Current Date

Search
Close this search box.
Search
Close this search box.

മലയാളം കേട്ടെഴുത്തിന് ‘വോയ്സ് ടു ടെക്സ്റ്റ്’

മലയാളം കേട്ടെഴുത്തിനുള്ള ആപ്പുകൾ ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ദശക്കണക്കിന് ലഭ്യമാണ്. നമ്മുടെ സംസാരത്തെ ഗൂഗിളിൻറെ ജി ബോർഡ് (Gboard) ആപ്പ് ഉപയോഗിച്ച് ലിപികളാക്കി മാറ്റി ഫേസ്ബുക്ക്, വാട്സ്ആപ്പ് തുടങ്ങിയ സമൂഹ മാധ്യമങ്ങളിൽ ഉപയോഗിക്കുന്നത് സംബന്ധിച്ച്l നേരത്തെ ഈ കോളത്തിൽ എഴുതിയിരുന്നു.

ഇതേ ആവശ്യത്തിന് കുറച്ചുകൂടി ഫലപ്രദമായി ഉപയോഗിക്കാവുന്ന ‘വോയ്സ് ടു ടെക്സ്റ്റ്’ (Voice to text) എന്ന ആപ്പ് ഇവിടെ പരിചയപ്പെടുത്തുകയാണ്. ജി ബോർഡിനെ അപേക്ഷിച്ച് കുറഞ്ഞ നെറ്റ് വേഗതയിലും കാര്യക്ഷമമായി പ്രവർത്തിക്കുന്നു എന്നതാണ് ഇതിൻറെ പ്രത്യേകത. കൃത്യതയുടെയും വേഗതയുടെയും കാര്യത്തിലും ഇത് മുന്നിട്ടുനിൽക്കുന്നു. സ്വതന്ത്രമായ നോട്ട്പാഡ് എന്ന നിലക്കും പ്രവർത്തിക്കുന്നതിനാൽ ഹ്രസ്വ സന്ദേശങ്ങൾ മാത്രമല്ല, ദീർഘിച്ച ലേഖനങ്ങളും പുസ്തകങ്ങൾ തന്നെയും ഇതുപയോഗിച്ച് തയ്യാറാക്കാവുന്നതാണ്.

ജിമെയിൽ, ടിറ്റ്വർ, സ്കൈപ്പ് തുടങ്ങി നാം ഉപയോഗിക്കുന്ന എല്ലാ ആപ്പുകളിലേക്കും ഈ ടെക്സ്റ്റ് കോപ്പി ചെയ്യാവുന്നതാണ്. ശരിയായ പദം തിരഞ്ഞെടുക്കാനായി പ്രത്യേക ഡിക്ഷണറിയും ഇതിൽ പ്രവർത്തിക്കുന്നുണ്ട്. കേട്ടഴുത്തിലൂടെ നാം തയ്യാറാക്കുന്ന ടെക്സ്റ്റുകൾ സ്വയം സേവ് ചെയ്യപ്പെടുകയും ലിസ്റ്റ് രൂപത്തിൽ ലഭിക്കുകയും ചെയ്യുന്നതിനാൽ നമ്മുടെ വർക്ക് ഒരിക്കലും നഷ്ടപ്പെടുന്നില്ല.

ലോകത്തെങ്ങുമുള്ള മിക്ക ഭാഷകളും ഇത് സപ്പോർട്ട് ചെയ്യുന്നുണ്ട്. ആവശ്യമനുസരിച്ച് ഭാഷ മാറ്റാവുന്നതാണ്. മൊബൈലിലെ കീബോർഡ് തന്നെ ആപ്പിലും ഉപയോഗിക്കാവുന്നതിനാൽ ഈ ടെക്സ്റ്റുകൾ കീബോർഡ് ഉപയോഗിച്ച് എഡിറ്റ് ചെയ്യാനും സാധിക്കും. വാക്കുകൾ പറഞ്ഞ് അവസാനിക്കുന്നിടത്ത് ഓട്ടോ സ്പെയ്സ് സംവിധാനവും പ്രവർത്തിക്കുന്നു. പേജിന് താഴെ പദങ്ങൾ, അക്ഷരങ്ങൾ എന്നിവയുടെ എണ്ണം കൃത്യമായി ലഭിക്കുന്നതിനാൽ മാറ്ററിൻറെ വലിപ്പം മനസ്സിലാക്കാനാവും.

വാട്സ്ആപ്പും ഫെയ്സ്ബുക്കും മറ്റും ഉപയോഗിക്കുന്നുണ്ടെങ്കിലും മലയാളത്തിൽ ടൈപ്പ് ചെയ്യുക എന്നത് പലർക്കും ഇപ്പോഴും പ്രയാസമുള്ള കാര്യമാണ്. അങ്ങനെയുള്ളവർക്ക് ഈ ആപ്പ് വളരെയേറെ ഉപകാരപ്പെടും.

ആൻഡ്രോയ്ഡ് ഫോണിൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ:
https://play.google.com/store/apps/details?id=com.maruar.voicetotext

Related Articles