ട്. വിശ്വാസങ്ങള്‍ക്കും സംസ്‌കാരങ്ങള്‍ക്കും വര്‍ഗങ്ങള്‍ക്കുമുപരിയായി എല്ലാ പൗരന്മാരെയും തുല്യരും സമന്മാരുമായാണ് ഈ ഭരണഘടന പരിഗണിക്കുന്നത്. സാമൂഹിക ഐക്യങ്ങളെയും സമുദായങ്ങളിലുള്ള സദാചാരങ്ങളെയും മൂല്യങ്ങളെയും ഇത് അംഗീകരിക്കുന്നുണ്ട്. മാനുഷിക മൂല്യങ്ങളെയും ജനങ്ങളുടെ അഭിമാനത്തെയും ഇത് ബഹുമാനിക്കുന്നുമുണ്ട്.

മുമ്പുണ്ടായിരുന്ന ഭരണഘടനയില്‍ നിന്ന് ഇത് തികച്ചും വ്യത്യസ്തമാണ്. പൗരത്വം, സമത്വം, നീതി, ബഹുമാനം, സാമൂഹിക ഐക്യം തുടങ്ങിയ അടിസ്ഥാന സിദ്ധാന്തങ്ങളുടെ മേല്‍ ഒരു പുതിയ ലോകം പണിയാനുള്ള ആത്മാര്‍ഥമായ ശ്രമമാണ് ഭരണഘടനയിലുള്ളത്.

ന്യൂനപക്ഷങ്ങളുടെ വിശ്വാസ സ്വാതന്ത്ര്യം
ഈജിപ്ഷ്യന്‍ ഭരണഘടനയുടെ മൂന്നാമത്തെ ഖണ്ഡിക എല്ലാ മതവിശ്വാസികള്‍ക്കും അവരവരുടെ വിശ്വാസം സംരക്ഷിക്കാനും വ്യക്തിനിയമങ്ങളിലും ആരാധനകളിലും തങ്ങളുടെ മതവിധികള്‍ പാലിക്കാനും സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. ഭരണഘടനയില്‍ പറയുന്നു: ‘വ്യക്തിനിയമങ്ങള്‍, മതകാര്യങ്ങള്‍, ആത്മീയനേതാവിനെ തെരഞ്ഞെടുക്കല്‍ എന്നീ കാര്യങ്ങളില്‍ ഈജിപ്ഷ്യരായ ക്രിസ്ത്യാനികളുടെയും ജൂതന്മാരുടെയും കാര്യത്തില്‍ നിയമങ്ങളുടെ പ്രധാന സ്രോതസ് അവരുടെ മതതത്വങ്ങളായിരിക്കും.’

ഈജിപ്തില്‍ ഇസ്‌ലാമിസ്റ്റുകളുടെ വിജയം മറ്റ് മതക്കാരുടെ അവകാശങ്ങള്‍ ഹനിക്കപ്പെടാന്‍ കാരണമാകുമെന്നാണ് പാശ്ചാത്യന്‍ മാധ്യമങ്ങളും മറ്റും ആശങ്ക പടര്‍ത്തിയിരുന്നത്. എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ക്ക് ഒരു അടിസ്ഥാനവുമില്ലെന്ന് തെളിയിക്കുന്ന തരത്തിലുള്ള ഭരണഘടനയാണ് ഇപ്പോള്‍ ജനങ്ങള്‍ക്ക് മുമ്പില്‍ സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. ഈ വകുപ്പിന് പുറമേ വേറെയും വകുപ്പുകള്‍ ന്യൂനപക്ഷങ്ങളുടെ അവകാശം സംരക്ഷിക്കുന്നതായുണ്ട്. എല്ലാ മതക്കാര്‍ക്കും അവരുടെ ആരാധനാലയങ്ങള്‍ സ്ഥാപിക്കാനും ആരാധന സംഘടിപ്പിക്കാനും ഭരണഘടനാ വകുപ്പ് 43 സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. ‘വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കാനാവാത്ത അവകാശമാണ്. നിയമപ്രകാരം മതാനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കാനും ആരാധനാലയങ്ങള്‍ സ്ഥാപിക്കാനും എല്ലാ മതക്കാര്‍ക്കും അവകാശമുണ്ടായിരിക്കും.’

പൗരത്വത്തിന്റെ സാര്‍വദേശീയ മൂല്യം
മത-ദേശ-വര്‍ഗ-ജാതി വ്യത്യാസമില്ലാതെ എല്ലാ ഈജിപ്ത് പൗരന്മാര്‍ക്കും സാര്‍വദേശീയ മൂല്യങ്ങളുള്ള പൗരത്വം ഭരണഘടന ഉറപ്പുവരുത്തുന്നുണ്ട്. ഭരണഘടനാ കരടിന്റെ ആമുഖത്തില്‍ പറയുന്നത് കാണുക: ‘ഒരു തരത്തിലുള്ള വിവേചനവും മുന്‍ഗണനയുമില്ലാതെ രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും -സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കു- നിയമത്തിന് മുന്നില്‍ തുല്ല്യ പരിഗണനയും തുല്ല്യ അവസരങ്ങളും ഈ ഭരണഘടന ഉറപ്പുനല്‍കുന്നു.’ രാജ്യത്തെ എല്ലാ കാര്യങ്ങളും ജനാധിപത്യപരമായും കൂടിയാലോചനയിലൂടെയും മാത്രമേ നടപ്പിലാക്കുകയുള്ളൂ എന്നും ഭരണഘടന ഉറപ്പ് നല്‍കുന്നുണ്ട്. ഖണ്ഡിക 6-ല്‍ പറയുന്നു: ‘രാജ്യത്തെ രാഷ്ട്രീയ വ്യവസ്ഥ ജനാധിപത്യത്തെയും കൂടിയാലോചനയെയും പൗരത്വമൂല്യത്തെയും അടിസ്ഥാനമാക്കിയായിരിക്കും നിലനില്‍ക്കുക…. എല്ലാ പൗരന്മാര്‍ക്കും തുല്ല്യാവകാശങ്ങളും ഡ്യൂട്ടികളും ഉണ്ടായിരിക്കും…. മത-പ്രാദേശിക-ലിംഗ വ്യത്യാസങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും രാഷ്ട്രം അംഗീകാരം നല്‍കില്ല.’

ഒരു മുസ്‌ലിം രാഷ്ട്രത്തില്‍ പൗരന്മാരുടെ അവകാശങ്ങളും സമത്വവും എങ്ങനെയായിരിക്കുമെന്ന് തെളിയിക്കുന്നതാണ് സമര്‍പ്പിക്കപ്പെട്ട ഭരണഘടന. അതില്‍ മനുഷ്യത്വത്തിന്റെ എല്ലാ ഗുണങ്ങളും പരിഗണിച്ചിട്ടുണ്ട്. പ്രവാചകന്‍(സ)യുടെ വലിയ മാതൃക ഈ കാര്യത്തില്‍ മുസ്‌ലിംങ്ങള്‍ക്കുണ്ട്. പ്രവാചകന്‍ മദീനയിലെത്തിയപ്പോള്‍ മദീനയില്‍ ജൂതന്മാരും ഇസ്‌ലാം സ്വീകരിക്കാത്ത മറ്റ് അറബികളുമുണ്ടായിരുന്നു. അപ്പോള്‍ പ്രവാചകന്‍ അവരുടെ അവകാശം സംരക്ഷിക്കുമെന്ന് ഉറപ്പ് നല്‍കികൊണ്ട് ഒരു കരാര്‍ എഴുതുകയുണ്ടായി. അതില്‍ ഇപ്രകാരം പറയുന്നുണ്ട്: ‘ജൂതന്മാരോ മുസ്‌ലിംകളോ അക്രമത്തിനിരയാവുകയാണെങ്കില്‍ പരസ്പരം സഹായിക്കും. പരസ്പരം ഉപദേശ നിര്‍ദ്ദേശങ്ങള്‍ കൈമാറിക്കൊണ്ടും പരസ്പരം സഹകരിച്ചുകൊണ്ടുമായിരിക്കും എല്ലാ കാര്യങ്ങളും നടപ്പിലാക്കുക. എല്ലാവര്‍ക്കും തുല്ല്യ അവകാശങ്ങളുണ്ടായിരിക്കും.’

സ്വാതന്ത്ര്യം ഉറപ്പുനല്‍കുന്നു
ഈജിപ്ത് ഭരണഘടന പൗരന്മാരുടെ സമഗ്രമായ സ്വാതന്ത്ര്യം ഉറപ്പുവരുത്താന്‍ ശ്രദ്ധിച്ചിട്ടുണ്ട്. ഭരണഘടനയുടെ ആമുഖത്തില്‍ പറയുന്നു: ‘സ്വാതന്ത്ര്യം അടിയുറച്ച അവകാശമാണ്. ജീവിതത്തിന്റെ എല്ലാ മേഖലകളിലും മനുഷ്യസ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കണം. അഭിപ്രായങ്ങള്‍ രൂപീകരിക്കാനും പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം, സര്‍ഗാത്മകത പ്രകടിപ്പിക്കാനും വളര്‍ത്താനുമുള്ള സ്വാതന്ത്ര്യം തുടങ്ങീ എല്ലാ കാര്യങ്ങളും അംഗീകരിക്കപ്പെടണം. എല്ലാ പൗനന്മാര്‍ക്കും ഒരു വിവേചനവുമില്ലാതെ സ്വാതന്ത്ര്യം ഉറപ്പുവരുത്തും. ദൈവം മനുഷ്യരെ സ്വതന്ത്ര്യരായാണ് സൃഷ്ടിച്ചത്. അത് ഹനിക്കാന്‍ ആര്‍ക്കും അവകാശമില്ല.’

ഈജിപ്ത് ഭരണഘടനയെ അതിന്റെ ജനാധിപത്യ, മനുഷ്യാവകാശ, മതസ്വാതന്ത്ര്യ മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തുകയാണിവിടെ ചെയ്തത്. ഇസ്‌ലാമിക മൂല്യങ്ങളെ അതിന്റെ ഏറ്റവും ഉന്നതമായ തെളിച്ചത്തോടെ പ്രതിനിധീകരിക്കാന്‍ ഈ ഭരണഘടനക്ക് കഴിയുന്നുണ്ടെന്നാണ് എന്റെ വിലയിരുത്തല്‍. ന്യൂനപക്ഷകങ്ങള്‍ക്ക് അവരുടെ അവകാശങ്ങളും കടമകളും നിര്‍ണയിച്ച് നല്‍കുന്നതിലും അവരുടെ മതസ്വാതന്ത്ര്യം നിലനിര്‍ത്തുന്നതിലും ഈ ഭരണഘടന വലിയ വിജയമാണ്.

വിവ: ജുമൈല്‍ കൊടിഞ്ഞി

Related Articles