Current Date

Search
Close this search box.
Search
Close this search box.

മാല്‍കം എക്‌സ്, താങ്കള്‍ക്കിപ്പോഴും പ്രസക്തിയുണ്ടോ?

സ്വന്തത്തിനെതിരാണെങ്കില്‍ പോലും നീതിക്കു വേണ്ടി നിലനില്‍ക്കണമെന്ന ഖുര്‍ആനിന്റെ അധ്യാപനത്തിന് ജീവിതം കൊണ്ട് അര്‍ഥം കൊടുത്തവനായിരുന്നല്ലോ മാല്‍കം എക്‌സ്. എല്ലാ തരത്തിലുളള വംശീയ ജാതീയ വേര്‍തിരിവുകളെയും മറികടന്ന് സ്മരിക്കപ്പെടേണ്ടുന്ന ഒരു ആഫ്രിക്കന്‍ അമേരിക്കന്‍ വ്യക്തിത്വം. നിങ്ങള്‍ക്ക് നീതിക്കു വേണ്ടി മുദ്രാവാക്യം വിളിക്കാന്‍ എളുപ്പമാണ്. എന്നാല്‍ നീതി നിഷേധിക്കുന്നവന്‍ നിങ്ങളില്‍ തന്നെയുളളപ്പോള്‍ അതിനെതിരില്‍ ശബ്ദിക്കുക എന്നത് കഠിനമാണ്. മറ്റുളളവര്‍ ചെയ്യുന്ന തെറ്റുകളെക്കുറിച്ച് സംസാരിക്കാന്‍ എളുപ്പമാണ്. പക്ഷെ തെറ്റുകാരന്‍ നമ്മില്‍ തന്നെയുളളപ്പോള്‍ അതിനെതിരില്‍ ശബ്ദിക്കാന്‍ പ്രയാസമാണ്. പ്രൊഫ. മുല്‍ഫി കേറ്റ് അസാന്തിന്റെ പ്രശസ്തരായ 100 ആഫ്രിക്കന്‍ അമേരിക്കക്കാരെക്കുറിച്ചുളള ജീവചരിത്രപുസ്തകത്തില്‍ ജീവിതത്തിന്റെ വ്യത്യസ്ത ഘട്ടങ്ങളിലെല്ലാം തന്നെ നീതിക്കു വേണ്ടി നിലനിന്ന മാല്‍കം എക്‌സ് എന്ന അല്‍ ഹാജ് മാലിക് അല്‍ ശഹബാസ് ചരിത്രത്തില്‍ ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തിത്വമായി അടയാളപ്പെടുത്തപ്പെടുന്നു.
കറുത്ത വര്‍ഗക്കാരോട് ശക്തമായ വിവേചനം പുലര്‍ത്തിയിരുന്ന അടിമത്ത കാലത്താണ് അദ്ദേഹം വളര്‍ന്നത്. ജയിലില്‍ വച്ച് തന്നോടൊപ്പം അനീതിക്കിരയാക്കപ്പെട്ടുകൊണ്ടിരിക്കുന്നവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് അദ്ദേഹം ഇസ്‌ലാം സ്വീകരിച്ചു. ശബ്ദമില്ലാത്തവരുടെ ഉച്ചത്തിലുളള ശബ്ദമായി മാറി അദ്ദേഹം. ഒരുപാട് മുന്‍ധാരണകളാലും വിവേചനത്താലും നിശബ്ദരായിപ്പോയ ആഫ്രോ-അമേരിക്കന്‍ വിഭാഗത്തിന്റെ ശബ്ദമായി അത് കണക്കാക്കപ്പെട്ടു. ഹജ്ജ് നിര്‍വഹിക്കുന്നതിനായി മക്കയില്‍ പോയ മാല്‍കം ഇസ്‌ലാമിന്റെ സാഹോദര്യത്തിന്റെ മഹത്വം മനസ്സില്‍ ആവാഹിച്ചു കൊണ്ടാണ് അമേരിക്കയിലേക്ക് തിരിച്ചെത്തിയത്. മറ്റുളളവരോട് ഏറ്റവും ആദരവോടുകൂടി വര്‍ത്തിക്കുന്നതിന്റെ മഹത്വം അദ്ദേഹം ജീവിതത്തിലൂടെ ബോധ്യപ്പെടുത്തി. പലപ്പോഴും മനുഷ്യരെല്ലാം അനീതിക്കെതിരെ ശബ്ദിക്കുന്നത് അത് ദുര്‍ബലന്‍ ചെയ്യുമ്പോഴാണ്. ശക്തന്‍ ചെയ്യുന്ന അനീതികളെ ആരു തിരിച്ചറിയാറില്ല. ഇത് ഒരു പൊതു തത്വമാണ്. അമേരിക്ക ലോക പോലീസായി രാജ്യങ്ങളെ ആക്രമിച്ചപ്പോള്‍ വളരെ കുറച്ചു പേരൊഴിച്ച് ആരും തന്നെ അതിനെ കാര്യമായി ചോദ്യം ചെയ്തില്ല. ജനാധിപത്യ രാജ്യങ്ങളെന്ന് കൊട്ടിഘോഷിക്കുന്ന രാജ്യങ്ങളില്‍ പോലും അനീതി ചോദ്യം ചെയ്യപ്പെടുന്നില്ല. ഇവിടെയാണ് മാല്‍കം എക്‌സ് പ്രസക്തനാകുന്നത്. താന്‍ കടുത്ത വില നല്‍കേണ്ടി വരുമെന്ന തികഞ്ഞ ബോധ്യമുണ്ടായിട്ടും സാമുഹ്യ വിവേചനത്തിനെതിരെയും അനീതിക്കെതിരെയുമുളള തന്റെ നിലപാടില്‍ അദ്ദേഹം മാറ്റം വരുത്തിയില്ല. വര്‍ണവിവേചനത്തിനിരയായി തന്റെ പിതാവ് കൊല്ലപ്പെട്ടു. മാതാവിന്റെ ശിഷ്ട കാലം മാനസികാശുപത്രിയില്‍. ഈ കടുത്ത ഓര്‍മകള്‍ക്കിടയിലും മൊത്തം ലോകവും മുസ്‌ലിം സമൂഹം തന്നെയും ഒഴിവാക്കിയ തനിക്കെതിരാണെങ്കില്‍ പോലും നീതിക്കു വേണ്ടി നിലനില്‍ക്കുകയെന്ന അധ്യാപനത്തിന്റെ പാതയില്‍ അദ്ദേഹം ശക്തമായി ഉറച്ചു നിന്നു. അവസാനം അനീതിയുടെ വക്താക്കള്‍ ആ ധീരനെ വകവരുത്തി. അനീതിയും അക്രമവും ശക്തിയുക്തം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ മാല്‍കം താങ്കള്‍ക്കും താങ്കള്‍ ഉയര്‍ത്തിപ്പിടിച്ച നീതിക്കു വേണ്ടിയുളള ഖുര്‍ആനികാധ്യാപനങ്ങള്‍ക്കും പ്രസക്തിയേറുന്നു.
അവലംബം : www.onilslam.net

വിവ: അത്തീഖുറഹ്മാന്‍

Related Articles