Current Date

Search
Close this search box.
Search
Close this search box.

കത്‌വ: ചര്‍ച്ച ചെയ്യാതെ പോയ രാഷ്ട്രീയം

Untitled-1.jpg

എട്ടു വയസ്സുകാരിയോട് അറുപതു വയസ്സുകാരന് തോന്നാവുന്ന കാമം നൈമിഷമാകാന്‍ മാത്രമേ സാധ്യതയുള്ളൂ. ഒരു എട്ടു വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്നു എന്ന് മാത്രം പറഞ്ഞു നിര്‍ത്തിയാല്‍ അതിന്റെ ഗൗരവം പൂര്‍ത്തിയാകില്ല. പ്രധാനമന്ത്രിയും പ്രസിഡന്റും കത്‌വ പീഡനത്തെ അപലപിച്ചു എന്നത് അങിനെ വേണം വായിക്കാന്‍. ഈ പീഡനം ഒരു രാഷ്ട്രീയമാണ് എന്ന വായന അധികം ആരും നടത്തിയില്ല എന്നതാണ് ദുരന്തം. പീഡനം ഒരു ദുരന്തമാണ്. അത് കൊച്ചു കുട്ടികളാകുമ്പോള്‍ അതി ഭയാനകവും. അതിലപ്പുറം മറ്റൊരു കാരണം കൂടി ഇതിന്റെ പിന്നിലുണ്ട്. മുസ്ലിംകളെ ഭയപ്പെടുത്തുക എന്ന രാഷ്ട്രീയം. അതിനെ ചര്‍ച്ച ചെയ്യാന്‍ അധികം പേരും തയ്യാറാകുന്നില്ല.

പീഡനത്തെ മതവുമായി ചേര്‍ത്ത് വെക്കരുത് എന്നാണു പലരും പറയുന്നത്. അതാണോ അതിന്റെ ശരി. മതമുള്ളതു കൊണ്ടാണ് എട്ടു വയസ്സുകാരി പീഡിപ്പിക്കപ്പെട്ടത് എന്ന് പ്രതികള്‍ തന്നെ സമ്മതിച്ച സ്ഥിതിക്ക് അതും കൂടി ചര്‍ച്ച ചെയ്യുമ്പോള്‍ മാത്രമാണ് ഈ വിഷയത്തിന്റെ വിശകലനം പൂര്‍ത്തിയാവുക. ഇന്ത്യയില്‍ നിലനില്‍ക്കുന്ന ഒരു മുസ്ലിം വിരുദ്ധ രാഷ്ട്രീയത്തിന്റെ തീര്‍ത്തും അപകടകരമായ ഒന്നാണ് കത്‌വാ സംഭവം. മദ്രസ അധ്യാപകന്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചു എന്നത് ഒരു രാഷ്ട്രീയമല്ല. അതൊരു ക്രൈം എന്ന രൂപത്തില്‍ ചര്‍ച്ച ചെയ്യണം. പോസ്‌കോ നിയമത്തിന്റെ ശക്തമായ നടത്തിപ്പിന്റെ പരാജയം എന്നാണ് അതിനെ കുറിച്ച് പറയാന്‍ കഴിയുക. കത്‌വ ഒരേ സമയം ക്രൈമും വംശീയവുമാണ് എന്നതാണ് വ്യത്യാസം.

താനൂരില്‍ തകര്‍ക്കപ്പെട്ട സ്ഥാപനങ്ങള്‍ക്കു മുസ്ലിംകള്‍ തന്നെ സഹായിക്കണം എന്ന മന്ത്രി ജലീലിന്റെ അഭിപ്രായം ചില കാര്യങ്ങള്‍ കൂട്ടത്തില്‍ ചിന്തിക്കാന്‍ നമുക്ക് സഹായം നല്‍കും. തീര്‍ത്തും നന്മക്കു വേണ്ടിയാണു മുസ്ലിംകള്‍ രംഗത്തു വരേണ്ടത്. ദൈവിക മാര്‍ഗം എന്നത് കൊണ്ട് ഉദ്ദേശം പൂര്‍ണ നന്മയാണ്.  അജ്ഞാത ഹര്‍ത്താല്‍ നടത്താന്‍ ഒരു മുസ്ലിം കൂട്ടായ്മയും നിര്‍ദ്ദേശം നല്‍കിയിട്ടില്ല. ജനകീയ ഹര്‍ത്താല്‍ എന്നായിരുന്നു അതിന്റെ പേര് തന്നെ.

അതിന്റെ പിന്നിലെ തീവ്രവാദികളെ തിരയലായിരുന്നു ഭരണകൂടത്തിന്റെ ജോലി. അറസ്റ്റു ചെയ്യപ്പെട്ട ആളുകളുടെ വിശദമായ കണക്കിപ്പോള്‍ ലഭ്യമാണ്. കൂടുതല്‍ ലീഗ് ഭീകരരാണ് അറസ്റ്റു ചെയ്യപ്പെട്ടത് എന്ന് മനസ്സിലാക്കാം. സി പി എം  കോണ്‍ഗ്രസ്സ് തുടങ്ങി ശുദ്ധ മതേതര ഭീകരരും കൂട്ടത്തിലുണ്ട്. അറസ്റ്റു ചെയ്യപ്പെട്ടവരുടെ കൂട്ടത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ആരുമില്ല എന്നതാണ് പോലീസ്  ഭാഷ്യം. മതത്തെ ആരാണ് രാഷ്ട്രീയത്തിനു ഉപയോഗിക്കുന്നത് എന്ന് കൂടി ഈ വിഷയം പറഞ്ഞു തരും.

തകര്‍ക്കപ്പെട്ടത് അമുസ്ലിംകള്‍ നടത്തുന്ന സ്ഥാപനം. പ്രതികളായി പിടിക്കപ്പെട്ടത് മുസ്ലിംകളും.സ്ഥലം മലപ്പുറവും. സ്വതവേ മുസ്ലിം വിരുദ്ധതയുള്ള പാര്‍ട്ടികള്‍ ഇതിനെ ഉപയോഗിക്കാന്‍ ശ്രമിച്ചു. പക്ഷെ തങ്ങളുടെ അണികള്‍ തന്നെയാണ് പിടിക്കപ്പെട്ടത് എന്ന സത്യം അവര്‍ അറിയാന്‍ വൈകിപ്പോയി.
മുസ്ലിംകള്‍ പ്രതിയായ കേസുകളില്‍ മതം പറയണം അതെ സമയം അവര്‍ ഇരകളായ കേസുകളില്‍ മതം പറയരുത് എന്നതാണ് പൊതുബോധം. അതുകൊണ്ടാണ് കത്‌വയില്‍ മതം പറയരുത് എന്ന് ശാഠ്യം പിടിക്കുന്നവര്‍ മലപ്പുറത്ത് മതം പറയണം എന്ന് ശാഠ്യം പിടിക്കുന്നതും.

 

Related Articles