Current Date

Search
Close this search box.
Search
Close this search box.

സ്ത്രീകള്‍ എരിഞ്ഞ് തീരുന്ന കോംഗോ

ആഫ്രിക്കയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന രാജ്യമാണ് കോംഗോ. നിരവധി രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന കോംഗോയ്ക്ക് പടിഞ്ഞാറേ യൂറോപ്പിന്റത്ര വലിപ്പമുണ്ട്. മാത്രമല്ല പ്രകൃതി വിഭവങ്ങളാലും അസംസ്‌കൃത വസ്തുക്കളാലും സമ്പന്നവുമാണ് ഇവിടം. എന്നാല്‍ പ്രശ്‌നകലുശിതമാണ് ഈ പ്രദേശം. സര്‍ക്കാര്‍ സൈന്യവും വിമത സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയില്‍ പതിനായിരങ്ങളെ അഭയാര്‍ത്ഥികളാക്കി മാറ്റി. ഒരു പാട് കോംഗോ നിവാസികള്‍ റവാണ്ട, ഉഗാണ്ട തുടങ്ങി സമീപ രാജ്യങ്ങളിലേക്ക് പലായനം ചെയ്തു.

കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ കോംഗോയില്‍ നടന്നത് ഏകദേശം 3,600 ബലാല്‍സംഗങ്ങളാണ്. രാജ്യത്തിനകത്തെ പ്രധിരോധസേനയും സായുധ റിബലുകളും ചേര്‍ന്നാണ് ഇത്രയും വലിയ കുറ്റകൃത്യങ്ങള്‍ നടത്തിയിരിക്കുന്നത്. ഐക്യരാഷ്ട്ര സഭ 2010-2013 കാലയളവുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പഠനത്തെ ആധാരമാക്കിയ റിപ്പോര്‍ട്ട് കഴിഞ്ഞ ബുധനാഴ്ചയാണ് പുറത്ത് വന്നത്. റിപ്പോര്‍ട്ട് പ്രകാരം ഇക്കാലയളവില്‍ ഏകദേശം 3,645 പേര്‍ ലൈംഗിക പീഡനത്തിനിരയായിട്ടുണ്ട്. രണ്ട് വയസ് മുതല്‍ 80 വയസ് വരെയുള്ള സ്ത്രീകളും 25 ശതമാനം കുട്ടികളും രണ്ട് ശതമാനം പുരുഷന്മാരും പീഡനത്തിനിരയായതായാണ് കണക്ക്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളുടെ ഉത്തരവാദികള്‍ കിഴക്കന്‍ കോംഗോ നിയന്ത്രിക്കുന്ന സായുധ ഗ്രൂപ്പിലെ മെമ്പര്‍മാരാണ്. ബലാല്‍സംഗ കേസുകളില്‍ മൂന്നില്‍ ഒന്ന് എന്ന നിലയില്‍ കേസുകളുടെ ഉത്തരവാദികള്‍ രാജ്യത്തെ ഔദ്യോഗിക സൈനിക വിഭാഗങ്ങളാണ്. തുടര്‍ച്ചയായുള്ള ബലാല്‍സംഗ കേസുകളുടെ സ്വഭാവവും ശൈലിയും വ്യാപ്തിയും പരിഗണിക്കുമ്പോള്‍ ഈ കേസുകള്‍ വളരെ ഗുരുതരമാണെന്നാണ് ഐക്യരാഷ്ട്ര സഭയുടെ കണ്ടെത്തല്‍.

കോംഗോയിലെ സംഘര്‍ഷ മേഖലകളിലെ സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ ഒരു യുദ്ധ ഉപകരണമാണെന്ന് പറയപ്പെടുന്നു. പ്രകൃതി വിഭവങ്ങള്‍ ഏറെയുള്ള പ്രദേശങ്ങളില്‍ വ്യത്യസ്ത പാര്‍ട്ടികളുമായി ബന്ധമുള്ള സാധാരണക്കാര്‍ക്കെതിരെ ഭരിക്കുന്ന പാര്‍ട്ടി, പ്രതികാരം തീര്‍ക്കാറുള്ളത് ഇത്തരം ബലാല്‍സംഗങ്ങളിലൂടെയാണ്. ഗ്രാമങ്ങള്‍ ആക്രമിക്കുമ്പോള്‍ കൊലപാതകങ്ങള്‍ക്കൊപ്പം ലൈംഗിക കുറ്റ കൃത്യങ്ങളും ഉണ്ടാകുന്നു. കൊള്ളയും തട്ടികൊണ്ട് പോകലും ഇവിടെ സര്‍വ്വ സാധാരണമാണ്. ധാരാളം സ്ത്രീകള്‍ അങ്ങാടികളിലും, കൃഷിയിടങ്ങളിലും മാത്രമല്ല സ്വന്തം വീടുകളില്‍ പോലും ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാക്കപ്പെടുന്നു.

പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട് പുറത്തിറങ്ങുന്ന അമേരിക്കന്‍ ജേണല്‍ പുറത്ത് വിട്ട കണക്ക് പ്രകാരം 2006-2007 കാലയളവില്‍ 12 മാസത്തിനുള്ളില്‍ 400,00ത്തിലധികം സ്ത്രീകളും കുട്ടികളും ബലാല്‍സംഗത്തിനിരയാക്കപ്പെട്ടു. യു.എന്‍ സമാധാന ദൗത്യ വിഭാഗമായ മോണസ്‌കോയുടെ സഹായ മുപയോഗിച്ച് ചില കോംഗോ ഗ്രൂപ്പുകള്‍ അക്രമങ്ങള്‍ക്കെതിരെ രംഗത്ത് വന്നിട്ടുണ്ടന്നതല്ലാതെ കാര്യമായ പ്രതിരോധങ്ങളൊന്നു മില്ലെന്നാണ് മാധ്യമങ്ങള് പറയുന്നത്.

പിടിക്കപ്പെടില്ലെന്ന വിശ്വാസമാണ് കുറ്റ കൃത്യങ്ങള്‍ പെരുകുന്നതിനുള്ള മുഖ്യ കാരണം. കുറ്റവാളികള്‍ പിടിക്കപ്പെടുന്നുവെന്ന് ഉറപ്പ് വരുത്തേണ്ട ചുമതല കോംഗോ റിപബ്ലിക്കിന്റെ അധികാരികള്‍ക്കുണ്ട്, എന്നാല്‍ രാഷ്ട്രീയപരമായ ഇഛാശക്തി തൃപ്തികരമായ രീതിയില്‍ താഴെ തട്ടിലേക്ക് വ്യാപിപ്പിക്കാന്‍ കഴിയാത്തതാണ് കാര്യങ്ങള്‍ ഇത്രയും ഗുരുതരമാകാനുള്ള കാരണമെന്നാണ് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമീഷണര്‍ നവിപിള്ള പറഞ്ഞത്. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള ലൈംഗിക അധിക്രമ കേസുകള്‍ അന്വേഷിക്കുന്നിതിന് ഭരണകൂടം തയ്യാറല്ലെന്ന് മാത്രമല്ല അതിനുള്ള സംവിധാനങ്ങളും അവിടെ നിലവിലില്ല.

102 യുവതികളെയും 33 പെണ്‍കുട്ടികളെയും ലൈംഗിക അധിക്രമത്തിന് ഇരയാക്കിയ സൈനികര്‍ കുറ്റവാളികളായ കേസ് ഇവിടെ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട 39 സൈനികര്‍ക്കെതിരെയുള്ള വിചാരണ വളരെ പതുക്കെയാണ് നീങ്ങിക്കൊണ്ടിരിക്കുന്നത. കിഴക്കന്‍ കോംഗോയിലെ മിനോവ ടൗണില്‍ നവംബര്‍ 2012 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. എന്നാല്‍ അധിക കേസുകളും റിപ്പോര്‍ട്ട് ചെയ്യുകയോ അന്വേഷിക്കുകയോ വിചാരണ നടത്തുകയോ ചെയ്യാറില്ലെന്നാണ് യു.എന്‍ റിപ്പോര്‍ട്ടിലുള്ളത്.  എതിരാളികളുടെ നോട്ടപ്പുള്ളികളാകുകയോ പരാതി പറഞ്ഞാല്‍ വീണ്ടും പകവീട്ടലുകളുണ്ടാകുമെന്നോ ഉള്ള ഭയവും കോംഗോയുടെ അശാസ്ത്രീയമായ നീതിന്യായ സംവിധാനങ്ങളുമെല്ലാം കുറ്റകൃത്യങ്ങളുടെ തോത് ഉയര്‍ത്തുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്നു. 2011 ജൂലൈ മുതല്‍ 2013 ഡിസംബര്‍ വരെയുള്ള 18 മാസക്കാലയളവില്‍ ലൈംഗിക അതിക്രമങ്ങളുടെ പേരില്‍ 187 ശിക്ഷാവിധികള്‍ സൈനിക കോടതിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ അധികവും ബലാല്‍സംഗ കേസുകളാണ്.
ഉയര്‍ന്ന സൈനിക ഓഫീസര്‍മാര്‍ക്കെതിരെ ആരോപണങ്ങളുയര്‍ന്ന ഈ കേസില്‍  136 കുറ്റവാളികള്‍ സാധാരണ സൈനികരാണെങ്കില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരില്‍ നിന്ന് വെറും മൂന്ന് പേര്‍ക്ക് മാത്രമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ബാക്കിയുള്ള 47 ആളുകള്‍ ഭരണവുമായി ബന്ധപ്പെട്ട മറ്റു രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരാണ്. അതില്‍ വെറും നാലുപേരാണ് സായുധ ഗ്രൂപ്പുകളില്‍ നിന്നുള്ളത്.

കടപ്പാട് : അല്‍ജസീറ

Related Articles