Current Date

Search
Close this search box.
Search
Close this search box.

മനുഷ്യാവകാശം: ശരീഅത്തിനും അന്താരാഷ്ട്ര നിയമങ്ങള്‍ക്കും മധ്യേ

human-rights.jpg

ആഗോള സമൂഹത്തിന്റെ ശ്രദ്ധ മനുഷ്യാവകാശത്തിലേക്ക് തിരിയുന്നത് 1948 മുതലാണ്. യൂറോപ്യന്‍ യൂണിയന്റെ മനുഷ്യാവകാശ പ്രഖ്യാപനം നടന്നത് പ്രസ്തുത വര്‍ഷത്തിലാണ്. അതിലെ ആദ്യ രണ്ട് നിയമങ്ങളും അവകാശത്തിലും മഹത്വത്തിലും മനുഷ്യര്‍ തുല്യരാണ് എന്ന് സ്ഥാപിക്കുന്നതായിരുന്നു. എന്നാല്‍ മൂന്ന് മുതല്‍ മുപ്പത് വരെയുള്ള ഖണ്ഡികകള്‍ നാഗരികവും, രാഷ്ട്രീയവും, സാമ്പത്തികവും, വിശ്വാസപരവുമായ അവകാശങ്ങളെയാണ് കേന്ദ്രീകരിക്കുന്നത്.അതിന് ശേഷം 1994 വിയന്നയിലെ സമ്മേളനം വരെ 24 അന്തര്‍ദേശീയ സമ്മേളനങ്ങള്‍ മനുഷ്യാവകാശവുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കപ്പെടുകയുണ്ടായി. നാല് വിഷയങ്ങളിലായിരുന്നു ഇതിലെ മുഖ്യ ചര്‍ച്ചകള്‍.

1. മനുഷ്യാവകാശങ്ങള്‍ ആപേക്ഷികമോ, സ്ഥായിയായതോ.

2. മനുഷ്യ സമൂഹത്തെ ഒരൊറ്റ നാഗരികതയില്‍ തളച്ചിടാമോ, അതോ വൈവിധ്യങ്ങള്‍ സ്വീകരിക്കാമോ. 3. സാമ്പത്തികവും സാമൂഹികവുമായ അവകാശങ്ങള്‍ 4. മനുഷ്യാവകാശം അന്തര്‍ദേശീയ സമൂഹത്തിന്റെ ബാധ്യതയാണോ, ദേശീയാടിസ്ഥാന ബാധ്യതയോ.

ശേഷം 1994-ല്‍ കൈറോയിലും, 1995-ല്‍ സ്ത്രീകളുടെ അവകാശവുമായി ബന്ധപ്പെട്ട് ബീജിങ്ങിലും സമ്മേളനങ്ങള്‍ നടക്കുകയുണ്ടായി. ഇത്രയധികം സമ്മേളനങ്ങളും പ്രവര്‍ത്തനങ്ങളും നടന്നിട്ടും പ്രസ്തുത മുപ്പത് വര്‍ഷങ്ങള്‍ക്കുള്ളില്‍ മതത്തിന്റെയും വംശത്തിന്റെയും പേരില്‍ ലോകത്ത് നടമാടിയ യുദ്ധങ്ങള്‍ക്കും കൊലപാതങ്ങള്‍ക്കും കണക്കില്ല എന്നത് ഞെട്ടിപ്പിക്കുന്ന സത്യമാണ്. വൃത്തികെട്ട രൂപത്തിലുള്ള സാമൂഹിക കൂട്ടക്കൊലകളും, വംശനശീകരണ പ്രവര്‍ത്തനങ്ങളും ബോസ്‌നിയയിലും കൊസോവയിലും അരങ്ങേറുകയുണ്ടായി. വൈദേശികരോട് വിദ്വേഷം പുലര്‍ത്തുന്ന വര്‍ഗീയ നയവുമായി ഫ്രാന്‍സും ജര്‍മനിയും രംഗത്ത് വരികയുമുണ്ടായി.

മനുഷ്യാവകാശ രേഖ രൂപപ്പെടുത്തുന്നതില്‍ മുന്‍പന്തിയിലുണ്ടായിരുന്ന വന്‍കിട രാഷ്ട്രങ്ങള്‍ സന്ദര്‍ഭത്തിനനുസരിച്ച് അവയില്‍ നിന്ന് പിന്‍വാങ്ങുകയും, തന്റേടപൂര്‍വ്വം നിലപാടെടുക്കാനവാതെ കുഴങ്ങുകയും ചെയ്തു.

ഇപ്പോള്‍ നാം മനുഷ്യാവകാശത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ 1948-ല്‍ സമര്‍പ്പിച്ച മുപ്പത് ഖണ്ഡികകള്‍ മതിയാവാതെ വരുന്നതായാണ് കാണുന്നത്. പഴയ വിഷയങ്ങളും നിയമങ്ങളും രാഷ്ട്രങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഏര്‍പാടുകളില്‍ നിന്നും പുറത്താണ്. 1948-ലെ പ്രമേയമനുസരിച്ച കുടുംബത്തിന്റെ നിര്‍വ്വചനം പോലും ഇന്ന് പൂര്‍ണമായും മാറിയിരിക്കുന്നു. മേല്‍ സൂചിപ്പിച്ച കൈറോ, ബീജിങ്ങ് സമ്മേളനങ്ങളെ തുടര്‍ന്ന് നിരന്തരമായി ഒന്നിച്ച് ജീവിക്കുന്ന രണ്ട് വ്യക്തികളാണ് കുടുംബം എന്ന് സ്ഥാപിക്കപ്പെട്ടിരിക്കുന്നു. ആ രണ്ട് പേര്‍ ആണായാലും പെണ്ണായാലും ശരി. രണ്ട് സ്ത്രീകള്‍ മാത്രമുള്ളതോ, രണ്ട് പുരുഷന്‍മാര്‍ മാത്രമുള്ളതോ ആയ കുടുംബങ്ങള്‍ ഇതു മുഖേന രൂപപ്പെടാം. ആണും പെണ്ണും ചേര്‍ന്ന കുടുംബ സങ്കല്‍പത്തിന് വിരുദ്ധമായ ആശയമാണത്.

മുന്‍കാല നിയമത്തില്‍ കുടുംബം എന്നത് സെക്‌സ് അഥവാ രണ്ട് വിവിധ വര്‍ഗങ്ങളുമായി ബന്ധപ്പെട്ട സംവിധാനമായിരുന്നുവെങ്കില്‍ 1994-ലെ സമ്മേളനങ്ങളിലൂടെ ഏതെങ്കിലും വര്‍ഗത്തിന്റെ ഒരു കൂട്ടം എന്ന ആശയത്തിലേക്ക് കുടുംബത്തെ മാറ്റി.

എന്നാല്‍ മഹത്തായ ഇസ്‌ലാമിക ശരീഅത്ത് മേല്‍ സൂചിപ്പിച്ച എല്ലാ പ്രമേയങ്ങളെയും പ്രഖ്യാപനങ്ങളെയും കവച്ച് വെക്കുന്നു. ഇസ്‌ലാമില്‍ മനുഷ്യാവകാശങ്ങളുടെ സ്രോതസ്സ് വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തുമാണ്. എന്നാല്‍ അന്താരാഷ്ട്ര നിയമങ്ങളുടെ ഉറവിടം മനുഷ്യ ചിന്തകളാണ്. മനുഷ്യര്‍ക്കാവട്ടെ ശരി സംഭവിക്കുന്നതിനേക്കാള്‍ കൂടുതല്‍ അബദ്ധങ്ങളാണ് സംഭവിക്കുക. മാത്രമല്ല ദൗര്‍ബല്യം, വീഴ്ച, അശക്തത തുടങ്ങിയ മനുഷ്യ സഹചമായ കുറവുകളും സംഭവിക്കും. എന്നാല്‍ അല്ലാഹുവോ, അവന്‍ എല്ലാ ന്യൂനതകളില്‍ നിന്നും മുക്തനും, എല്ലാറ്റിനെയും കുറിച്ച് അറിയുന്നവനുമാണ്.

അവകാശങ്ങള്‍ ഇസ്‌ലാമില്‍ പവിത്രമാണ്. അതോടൊപ്പം അവ വകവെച്ച് കൊടുക്കല്‍ നിര്‍ബന്ധവുമാണ്. അവ പാലിക്കാന്‍ നിയമങ്ങള്‍ വെക്കുകയും, അവയെ വിശ്വാസവുമായി ബന്ധിപ്പിക്കുകയും ചെയ്യും.

മനുഷ്യരുടെ നിയമങ്ങള്‍ ചില അവകാശങ്ങളെ ഉള്‍ക്കൊള്ളുന്നുവെങ്കിലും ഇസ്‌ലാമിക നിയമങ്ങള്‍ ജീവിതത്തിലെ എല്ലാ ബാധ്യതകളെയും അവകാശങ്ങളെയും ഉള്‍ക്കൊള്ളുന്നു.

അന്താരാഷ്ട്ര മനുഷ്യാവകാശങ്ങള്‍ പ്രഖ്യാപിച്ചവര്‍ അവ സംരക്ഷിക്കേണ്ടതിനാവശ്യമായ മുന്‍കരുതലുകള്‍ വെക്കുകയുണ്ടായില്ല. അവയെ പിച്ചിച്ചീന്തുന്നതില്‍ നിന്നും, അതിക്രമിച്ച് കടക്കുന്നതില്‍ നിന്നും തടയുന്ന മാര്‍ഗമോ, ആസുത്രണമോ 1948-ലെ പ്രഖ്യാപനത്തില്‍ ഉണ്ടായിരുന്നില്ല. പ്രത്യേകിച്ചും ആഗോളതലത്തില്‍ അത്തരമൊരു പദ്ധതിയോ, ആസൂത്രണമോ രൂപപ്പെടുത്തപ്പെട്ടിട്ടില്ലായിരുന്നു.

മനുഷ്യാവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ നടപ്പിലാക്കാന്‍ ഒരു രാഷ്ട്രവും ഇതു വരെ തയാറായിട്ടുമില്ല. മാത്രമല്ല യൂറോപ്യന്‍ യൂണിയനില്‍ നിന്നും മറ്റ് അത് സംബന്ധിച്ച കേന്ദ്രങ്ങളില്‍ നിന്നും പുറത്ത് വരുന്ന പ്രഖ്യാപനങ്ങള്‍ കേവലം കടലാസിലെ രേഖകളായി പരിമിതപ്പെടുകയും, താല്‍പര്യങ്ങള്‍ക്കനുസരിച്ച് കൈകാര്യം ചെയ്യപ്പെടുകയുമുണ്ടായി. എന്നാല്‍ ഇസ്‌ലാമില്‍ മുസ്‌ലിങ്ങള്‍ മനുഷ്യാവകാശം സംരക്ഷിക്കാന്‍ രംഗത്തിറങ്ങുകയാണുണ്ടായത്. ഇസ്‌ലാമിക ശിക്ഷാ നിയമങ്ങള്‍ നടപ്പില്‍ വരുത്തിയതും, അല്ലാഹു നിയമമാക്കിയ നീതി അടിസ്ഥാനമാക്കി മാറ്റിയതും ഇവ്വിഷയത്തില്‍ ഇസ്‌ലാമിന്റെ മാത്രം സവിശേഷതയാണ്.

അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനം വ്യഭിചാരം, സ്വവര്‍ഗരതി തുടങ്ങി എല്ലാ അരാചകത്വങ്ങളെയും സ്വാതന്ത്ര്യത്തിന്റെ പേരില്‍ അനുവദിക്കുന്നു. എന്നാല്‍ ഇസ്‌ലാം അത്തരം തിന്മയില്‍ നിന്നും സമൂഹത്തെ സംരക്ഷിക്കുകയും, അവക്ക് പരിഹാരം നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു.

വിവ: അബ്ദുല്‍ വാസിഅ് ധര്‍മഗിരി

Related Articles