Current Date

Search
Close this search box.
Search
Close this search box.

‘സ്ത്രീകളില്ലാതെ വിപ്ലവം അസാധ്യമാണ്’; ചരിത്ര പുസ്തകങ്ങള്‍ മറന്ന സ്ത്രീ രത്‌നങ്ങള്‍

ഒരു നൂറ്റാണ്ട് മുമ്പ്, തുര്‍ക്കി റിപ്പബ്ലിക്ക് നാടകീയ പ്രക്ഷോഭങ്ങളുടെ മധ്യത്തിലായിരുന്നു. അതാണ് ഇന്ന് നാമറിയുന്ന രാജ്യത്തിന് അടിത്തറ പാകാന്‍ സഹായിച്ചത്. ഒന്നാം ലോക യുദ്ധത്തിന് ശേഷം ഒട്ടോമന്‍ സാമ്രാജ്യത്തിന്റെ തകര്‍ച്ചയെ തുടര്‍ന്ന്, ബ്രിട്ടന്‍, ഫ്രാന്‍സ്, ഗ്രീസ് ഉള്‍പ്പെടെയുള്ള സഖ്യകക്ഷികള്‍ രാജ്യം അധീനപ്പെടുത്തി. തങ്ങളുടെ രാജ്യത്തിന്റെ നിയന്ത്രണം വീണ്ടെടുക്കാന്‍ തുര്‍ക്കി വിപ്ലവകാരികള്‍ 1919ല്‍ തുടങ്ങിയ സ്വാതന്ത്ര്യ പോരാട്ടം നാല് വര്‍ഷം നീണ്ടുനിന്നു.

1923 ഒക്ടോബറില്‍, തുര്‍ക്കികള്‍ തങ്ങളുടെ രാജ്യത്തിന്റെ നിയന്ത്രണം വീണ്ടെടുത്തു. അങ്ങനെ ഓരോന്നായി വീണ്ടെടുക്കാന്‍ തുടങ്ങി. തുടര്‍ന്നുണ്ടായ പരിഷ്‌കരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് മുസ്തഫ കമാല്‍ അത്താതുര്‍ക്കായിരുന്നു. അദ്ദേഹത്തിന്റെ സൈനിക ശേഷി ജനതയെ വിജയത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും നയിച്ചു. അതേസമയം, അദ്ദേഹത്തിന്റെ പരിഷ്‌കരണങ്ങള്‍ യുദ്ധത്തില്‍ ഉഴലുന്ന രാജ്യത്തെ അതിവേഗം നവീകരിച്ചു. ഇന്ന്, അദ്ദേഹത്തെ ചിത്രം എല്ലാ തൊഴിലിടങ്ങളിലും അഭിമാനത്തോടെ പ്രദര്‍ശിപ്പിക്കപ്പെട്ടിരിക്കുന്നു. തെരുവിലും പാര്‍ക്കിലും കെട്ടിടങ്ങൡും അദ്ദേഹത്തിന്റെ പേര് അലങ്കൃതമായിരിക്കുന്നു. എന്നാല്‍, രാജ്യത്തിന്റെ രൂപീകരണത്തില്‍ പങ്കുവഹിച്ച മറ്റുള്ളവരുടെ കാര്യമോ? ചരിത്ര ഗ്രന്ഥങ്ങള്‍ നിരവധി പുരുഷന്മാരെ ഓര്‍ക്കുമ്പോള്‍, രാജ്യ രൂപീകരണത്തില്‍ പങ്കാളികളായ സ്ത്രീകളില്‍ മിക്കവരും അപ്രത്യക്ഷരായിരിക്കുന്നു. ആരാണവര്‍?

നസീഹ മുഹിയിദ്ധീന്‍ (Nezihe Muhittin)

സ്ത്രീ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടത്തിലെ മുന്‍നിര സാന്നിധ്യമായിരുന്നു നസീഹ മുഹിയിദ്ധീന്‍. എന്നാല്‍, തുര്‍ക്കി ചരിത്ര പുസ്തകങ്ങളില്‍ നിന്ന് അവരുടെ പേര് പൂര്‍ണമായും അപ്രത്യക്ഷമായിരിക്കുന്നു. റിപ്പബ്ലിക്കിന്റെ ആദ്യ കാലത്തെ പ്രമുഖ എഴുത്തുകാരിയുമായിരുന്നു നസീഹ മുഹിയിദ്ധീന്‍. 1934ലാണ് തുര്‍ക്കി സ്ത്രീകള്‍ക്ക് വോട്ടവകാശം അനുവദിക്കുന്നത്. ഇത് ഫ്രാന്‍സിനെയും സ്വിറ്റ്‌സര്‍ലാന്‍ഡിനെയും അപേക്ഷിച്ച് നേരത്തെയാണ്. ഇത്തരത്തിലുളള പുരോഗമന ചിന്താഗതിയുടെ പേരില്‍ പ്രശംസയും ബഹുമതിയും അത്താതുര്‍ക്കിനായിരുന്നു ലഭിച്ചുകൊണ്ടിരുന്നത്. എന്നാല്‍, സ്ത്രീകള്‍ക്കായുള്ള രാഷ്ട്രീയ അവകാശ നിയമം പ്രാബല്യത്തില്‍ വരുന്നതിന് 11 വര്‍ഷം മുമ്പ് നസീഹ മുഹിയിദ്ധീന്‍ ശക്തമായി പോരാടി. 1923ല്‍ നസീഹ വിമന്‍സ് പീപ്പിള്‍ പാര്‍ട്ടി രൂപീകരിച്ചു. തുര്‍ക്കി റിപ്പബ്ലക്കിലെ ആദ്യ രാഷ്ട്രീയ പാര്‍ട്ടിയാണിത്. സ്ത്രീകളുടെ സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ തലം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നു പ്രവര്‍ത്തനം. സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം ലഭിക്കുകയും കുടുംബത്തിലും സമൂഹത്തിലും തങ്ങള്‍ക്കുള്ള അവകാശങ്ങള്‍ തിരിച്ചറിയുകയും ചെയ്താല്‍ രാഷ്ട്രീയ അവകാശങ്ങള്‍ സ്വാഭാവികമായി ലഭിക്കുമെന്ന് നസീഹ വിശ്വസിച്ചു.

എന്നാല്‍, അത്താതുര്‍ക്ക് പോലും ആ സമയത്ത് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചിരുന്നില്ല. അതിനാല്‍ 1924 ഫെബ്രുവരിയില്‍ വിമന്‍സ് പീപ്പിള്‍ പാര്‍ട്ടിയെ ഔദ്യോഗികമാക്കാനുള്ള നസീഹയുടെ അപേക്ഷ നിരസിക്കപ്പെട്ടു. സ്ത്രീകള്‍ക്ക് ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അവകാശമില്ലെന്നായിരുന്നു വിശദീകരണം. ഈയൊരു ശ്രമം ഉപേക്ഷിക്കാന്‍ തയാറല്ലാതിരുന്ന നസീഹ പാര്‍ട്ടിയെ തുര്‍ക്കി വനിതാ യൂണിയനാക്കി മാറ്റുകയും പ്രശ്‌നങ്ങള്‍ ലഘൂകരിക്കാന്‍ യൂണിയന്റെ ലക്ഷ്യങ്ങളില്‍ നിന്ന് രാഷ്ട്രീയ പരാമര്‍ശങ്ങള്‍ ഒഴിവാക്കുകയും ചെയ്തു. പിന്നീട് യൂണിയന്‍ ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടു. കോണ്‍ഫറന്‍സുകളും പരിപാടികളും സംഘടിപ്പിക്കുന്നത് മുതല്‍ വിവിധ ജോലികളിലേക്ക് സ്ത്രീകളെ കണ്ടെത്തുന്നതുവരെയുള്ള പ്രവര്‍ത്തനങ്ങളില്‍ യൂണിയന്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. സ്ത്രീ ജീവിതങ്ങളുടെ ഓരോ വശങ്ങളും മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ തുര്‍ക്കി വിമന്‍സ് യൂണിയന്‍ പ്രവര്‍ത്തിച്ചു. യൂണിയന്റെ ലക്ഷ്യങ്ങളില്‍ നിന്ന് ഒഴിവാക്കിയിരുന്നെങ്കിലും, രാഷ്ട്രീയ അവകാശങ്ങള്‍ക്കായി യൂണിയന്‍ പ്രവര്‍ത്തിച്ചു. 1927ല്‍ പ്രശ്‌നം വീണ്ടും തലപൊക്കി.

സ്ത്രീകളുടെ വോട്ടവകാശം യൂണിയന്റെ ലക്ഷ്യമായി പുനഃസ്ഥാപിക്കുമെന്ന് യൂണിയന്‍ കോണ്‍ഗ്രസില്‍ നസീഹ പ്രഖ്യാപിച്ചു. സര്‍ക്കാറിനെ സമ്മര്‍ദ്ദത്തിലാക്കുകയെന്നതായിരുന്നു ലക്ഷ്യം. എന്നാല്‍, ഒറ്റകക്ഷി പാര്‍ട്ടിയായി പ്രവര്‍ത്തിക്കുന്ന തുര്‍ക്കിയില്‍ അത്തരം സമ്മര്‍ദ്ദവും എതിര്‍പ്പും അനുവദിക്കപ്പെട്ടില്ല. ഇത് നസീഹയെ സങ്കീര്‍ണമായ സാഹചര്യത്തിലേക്ക് തള്ളിവിടുകയായിരുന്നു. തുടര്‍ന്ന് നസീഹയെ യൂണിയനില്‍ നിന്ന് പുറത്താക്കാനുള്ള പ്രചാരണം ആരംഭിച്ചു. അവരുടെ നിലപാടിനെ എതിര്‍ത്ത അംഗങ്ങള്‍ അവര്‍ക്കെതിരെ അഴിമതി ആരോപിച്ചു. പ്രാഥമിക അന്വേഷണത്തില്‍ അവര്‍ക്കെതിരെ തെളിവുകളൊന്നും കണ്ടെത്താനായില്ല. എന്നാല്‍, പിന്നീട് യൂണിയന്‍ നിയമങ്ങള്‍ അവര്‍ ലംഘിച്ചതായി കണ്ടെത്തി. 500 ലിറ തന്റെ ആവശ്യത്തിന് കടമെടുത്തതായും യൂണിയന്‍ കെട്ടിടം തന്റെ വിലാസമായി ഉപയോഗിച്ചതായും അംഗങ്ങള്‍ വാദിച്ചു. ശേഷം നസീഹയെ യൂണിയനില്‍ നിന്ന് പുറത്താക്കി. 1927ലെ സംഭവം നസീഹയുടെ തുടര്‍ ജീവിതത്തെയും ബാധിച്ചു. അവരുടെ നോവലിനെതിരെ കടുത്ത വിമര്‍ശനമുണ്ടായി. അവര്‍ക്കൊരിക്കലും പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെടാനുമായില്ല. 1950കളില്‍ അവര്‍ പൂര്‍ണമായ ശൂന്യതയിലേക്ക് വഴുതിവീണു. 1958ല്‍ നസീഹ മരണത്തിന് കീഴടങ്ങി. മരണം ഹൃദയാഘാതത്തെ തുടര്‍ന്നോ മാനസിക രോഗികള്‍ക്കുള്ള സ്ഥാപനത്തില്‍ ചികിത്സയിലായിരിക്കുമ്പോഴാ ആണെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. 2016 വരെ അവരുടെ ശവകുടീരത്തിന്റെ പണി ശരിയായി പൂര്‍ത്തിയാക്കിയരുന്നില്ല. ഇന്നിത്, ‘സ്ത്രീകളില്ലാതെ വിപ്ലവം അസാധ്യമാണ്’ എന്ന അവരുടെ അവസാന വാക്കുകളാല്‍ അലങ്കൃതമാണ്.

ഹാലിദ് എദിബ് അദിവര്‍ (Halide Edib Adivar)

ഗ്രന്ഥകാരിയും പത്രപ്രവര്‍ത്തകയും സൈനിക ഉദ്യോഗസ്ഥയുമായിരുന്നു ഹാലിദ് എദിബ് അദിവര്‍. ഇപ്പോഴും അവരുടെ നോവല്‍ തുര്‍ക്കിയില്‍ വ്യാപകമായി വായിക്കപ്പെടുന്നുണ്ട്. തുര്‍ക്കി റിപ്പബ്ലിക്കിന്റെ രൂപീകരണ കാലത്ത് അവരുടെ കൃതികള്‍ വലിയ ശ്രദ്ധ നേടിയിരുന്നില്ല. 1909ല്‍ അദിവര്‍ വിമന്‍സ് ഇംപ്രൂവ്‌മെന്‌റ് അസോസിയേഷന്‍ (Women’s Improvement Association) രൂപീകരിച്ചു. ഒട്ടോമന്‍ സാമ്രാജ്യത്തിലെ ആദ്യ ഫെമിനിസ്റ്റ് സംഘടനയാണിത്. വിദ്യാഭ്യാസ, സാംസ്‌കാരിക വിഷയങ്ങളില്‍ സ്ത്രീകളുടെ മുന്നേറ്റമായിരുന്നു സംഘടനയുടെ ലക്ഷ്യം. തുര്‍ക്കി വിമന്‍ സൊസൈറ്റിയുടെ ബ്രിട്ടീഷ് സുഹൃത്തുക്കള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ അസോസിയേഷന് താല്‍പര്യമുണ്ടായിരുന്നതിനാല്‍, ഇംഗ്ലീഷ് അറിയുന്ന ആര്‍ക്കും അസോസിയേഷനില്‍ അണിചേരാം. നസീഹ മുഹിയിദ്ധീന്‍ ഉള്‍പ്പെടെയുള്ളവര്‍ താമസിയാതെ അസോസിയേഷനില്‍ അംഗങ്ങളായി. 1919ല്‍ തുര്‍ക്കി സ്വാതന്ത്ര്യസമരം ആരംഭിച്ചപ്പോള്‍, അദിവര്‍ തന്റെ രാജ്യത്തെ സേവിക്കുന്നതില്‍ വ്യാപൃതയായി.

തുടക്കത്തില്‍, അദിവര്‍ ആധുനിക തുര്‍ക്കി രഹസ്യാന്വേഷണ സേവനത്തിന്റെ മുന്‍രൂപമായിരുന്ന രഹസ്യ സംഘടനയായ കാരക്കോള്‍ സെമിയേറ്റിയില്‍ ( Karakol Cemiyeti) ചേര്‍ന്നു. കൂടാതെ, സെന്‍ട്രല്‍ അനറ്റോലിയയിലെ അധിനിവേശത്തിനെതിരെ പോരാടുന്ന ഗ്രൂപ്പുകള്‍ക്ക് ആയുധങ്ങള്‍ എത്തിച്ചുനല്‍കാന്‍ സഹായിച്ചു. 1920ല്‍, പത്രപ്രവര്‍ത്തകനായ യൂനുസ് നാദി അബലിയോഗ്ലുവിനൊപ്പം ചേര്‍ന്ന്, അദിവര്‍ അനദൊലു ഏജന്‍സി സ്ഥാപിച്ചു. സ്റ്റേറ്റിന്റെ മേല്‍നോട്ടത്തിലുള്ള വാര്‍ത്താ ഏജന്‍സിയായി അനദൊലു ഇന്നും പ്രവര്‍ത്തിക്കുന്നു. രാജ്യത്തെ പൗരന്മാര്‍ക്ക് സന്ദേശമെത്തിക്കുന്നതിന് അത്താതുര്‍ക്ക് വിപ്ലവ സര്‍ക്കാറിന് ഉപയോഗിക്കാവുന്ന ശൃംഖല സ്ഥാപിക്കുകയെന്നതായിരുന്നു ചിന്ത. ഏജന്‍സി എഴുതുന്ന ലേഖനം ടെലിഗ്രാഫ് ഓഫീസിലേക്ക് അയക്കുമെന്നും തീരുമാനമെടുത്തു.

അവിടെ ടെലിഗ്രാഫ് ഓഫീസുകള്‍ ഇല്ലാതിരുന്നതിനാല്‍ വാര്‍ത്തകള്‍ പള്ളികളിലാണ് പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നത്. അനദൊലു ഏജന്‍സിക്ക് വേണ്ടി എഴുതുന്നതിനൊപ്പം അദിവര്‍ റെഡ് ക്രസന്റിന്റെ നഴ്‌സായി സേവനമനുഷ്ഠിച്ചു. ഗ്രീക്കുകാര്‍ രാജ്യത്ത് നിന്ന് പിന്‍വാങ്ങുന്ന സമയത്തുണ്ടായ നഷ്ടങ്ങളെ കുറിച്ച് അവര്‍ റിപ്പോര്‍ട്ട് ചെയ്തു. തന്റെ പ്രയത്‌നങ്ങളുടെ ഫലമായി അദിവര്‍ 1921ല്‍ ആദ്യ സൈനിക (കോര്‍പറല്‍) പദവി നേടി. 1924ല്‍, തന്റെ ഭര്‍ത്താവ് അദ്‌നാന്‍ അദിവര്‍ പ്രോഗ്രസീവ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ രൂപീകരണത്തിന് നേതൃത്വം നല്‍കിയപ്പോള്‍ പദവിയില്‍ പെട്ടെന്ന് മാറ്റമുണ്ടായി. ലിബറല്‍ ജനാധിപത്യവാദികള്‍ ഉള്‍പ്പെടുന്ന ഈ പ്രതിപക്ഷ പാര്‍ട്ടിയുടെ രൂപീകരണത്തെ ആദ്യം സ്വാഗതം ചെയ്തത് അത്താതുര്‍ക്കായിരുന്നു. എന്നാല്‍, രാഷ്ട്രീയ ഭിന്നത രൂക്ഷമായതോടെ പാര്‍ട്ടി പിരിച്ചുവിട്ടു. ഈ ഭിന്നതകളുമായി വ്യക്തിപരമായി ഒത്തുപോകാന്‍ കഴിയാതെ അദിവറും ഭര്‍ത്താവും തുര്‍ക്കി വിട്ടു. അവര്‍ കൂടുതല്‍ കാലം താമസിച്ചത് ബ്രിട്ടനിലായിരുന്നു. അവിടെ അവര്‍ അത്താതുര്‍ക്കിനും അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിനുമെതിരെയുള്ള ശബ്ദമായി പ്രവര്‍ത്തിച്ചു. 1928ല്‍ അത്താതുര്‍ക്കിനെ ‘തുര്‍ക്കി സ്വേച്ഛാധിപതി’യെന്ന് വിശേഷിപ്പിച്ച് ഡെയ്‌ലി ടെലിഗ്രാഫിന് കത്തെഴുതി. 1938ല്‍ അത്താതുര്‍ക്കിന്റെ മരണ ശേഷം മാത്രമാണ് അദിവര്‍ തുര്‍ക്കിയിലേക്ക് മടങ്ങിയത്. തിരിച്ചെത്തിയ അവര്‍ ഇസ്താംബൂള്‍ സര്‍വകലാശാലയില്‍ ഇംഗ്ലീഷ് സാഹിത്യം പഠിപ്പിച്ചു. 1950ല്‍ ഇസ്മിര്‍ പ്രവിശ്യയുടെ എം.പിയായി കുറച്ചുകാലം പ്രവര്‍ത്തിച്ചു. 1964ല്‍ 79-ാം വയസ്സില്‍ ഹാലിദ് എദിബ് അദിവര്‍ മരണപ്പെട്ടു.

കോര്‍പറല്‍ നസഹാത് (Corporal Nezahat – Nezahat Onbasi)

ചെറിയ പ്രായത്തില്‍ തന്നെ നസഹാത് ഒന്‍ബാസി തുര്‍ക്കി റിപ്പബ്ലിക്കിന്റെ രൂപീകരണത്തില്‍ പങ്കാളിയായിരുന്നു. ക്ഷയരോഗം ബാധിച്ച് മാതാവ് മരണപ്പെട്ടതിനാല്‍ നസഹാതിനെ പിതാവ് കേണല്‍ ഹാഫിസ് ഹാലിതാണ് വളര്‍ത്തിയത്. 70-ാം റെജിമെന്റിന്റെ (സൈനിക യൂണിറ്റ്) കമാന്‍ഡറായിരുന്നു കേണല്‍ ഹാഫിസ്. സൈന്യത്തിനൊപ്പമായിരുന്നതിനാല്‍ കുതിരയെ ഓടിക്കാനും തോക്ക് ഉപയോഗിക്കാനും പഠിച്ചു. 1920ല്‍ സ്വാതന്ത്ര്യസമരം കൊടുമ്പിരികൊണ്ടപ്പോള്‍ ഈ കഴിവുകള്‍ നസഹാതിന് പ്രയോജനപ്രദമായി. പതിനൊന്നാമത്തെ വയസ്സയില്‍ നസഹാത് സൈനിക യൂണിഫോം ധരിച്ച് തന്റെ പിതാവിനൊപ്പം സൈന്യത്തില്‍ ചേര്‍ന്നു. ഏതാനും മാസങ്ങള്‍ക്ക് ശേഷം, ഗ്രീക്കുകാര്‍ക്കെതിരായ ഗെഡിസ് ആക്രമണത്തില്‍ നിരവധി തുര്‍ക്കി സൈനികര്‍ രാജ്യംവിടാന്‍ തുനിഞ്ഞ സൈന്യത്തോട് നസഹാത് ചോദിച്ചു: ‘ഞാന്‍ എന്റെ പിതാവിനൊപ്പം മരിക്കാന്‍ പോവുകയാണ്. നിങ്ങള്‍ എവിടേക്കാണ് പോകുന്നത്?’ പെണ്‍കുട്ടിയുടെ ഈ ചോദ്യത്തിന് മറുപടി നല്‍കാനാകാതെ സൈനികര്‍ ക്യാമ്പിലേക്ക് മടങ്ങുകയും യുദ്ധം തുടരുകയും ചെയ്തു. എന്നാല്‍, പോരാട്ടത്തിന്റെ ഫലം തുര്‍ക്കികള്‍ക്ക് അനുകലൂമായിരുന്നില്ലെങ്കിലും, അനറ്റോലിയയിലെ ഗ്രീക്ക് മുന്നേറ്റത്തെ തടയാന്‍ കഴിഞ്ഞു. അങ്ങനെ നസഹാതിന് കോര്‍പറല്‍ (സൈനിക പദവി) പദവി ലഭിച്ചു.

മൂന്ന് വര്‍ഷത്തോളം നസഹാത് സൈനിക മുന്‍നിരയിലുണ്ടായിരുന്നു. നസഹാതിന്റെ റെജിമെന്റ് അത്താതുര്‍ക്ക് സന്ദര്‍ശിച്ചപ്പോള്‍, എന്തുകൊണ്ടാണ് താനവിടെ തുടരുന്നതെന്ന ചോദ്യത്തിന് മറുപടിയായി അവര്‍ പറഞ്ഞു: ‘സൈനിക കോട്ടയാണ് ഞാന്‍. അവര്‍ പിന്തിരിയാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അവര്‍ എന്നെ അവരുടെ എതിര്‍പക്ഷത്ത് കാണും.’ റെജിമെന്റിലെ സൈനികര്‍ അവരെ ‘ജോണ്‍ ഓഫ് ആര്‍ക്ക്’ എന്നാണ് വിശേഷിപ്പിച്ചിരുന്നത്. 1921ല്‍ നസഹാത് ഒന്‍ബാസി മെഡല്‍ ഓഫ് ഇന്‍ഡിപെന്‍ഡന്‍സ് നേടി. ഈ മെഡല്‍ നേടുന്ന ആദ്യ വ്യക്തിയാണ് നസഹാത്. എന്നാല്‍, തന്റെ ജീവതകാലത്ത് മെഡല്‍ ഔപചാരികമായി നസഹാതിന് ലഭിച്ചില്ല. ഇതിനായുള്ള നിര്‍ദേശം പാര്‍ലമെന്റില്‍ അവതരിപ്പിച്ചപ്പോള്‍, ഒരു കുട്ടിക്ക് ഈ ബഹുമതി നല്‍കേണ്ടതില്ലെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. പകരം, കുട്ടിക്ക് സ്ത്രീധനമോ ബ്രിഗേഡിയര്‍ പദവയിലേക്ക് സ്ഥാനക്കയറ്റമോ നല്‍കമണമെന്ന നിര്‍ദേശവും ഉയര്‍ന്നു. എന്നിരുന്നാലും, മെഡല്‍ നല്‍കുകയെന്ന തീരുമാനത്തിന് അംഗീകാരം ലഭിച്ചു. എന്നിട്ടും, സമരത്തിനും റിപ്പബ്ലിക്കിന്റെ ആദ്യ നാളുകളിലെ സംഘര്‍ഷാവസ്ഥക്കുമിടയില്‍, നസഹാതിന് മെഡല്‍ നല്‍കപ്പെട്ടില്ല. അവര്‍ മരിച്ച് 20 വര്‍ഷങ്ങള്‍ക്ക് ശേഷം 2013ല്‍ മാത്രമാണ് മെഡല്‍ നല്‍കാന്‍ സാധിച്ചത്. അവരുടെ ചെറുമകള്‍ ഗിസം ഉനല്‍ഡിക്കാണ് മെഡല്‍ സ്വീകരിച്ചത്.

1994ല്‍ നസഹാത് രോഗബാധിതയായപ്പോള്‍ അവരെ അങ്കാറയിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെയുണ്ടായിരുന്ന സൈനികരോട് നസഹാത് സംസാരിച്ചതിനെ മകള്‍ ഇന്‍സി യുകോക്ക് പറയുന്നു: ‘നോക്കൂ, റെജിമെന്റ് വന്നിരിക്കുന്നു. എന്റെ പിതാവ് എന്നെ കൂട്ടികൊണ്ടുപോകാന്‍ വന്നിരിക്കുന്നു. മുഴുവന്‍ റെജിമന്റും ഇവിടെയുണ്ട്.’

ഡോ. സഫിയ അലി (Dr Safiye Ali)

തുര്‍ക്കിയിലെ ആരോഗ്യപരിചരണം മെച്ചപ്പെടുത്തുന്നതില്‍ സുപ്രധാന പങ്കുവഹിച്ച വ്യക്തികളില്‍ പ്രധാനിയാണ് ഡോ. സഫിയ അലി. പ്രത്യേകിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യപരിചരണ മേഖലയില്‍. തന്റെ രാജ്യത്ത് വിദ്യാര്‍ഥിനികള്‍ക്ക് മെഡിക്കല്‍ ഫാക്കല്‍റ്റികള്‍ തുറന്നുനല്‍കാത്തതിനാല്‍, ഒന്നാം ലോക യുദ്ധ സമയത്ത് ഡോ. സഫിയ അലി ജര്‍മനിയിലെ വുര്‍സ്ബര്‍ഗിലെ സര്‍വകലാശാലയില്‍ ചേര്‍ന്നു. 1921ല്‍ ബിരുദം നേടിയ അവര്‍ നാട്ടിലേക്ക് മടങ്ങി. 1923 ജൂണില്‍ രാജ്യത്തെ ആദ്യ ഔദ്യോഗിക വനിതാ ഡോക്ടറായി. ഡോ. സഫിയ അലി ആദ്യമായി ശസ്ത്രക്രിയ ആരംഭിച്ചപ്പോള്‍ കുറച്ച് പേര്‍ മാത്രമാണ് വന്നിരുന്നത്. സ്ത്രീയായതിനാല്‍ പരിചരണത്തിന് വന്നവര്‍ കുറച്ച് പണം നല്‍കാനാണ് തയാറായത്. ഇതിനെ അവര്‍ എതിര്‍ത്തു. സഹപ്രവര്‍ത്തകരായ പുരുഷ ഡോക്ടര്‍മാര്‍ക്ക് തുല്യമായ ഫീസായിരിക്കും തനിക്കെന്നും അവര്‍ നിശ്ചയിച്ചു. ന്യായമായും പണം നല്‍കാന്‍ കഴിയാത്തവര്‍ക്ക് മാത്രമേ സൗജന്യ ചികിത്സ നല്‍കൂ എന്ന് അവര്‍ വ്യക്തമാക്കി. സ്ത്രീ സമത്വത്തിനായുള്ള അഭിനിവേശവും ആരോഗ്യപരിചരണ രംഗത്തെ പുരോഗതിയും ഡോ.സഫിയയുടെ കരിയറില്‍ പ്രാധാന്യമേറിയതായിരുന്നു.

സ്വന്തമായി ചെയ്യുന്ന ശസ്ത്രക്രിയക്ക് പുറമെ, റെഡ് ക്രസന്റിന്റെ മേല്‍നോട്ടത്തില്‍ ചെറിയ കുട്ടികള്‍ക്ക് വേണ്ടി ശസ്ത്രക്രിയ ആരംഭിച്ചു. പ്രായത്തിന്റെ അടിസ്ഥാനത്തില്‍ കുട്ടികളെ തരംതിരിക്കുകയും ഓരോരുത്തര്‍ക്കും ഒരു റെക്കോര്‍ഡ് ബുക്ക് നല്‍കുകയും ചെയ്തു. പഞ്ചസാര, ധാന്യപ്പൊടി, പാല്‍ എന്നിവയുള്‍പ്പെടുന്ന ഭക്ഷണപ്പൊതി പലപ്പോഴായി വിതരണം ചെയ്യുകയും പോഷകാഹാര കുറവുള്ള കുട്ടികള്‍ക്ക് ഭക്ഷണക്രമം ചിട്ടപ്പെടുത്തുകയും ഓരോ ആഴ്ചയും തൂക്കം പരിശോധിക്കുകയും ചെയ്തു. 1925ല്‍ ഈ ശസ്ത്രക്രിയ നിര്‍ത്തിവെച്ചതിനെ തുടര്‍ന്ന്, അവര്‍ സത് ദംലാസി സംഘടനയുടെ (Sut Damlasi organisation) മേധാവിയായി. ഒരു കുട്ടിയുടെ ആരോഗ്യം മാതാവിന്റെ വിദ്യാഭ്യാസത്തെ ആശ്രയിച്ചാണെന്ന് ജര്‍മനയിലായിരിക്കുന്ന കാലത്ത് അവര്‍ തിരിച്ചറിഞ്ഞു. അതിനാല്‍ തന്നെ സത് ദംലാസി സ്ത്രീകളുടെയും കുട്ടികളുടെയും കേന്ദ്രമായി മാറി. കുട്ടികള്‍ക്ക് വാക്‌സിനും പാലും ഭക്ഷണവും നല്‍കി. മലുയൂട്ടല്‍, മുലപ്പാലിന്റെ പ്രാധാന്യം, ആരോഗ്യപൂര്‍ണമായ ഭക്ഷണത്തിന്റെ ആവശ്യകത എന്നിവയെ കുറിച്ച് സ്ത്രീകള്‍ക്ക് അവര്‍ അവബോധം നല്‍കുകയും ചെയ്തു.

വിവിധ വിഷയങ്ങളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കൂടുതല്‍ അവബോധം നല്‍കുന്നതിന് ചിത്രങ്ങളും സ്ഥിതിവിവരക്കണക്കുകളും ഗ്രാഫിക്‌സും ഉള്‍പ്പെടുത്തി ഡോ. സഫിയ ചെറിയ മ്യൂസിയം സ്ഥാപിച്ചു. അവരുടെ വിജയം പുരുഷ സഹപ്രവര്‍ത്തകര്‍ക്കിടയില്‍ സംഭ്രാന്തിയുണ്ടാക്കി. അതിനാല്‍, 1927ല്‍ സത് ദംലാസിലെ തന്റെ പദവി അവര്‍ക്ക് രാജിവെക്കേണ്ടി വന്നു. അവര്‍ പദവി ഒഴിയുന്നതില്‍ സ്ത്രീ രോഗികള്‍ അസ്വസ്ഥത പ്രകടിപ്പിക്കുകയും പകരക്കാരനായി പുരുഷ ഡോക്ടറെ കൊണ്ടുവരുന്നതിനെതിരെ പ്രതിഷേധിക്കുകയും ചെയ്തു. ഡോ. സഫിയ തന്നെയാണ് പ്രതിഷേധം സംഘടിപ്പിച്ചതെന്ന് എതിരാളികള്‍ വാദിച്ചു. ‘സ്ത്രീകളുടെ വിജയത്തെ ഉള്‍കൊള്ളാന്‍ കഴിയാത്ത പുരുഷന്മാരാണ് ഈ അവകാശവാദങ്ങളുമായി രംഗത്തിറങ്ങുന്നതെന്ന്’ അവര്‍ ഇതിന് ലളിതമായി മറുപടി പറഞ്ഞു. പിന്നീട് ഡോ. സഫിയ മെഡിസിന്‍ പരിശീലനം തുടരുകയും തുര്‍ക്കി വിമന്‍സ് യൂണിയനില്‍ ചേരുകയും ചെയ്തു. അവിടെ യൂണിയന്റെ ആരോഗ്യ സമിതിക്ക് നേതൃത്വം നല്‍കി വേശ്യാവൃത്തിക്ക് നിര്‍ബന്ധിതരായ പെണ്‍കുട്ടികള്‍ക്ക് ഹോസ്റ്റല്‍ സംവിധാനമൊരുക്കാന്‍ ശ്രമിക്കുകയും ചെയ്തു. കാന്‍സര്‍ രോഗബാധയെ തുടര്‍ന്ന് അവര്‍ ജര്‍മനിയിലേക്ക് തിരികെപോവുകയും 1958ല്‍ 58-ാം വയസ്സില്‍ ഡോര്‍ട്ട്മുണ്ടില്‍ വെച്ച് മരണപ്പെടുകയും ചെയ്തു.

സബീഹ റിഫാത് (Sabiha Rifta)

രാജ്യത്ത് ഇപ്പോഴും സ്വാധീനം ചെലുത്തികൊണ്ടിരിക്കുന്ന വ്യക്തിത്വമാണ് സബീഹ റിഫാത്. നിലവില്‍ ഇസ്താംബൂള്‍ ടെക്നിക്കല്‍ യൂണിവേഴ്സിറ്റിയെന്ന് അറിയപ്പെടുന്ന ഹയര്‍ എഞ്ചിനീയേഴ്സ് സ്‌കൂളില്‍ 1927ല്‍ എഞ്ചിനീയറിങ് ഫാക്കല്‍റ്റിയില്‍ ചേരുന്ന ആദ്യ രണ്ട് വിദ്യാര്‍ഥിനികളില്‍ ഒരാളാണ് സബീഹ റിഫാത്. വിദ്യാര്‍ഥിനികളെ സര്‍വകലാശാല ചേര്‍ക്കുന്നുണ്ടെന്നറിഞ്ഞ റിഫാത് ആവശ്യമായ രേഖകള്‍ ശേഖരിച്ച് രജിസ്റ്റര്‍ ചെയ്തു. എന്റോള്‍മെന്റിന് ഒരു ദിവസവും പ്രവേശന പരീക്ഷക്ക് രണ്ട് ദിവസവും മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. മിഡില്‍ സ്‌കൂള്‍ വരെയാണ് റിഫാത് പഠിച്ചിരുന്നത്. പരീക്ഷയെഴുതി ബുദ്ധിമുട്ടിക്കരുതെന്ന് സര്‍വകലാശാല അഡ്മിനിസ്ട്രേഷന്‍ അറിയിച്ചിട്ടും, റിഫാത് പരീക്ഷയെഴുതി വിജയിച്ചു.

ആറ് വര്‍ഷത്തെ ബിരുദത്തിന് ശേഷം റിഫാത് തുര്‍ക്കിയിലെ ആദ്യ വനിതാ സിവില്‍ എഞ്ചിനീയറായി. 1936ല്‍ ബിരുദം നേടി മൂന്ന് വര്‍ഷത്തിന് ശേഷം തുര്‍ക്കിയിലെ പാലം നിര്‍മാണത്തില്‍ പങ്കാളിയായി. ഇന്നത് വലിയ ആഘോഷമായി കാണില്ലെങ്കിലും, ജോലി ലഭിക്കാന്‍ അവര്‍ക്ക് ഒരുപാട് മുന്‍വിധികളെ തരണം ചെയ്യേണ്ടി വന്നു. അങ്കാറക്ക് പുറത്താണ് ഈ പാലം സ്ഥിതി ചെയ്യുന്നത്. ആളില്ലാത്ത കെട്ടിട സ്ഥലത്ത് ഒരു സ്ത്രീയെ നിശ്ചയിച്ചതിനെതിരെ ഹെഡ് എഞ്ചിനീയര്‍ രംഗത്തുവന്നു. ഒടുവില്‍, അങ്കാറ ഗവര്‍ണര്‍ റിഫാതിന് ചുമതല നല്‍കാന്‍ തീരുമാനിച്ചു. കാരണം, മടുപ്പ് അനുഭവപ്പെട്ട് റിഫാത് ജോലി ഉടന്‍ കളയുമെന്നാണ് അവര്‍ വിചാരിച്ചത്. എന്നാല്‍ അങ്ങനെയുണ്ടായില്ല. കിസ് കോപ്രുസു (പെണ്‍കുട്ടികളുടെ പാലം) എന്നറിയപ്പെടുന്ന ഈ പാലം ഇന്നും തുര്‍ക്കിയിലുണ്ട്. 1945ല്‍ റഫാത് അങ്കാറയിലെ അത്താതുര്‍ക്ക് സ്മാരകമന്ദിരത്തിന്റെ ഹെഡ് സൂപ്പര്‍വൈസിങ് എഞ്ചിനീയറായി നിയമിക്കപ്പെട്ടു. രാജ്യം അവരുടെ പ്രവര്‍ത്തനത്തെ വിലമതിച്ചുകാണുന്നതിന്റെ തെളിവാണിത്. എഞ്ചിനീയങിന് പുറമെ, റിഫാത് ഫെനര്‍ബാസ് സ്പോര്‍ട്സ് ക്ലബിന് വേണ്ടി വോളിബോള്‍ കളിക്കുകയും 1929ല്‍ ടീമിനെ ഇസ്താംബൂള്‍ ചാമ്പ്യന്മാരാക്കുകയും ചെയ്തു. 2003ല്‍ ഏജന്‍യിന്‍ നഗരമായ ഇസ്മിറില്‍ വെച്ചായിരുന്നു മരണം.

വിവ: അര്‍ശദ് കാരക്കാട്
അവലംബം: middleeasteye.net

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles