Current Date

Search
Close this search box.
Search
Close this search box.

അയല്‍വാസിയുടെ അവകാശങ്ങള്‍

ഇസ്‌ലാം സമര്‍പിക്കുന്നത് വേറിട്ട ഒരു സാമൂഹ്യ വ്യവസ്ഥിതിയാണ്. പരസ്പര കാരുണ്യവും അനുകമ്പയും, പരസ്പര ആശ്രയവും സഹായവും, നന്മയിലെ സഹകരണവും തിന്മയില്‍ നിന്ന് വിലക്കലുമാണ് അതിന്റെ അടിസ്ഥാനം. വിശ്വാസി താനുമായി ഇടപഴകുന്നവരോട് പാലിക്കേണ്ട കാര്യങ്ങളാണിവ. ഒരു മുസ്‌ലിമിന് മറ്റൊരു മുസ്‌ലിമിനോടും അയല്‍വാസിയോടുമുള്ള അവകാശങ്ങളെ അല്ലാഹു വലിയ പ്രാധാന്യത്തോടെയാണ് കണ്ടിട്ടുള്ളത്. വ്യക്തിയുടെയും സമൂഹത്തിന്റെയും സന്തോഷത്തിന് അനിവാര്യമായ കാരണങ്ങളാണ് ഈ അവകാശങ്ങള്‍. കാരണം ഈ ലോകത്തെ മനുഷ്യന്റെ ജീവിതം നാലുപാടു നിന്നുമുള്ള പരീക്ഷണങ്ങളെയും പ്രയാസങ്ങളെയും അഭിമൂഖീകരിച്ചു കൊണ്ടുള്ളതാണ്. മാത്രമല്ല, ഇത്തരം പ്രതിസന്ധികള്‍ക്ക് മുന്നില്‍ ഒറ്റക്ക് പിടിച്ചു നില്‍ക്കാനുള്ള കരുത്തും മനുഷ്യനില്ല. ഒരാള്‍ പിടിച്ചു നില്‍ക്കുന്നുവെന്നിരിക്കട്ടെ കടുത്ത പ്രയാസം സഹിച്ചു കൊണ്ടായിരിക്കുമത്. എന്നാല്‍ കൂട്ടുകാര്‍ അയാളുടെ സഹായത്തിനെത്തുകയാണെങ്കില്‍ അതവന് കാര്യങ്ങള്‍ എളുപ്പമാക്കി കൊടുക്കുന്നു. സ്വന്തം നിലക്ക് ഒന്നുമല്ലാത്ത മനുഷ്യന്‍ കൂട്ടുകാരാടോ അയല്‍ക്കാരാടോ ബന്ധുക്കളോടോ ഒപ്പമാകുമ്പോള്‍ വലിയ ശക്തിയാവുന്നു.

ഒരാളെ സംബന്ധിച്ചടത്തോളം ഏറ്റവും അടുത്ത് ജീവിക്കുന്നവരും മനസ്സിലാക്കുന്നവരും അവന്റെ അയല്‍വാസികളാണ്. പലപ്പോഴും വിപത്തുകളുണ്ടാകുമ്പോള്‍ ഉറ്റബന്ധുക്കളേക്കാള്‍ മുമ്പ് ഓടിയെത്തുന്നതും അവര്‍ തന്നെ. ജീവിതത്തില്‍ അയല്‍ക്കാരനുള്ള പ്രാധാന്യവും പ്രസക്തിയുമാണിത് കാണിക്കുന്നത്. അതുകൊണ്ട് തന്നെ അവന് അവകാശങ്ങളുമുണ്ട്. അയല്‍വാസിയോടുള്ള അവകാശങ്ങള്‍ പൂര്‍ത്തീകരിക്കല്‍ വിശ്വാസിയുടെ നിര്‍ബന്ധ ബാധ്യതയായിട്ടാണ് മനസ്സിലാക്കേണ്ടത്. ജീവിതത്തില്‍ അവരെ സഹായിക്കുകയും സഹകരിക്കുകയും ചെയ്യുക, അവരുടെ പ്രയാസങ്ങള്‍ ലഘുകരിക്കല്‍, നന്മയിലും ഗുണപരമായ കാര്യങ്ങളിലും അവരെ സഹായിക്കുകയും അവരില്‍ നിന്ന് ദോഷങ്ങള്‍ തടയുകയും ചെയ്യുക തുടങ്ങിയവയെല്ലാം അതിന്റെ ഭാഗമാണ്.

എന്നാല്‍ മിക്ക ആളുകളും ഈ അവകാശത്തിന് വേണ്ടത്ര പ്രാധാന്യം നല്‍കാറില്ലെന്നതാണ് വസ്തുത. സ്വന്തത്തോടുള്ള അമിത താല്‍പര്യവും താന്‍പോരിമയുമാണ് പലപ്പോഴും ഇതിന് തടസ്സമായി നില്‍ക്കുന്നത്. അജ്ഞതയും വിശ്വാസത്തിലെ ദൗര്‍ബല്യവും കാരണം അതിനെ അവഗണിക്കുന്നവരുമുണ്ട്. മനുഷ്യന്‍ സ്വന്തത്തിന് വേണ്ടി മാത്രം ജീവിക്കുന്നവനായി മാറുമ്പോള്‍ സ്‌നേഹം സാഹോദര്യം പോലുള്ള വികാരങ്ങള്‍ അവനില്‍ മരിക്കുന്നു. വിട്ടുവീഴ്ച്ചയും സഹായമനസ്ഥിതിയും അവരില്‍ കാണാനാവില്ല. അവരുടെ ഹൃദയങ്ങളില്‍ മാനുഷിക മൂല്യങ്ങള്‍ക്ക് ഒരിടവും ഉണ്ടായിരിക്കുകയില്ല. ചിലപ്പോഴെല്ലാം അമിതമായ ഐഹികഭ്രമം അയല്‍ക്കാരനെ ദ്രോഹിക്കുന്നതിലേക്കും അവരുടെ അവകാശങ്ങള്‍ ഹനിക്കുന്നതിലേക്കും വരെ അത്തരക്കാരെ എത്തിക്കുന്നു. ഏറ്റവും ചുരുങ്ങിയത് അവര്‍ക്ക് ദ്രോഹം ചെയ്യുന്നതില്‍ നിന്ന് സ്വന്തത്തെ തടഞ്ഞു നിര്‍ത്താനെങ്കിലും ഒരാള്‍ക്ക് സാധിക്കേണ്ടതുണ്ട്.

നല്ല അയല്‍ക്കാരനാകുന്നതിലും അയല്‍ക്കാരനെ ആദരിക്കുന്നതിലും അഭിമാനം കൊണ്ടിരുന്നവരായിരുന്നു ജാഹിലിയാ കാലത്തെ അറബികള്‍ പോലും. അവരുടെ അവകാശങ്ങളെ മാനിക്കുന്നതും അവരെ ദ്രോഹിക്കാതിരിക്കുന്നതും മാന്യതയുടെ അടയാളമായിട്ടായിരുന്നു അവര്‍ കണ്ടിരുന്നതെന്ന് അറബി കവിതകളില്‍ നിന്നും മനസ്സിലാക്കാം. പിന്നീട് ഇസ്‌ലാം വന്നപ്പോള്‍ ഈ ശ്രേഷ്ഠ ഗുണത്തെ ഒന്നുകൂടി ശക്തിപ്പെടുത്തുകയും അയല്‍വാസിയുടെ അവകാശങ്ങള്‍ക്ക് വലിയ മഹത്വം കല്‍പിക്കുകയും ചെയ്തു.

അല്ലാഹുവിന് വഴിപ്പെടണമെന്നും അവനില്‍ മറ്റാരെയും പങ്ക് ചേര്‍ക്കരുതെന്നുമുള്ള കല്‍പനക്ക് ശേഷമാണ് അയല്‍വാസിക്ക് നന്മ ചെയ്യണമെന്ന് ഖുര്‍ആന്‍ (അന്നിസാഅ്: 36) കല്‍പിച്ചിട്ടുള്ളത്. ഇസ്‌ലാമില്‍ അതിനുള്ള പ്രാധാന്യത്തെയാണത് കുറിക്കുന്നത്. മുസ്‌ലിം അമുസ്‌ലിം വേര്‍തിരിവില്ലാതെ എല്ലാ അയല്‍വാസിയെയും ഉള്‍ക്കൊള്ളുന്ന കല്‍പനയാണത്. ഹദീസുകള്‍ അക്കാര്യം നമുക്ക് ബോധ്യപ്പെടുത്തി തരുന്നുണ്ട്.

ഒരു ആടിനെ അറുത്തപ്പോള്‍ അതിന്റെ മാസം യഹൂദിയായ അയല്‍ക്കാരന് നല്‍കിയോ എന്ന് മൂന്ന് തവണ പ്രവാചകന്‍(സ) തന്നോട് ചോദിച്ചെന്ന് അബ്ദുല്ലാഹ് ബിന്‍ അംറ് ബിന്‍ അല്‍-ആസ്വ് ഉദ്ധരിക്കുന്നു. അതിന് അതെയെന്ന് ഉത്തരം പറഞ്ഞപ്പോള്‍ പ്രവാചകന്‍(സ) ഇങ്ങനെ പറയുന്നത് ഞാന്‍ കേട്ടുവെന്നും അദ്ദേഹം പറയുന്നു: അയല്‍വാസിയുടെ കാര്യത്തില്‍ ജിബ്‌രീല്‍ എന്നെ ഉപദേശിച്ചു കൊണ്ടിരുന്നു, അവന്‍ എന്നെ അനന്തരമെടുക്കുമെന്ന് ഞാന്‍ കരുതുന്നിടത്തോളം.

മറ്റൊരിക്കല്‍ പ്രവാചകന്‍(സ) പറഞ്ഞു: ‘അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവര്‍ അയല്‍വാസിയെ ആദരിക്കട്ടെ.’ അയല്‍ക്കാരെ ആദരിക്കലും അവര്‍ക്ക നന്മ ചെയ്യലും വിശ്വാസത്തിന്റെ ഭാഗവും വിശ്വാസിയുടെ ലക്ഷണവുമാണെന്നാണിതെല്ലാം വ്യക്തമാക്കുന്നത്. ഒരാള്‍ അയല്‍വാസിയെ ആദരിക്കുന്നില്ലെങ്കില്‍ അവന്റെ വിശ്വാസം പൂര്‍ത്തിയായിട്ടില്ല എന്നര്‍ത്ഥം.

അയല്‍വാസിയോടുള്ള ഒന്നാമത്തെ അവകാശം അവന് ദ്രോഹം ചെയ്യാതിരിക്കുക എന്നതാണ്. ഏറ്റവും ചുരുങ്ങിയത് ഇതെങ്കിലും പാലിക്കാന്‍ ഒരാള്‍ക്ക് സാധിക്കണം. നബി(സ) ഒരിക്കല്‍ പറഞ്ഞു: ‘അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവര്‍ അയല്‍വാസിക്ക് ദ്രോഹം ചെയ്യാതിരിക്കട്ടെ.’ ഇമാം ബുഖാരി റിപോര്‍ട്ട് ചെയ്ത മറ്റൊരു ഹദീസില്‍ കാണാം: ‘അല്ലാഹുവാണ് വിശ്വാസികളാവുകയില്ല, അല്ലാഹുവാണ് വിശ്വാസികളാവുകയില്ല, അല്ലാഹുവാണ് വിശ്വാസികളാവുകയില്ല. സഹാബികള്‍ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ ആരെ കുറിച്ചാണിത്? നബി(സ) പറഞ്ഞു: ഒരാളുടെ ഉപദ്രവത്തില്‍ നിന്ന് അയാളുടെ അയല്‍വാസി നിര്‍ഭയനാകുന്നില്ല, അവനെ കുറിച്ചാണിത്.’ മറ്റൊരു ഹദീസില്‍ പറയുന്നത് ഒരാളെ കുറിച്ച് അയല്‍വാസി നിര്‍ഭയനാകുന്നില്ലെങ്കില്‍ അയാള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ലെന്നാണ്.  അയല്‍വാസിയെ ദ്രോഹിക്കല്‍ വലിയ പാപമാണെന്നാണിത് കുറിക്കുന്നത്.

അയല്‍വാസിയോടുള്ള ദ്രോഹം പലവിധം
പൊതുവെ അയല്‍വാസികള്‍ക്ക് നേരെ ഉണ്ടാകാറുള്ള ദ്രോഹങ്ങളാണ് അവര്‍ മറച്ചു വെക്കാനാഗ്രഹിക്കുന്നതിലേക്ക് എത്തിനോക്കല്‍, അവരുടെ സ്ത്രീകളെ നോക്കലും അവരുടെ ശരീരം ആസ്വദിക്കലും, കട്ടു കേള്‍ക്കല്‍, അവരുടെ രഹസ്യം ചൂഴ്ന്നന്വേഷിക്കല്‍, അവരുടെ രഹസ്യങ്ങള്‍ വെളിപ്പെടുത്തല്‍, മോശമായത് പ്രചരിപ്പിക്കല്‍, അവരുടെ അഭിമാനം ക്ഷതപ്പെടുത്തല്‍, അവര്‍ക്കിടയില്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിക്കല്‍, അവരുടെ ചീത്ത ഗുണങ്ങളെ എടുത്തു പറയുകയും നല്ല ഗുണങ്ങള്‍ അവഗണിക്കുകയും ചെയ്യല്‍, ഉച്ചത്തില്‍ പാട്ടുവെച്ചും ശബ്ദമുണ്ടാക്കിയും ശല്യപ്പെടുത്തല്‍ തുടങ്ങിയവ. നാം വളര്‍ത്തുന്ന മൃഗങ്ങളോ പക്ഷികളോ അവയുടെ ശബ്ദം കൊണ്ടോ ഗന്ധം കൊണ്ടോ അവര്‍ക്ക് ശല്യമാവുന്നതും അയല്‍ക്കാരോടുള്ള ദ്രോഹം തന്നെയാണ്. മാലിന്യങ്ങള്‍ അവര്‍ക്ക് ശല്യമാകുന്ന തരത്തില്‍ നിക്ഷേപിക്കുന്നതും അവരോടുള്ള ദ്രോഹമാണ്.

ഒരിക്കല്‍ പ്രവാചകന്‍(സ)യോട് ഒരാള്‍ ചോദിച്ചു: ഏറ്റവും വലിയ പാപമേതാണ്? നബി(സ) പറഞ്ഞു: നിന്നെ സൃഷ്ടിച്ച അല്ലാഹുന് പങ്കാളികളെ വെക്കല്‍. അയാള്‍ ചോദിച്ചു: പിന്നെ ഏതാണ്. നബി(സ) പറഞ്ഞു: നിന്നോടൊപ്പം ആഹരിക്കുമെന്ന് ഭയന്ന് മകനെ വധിക്കല്‍. അയാള്‍ ചോദിച്ചു: പിന്നെ ഏതാണ്? അദ്ദേഹം പറഞ്ഞു: നിന്റെ അയല്‍ക്കാരന്റെ ഭാര്യയെ വ്യഭിചരിക്കല്‍. അയല്‍ക്കാരന്റെ പവിത്രമായ ബന്ധത്തെ ഹനിക്കല്‍ എത്രത്തോളം മ്ലേച്ഛമായ പ്രവൃത്തിയാണെന്ന് വ്യക്തമാക്കുകയാണ് ഇതിലൂടെ.

അയല്‍വാസിയുടെ വീഴ്ച്ചകള്‍ അവഗണിക്കുകയും അവന്റെ ഉപദ്രവങ്ങള്‍ സഹിക്കുകയും ചെയ്യലാണ് അയല്‍വാസിയോടുള്ള അവകാശത്തിന്റെ രണ്ടാമത്തെ പടി. ഹസന്‍ ബസ്വരി ഒരിക്കല്‍ പറഞ്ഞു: അയല്‍വാസിക്ക് ദ്രോഹം ചെയ്യാത്തതു കൊണ്ട് മാത്രം ഒരാള്‍ നല്ല അയല്‍ക്കാരനാകുന്നില്ല, അവനില്‍ നിന്നുള്ള ദ്രോഹം സഹിക്കുക കൂടി ചെയ്യുന്നവനാണ് നല്ല അയല്‍വാസി. വിട്ടുവീഴ്ച്ചയും ക്ഷമയും കാണിക്കണമെന്ന് കല്‍പിക്കുന്ന നിരവധി പ്രമാണങ്ങള്‍ നമുക്ക് മുന്നിലുണ്ട്. മുഴുവന്‍ ജനങ്ങളോടും കല്‍പന തന്നെ അതാണെങ്കില്‍ അയല്‍ക്കാരന്റെ കാര്യത്തില്‍ അത് എത്രത്തോളമാണെന്ന് പ്രത്യേകം പറയേണ്ടതില്ല.

എന്നാല്‍ ഇന്ന് അയല്‍വാസിയുടെ ഭാഗത്ത് നിന്ന് അറിയാതെ സംഭവിക്കുന്ന വീഴ്ച്ചകള്‍ പോലും വിട്ടുകൊടുക്കാനും അതില്‍ സഹനം കാണിക്കാനും പലര്‍ക്കും സാധിക്കാറില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഇത്തരം നിസ്സാരമായ പല കാരണങ്ങളുടെയും പേരിലാണ് അയല്‍ക്കാര്‍ക്കിടയില്‍ വലിയ പ്രശ്‌നങ്ങളുണ്ടാകുന്നതെന്നും പ്രത്യേകം ഓര്‍ക്കുക.

അയല്‍വാസിയോടുള്ള പെരുമാറ്റത്തിന്റെ മൂന്നാമത്തെ തലമാണ് അവര്‍ക്ക് നന്മ ചെയ്യല്‍. അയല്‍വാസിക്ക് നന്മ ചെയ്യണമെന്ന ഇസ്‌ലാമിന്റെ കല്‍പന വിശാലമായ അര്‍ത്ഥങ്ങളുള്ളതാണ്. അവരോട് സ്‌നേഹത്തിലും സമാധാനത്തിലും വര്‍ത്തിക്കലും മുഖപ്രസന്നതയോടെ അവരെ അഭിമുഖീകരിക്കലും അതിന്റെ ഭാഗമാണ്. അവര്‍ രോഗിയാല്‍ സന്ദര്‍ശിക്കുക, മരണപ്പെട്ടാല്‍ മരണാനന്തര കര്‍മങ്ങളില്‍ സഹകരിക്കുക, അക്രമിക്കപ്പെട്ടാല്‍ സഹായിക്കുക, അവരുടെ പ്രയാസങ്ങള്‍ നീക്കികൊടുക്കുക, വിപത്തുകളില്‍ ആശ്വസിപ്പിക്കുക, അവരുടെ സന്തോഷത്തില്‍ പങ്കാളികളാവുക, അവര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങളും ഉപദേശങ്ങളും നല്‍കുക, അവര്‍ക്ക് ഇസ്‌ലാമിനെ കുറിച്ചും അതിന്റെ അധ്യാപനങ്ങളെ കുറിച്ചും അറിയാത്തവരാണെങ്കില്‍ പരിചപ്പെടുത്തുക തുടങ്ങിയവയെല്ലാം അയല്‍വാസിക്ക് നന്മ ചെയ്യലാണ്. സന്ദര്‍ഭത്തിന്റെയും സാഹചര്യത്തിന്റെയും മാറ്റമനുസരിച്ച് ഇതിലെ മുന്‍ഗണനാ ക്രമത്തിലും പ്രധാന്യത്തിലും മാറ്റം വരും. ഒരു സന്ദര്‍ഭത്തില്‍ ഐശ്ചികമായ കാര്യങ്ങള്‍ മറ്റു ചില സമയത്ത് നിര്‍ബന്ധമായി മാറാം.

????കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles