Current Date

Search
Close this search box.
Search
Close this search box.

സ്ത്രീകളുടെ അവകാശങ്ങള്‍ ഇസ്‌ലാമിക നാഗരികതയില്‍

പരിഗണനയുടെയും സുരക്ഷിതത്വത്തിന്റെയും വേലി കൊണ്ടാണ് ഇസ്‌ലാം സ്ത്രീയ സംരക്ഷിക്കുന്നത്. അവളുടെ പദവി ഉയര്‍ത്തുകയും മകള്‍, ഭാര്യ, സഹോദരി, മാതാവ് എന്നീ സ്ഥാനങ്ങളിലെല്ലാം സവിശേഷമായ ആദരവ് അവര്‍ക്ക് നല്‍കി. പുരുഷനും സ്ത്രീയും സൃഷ്ടിക്കപ്പെട്ടിരിക്കുന്ന ഒരൊറ്റ അടിസ്ഥാനത്തില്‍ നിന്നാണെന്നാണ് ഇസ്‌ലാം ആദ്യമായി പഠിപ്പിക്കുന്നത്. അതിലൂടെ സ്ത്രീയും പുരുഷനും മനുഷ്യരെന്ന നിലയില്‍ സമന്‍മാരാണെന്ന് സ്ഥാപിക്കുന്നു. ‘ഒരൊറ്റ ആത്മാവില്‍നിന്നു നിങ്ങളെ സൃഷ്ടിക്കുകയും അതേ ആത്മാവില്‍നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും അവ രണ്ടില്‍നിന്നുമായി പെരുത്തു സ്ത്രീപുരുഷന്മാരെ ലോകത്തു പരത്തുകയും ചെയ്തവനത്രെ അവന്‍.’ (അന്നിസാഅ് : 1) സ്ത്രീ പുരുഷ വിവേചനത്തിന്റെ കഥ കഴിക്കുന്ന വേറെയും സൂക്തങ്ങള്‍ നിരവധിയുണ്ട്.

ഇസ്‌ലാമില്‍ സ്ത്രീയുടെ സ്ഥാനം
മുകളില്‍ പറഞ്ഞ അടിസ്ഥാനത്തില്‍ ജാഹിലിയാ രീതികള്‍ക്കും മുന്‍ സമുദായങ്ങളുടെ മാതൃകകള്‍ക്കും വിരുദ്ധമായ സ്ഥാനമാണ് ഇസ്‌ലാം സ്ത്രീക്ക് കല്‍പിച്ചിട്ടുള്ളത്. ഇസ്‌ലാമല്ലാത്ത മറ്റൊരു പ്രത്യയശാസ്ത്രവും ഇത്തരം ഒരു സ്ഥാനം സ്ത്രീക്ക് കല്‍പിച്ച് നല്‍കിയിട്ടില്ല. സ്ഥാനത്തിലും പദവിയിലുമെല്ലാം സ്ത്രീയും പുരുഷനും തുല്ല്യരാണെന്നും, സ്ത്രീ ആയ കാരണത്താല്‍ അതില്‍ യാതൊരു കുറവും വരുത്താന്‍ പാടില്ലെന്നും ഇസ്‌ലാം നിശ്ചയിച്ചു. ‘പുരുഷന്‍മാരുടെ മറുപകുതിയാണ് സ്ത്രീകള്‍’ എന്ന പ്രവാചക വചനം സുപ്രധാനമായ തത്വത്തിനാണ് അടിത്തറ പാകുന്നത്. സ്ത്രീകളോട് നല്ല നിലയില്‍ വര്‍ത്തിക്കാന്‍ പ്രവാചകന്‍(സ) നിരന്തരം ഉപദേശിച്ചിരുന്നതായും കാണാം. ഹജ്ജത്തുല്‍ വദാഇലെ പ്രവാചകന്റെ പ്രഭാഷണത്തില്‍ പോലും ഇക്കാര്യം പരാമര്‍ശിച്ചിരുന്നുവെന്നത് ശ്രദ്ധേയമാണ്.

ഇസ്‌ലാമിന് മുമ്പ്
സ്ത്രീക്ക് ഇസ്‌ലാം നല്‍കിയ സ്ഥാനവും ആദരവും മനസ്സിലാക്കാന്‍ പഴയതും പുതിയതുമായ ഇസ്‌ലാമേതര വ്യവസ്ഥകള്‍ അവര്‍ക്ക് വകവെച്ച് നല്‍കിയ സ്ഥാനം എന്തായിരുന്നുവെന്ന് തിരിച്ചറിയല്‍ പ്രധാനമാണ്. എത്രത്തോളം അന്ധകാരത്തിലായിരുന്നു സ്ത്രീ സമൂഹം ജീവിച്ചിരുന്നതെന്നും ഇപ്പോഴും ജീവിച്ചു കൊണ്ടിരിക്കുന്നതെന്നും നാം മനസ്സിലാക്കുമ്പോള്‍ മാത്രമേ ഇസ്‌ലാമികാധ്യാപനങ്ങളുടെയും ഇസ്‌ലാമിക നാഗരികതയുടെയും തണലില്‍ സ്ത്രീക്കുള്ള സ്ഥാനം ബോധ്യപ്പെടുകയുള്ളൂ.

പെണ്‍കുട്ടിക്ക് ജീവിക്കാനുള്ള അവകാശം പോലും നിഷേധിച്ചവരായിരുന്നു ഇസ്‌ലാമിന് മുമ്പത്തെ അറബികളെന്ന് നാം മനസ്സിലാക്കിയിട്ടുണ്ട്. ഖുര്‍ആന്‍ അവതരിക്കാന്‍ തുടങ്ങിയപ്പോള്‍ കടുത്ത കുറ്റകൃത്യമായി അതിനെ പരിചയപ്പെടുത്തി തടയുകയാണ് ചെയ്യുന്നത്. ‘ജീവനോടെ കുഴിച്ചുമൂടപ്പെട്ട പെണ്‍കുഞ്ഞിനോട് അവള്‍ എന്തു കുറ്റത്തിന് വധിക്കപ്പെട്ടു എന്നു ചോദിക്കപ്പെടുമ്പോള്‍.’ വലിയ കുറ്റകൃത്യമായിട്ടാണ് നബി(സ) അതിനെ എണ്ണിയിട്ടുള്ളത്.

സ്ത്രീകളുടെ അവകാശങ്ങള്‍
ജീവിക്കാനുള്ള അവകാശം സ്ത്രീകള്‍ക്ക് വകവെച്ചു കൊടുക്കണമെന്നു മാത്രമല്ല ഇസ്‌ലാമിന്റെ കല്‍പന. അവള്‍ ചെറിയ പ്രായത്തിലായിരിക്കുമ്പോള്‍ ഏറ്റവും നന്നായി അവരോട് പെരുമാറാന്‍ ഇസ്‌ലാം കല്‍പിക്കുന്നു. നബി(സ) പറഞ്ഞു : ‘ഒരുവന്‍ ഈ പെണ്‍മക്കളുടെ ജനനത്തോടെ പരീക്ഷിക്കപ്പെടുകയും എന്നിട്ടവന്‍ അവരോട് നന്നായി വര്‍ത്തിക്കുകയും ചെയ്താല്‍ അവര്‍ അവന് നരകത്തീയില്‍ നിന്നുള്ള മറയായിത്തീരുന്നു.’ (ബുഖാരി)

അവര്‍ക്ക് വിദ്യാഭ്യാസം നല്‍കാനും പ്രവാചകന്‍(സ) കല്‍പിച്ചിട്ടുണ്ട്. അദ്ദേഹം പറയുന്നു : ‘ഏതൊരാള്‍ക്ക് ഒരു പെണ്‍കുട്ടിയുണ്ടാവുകയും എന്നിട്ട് ഏറ്റവും നന്നായി അവള്‍ക്ക് വിദ്യാഭ്യാസം നല്‍കുകയും, ഏറ്റവും നല്ല ശിക്ഷണം നല്‍കുകയും ചെയ്താല്‍ അവന് രണ്ട് പ്രതിഫലമുണ്ട്.’ സ്ത്രീകള്‍ക്ക് ഉപദേശങ്ങള്‍ നല്‍കാനും അവരെ അല്ലാഹുവിന്റെ ദീന്‍ പഠിപ്പിക്കാനുമായി ഒരു ദിവസം പ്രത്യേകമായി നബിതിരുമേനി മാറ്റിവെച്ചിരുന്നുവെന്ന് ഹദീസുകള്‍ നമ്മോട് പറയുന്നു.

സ്ത്രീ അവളുടെ പ്രായപൂര്‍ത്തിയായി യുവത്വത്തിലെത്തിയാല്‍ തന്നെ വിവാഹം അന്വേഷിച്ചെത്തുന്നവനെ സ്വീകരിക്കാനും വേണ്ടെന്നു വെക്കാനും ഇസ്‌ലാം അവകാശം നല്‍കുന്നു. അവള്‍ക്കിഷ്ടമില്ലാത്ത ഒരു പുരുഷന്റെ കൂടെ കഴിയാന്‍ അവളെ നിര്‍ബന്ധിക്കാന്‍ പാടില്ല. പ്രവാചകന്‍(സ) പറയുന്നു : ‘ഭര്‍ത്താവ് നഷ്ടപ്പെട്ട സ്ത്രീക്കാണ് സ്വന്തം കാര്യത്തില്‍ തന്റെ രക്ഷകര്‍ത്താവിനേക്കാള്‍ അവകാശം. കന്യകയോട് അവളുടെ അനുവാദം ചോദിക്കണം. മൗനമാണ് അവളുടെ സമ്മതം.’

വിവാഹം കഴിഞ്ഞ് ഒരു ഇണയായി മാറുമ്പോഴും അവരോട് വളരെ നല്ല നിലയില്‍ പെരുമാറാന്‍ ശരീഅത്ത് കല്‍പിക്കുന്നു. മാത്രമല്ല ഭാര്യയോട് നന്നായി പെരുമാറുന്നത് പുരുഷന്റെ ശ്രേഷ്ഠതയുടെയുടെയും മാന്യതയുടെയും അടയാളമായിട്ടാണ് ഇസ്‌ലാം കാണുന്നത്. ഒരിക്കല്‍ പ്രവാചകന്‍(സ) പറഞ്ഞു : പുരുഷന്‍ തന്റെ ഭാര്യയെ കുടിപ്പിക്കുന്ന വെള്ളത്തിന്റെ പേരില്‍ പോലും അവന് പ്രതിഫലമുണ്ട്. മറ്റൊരിക്കല്‍ നബി(സ) പറഞ്ഞു : എന്നെ ഏറ്റവുമധികം പ്രയാസപ്പെടുത്തുന്നത് രണ്ട് ദുര്‍ബലരുടെ അവകാശങ്ങളാണ്, അനാഥയുടെയും സ്ത്രീകളുടെയും.

സ്ത്രീകളോടുള്ള സല്‍പെരുമാറ്റത്തിന്റെ ഏറ്റവും ഉത്തമമായ പ്രായോഗിക മാതൃകയാണ് പ്രവാചകന്‍(സ) കാണിച്ചു തന്നിട്ടുള്ളത്. അങ്ങേയറ്റത്തെ നൈര്‍മല്യത്തോടെയും അനുകമ്പയോടെയുമായിരുന്നു ഇണകളോട് വര്‍ത്തിച്ചിരുന്നത്. അസ്‌വദ് ബിന്‍ യസീദ് അന്നഗഇ പറയുന്നു : ആഇശ(റ)വോട് നബി തിരുമേനിയുടെ വീട്ടിലെ പെരുമാറ്റത്തെ കുറിച്ച് ചോദിച്ചു. അപ്പോള്‍ അവര്‍ പറഞ്ഞു : ‘അദ്ദേഹം വീട്ടുജോലികളില്‍ സഹായിക്കുമായിരുന്നു. നമസ്‌കാര സമയമായാല്‍ നമസ്‌കാരത്തിനു പോകും.’

വിവാഹത്തിന് ശേഷം ഭര്‍ത്താവിനോടൊപ്പമുള്ള ജീവിതം സ്ത്രീക്ക് പ്രയാസകരമായാല്‍ വേര്‍പിരിയാനുള്ള അവകാശവും ഇസ്‌ലാം അവര്‍ക്ക് വെകവെച്ചു നല്‍കുന്നു. അതിനുള്ള മാര്‍ഗമാണ് ഖുല്‍അ്. ഇബ്‌നു അബ്ബാസ്(റ) പറയുന്നു : ഥാബിത് ബിന്‍ ഖൈസിന്റെ ഭാര്യ പ്രവാചക സന്നിദ്ധിയിലെത്തി പറഞ്ഞു : അല്ലാഹുവിന്റെ ദൂതരേ, ഥാബിതിന്റെ ദീനിന്റെയോ സ്വഭാവത്തിന്റെയോ കാര്യത്തില്‍ എനിക്ക് ആക്ഷേപമില്ല, എന്നാല്‍ ഞാന്‍ നിഷേധം പ്രവര്‍ത്തിക്കുമോ എന്ന് ഭയക്കുന്നു.’ അപ്പോള്‍ പ്രവാചകന്‍(സ) അവരോട് പറഞ്ഞു : അദ്ദേഹത്തിന്റെ തോട്ടം നിങ്ങള്‍ മടക്കി കൊടുത്തുവോ? അവര്‍ പറഞ്ഞു : അതെ, അദ്ദേഹത്തിന്റെ തോട്ടം ഞാന്‍ തിരിച്ചു കൊടുത്തിരിക്കുന്നു. അപ്പോള്‍ നബി(സ) അവരോട് പരസ്പരം വേര്‍പിരിയാന്‍ കല്‍പിച്ചു.

ഇതിന് പുറമെ പുരുഷനെ പോലെ തന്നെ സ്ത്രീക്കും സാമ്പത്തിക ക്രയവിക്രയാനുവാദം ഇസ്‌ലാം നല്‍കുന്നു. അവള്‍ക്ക് വില്‍ക്കാനും വാങ്ങാനും മറ്റ് എല്ലാ തരം സാമ്പത്തിക ഇടപാടുകള്‍ക്കും അവകാശമുണ്ട്. ബുദ്ധിയും വിവേകവുമുള്ള കാലത്തോളം അതില്‍ നിന്ന് അവളെ തടയാനാവില്ല. അല്ലാഹു പറയുന്നു : ‘വിവാഹപ്രായമാകുന്നതുവരെ അനാഥകളെ പരീക്ഷിച്ചുകൊണ്ടിരിക്കുക. പിന്നെ, അവര്‍ക്കു വിവേകമെത്തിയെന്നു കണ്ടാല്‍ അവരുടെ സമ്പത്ത് തിരിച്ചേല്‍പിച്ചു കൊടുക്കേണം.’ (അന്നിസാഅ് : 6)

അബൂത്വാലിബിന്റെ മകള്‍ ഉമ്മു ഹാനി മുശ്‌രിക്കുകളായ അവരുടെ രണ്ട് ബന്ധുക്കള്‍ക്ക് അഭയം നല്‍കി. സഹോദരന്‍ അലി(റ) അതിനെ എതിര്‍ത്തു. വിഷയം പ്രവാചകന്റെ കോടതിയില്‍ എത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു : ‘ഉമ്മു ഹാനിഅ് അഭയം നല്‍കിയവര്‍ക്ക് ഞാനും അഭയം നല്‍കിയിരിക്കുന്നു’ എന്നു പ്രവാചകന്‍ പ്രഖ്യാപിച്ചു. മുശ്‌രികായവര്‍ക്ക് വരെ അഭയം നല്‍കാനും രാഷ്ട്രകാര്യങ്ങളില്‍ ഇടപെടാനുള്ള സ്ത്രീകളുടെ സ്വാതന്ത്ര്യം അംഗീകരിക്കുകയാണതിലൂടെ ചെയ്തത്. ഇത്തരത്തില്‍ വളരെ അന്തസ്സോടെ ജീവിച്ച സ്ത്രീകള്‍ ഇസ്‌ലാമികാധ്യാപനങ്ങളുടെ തണലില്‍ സുരക്ഷിതയായിരുന്നു.

വിവ : നസീഫ്‌

Related Articles